ദുബൈയിലെ 10 മലയാളി സുഹൃത്തുക്കൾ ഒത്തുകൂടിയപ്പോൾ


ചങ്ക്സാണ്, ചങ്കിടിപ്പാണ്...

2007ൽ ദുബൈയിൽ തുടങ്ങിയതാണ് മലയാളി പ്രവാസികളായ പത്തുപേരുടെ സൗഹൃദം. അതിന്ന് വളർന്നു പന്തലിച്ച് അവരുടെ കുടുംബങ്ങളിലേക്കും വേരുകളാഴ്ത്തി കൂടുതൽ ദൃഢമാവുകയാണ്. ആ സൗഹൃദത്തിന്‍റെ കഥയിതാ...

ഒന്നരപ്പതിറ്റാണ്ടിലേറെയായി കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തിന്‍റെ മനോഹരമായ കഥ പറയുകയാണ് ദുബൈയിലെ ഒരു കൂട്ടം മലയാളി പ്രവാസികൾ.

ചങ്ങനാശ്ശേരിക്കാരനായ വര്‍ഗീസ് ജോസഫ്, തൃശൂരിൽ നിന്നുള്ള സുരഭിന്‍ വര്‍ഗീസ്, ഇരിങ്ങാലക്കുടക്കാരനായ സുദീപ് മേനോന്‍, ഗുരുവായൂർ സ്വദേശി ഷമീര്‍ റഹ്‌മത്തുല്ല, മലപ്പുറം തിരൂരിൽനിന്നുള്ള രതീഷ് വള്ളത്തോള്‍, തൃപ്രയാറിൽനിന്നുള്ള സുബിന്‍ സുഗതന്‍, ആലപ്പുഴക്കാരൻ ബിബിന്‍ പത്രോസ്, ചേറ്റുവക്കാരൻ മുഹമ്മദ് ഹബീഷ്, കൊല്ലം ജില്ലയിൽനിന്നുള്ള സിബി, തൃശൂരിൽനിന്നുള്ള ഹനീഷ് മന്ദിരം എന്നിവരാണ് ആ കഥയിലെ കഥാപാത്രങ്ങൾ. 2007ൽ ദുബൈയിലെ അലെക് എന്‍ജിനീയറിങ് ആൻഡ് കോണ്‍ട്രാക്ടിങ് കമ്പനിയിലെ ഡിസൈനിങ് വിഭാഗത്തിലാണ് സൗഹൃദത്തിന്‍റെ വിത്തുമുളച്ചത്.

തിരക്കേറിയ ജീവിതത്തിൽ ഇത്തിരിനേരം ഒന്നിച്ചിരിക്കാൻ സമയം കണ്ടെത്താനാവാത്ത പുതിയ കാലത്ത് ആ സൗഹൃദം വളർന്നു പന്തലിച്ച് പത്തു കുടുംബങ്ങളിലേക്ക് വേരുകളാഴ്ത്തി കൂടുതൽ ദൃഢമാവുകയാണ്.

ജീവിതത്തെ കുറിച്ച് ഒരുമിച്ചു സ്വപ്‌നം കണ്ട നാളുകള്‍

ആ സുഹൃദ് ബന്ധത്തിനു നാന്ദികുറിച്ച 2007-08 വര്‍ഷത്തിന് അവരുടെ ജീവിതത്തില്‍ അത്രമേല്‍ മൂല്യവുമുണ്ട്. ജീവിതത്തെ കുറിച്ച് ഒരുമിച്ചു സ്വപ്‌നം കണ്ട നാളുകള്‍. പ്രവാസത്തിന്‍റെ കയ്പും മധുരവുമെല്ലാം ഒന്നായി പങ്കിട്ട് ആഗ്രഹങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ പരസ്പരം കൈത്താങ്ങായവര്‍, സുഖങ്ങളും ദുഃഖങ്ങളുമെല്ലാം പങ്കിട്ടെടുത്ത കാലം.


കുടുംബത്തോടൊപ്പം

ഒരേ കമ്പനിയില്‍ പതിനഞ്ചാം വര്‍ഷമെന്നത് ചില്ലറ കാലയളവല്ല. ജീവിതം വിവിധ തലങ്ങളിലേക്ക് വളര്‍ന്നപ്പോഴും അവരുടെ സൗഹൃദത്തിന്‍റെ വ്യാപ്തിയുമേറി. എല്ലാവരും വിവാഹിതരായി. കുട്ടികളായി. അങ്ങനെ സ്‌നേഹക്കൂട്ടായ്മ പത്തില്‍നിന്ന് ഇരുപതിലേക്കും അതിലുമേറെയുമായി വളര്‍ന്നു പന്തലിച്ചു. അവരിന്ന് ഒരു കുടുംബം പോലെയാണ്.

ആ സൗഹൃദം മക്കളിലേക്കും പകരണം

തങ്ങള്‍ അനുഭവിച്ചറിഞ്ഞ ഹൃദ്യമായ സൗഹൃദത്തിന്‍റെ ചൂടും ചൂരും മക്കളിലേക്കും പകരണം. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു മാത്രമായി കൂടുതല്‍ കൂടിച്ചേരലുകളും മക്കള്‍ക്ക് ഒന്നിച്ചിരിക്കാനുള്ള വേദികള്‍ ഒരുക്കുന്നതിലും ശ്രദ്ധ പുലര്‍ത്തിവരുകയാണിവര്‍.

