ഏത് തൊഴിലിനും അതിന്‍റേതായ അന്തസ്സുണ്ട് എന്ന് പൊതുവായി പറയുമെങ്കിലും യഥാർഥത്തിൽ അങ്ങനെയാണോ നാം കാണുന്നത്? ചെയ്യുന്ന തൊഴിലിന്‍റെ സമൂഹത്തിലെ സ്ഥാനമനുസരിച്ച് ആളുകളെ വിവിധ തട്ടുകളായി തിരിക്കുന്നവരാണ് പലരും.

എന്നാൽ, ഇത്തരം തരംതിരിക്കലുകളെ വകവെക്കാതെ കൂലിപ്പണി പ്രഫഷനായി സ്വീകരിച്ച് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കുകയും ജീവിതം കരുപ്പിടിപ്പിക്കുകയും കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം സമ്മാനിക്കുകയും ചെയ്ത നിരവധി പേരുണ്ട് നമുക്കിടയിൽ.

പരിഭവമേതുമില്ലാതെ വീട്ടുകാർ ഇവരെ ഹൃദയത്തോട് ചേർത്തുവെക്കുന്നു. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സിനെ ഊർജമാക്കി നാട്ടിൽ ജീവിതവിജയം നേടിയ ചിലരെ പരിചയപ്പെടാം...

റോബിൻ

മടിയെ പടിക്ക് പുറത്തുനിർത്തിയ റോബിൻ

‘‘മടിപിടിച്ചിരിക്കാതെ കഷ്ടപ്പെട്ടാൽ നിങ്ങൾക്ക് വിജയിക്കാനാകും. ജീവിതത്തിൽ എപ്പോഴും സന്തോഷവുമുണ്ടാകും’’ -ആലപ്പുഴ പാതിരപ്പിള്ളിക്കടുത്ത് ഓമനപ്പുഴ സ്വദേശി റോബിൻ എപ്പോഴും മക്കൾക്ക് നൽകുന്ന ഉപദേശമാണിത്.

സ്വന്തം ജീവിതത്തിൽനിന്ന് പഠിച്ച പാഠം. പ്രതികൂല സാഹചര്യങ്ങൾമൂലം ഉയർന്ന വിദ്യാഭ‍്യാസം നേടാൻ കഴിയാതിരുന്ന റോബിന്‍റെ പ്രധാന യോഗ്യത കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയാണ്.

ചകിരി തടുക്ക് നിർമാണത്തൊഴിലാളിയായാണ് റോബിൻ ജീവിതം കരുപ്പിടിപ്പിച്ച് തുടങ്ങിയത്. പിന്നീട് കുറേക്കൂടി വേതനം ലഭിക്കുന്ന ടൈൽസ് പണിയിലേക്ക് തിരിഞ്ഞു. 12 വർഷം മുമ്പ് തുടങ്ങിയ തൊഴിൽ ഇന്നും തുടരുന്നു. മത്സ‍്യത്തൊഴിലാളി കൂടിയാണ് റോബിൻ. സീസണിൽ വള്ളവുമായി കടലിലിറങ്ങും.

എങ്കിലും പ്രധാന തൊഴിൽ ടൈൽസ് തന്നെ. ഇതോടൊപ്പം ഹോബിയായി തുടങ്ങിയ പ്രാവ് വളർത്തൽ ഇന്ന് വലിയ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നു. മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രാവുകളെ വാങ്ങിയതും അവക്കുള്ള കൂടുകൾ നിർമിക്കുകയും ചെയ്തത്. കൂലിപ്പണി ചെയ്ത് കിട്ടിയ വരുമാനം കൊണ്ടാണിത്. ആവശ‍്യക്കാർക്ക് പ്രാവുകളെ വിൽക്കുകയും ചെയ്യുന്നുണ്ട്.

ഇക്കാലത്തിനിടെ മറ്റൊരു ജോലിയെക്കുറിച്ച് റോബിൻ ഇതുവരെ ചിന്തിച്ചിട്ടില്ല. ഭാര്യ അനുവും സ്കൂൾ വിദ്യാർഥികളായ മക്കൾ അബിനും ആദവും ഉൾപ്പെടുന്ന കുടുംബം ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട്.

