അബ്ദുല്ല ഹാജി


പൊതു ഇടങ്ങളിൽ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ മാവൂരിന്‍റെ സ്വന്തം ‘ചെടിക്കാക്ക’

സ്വന്തം വീട്ടുവളപ്പിലും കൃഷിയിടത്തിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നവരുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ, റോഡരികിലും പൊതു ഇടങ്ങളിലുമുൾപ്പെടെ ചെടികൾ വെച്ചുപിടിപ്പിച്ച് ഒരു ഗ്രാമത്തെയാകെ പച്ചപ്പണിയിക്കാൻ ജീവിതം നീക്കിവെച്ചിരിക്കുകയാണ് കോഴിക്കോട് മാവൂർ സ്വദേശി അബ്ദുല്ല ഹാജി.

പള്ളിപ്പറമ്പിലെ പൂന്തോട്ടത്തിൽ താൻ നട്ടുവളർത്തിയ വിവിധ നിറത്തിലുള്ള ചെടികളെ പ്രഭാത നമസ്കാരശേഷം വെള്ളമൊഴിച്ചുണർത്തിയും പ്രഭാതത്തിലേക്ക് കണ്ണു തുറക്കുന്ന പൂക്കൾക്ക് സലാം കൊടുത്തുമാണ് ഇദ്ദേഹത്തിന്‍റെ ഒരുദിവസം ആരംഭിക്കുന്നത്.

74കാരനായ അബ്ദുല്ലയുടെ ശരീരത്തിൽ പ്രായം നരയുടെ രൂപത്തിൽ കടന്നുവന്നിട്ടുണ്ടെങ്കിലും മരങ്ങളോടും ചെടികളോടും കൗതുകം കാണിക്കുന്ന കുട്ടികളുടെ മനസ്സാണിപ്പോഴും. മാവൂരിൽ അബ്ദുല്ലയുടെ കൈതൊടാത്ത മണ്ണില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കൽ തന്നെയാണ് പ്രധാന വിനോദം. ചെടി നട്ടുകഴിയുന്നതോടെ ഇദ്ദേഹത്തിന്‍റെ ഉത്തരവാദിത്തം തീരുന്നില്ല. അവയെ ദിവസവും പരിപാലിക്കാനും സമയം കണ്ടെത്തുന്നുണ്ട്.

ബാല്യകാല കൗതുകം മാത്രമായിരുന്നില്ല

ഏതൊരാളെപ്പോലെയും ചെടികളോടും പൂക്കളോടും മരങ്ങളോടും കൂട്ടുകൂടിയിരുന്ന കുട്ടിക്കാലമായിരുന്നു അബ്ദുല്ലയുടേതും. എന്നാൽ, ബാല്യത്തിന്‍റെ കൗതുകത്തെ വിട്ടുകളയാൻ തനിക്കാവില്ലെന്ന് 18ാം വയസ്സിൽ അദ്ദേഹം തിരിച്ചറിഞ്ഞു. ആദ്യഘട്ടത്തിൽ വീട്ടുമുറ്റത്തും പരിസരത്തുമായിരുന്നു തൈകൾ വെച്ചുപിടിപ്പിച്ചിരുന്നത്. പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചു.

മാവൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലും ആരാധനാലയങ്ങൾക്ക്‌ മുന്നിലും എളമരം പാലത്തിനടുത്തും സ്കൂളുകളിലും തുടങ്ങി വിവിധ ഇടങ്ങളിലായി എണ്ണിയാലൊടുങ്ങാത്ത മരങ്ങളും ചെടികളുമാണ് 56 വർഷംകൊണ്ട് വെച്ചുപിടിപ്പിച്ചത്. ഇങ്ങനെയാണ് വെളുത്തേടത്ത് അബ്ദുല്ല ഹാജി നാട്ടുകാർക്ക് ‘ചെടിക്കാക്ക’യായി മാറിയത്.


ചെടി പരിപാലനം ജീവിതവ്രതമാക്കി

17ാം വയസ്സിലാണ് മാവൂർ ഗ്വാളിയാർ റയോൺസിൽ ജോലിയിൽ പ്രവേശിക്കുന്നത്. സർവിസിലുണ്ടായിരുന്ന 36 വർഷം കമ്പനിയുടെ പരിസരത്ത് തെച്ചിയും ചെമ്പരത്തിയും മുല്ലയും മഹാഗണിയും തേക്കുമെല്ലാം നട്ടുപിടിപ്പിച്ചിരുന്നു. പിന്നീട് കമ്പനി അടച്ചുപൂട്ടിയതോടെ മുഴുവൻ സമയവും ചെടികൾക്കും മരങ്ങൾക്കുമായി മാറ്റിവെച്ചു.

