അർജുൻ വിനോദും അശ്വിൻ വിനോദും


സ്വിറ്റ്സർലൻഡ് ക്രിക്കറ്റിന്‍റെ രണ്ടു നെടും തൂണുകളാണ് ഈ മലയാളി സഹോദരങ്ങൾ

പ്രകൃതിസൗന്ദര്യവും സുഖമുള്ള കാലാവസ്ഥയുമാണ് സ്വിറ്റ്സർലൻഡിനെ വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തിയത്. എന്നാൽ, ഇതര യൂറോപ്യൻ രാജ്യങ്ങളെപ്പോലെ കായിക ഭൂപടത്തിൽ അവർ അധികം സ്ഥാനപ്പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ കളി മാറി. കായിക മേഖലയിലും അവഗണിക്കാനാവാത്ത ശക്തിയായി വളരുന്ന രാജ്യമാണിന്ന് സ്വിറ്റ്സർലൻഡ്.

ഏറ്റവും ഒടുവിൽ അതവർ അടയാളപ്പെടുത്തിയത് യൂറോ കപ്പ് ഫുട്ബാളിലാണ്. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ തളച്ചിട്ട പ്രകടനം. ഫുട്ബാളിൽ തിളങ്ങുമ്പോൾതന്നെ ക്രിക്കറ്റിലും ലോകമത്സരത്തിലേക്ക് ബാറ്റ് വീശാൻ ഒരുങ്ങുകയാണ് രാജ്യം. 2026 ട്വന്‍റി 20 ക്രിക്കറ്റിൽ ഇടമുണ്ടാകില്ലെങ്കിലും വിദൂരമല്ലാത്ത ഭാവിയിൽതന്നെ അവർ ലോക ക്രിക്കറ്റിൽ ഇടം കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

സ്വിറ്റ്സർലൻഡ് ക്രിക്കറ്റിന്‍റെ ജീവനാഡികളിൽ രണ്ടുപേർ മലയാളികളാണ് എന്നത് കായികലോകത്തിന് അത്ര പരിചിതമായ അറിവല്ല. അതും രണ്ട് സഹോദരന്മാരാണ് എന്നതും മറ്റൊരു ചരിത്രം. പയ്യന്നൂരിലും തലശ്ശേരിയിലും വേരുകളുള്ള അർജുൻ വിനോദും അനുജൻ അശ്വിൻ വിനോദുമാണ് രാജ്യാന്തര ക്രിക്കറ്റിലെ ഈ പുതിയ താരോദയങ്ങൾ.

അർജുൻ വിനോദും അശ്വിൻ വിനോദും


പിതാവിന്‍റെ ശിക്ഷണത്തിൽ

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്നവരാണ് ഇരുവരും. ചെറുപ്രായത്തിൽതന്നെ പിതാവ് വിനോദിന്‍റെ ശിക്ഷണത്തിലാണ് അർജുനും അശ്വിനും ബാറ്റ് വീശിത്തുടങ്ങിയത്. വിദ്യാർഥികളായിരിക്കെ സ്വിസ് ജൂനിയർ ടീമിൽ ഇടം കണ്ടെത്തി. 2021 മുതൽ സ്വിസ് ദേശീയ സീനിയർ ടീമിൽ അംഗങ്ങളാണ് ഈ സഹോദരങ്ങൾ.

അർജുന്‍റെ ‘ഇന്നിങ്സ്’

പതിമൂന്നാം വയസ്സിൽ ജനീവ റീജനൽ യൂത്ത് ക്രിക്കറ്റിലൂടെ പാഡണിഞ്ഞ ഓൾറൗണ്ടറായ അർജുൻ വിനോദ് അണ്ടർ 15, അണ്ടർ 17, അണ്ടർ 19 ടീമുകളിലൂടെ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തു. 2015 മുതൽ 2017 വരെ യൂനിവേഴ്സിറ്റി ക്രിക്കറ്റ് ടീം നായകനായും തിരഞ്ഞെടുക്കപ്പെട്ടു.

യു.കെയിലും ഡെന്മാർക്കിലും ബെൽജിയത്തിലും ഫ്രാൻസിലും ജർമനിയിലും സ്വിസ് ടീമിനൊപ്പം വിജയശിൽപിയായി മാറിയതോടെ സ്വിസ് ജനതയുടെ പ്രിയതാരമായി. 2022ൽ ദേശീയ ടീമിന്‍റെ നായകനായ അർജുൻ ബെസ്റ്റ് ബൗളറായും പ്ലെയർ ഓഫ് ദ മാച്ച് ആയും നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടു.