തറവാട് വീടിന് തൊട്ടടുത്തായി നിർമാണത്തിലിരിക്കുന്ന തങ്ങളുടെ സ്വപ്നവീട്ടിലേക്ക് മാറിത്താമസിക്കാനുള്ള കാത്തിരിപ്പിലാണ് കുടുംബം, അതിനുള്ള അത്യധ്വാനത്തിൽ റോബിനും.

മക്കളായ ജിനറ്റിനും ജിനുമോൾക്കുമൊപ്പം ജാൻസി


അമ്മ കൊണ്ട വെയിൽ

തോട്ടം തൊഴിൽ, വീട്ടുജോലി, ഹോം നഴ്സ്, തൊഴിലുറപ്പ്... മക്കളുടെ വിദ്യാഭ‍്യാസത്തിനും നല്ല ഭാവിക്കുമായി ജാൻസി എന്ന സാധാരണക്കാരി വീട്ടമ്മ ചെയ്യാത്ത ജോലിയില്ല. വർഷങ്ങൾക്കുമുമ്പ് കൂലിപ്പണിക്കാരനായ ഭർത്താവ് വീണുപരിക്കേറ്റപ്പോൾ മുതലാണ് കുടുംബം പുലർത്താനായി അവർ വീട്ടുജോലിക്കും മറ്റും പോയിത്തുടങ്ങിയത്.

പഠനത്തിൽ മിടുക്കരായ മക്കളുടെ വിദ്യാഭ‍്യാസം പണമില്ലാത്തതിനാൽ മുടങ്ങരുത് എന്ന നിർബന്ധം ഈ അമ്മക്കുണ്ടായിരുന്നു. മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ അവർ ദാരിദ്ര്യത്തോട് പടവെട്ടി.

കോട്ടയം ഇളങ്കാട് സ്വദേശിയായ ജാൻസിയെ വിവാഹം കഴിപ്പിച്ചത് ഇടുക്കി പെരുവന്താനത്തിനടുത്ത ചുഴുപ്പ് എന്ന സ്ഥലത്തേക്കായിരുന്നു. അവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാലും കുഞ്ഞൻ വണ്ടിന്‍റെ ശല്യമുള്ളതിനാലും ഇവർ കുടുംബമായി ജാൻസിയുടെ നാടായ ഇളങ്കാട്ടേക്ക് താമസം മാറ്റി.

ജാൻസിക്ക് അനന്തരാവകാശമായി കിട്ടിയ എട്ട് സെന്‍റ് ഭൂമിയിൽ മൺകട്ട കൊണ്ടും ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടും ചെറിയ കൂര പണിത് താമസം തുടങ്ങി. ഇടവക പള്ളിയിൽനിന്ന് ലഭിച്ച തയ്യൽ മെഷീൻ ഉപയോഗിച്ച് വസ്ത്രങ്ങൾ തയ്ച്ച് വരുമാനം കണ്ടെത്തി. ഇതിനിടെയാണ് ഭർത്താവ് സജിക്ക് വീണ് പരിക്കേൽക്കുന്നതും ജാൻസി ജോലിക്ക് പോകാൻ തുടങ്ങിയതും. ഈ വരുമാനം കൊണ്ട് പിന്നീട് വീട് പുതുക്കിപ്പണിതു.

പഠനത്തിനൊപ്പം കലാകായിക രംഗങ്ങളിലും മിടുക്കരാണ് ഇവരുടെ മൂന്ന് പെൺമക്കളും. ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പരിധി നിശ്ചയിക്കരുതെന്നും കൂടെ താനുണ്ടെന്നുമുള്ള ആത്മവിശ്വാസം ഈ അമ്മ മക്കൾക്ക് നൽകി. മൂത്ത മകൾ ജിനുമോൾ എം.എ ഹിസ്റ്ററിയിൽ എം.ജി സർവകലാശാല തലത്തിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കി.

രണ്ടാമത്തെ മകൾ ജിനറ്റ് സൗത്ത് ഇന്ത‍്യൻ ബാങ്ക് കൊല്ലം ശാസ്താംകോട്ട ബ്രാഞ്ചിൽ ക്ലർക്കായി ജോലി ചെയ്യുന്നു. മൂന്നാമത്തെ മകൾ ജോമോൾ കർണാടകയിൽ നഴ്സിങ്ങിന് പഠിക്കുന്നു. തങ്ങളുടെ ജീവിതവും വിദ്യാഭ‍്യാസവുമെല്ലാം അമ്മ കൊണ്ട വെയിലാണെന്ന് മൂവരും ഒരേ സ്വരത്തിൽ പറയുന്നു.

