ആകാശത്തിലേക്ക് തലയുയർത്തിനിൽക്കുന്ന കേരളത്തിലെ നൂറുകണക്കിന് പള്ളിമിനാരങ്ങളിൽനിന്ന് സമയാസമയങ്ങളിൽ ബാങ്കൊലി ഉയരുമ്പോൾ സന്തോഷിക്കുന്നൊരു വയോധികനുണ്ട്, ഇവിടെ തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ 'ഈശ്വരെൻറ സമ്മാനം' എന്നെഴുതിവെച്ച വീട്ടിൽ. അടുപ്പമുള്ളവർ 'പള്ളികൃഷ്ണൻ' എന്ന് വിളിക്കുന്ന വാസ്തുശിൽപി ജി. ഗോപാലകൃഷ്ണെൻറ വീടാണത്. കൃഷ്ണെൻറ കൈയൊപ്പുള്ള 110 പള്ളികളാണ് കേരളത്തിലും തമിഴ്നാട്ടിലുമായി തലയുയർത്തിനിൽക്കുന്നത്. അതിൽ തിരുവനന്തപുരത്തെ പാളയം പള്ളിയും ബീമാപ്പള്ളിയും മുതൽ എരുമേലിയിലെ വാവര് പള്ളി വരെയുണ്ട്. പള്ളികളുടെ മാനസശിൽപിയെന്ന നിലയിലുള്ള ഗോപാലകൃഷ്ണെൻറ വളർച്ച തുടങ്ങിയ ആ കഥയിങ്ങനെ...
വർഷം 1967. നാശോന്മുഖമായ ബീമാപ്പള്ളിക്കു പകരം പുതിയത് നിർമിക്കാൻ മഹല്ല് കമ്മിറ്റി ആലോചിക്കുന്ന സമയം. പലരും പ്ലാനുകൾ സമർപ്പിച്ചെങ്കിലും കമ്മിറ്റിക്ക് ഇഷ്ടമായില്ല. ഗോപാലകൃഷ്ണൻ തെൻറ മനസ്സിലുള്ള സ്വപ്നരൂപത്തെ പെൻസിലുപയോഗിച്ച് വെള്ളക്കടലാസിലേക്ക് പകർത്തി മഹല്ല് നിവാസികൾക്ക് കാണിച്ചുകൊടുത്തു. മഹല്ലുകാർക്കത് ഇഷ്ടമായി. പിന്നീടുള്ള 17 വർഷങ്ങൾ അത് യാഥാർഥ്യമാക്കാനുള്ള കഠിനപ്രയത്നങ്ങളുടേതായിരുന്നു. ബീമാബീവിയുടെ മഖ്ബറയിൽ (ഖബറിടം) സിയാറ(സന്ദർശന)ത്തിന് എത്തുന്നവർ നൽകുന്ന നേർച്ചപ്പൈസ സ്വരുക്കൂട്ടിയാണ് ഗോപാലകൃഷ്ണെൻറ മേൽനോട്ടത്തിൽ ഇന്നുകാണുന്ന മനോഹരമായ വലിയ പള്ളി സാക്ഷാത്കരിക്കുന്നത്.
65 വർഷം, 110 പള്ളികൾ!
ആയുസ്സിലെ ആറു പതിറ്റാണ്ടാണ് ഗോപാലകൃഷ്ണൻ പള്ളികൾക്കായി നീക്കിവെച്ചത്. ഇക്കാലയളവിൽ പള്ളികളുടെ നിർമാണവുമായി ബന്ധപ്പെട്ട് ചെലവഴിച്ച ദിനരാത്രങ്ങളൊക്കെയും സന്തോഷത്തിെൻറയും ആത്മനിർവൃതിയുടെയും പെരുന്നാളുകളായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മലപ്പുറം മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിലെ മിക്ക നഗരങ്ങളിലും ഇദ്ദേഹത്തിന് 'സ്വന്തം' പള്ളികളുണ്ട്. അവിടങ്ങളിലെല്ലാമായി അനേകായിരം പേരുമായി അണമുറിയാത്ത സൗഹൃദവും. ഇൗ സൗഹൃദങ്ങളാണ്, അവ മാത്രമാണ് ഇപ്പോഴുള്ള സമ്പാദ്യം. തുച്ഛമായ പ്രതിഫലമായിരുന്നു പല പള്ളികളുടെയും നിർമാണത്തിന് അദ്ദേഹം കൈപ്പറ്റിയിരുന്നത്.