‘‘അന്ന് ഞങ്ങളൊരുമിക്കുമ്പോൾ എല്ലാവരും അവിവാഹിതരായിരുന്നു. 15 വര്‍ഷത്തിനിപ്പുറവും ഏറ്റമേറ്റം ഇമ്പമോടെ തുടരുന്ന ആ സൗഹൃദം ഞങ്ങളുടെ മക്കളിലേക്കും പകരണം, അതാണ് ഇപ്പോഴത്തെ പ്രധാന ദൗത്യം.’’ തങ്ങളുടെ സൗഹൃദത്തിന്‍റെ മാധുര്യം വര്‍ണിക്കുമ്പോള്‍ ഈ പ്രവാസിക്കൂട്ടത്തിനു നൂറുനാവാണ്.

ആഘോഷങ്ങളെല്ലാം ഒന്നിച്ച്

ജോലിയില്‍ പ്രവേശിച്ച അന്നുമുതല്‍ ആഘോഷങ്ങളെല്ലാം ഒന്നിച്ചാണ്. ഓണം, പെരുന്നാള്‍, വിഷു, ക്രിസ്മസ്, പുതുവര്‍ഷം, ജന്മദിനം, വിവാഹ വാര്‍ഷികം... എല്ലാ ആഘോഷങ്ങളും അവരുടെ ഒത്തുകൂടലിന്‍റെ വേദികള്‍ കൂടിയാണ്. എല്ലാവര്‍ഷവും ഒന്നോ രണ്ടോ തവണ കുടുംബാംഗങ്ങളുമായി ഒത്തുചേരുക എന്നത് നിര്‍ബന്ധമാണ്. ഏതെങ്കിലും രീതിയില്‍ അടുപ്പം കുറയുന്നു എന്നു തോന്നിയാല്‍ ഒട്ടും താമസിക്കാതെ തന്നെ അവരൊന്നു കൂടിയിരിക്കും. കണ്ണി മുറിയാതെ കാത്തുസൂക്ഷിക്കാനുള്ള കരുതല്‍...!

എന്തിനും ഏതിനും ഒപ്പമുണ്ട്

പ്രവാസം മതിയാക്കി ഹനീഷ് നാട്ടിലെത്തിയെങ്കിലും കൂട്ടംവിട്ടില്ല. എന്തിനും ഏതിനും ഒപ്പമുണ്ട്. സൗഹൃദത്തിന്‍റെ 15ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിച്ചത് അർമീനിയയിലാണ്. യാത്രകളോടാണ് പ്രണയം. ഒരുപക്ഷേ, മുറ തെറ്റാതെയുള്ള യാത്രകളാവാം ഇക്കാലമത്രയും കടന്നുപോയിട്ടും അത്രമേല്‍ ആഴത്തില്‍ വേരാഴ്ത്തി ഈ സൗഹൃദം മുന്നോട്ടുപോകാൻ കാരണമെന്ന് ഇവര്‍ കരുതുന്നു.

കുടുംബങ്ങള്‍ക്കൊപ്പമുള്ള യാത്രകള്‍ വിട്ട് ഇവര്‍ ഇടക്കിടെ മുങ്ങും. 'ബാച്ലേഴ്‌സ്' ആയി അടിച്ചുപൊളിക്കാനുള്ള നേരമാണത്. അവിടെയാണ് പ്രവാസത്തിന്‍റെ ഉറ്റവരില്‍നിന്നും മറച്ചുവെച്ച, മറ്റാരും അറിയേണ്ടെന്നു തീര്‍പ്പുകൽപിച്ച ജീവിതയാഥാര്‍ഥ്യങ്ങളിലേക്കുള്ള അവരുടെ മടങ്ങിപ്പോക്ക്.

അത്തരം കൂടിയിരിക്കലുകളില്‍ ശരിയും തെറ്റുമെല്ലാം വിലയിരുത്തപ്പെടും. പാളിച്ചകളും നേട്ടങ്ങളുമെല്ലാം മുന്നോട്ടുള്ള ശക്തമായ ചുവടുവെപ്പുകള്‍ക്ക് ഊര്‍ജമാവും. ജോലിയിലെ വിരസതകളെ ആട്ടിയകറ്റി വര്‍ധിതവീര്യത്തോടെ അവര്‍ മടങ്ങിവരും, ജീവിതത്തിലേക്ക്.

ഇവരിലുണ്ട് സ്‌നേഹസൗഹൃദങ്ങളുടെ നിരവധി മാതൃകകള്‍

തങ്ങളില്‍ മാത്രമൊതുങ്ങുന്ന വെറും സൗഹൃദം മാത്രമല്ല ഇവരുടെ ജീവിതരീതി. അധികമാരെയും അറിയിക്കാന്‍ ആഗ്രഹമില്ലാത്ത ജീവകാരുണ്യ-സാമൂഹിക മേഖലകളിലും അവര്‍ തങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ട്. സ്‌നേഹസൗഹൃദങ്ങള്‍ക്ക് നിരവധി മാതൃകകള്‍ ഇവരിലുണ്ട്. അതു തലമുറകളിലേക്ക് പരക്കട്ടെ എന്ന പ്രാര്‍ഥനയും പ്രയത്‌നവുമാണിവരുടെ കൂട്ട് -സ്‌നേഹക്കൂട്ട്...











Tags:    
News Summary - Malayali friends in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.