പ്രകാശ്

പ്രകാശം പരത്തിയ മരപ്പണി

ഓണസമയത്ത് 200 രൂപയും ഒരു ജോടി ചെരിപ്പും മാത്രമാണ് പ്രകാശിന് ഒരു വർഷം വേതനമായി ലഭിച്ചിരുന്നത്. അമ്പതോ നൂറോ വർഷം മുമ്പുള്ള കഥയല്ലിത്. 30 വർഷം മുമ്പ് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി പ്രകാശിന് വയറിങ് ജോലിക്ക് പോകുമ്പോൾ ലഭിച്ച വരുമാനമാണിത്. മൂന്ന് വർഷത്തോളം ഇതായിരുന്നു വരുമാനം.

പിന്നീടാണ് കുലത്തൊഴിലായ ആശാരിപ്പണിയിലേക്ക് തിരിഞ്ഞത്. ആദ്യകാലങ്ങളിൽ മലപ്പുറം തിരൂരിൽ വാടകക്ക് താമസിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. ആ സമയത്ത് 25 രൂപയായിരുന്നു ഒരു ദിവസം ലഭിച്ചിരുന്ന കൂലി. പിന്നീട് പടിപടിയായി വർധിച്ചു.

കുലത്തൊഴിൽ തന്നെ ചെയ്യണമെന്ന ആഗ്രഹം പ്രകാശിനെ ഈ ജോലിയിൽ തന്നെ പിടിച്ചുനിർത്തി. തിരൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് നിരവധി സുഹൃത്തുക്കൾ ഗൾഫിലേക്ക് വിസ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതെല്ലാം സ്നേഹപൂർവം നിരസിക്കുകയായിരുന്നു.

മരപ്പണി പോലുള്ള കുലത്തൊഴിലുകൾ സംരക്ഷിക്കപ്പെടണമെന്നും പ്രായമായ മാതാപിതാക്കൾക്ക് താങ്ങായി നമ്മൾ നാട്ടിൽ തന്നെയുണ്ടാകണം എന്നുമാണ് പ്രകാശിന്‍റെ കാഴ്ചപ്പാട്. മരപ്പണിക്കാരനായിരുന്ന ജ്യേഷ്ഠന് സർക്കാർ ജോലി ലഭിച്ചതോടെ പ്രകാശ് നാട്ടിൽ തിരിച്ചെത്തി. പിന്നീട് നാട്ടിൽ ജോലി തുടർന്നു.

തുച്ഛമായ കൂലി കൊണ്ട് ജീവിച്ചു ശീലമുള്ളതിനാൽതന്നെ പിന്നീട് വേതനം വർധിച്ചപ്പോഴും ധൂർത്തടിക്കാതെ പണം സമ്പാദിച്ചുവെക്കാൻ പ്രകാശിനായി. ആ പണം ഉപയോഗിച്ച് പഴയ വീട് ആധുനിക രീതിയിൽ പുതുക്കിപ്പണിതു. സ്വന്തമായി കാർ വാങ്ങി.

അഞ്ച് സെന്‍റ് ഭൂമി വാങ്ങി ഷെഡ് കെട്ടി മരപ്പണി വിപുലീകരിച്ചു. ഭാര്യ സജ്നയും മക്കളായ പ്ലസ് വൺ വിദ്യാർഥി അക്ഷയ് കൃഷ്ണയും എട്ടാം ക്ലാസ് വിദ്യാർഥി അനുഷയും ഉൾപ്പെടുന്ന കൊച്ചു കുടുംബത്തിന് സംതൃപ്തി നിറഞ്ഞ ജീവിതം സമ്മാനിച്ച തന്‍റെ കുലത്തൊഴിൽ ചെയ്യുന്നതിൽ ഈ 50കാരന് ഇന്നും അഭിമാനമാണ്.