ആദ്യത്തെ കണ്മണി ബീമാപ്പള്ളി
110 പള്ളികളിൽ ഏറ്റവും ഇഷ്ടപ്പെട്ട പള്ളിയേതെന്ന് ചോദിച്ചപ്പോൾ ഒരു നിമിഷം ഗോപാലകൃഷ്ണൻ മൗനിയായി. കൈവളരുന്നോ കാൽ വളരുന്നോ എന്നുനോക്കി പോറ്റിവലുതാക്കിയ മക്കളെപ്പോലെ എല്ലാ പള്ളിയും തനിക്ക് ഒന്നിനൊന്ന് ഇഷ്ടമാണെന്നായിരുന്നു മറുപടി. എങ്കിലും, തെൻറ ആദ്യത്തെ കൺമണിയായ ബീമാപ്പള്ളിയോട് ഒരുപ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താജ്മഹൽ മാതൃകയാക്കി കരുനാഗപ്പള്ളിയിൽ നിർമിച്ച ശൈഖ് മസ്ജിദിനോടും ഇഷ്ടക്കൂടുതലുണ്ട്. അതിനു കാരണം മറ്റൊന്നുമല്ല, ലോകശ്രദ്ധയാകർഷിച്ച താജിെൻറ മാതൃകയിൽ ഒരു പള്ളി നിർമിക്കണം എന്നത് താൻ ഏറെ ബഹുമാനിക്കുന്ന ടി.പി. കുട്ട്യാമു സാഹിബിന്റെ നിർദേശമായിരുന്നു. അത് സാക്ഷാത്കരിച്ച നിർമിതിയാണ് ശൈഖ് മസ്ജിദ്.
എരുമേലി വാവര് പള്ളി, മൂന്നാംകുറ്റി ജുമാമസ്ജിദ്, തോട്ടാങ്ങൽ ജുമാമസ്ജിദ്, കൂട്ടായി ജുമാമസ്ജിദ്, പറവണ്ണ ജുമാമസ്ജിദ്, പൊന്നാനി തബ്ലീഗ് മസ്ജിദ്, കാഞ്ഞാർ ജുമാമസ്ജിദ് എന്നിവ അദ്ദേഹത്തിെൻറ വാസ്തുവിദ്യാ വൈദഗ്ധ്യം പതിഞ്ഞവയിൽ ചിലതാണ്. ചേലുള്ള പള്ളികൾ പണിതുയർത്തുന്ന ഈ ശിൽപിയുടെ പോരിശ കേരള അതിർത്തിക്കപ്പുറത്തും പ്രസിദ്ധമാണ്. തിഴ്നാട്ടിലെ തക്കല ജുമാമസ്ജിദ്, ദിണ്ടിഗൽ ജുമാമസ്ജിദ്, നാഗൽ നഗർ ജുമാമസ്ജിദ്, തിരുനെൽവേലി ആത്തൂർ ജുമാമസ്ജിദ് എന്നിവയാണത്. ''തിരുവനന്തപുരം പാളയം പള്ളിയുടെ നിർമാണത്തിൽ അച്ഛന്റെ സഹായിയായാണ് എന്റെ പള്ളിജീവിതം തുടങ്ങിയത്. അന്നുമുതൽ ഒരു പള്ളിയുമായെങ്കിലും ബന്ധപ്പെടാതെ ജീവിതത്തിൽ ഒരു ദിവസംപോലും കടന്നുപോയിട്ടില്ല'' -ഗോപാലകൃഷ്ണൻ പറഞ്ഞു.