2023ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ ട്വന്‍റി 20 മത്സരത്തിൽ ബെസ്റ്റ് ബാറ്റ്സ്മാനായതും അർജുൻതന്നെ. സ്വിസ് നാഷനൽ ലീഗ് ചാമ്പ്യൻഷിപ്പിൽ 2023ൽ ആറ് ഇന്നിങ്‌സുകളിലായി ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും ഉൾപ്പെടെ 292 റൺ നേടി ക്ലബ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ബിരുദവും ഫിനാൻസ് ആൻഡ് മാനേജ്‌മെന്‍റിൽ ബിരുദാനന്തര ബിരുദവും നേടിയ അർജുൻ ഇപ്പോൾ ജനീവയിൽ ജോലി ചെയ്യുന്നു.

അശ്വിൻ എന്ന വിക്കറ്റ് വേട്ടക്കാരൻ

ജ്യേഷ്ഠസഹോദരന് പിന്നാലെ, സ്വിസ് ക്യാപ്പണിഞ്ഞ അശ്വിൻ ദേശീയ ടീമിന്‍റെ ഓപണിങ് ഫാസ്റ്റ് ബൗളറാണ്. പതിനൊന്നാം വയസ്സിൽ ജനീവ റീജനൽ യൂത്ത് ക്ലബ്ബിലൂടെ കളത്തിലിറങ്ങിയ അശ്വിൻ അണ്ടർ 15, അണ്ടർ 17, അണ്ടർ 19 ടീമുകളിൽ അംഗമായും ക്യാപ്റ്റനായും സ്വിസ് ടീമിൽ ഇടംനേടി.

നിരവധി തവണ ജൂനിയർ ലെവൽ ബെസ്റ്റ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വിസ് ട്വന്‍റി 20 ലീഗിലെ ബെസ്റ്റ് ബൗളറായ അശ്വിൻ 2023ൽ യൂറോപ്യൻ ലീഗിൽ മാറ്റുരച്ച സ്വിസ് ടീമിലും അംഗമായിരുന്നു. ഇപ്പോഴും ദേശീയ ടീമിന്‍റെ ഭാഗമാണ്.

ഇക്കണോമിക്സിൽ ബിരുദവും ഇക്കണോമിക്സ‌് ആൻഡ് ഫിനാൻസിൽ ബിരുദാനന്തര ബിരുദവും നേടിയ അശ്വിൻ ഇപ്പോൾ സൂറിച്ചിൽ യൂറോപ്യൻ ക്രിക്കറ്റ് നെറ്റ്‌വർക്കിൽ ജോലി ചെയ്യുന്നു.

അച്ഛൻ വിനോദ്, അമ്മ രാജശ്രീ വിനോദ് എന്നിവർക്കൊപ്പം


തേടിയെത്തിയ പുരസ്കാരങ്ങൾ

29ഉം 27ഉം വയസ്സുള്ള ഈ സഹോദരങ്ങൾക്ക് സ്വിസ് ക്രിക്കറ്റിലെ പ്രകടനത്തിന് നിരവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചു. ലോകകപ്പ് യോഗ്യത മത്സരത്തിൽ പങ്കെടുത്ത ടീമിലെ ഇരുവരുടെയും പേരുകൾ രണ്ടും മൂന്നും സ്ഥാനത്തായിരുന്നു എന്നത് ഇവരുടെ സ്വിസ് ക്രിക്കറ്റിലെ സ്ഥാനം അടയാളപ്പെടുത്തുന്നു.

കേരളത്തിൽ ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ തലശ്ശേരി സ്വദേശിയാണ് പിതാവ് വിനോദ്. അമ്മ പയ്യന്നൂരിലെ രാജശ്രീ വിനോദ്. തലശ്ശേരിയിൽ ക്ലബ് ക്രിക്കറ്റ് രംഗത്ത് തിളങ്ങിയിരുന്ന വിനോദ് ഉണിക്കാടത്ത് ഇപ്പോൾ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ലോകാരോഗ്യ സംഘടനയിൽ ഫിനാൻസ് ഓഫിസറായി ജോലി ചെയ്യുന്നു. ഗായിക കൂടിയായ രാജശ്രീ കരിപ്പത്ത് ജനീവയിൽ ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷനിൽ നിയമോപദേശകയാണ്.

തലശ്ശേരി ബാറിലെ അഭിഭാഷകനും പയ്യന്നൂർ വെള്ളൂർ സ്വദേശിയുമായ പരേതനായ കെ.കെ. കുഞ്ഞികൃഷ്ണ പൊതുവാളുടെയും കരിപ്പത്ത് സീതാലക്ഷ്മി അമ്മയുടെയും കൊച്ചുമക്കളായ ഈ മിടുക്കരുടെ പേരുകൾ അതിവേഗം വളരുന്ന സ്വിസ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഏറ്റവും മുകളിലായി ഇടംപിടിക്കുമ്പോൾ മലയാളിക്ക് അഭിമാനത്തോടെ കൈയടിക്കാം.





Tags:    
News Summary - Malayali brothers shining in Switzerland cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.