ജുമാമസ്ജിദിലെ ഖബർസ്ഥാനിലും ഇക്കാലംകൊണ്ട് നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വളർന്നു വലുതായ മരങ്ങളിൽ പലതും പള്ളിയുടെ മതിലിന്‌ ഭീഷണിയായപ്പോൾ ലേലം ചെയ്ത് വിറ്റു. എങ്കിലും അബ്ദുല്ലക്ക് പരിഭവമില്ല. ഒരു മരം പോയാൽ പകരം 10 മരം വെക്കാമല്ലോ എന്നാണ് മറുപടി.

ചെടിക്കാക്കയുടെ മരങ്ങളോടുള്ള പ്രണയത്തിന് കുടുംബത്തിന്‍റെ പൂർണ പിന്തുണയുണ്ട്. നാട്ടുകാർക്ക് തണൽ നൽകുന്നതോടൊപ്പം വീടിനോട് ചേർന്ന 50 സെന്‍റിൽ കാണുന്നിടത്തെല്ലാം മരങ്ങളും കായ്കളും പൂക്കളുമാണ്. സപ്പോട്ട, വ്യത്യസ്തയിനം മാവുകൾ, വിവിധതരത്തിലുള്ള പ്ലാവുകൾ, ചാമ്പക്ക, മിറാക്കിൾ ഫ്രൂട്ട്, ബുഷ് ഓറഞ്ച്, നാരങ്ങ, മഹാഗണി അങ്ങനെ അനേകം മരങ്ങളും ചെടികളുമുണ്ട്‌.

വീട്ടിലെത്തുന്ന അതിഥികൾക്കെല്ലാം വീട്ടുമുറ്റത്ത് കായ്ച്ചുനിൽക്കുന്ന ബുഷ് ഓറഞ്ച് പറിച്ച് ജ്യൂസ് നൽകും. യാത്രപറഞ്ഞ് പോകുമ്പോൾ കീശനിറയെ ബുഷ് ഓറഞ്ചും മാങ്ങയും ചാമ്പക്കയും നൽകും. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ആ മനുഷ്യൻ വീണ്ടും കൈക്കോട്ടും വെള്ളവുമായി മണ്ണിലേക്കിറങ്ങും.

‘എല്ലാവരുടെയും നേട്ടത്തിന്’

മാവൂരുകാർക്ക് മാത്രമറിയാമായിരുന്ന ചെടിക്കാക്ക ‘വൈറൽ’ ആകുന്നത് 2014ൽ ‘മാധ‍്യമ’ത്തിൽ വന്ന വാർത്തയിലൂടെയാണ്. പിന്നീട് വിവിധ മാധ്യമങ്ങളും നിരവധി ആളുകളും അന്വേഷിച്ചു വരാൻ തുടങ്ങി. ചെടികളുടെ ചിത്രങ്ങൾ കണ്ട്‌ അത് വാങ്ങാനും ആളുകളെത്തുന്നുണ്ട്. നിസ്വാർഥ സ്നേഹത്തിന് പഞ്ചായത്തും മറ്റു സംഘടനകളും ആദരിച്ചിട്ടുമുണ്ട്.

വാർധക്യത്തിലും അവിശ്രമം മണ്ണിലേക്ക് ഇറങ്ങുന്ന അബ്ദുല്ല എന്ത് നേട്ടമാണ് ഇതിൽനിന്ന് നേടിയതെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ, എല്ലാവരുടെയും നേട്ടത്തിനാണ് താൻ പ്രയത്നിക്കുന്നതെന്ന് ചെറുപുഞ്ചിരിയോടെ മറുപടി നൽകി മാവൂരിലെ ചെടികൾക്കിടയിലേക്ക് അദ്ദേഹം വീണ്ടും ഇറങ്ങിച്ചെന്ന് മറ്റു മനുഷ്യരുടെ കണ്ണെത്താത്ത മൺകൂനകളിൽ പുതിയ ഇനം വിത്തുകൾ പാകാൻ തയാറെടുക്കും. ഇനിയും പടരാനിരിക്കുന്ന മാവൂരിലെ പച്ചപ്പിന് ചെടിക്കാക്കയാണ് ഞങ്ങളുടെ ഗാരന്‍റിയെന്ന് മാവൂരുകാർ നിസ്സംശയം പറയും.




Tags:    
News Summary - mavoor's own ‘chedikaakka’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.