ചുമ്മാറിെൻറ ചെക്കിൽ തുടങ്ങിയ പാളയം പള്ളി
കേരളത്തിലെ പ്രഥമ ചീഫ് എൻജിനീയർ ടി.പി. കുട്ട്യാമു സാഹിബ് രൂപകൽപന ചെയ്ത പാളയം പള്ളിയുടെ നിർമാണക്കരാർ അച്ഛൻ ഗോവിന്ദനായിരുന്നു. പള്ളിയും ക്ഷേത്രവും ചർച്ചും സംഗമിക്കുന്ന കവലയുടെ മതേതര പൈതൃകംപോലെ നിർമാണത്തിനിടയിലും ആകസ്മികമായ ഒരു സംഭവം ഉണ്ടായി. അക്കാലത്ത് കരാറുകാരന് സർക്കാർ അഡ്വാൻസ് തുക നൽകുന്ന പതിവുണ്ടായിരുന്നില്ല. നിർമാണ കാലയളവിൽ സ്വന്തംപോക്കറ്റിൽനിന്ന് പണം ചെലവഴിക്കണം. എന്നാൽ, അതിനുമാത്രം പണം അച്ഛെൻറ കൈയിൽ ഉണ്ടായിരുന്നില്ല. പി.പി. ചുമ്മാർ എന്ന ഏജീസ് ഓഫിസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തിൽ സഹായവുമാെയത്തിയത്.
അങ്ങനെ, ഹിന്ദുക്കളായ ഞങ്ങൾ ക്രിസ്ത്യാനിയുടെ ധനസഹായത്തോടെ മുസ്ലിം പള്ളിയുടെ നിർമാണം പൂർത്തിയാക്കി. 1967ൽ അന്നത്തെ രാഷ്ട്രപതി സാക്കിർ ഹുസൈനാണ് പള്ളി ഉദ്ഘാടനം ചെയ്തത്. ദിവസവും അച്ഛെൻറ കൂടെ പള്ളിയുടെ നിർമാണരീതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ പോകുമായിരുന്നു. അന്നുതുടങ്ങിയ പള്ളികളോടുള്ള മുഹബ്ബത്ത് ഇപ്പോഴും തുടരുന്നു. പള്ളിക്ക് പുറമെ നാലു ചർച്ചും ഒരു ക്ഷേത്രവും നിർമിച്ചിട്ടുണ്ട്. ചന്ദനപ്പള്ളി സെന്റ് ജോർജ് ഒാർത്തഡോക്സ് ചർച്ച്, വാഴമുട്ടം സെന്റ് ബഹനാൻസ് മലങ്കര കാത്തലിക് ചർച്ച്, ചന്ദനപ്പള്ളി ചർച്ച്, ആലുങ്കണ്ടം ദേവീക്ഷേത്രം എന്നിവയാണവ. ൈകവിറയൽ കാരണം രണ്ടുവർഷമായി പ്ലാൻ വരക്കാൻ കഴിയുന്നില്ലെന്ന സങ്കടമാണ് ഇപ്പോൾ.
ബീമാപ്പള്ളി മുതൽ താജ്മഹൽ പള്ളി വരെ
ബീമാപ്പള്ളിയാണ് ഞാൻ സ്വന്തമായി നിർമിച്ച ആദ്യ പള്ളി. അന്ന് പള്ളിനിർമാണത്തിന് മറ്റുചിലരും പ്ലാനുകൾ വരച്ചിരുന്നുവെങ്കിലും ജമാഅത്ത് കമ്മിറ്റിക്ക് ഇഷ്ടമായത് എെൻറ മനസ്സിൽ വിരിഞ്ഞ പള്ളിയായിരുന്നു. പ്രസ്തുത പ്ലാൻ ഒരു ബിഗ് ബജറ്റാണെന്നും നിങ്ങൾക്ക് പൂർത്തീകരിക്കാനാവില്ലെന്നും പറഞ്ഞ് കമ്മിറ്റിയെ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും അവർക്ക് ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. അങ്ങനെ 1967ൽ തുടങ്ങിയ നിർമാണം 1984ലാണ് പൂർത്തിയാക്കാനായത്.
വെളിച്ചെണ്ണ തേച്ച കടലാസുകൾ
1940കളിൽ സ്കൂൾ വിദ്യാർഥിയായിരിെക്കയാണ് കെട്ടിടങ്ങളോട് കമ്പം തുടങ്ങിയത്. കരാറുകാരനായ പിതാവ് കെ. ഗോവിന്ദനിൽനിന്നാണ് വരയുടെ ആദ്യപാഠങ്ങൾ പഠിച്ചത്. പി.ഡബ്ല്യു.ഡി ഓഫിസിലെ ഡ്രാഫ്റ്റ്സ്മാനായ ആംഗ്ലോ-ഇന്ത്യക്കാരൻ എൽ.എ. സൽദാന വരച്ച് ഉപേക്ഷിച്ച കെട്ടിടങ്ങളുടെ ബ്ലൂപ്രിൻറുകളായിരുന്നു അക്കാലത്ത് 'പാഠപുസ്തകം'. ഈ ബ്ലൂപ്രിൻറുകൾ അച്ഛൻ വീട്ടിൽ കൊണ്ടുവരും. വെള്ളക്കടലാസിൽ വെളിച്ചെണ്ണ തേച്ച് ആ രൂപരേഖകളുടെ മുകളിൽവെച്ച് അതിന്റെ പകർപ്പുകൾ വരച്ചെടുത്തു.
വരച്ചെടുത്ത സ്കെച്ചുകൾ യഥാർഥ കെട്ടിടമായി മാറുേമ്പാൾ എന്തുസംഭവിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒഴിവുദിവസങ്ങളിൽ അച്ഛെൻറ വർക്ക് സൈറ്റുകൾ സന്ദർശിക്കാറുണ്ടായിരുന്നു. അളവുകളും രൂപങ്ങളും മനസ്സിൽ കുടിയിരിക്കാൻ ഇത് ഏറെ സഹായിച്ചു. ഞാൻ ഒരു എൻജിനീയർ ആകണം എന്നായിരുന്നു അച്ഛെന്റ ആഗ്രഹം. പക്ഷേ, എനിക്ക് എൻജിനീയറിങ് പഠിക്കാൻ കഴിഞ്ഞില്ല. പത്താംക്ലാസിനുശേഷം എ.ഐ.എം.ഇ കോഴ്സിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. പിന്നീട് പൊതുമരാമത്ത് വകുപ്പിെൻറ കെട്ടിട വിഭാഗത്തിൽ ശമ്പളമില്ലാതെ ട്രെയിനിയായി ചേർന്നു. എസ്.എ.ടി ആശുപത്രിയുടെ നിർമാണത്തിലും മറ്റും സജീവമായി പങ്കുകൊണ്ടു. ഓഫിസ് ജോലിയിലും ഇക്കാലയളവിൽ നൈപുണ്യം നേടി. ഇത് നിർമാണമേഖലയിൽ ധൈര്യസമേതം കാലെടുത്തുവെക്കാൻ വലിയ പ്രചോദനമായി.
കാലിഗ്രഫി വിവാദങ്ങൾ
മസ്ജിദുകൾ നിർമിക്കുന്നതിനിടെ ഹൃദയസ്പർശിയായ ഒേട്ടറെ അനുഭവങ്ങളും തേടിയെത്തി. സൗഹൃദത്തിെൻറ ആഴവും നന്മയുടെ നീരുറവകളും അടുത്തറിയാൻ ലഭിച്ച നിരവധി അവസരങ്ങൾ. നിർമാണസാമഗ്രികൾ വാങ്ങാൻ പണം തികയാതെ വരുേമ്പാൾ സ്വന്തമായി ഉള്ളതെല്ലാം പെറുക്കിയെടുത്ത് വരുന്ന മനുഷ്യർ. നിരന്തരം അലട്ടുന്ന പ്രയാസങ്ങളുടെ ദൂരീകരണത്തിനും ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനുമായി ഉള്ളംതപിച്ച് നൽകുന്ന നാണയത്തുട്ടുകളടക്കമുള്ള നേർച്ചപ്പണത്തിെൻറ മാഹാത്മ്യം. എല്ലാം മനസ്സിനെ ഏറെ സ്വാധീനിച്ചു.
അതിനിടെ കൗതുകകരമായ ഒേട്ടറെ കാര്യങ്ങളും കടന്നുപോയി. അതിൽ ഏറെ ചിന്തനീയമായത്, പള്ളികളിൽ അലങ്കാരപ്പണികൾ ചെയ്ത് കൊത്തിവെക്കുന്ന കാലിഗ്രഫിയുമായി ബന്ധപ്പെട്ട കുഞ്ഞുകുഞ്ഞു വിവാദങ്ങളായിരുന്നു. ഖുർആൻ സൂക്തങ്ങളും ശഹാദത്ത് കലിമയുമാണ് (സത്യസാക്ഷ്യ വാചകം) മിക്ക പള്ളികളിലും കാലിഗ്രഫി ചെയ്തിരുന്നത്. എന്നാൽ, ഇതെന്തോ കൂേടാത്രപ്പണിയാണ് എന്നായിരുന്നു മുസ്ലിംകളല്ലാത്ത പലരും വിചാരിച്ചിരുന്നത്. ഈ തെറ്റിദ്ധാരണ മാറ്റാൻ സൂക്തങ്ങളുടെ അർഥം മലയാളത്തിൽ എഴുതിവെക്കാമെന്ന് കമ്മിറ്റിക്കാരോട് ഞാൻ നിർദേശിച്ചു.
പക്ഷേ, ഖുർആന് വിവർത്തനം ചെയ്യുന്നത് അക്കാലത്ത് അധികപേർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചില സ്ഥലങ്ങളിൽ ഇമാമുമാരടക്കമുള്ളവർ സമ്മതിച്ചെങ്കിലും കമ്മിറ്റിയിൽ ചിലർ വിസമ്മതിച്ചു. അങ്ങനെ, പണിപൂർത്തിയാക്കിയ ചില ഫലകങ്ങൾവരെ വെളിച്ചം കാണാതെ മാറ്റിവെക്കേണ്ടിവന്നിട്ടുണ്ട്. എെൻറ നിർദേശമായിരുന്നു ശരി എന്ന് കാലം തെളിയിച്ചു. ഇപ്പോൾ മിക്ക പള്ളികളിലും ഖുർആൻ വിവർത്തനം ലഭ്യമാണ്. ആർക്കും എപ്പോഴും മാതൃഭാഷയിൽ ഖുർആെൻറ സാരാംശം പഠിക്കാനും മനസ്സിലാക്കാനും ഇപ്പോൾ സംവിധാനങ്ങളുണ്ട്.
ഞാൻ കണ്ട ഖുർആൻ
സുഹൃത്തായ പള്ളി കമ്മിറ്റി പ്രസിഡൻറിെൻറ വീട്ടിൽ ഒരിക്കൽ വിരുന്നുപോയതായിരുന്നു. അവിടെ വരാന്തയിൽ ആയത്തുൽ കുർസി എന്നറിയപ്പെടുന്ന, ഖുർആനിലെ രണ്ടാം അധ്യായമായ അൽ ബഖറയിലെ 254, 255 സൂക്തങ്ങൾ കാലിഗ്രഫി ചെയ്തുവെച്ചിരിക്കുന്നു. കൗതുകത്തിന് ഞാൻ അതിെൻറ അർഥം സുഹൃത്തിനോട് ചോദിച്ചു. എന്നാൽ, അദ്ദേഹത്തിന് അതറിയില്ലായിരുന്നു. ദൈവവചനത്തിന്റെ അർഥമറിയാതെ എന്തിന് എഴുതിവെച്ചുവെന്ന് ചോദിച്ചപ്പോൾ 'ഇതു കണ്ടാൽതന്നെ ഉള്ളിൽ ഭക്തി വരും' എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ഇത് എന്നെ ഏറെ അസ്വസ്ഥനാക്കി. 'കണ്ടാൽ ഭക്തി തോന്നുന്ന' വിശ്വാസരീതിയല്ലല്ലോ പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്. അറിഞ്ഞ് മനസ്സിലാക്കി ആരാധിക്കുന്നതാണല്ലോ ഇസ്ലാമിെൻറ രീതി.
ഈ അസ്വസ്ഥത ഞാൻ അദ്ദേഹവുമായി പങ്കുവെച്ചു. വീട്ടിൽ എത്തിയതുമുതൽ ഈ വിഷയം എന്നെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ, അർഥങ്ങളും ആശയങ്ങളും പഠിച്ച് എനിക്കറിയാവുന്ന ഖുർആനെ മനുഷ്യർക്ക് പരിചയപ്പെടുത്തണമെന്ന് തീരുമാനമെടുത്തു. അതാണ് 'ഞാൻ കണ്ട ഖുർആൻ' എന്ന പുസ്തകം രചിക്കാനുള്ള പ്രേരണ. ആയിരത്തിലേറെ പേജുവരുന്ന പ്രസ്തുത പുസ്തകത്തിന്റെ രചന കഴിഞ്ഞു. ഇപ്പോൾ ഡി.ടി.പി വർക്ക് നടന്നുെകാണ്ടിരിക്കുകയാണ്. നല്ല പ്രസാധകരെ കണ്ടെത്തിയാൽ പ്രസിദ്ധീകരണത്തിനുള്ള നടപടികൾ ആരംഭിക്കും. ഖുർആനിനൊപ്പം ഭഗവദ്ഗീതയും ബൈബിളുെമല്ലാം പങ്കുവെക്കുന്ന സാരാംശങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്.
എല്ലാ മതങ്ങളും ഒരുമിക്കുന്ന കുടുംബം
മതസൗഹാർദം സംസാരത്തിൽ മാത്രമല്ല, ജീവിതത്തിലും പുലർത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. ഹിന്ദു നാടാർ സമുദായാംഗമായ ഞാൻ ക്രിസ്ത്യാനിയായ ജയയെയാണ് നല്ല പാതിയായി സ്വീകരിച്ചത്. ഞങ്ങൾ രണ്ടുപേരും ഇതുവരെ മതം മാറിയിട്ടില്ല. മതം മാറണെമന്ന് കുടുംബക്കാർ നിർബന്ധം ചെലുത്തുേമ്പാൾ ഞാൻ അവർക്കുമുന്നിൽ ഒരു ഒാപ്ഷൻ വെച്ചു: ''ശരി മതം മാറാം. പക്ഷേ, ഹിന്ദുവും ക്രിസ്ത്യനുമല്ലാത്ത മൂന്നാമതൊരു മതമായിരിക്കും സ്വീകരിക്കുക.'' അതോടെ ആ സമ്മർദം അസ്തമിച്ചു. ഗോവിന്ദ് ജൂനിയർ, ശ്രീനി ജി. ഗോവിന്ദ്, നീനി ജി. ഗോവിന്ദ് എന്നിങ്ങനെ മൂന്ന് ആൺമക്കളാണ് ഞങ്ങൾക്ക്. മൂവരും നിർമാണമേഖലയിൽതന്നെയുണ്ട്. ജാതി-മത പരിഗണനകൾക്കതീതമായാണ് മക്കളും വിവാഹം കഴിച്ചത്.
എല്ലാ മതവിശ്വാസികളും അവരുടെ മതത്തെക്കുറിച്ച് നന്നായി പഠിച്ചാൽ ഒരിക്കലും പരമതദ്വേഷമുണ്ടാവില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പരസ്പരമുള്ള തെറ്റിദ്ധാരണകൾ അകറ്റണം. വിവിധ സമുദായങ്ങൾ തമ്മിലുള്ള സഹിഷ്ണുതയും സാഹോദര്യബന്ധവും പ്രോത്സാഹിപ്പിക്കാൻ 2002ൽ 'യൂനിവേഴ്സൽ ബ്രദർഹുഡ്' എന്ന ഒരു സാമൂഹിക സംഘടന ആരംഭിച്ചിരുന്നു. എന്നാൽ, ജോലിത്തിരക്കിനിടയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.
എല്ലാ വിശ്വാസധാരകളെയുംകുറിച്ച് പഠിക്കാൻ സഹായിക്കുന്ന ഒരു സ്കൂൾ ഓഫ് റിലീജ്യസ് സ്റ്റഡീസ് തുടങ്ങണമെന്നത് എന്റെ അഭിലാഷമാണ്. അവിടെ ഹൈന്ദവതയെക്കുറിച്ച് ഹിന്ദുമത പണ്ഡിതരും ഇസ്ലാമിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും ക്രൈസ്തവതയെക്കുറിച്ച് ക്രിസ്തീയ പണ്ഡിതരും ജനങ്ങളെ പഠിപ്പിക്കണം എന്നാണ് ആഗ്രഹം. 'ആളുകൾ അവർക്ക് അറിഞ്ഞുകൂടാത്തതിെൻറ ശത്രുവാണ്' എന്നാണല്ലോ അറബി പഴമൊഴി. എല്ലാവരും എല്ലാം ശുദ്ധഹൃദയത്തോടെ മനസ്സിലാക്കിയാൽ ഈ ലോകം ഏറെ സുന്ദരമാകും; നമ്മുടെ മനസ്സും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.