കുഞ്ഞികൃഷ്ണൻ

തുന്നിച്ചേർത്ത ജീവിതം

ചായ്ച്ചും ചരിച്ചും തുന്നി സുന്ദരമാക്കിയ ജീവിതകഥയാണ് കോഴിക്കോട് നന്തിയിലെ വീരവശേരി ഒറ്റകണ്ടത്തിൽ കുഞ്ഞികൃഷ്ണന്‍റേത്. പലനിറത്തിലുള്ള തുണിക്കഷണങ്ങൾ തുന്നിച്ചേർത്ത് ജീവിതം വർണാഭമാക്കിയ കുടുംബനാഥൻ.

അഞ്ച് പതിറ്റാണ്ടായി തയ്യൽ ചക്രത്തിൽ കുടുംബത്തെയൊന്നാകെ ഇ​ഴചേർത്തുനിർത്തുന്നതിലും മികച്ച ജീവിതം നയിക്കുന്നതിലും വിജയഗാഥ തീർത്ത കുഞ്ഞികൃഷ്ണന് ഇപ്പോഴും ‘അടുപ്പം’ നന്തി ടൗണിലെ പേരില്ലാത്ത ഓടിട്ട ആ പഴയ തയ്യൽക്കട ​തന്നെയാണ്. 71ാം വയസ്സിലും കുഞ്ഞികൃഷ്ണൻ തനിച്ചാണ് കട നടത്തുന്നത്.

കുഞ്ഞികൃഷ്ണൻ-ഗീത ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണ്. മൂന്ന് മക്കളെയും നല്ല നിലയിൽ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചയച്ച​തും 15 സെന്‍റ് സ്ഥലവും വീടുമെല്ലാം സ്വന്തമാക്കിയതും തയ്യൽക്കടയിലെ വരുമാനത്തിൽനിന്നാണെന്ന് ഇദ്ദേഹം അഭിമാന​ത്തോടെ പറയുന്നു.

തറവാടുവീട് ഭാഗം വെച്ചപ്പോൾ സഹോദരങ്ങളുടെ രണ്ട് ഓഹരി പണം കൊടുത്തുവാങ്ങാനായതും തന്നാലാവുംവിധം ബന്ധുക്കളെ സഹായിക്കാനായതുമെല്ലാം ഇതിൽനിന്നുതന്നെ.

ഹൃദ്രോഗത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്ത ശേഷം ഡോക്ടറോട് ആദ്യം ചോദിച്ചത് ‘‘ഇനി എനിക്ക് തയ്ക്കാൻ പോകാൻ പറ്റില്ലേ’’ എന്നാണ്. ഈ പ്രായത്തിലും എല്ലാ അവശതയും മാറ്റി​വെച്ച് അതിരാവിലെ തന്നെ കട തുറക്കും.

വസ്ത്രമേഖല റെഡിമെയ്ഡിന്‍റെ ലോകത്തേക്ക് മാറിയെങ്കിലും ഇന്നും കുഞ്ഞികൃഷ്ണന്‍റെ കൈയൊപ്പ് ചാർത്തിയ തുണിത്തരങ്ങൾ വേണമെന്ന ചിലരുണ്ട്. നന്തി ദാറുസ്സലാം അറബിക് കോളജ് വിദ്യാർഥികൾക്കുള്ള വസ്ത്രമെല്ലാം നിരവധി വർഷങ്ങളായി തയ്ക്കുന്നത് ഇദ്ദേഹമാണ്.

അച്ഛനെക്കുറിച്ച് പറയുമ്പോൾ മക്കൾക്കും തികഞ്ഞ അഭിമാനം. വിവാഹം, പഠനം തുടങ്ങിയ കാര്യങ്ങളിൽ ബന്ധുക്കളിൽനിന്നുള്ള എതിർപ്പ് പോലും മറികടന്ന് എല്ലാം മക്കളുടെ തീരുമാനത്തിന് വിട്ടു​കൊടുത്ത സ്നേഹനിധിയായ അച്ഛനാണ് തങ്ങളുടെ കരുത്തെന്ന് മക്കളായ സുരഭി, ഗായത്രി, ശരണ്യ എന്നിവർ ഒരുപോലെ പറയുന്നു.

കോഴിക്കോട് ഈസ്റ്റ്ഹിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് സുരഭി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ അസി. പ്രഫസറാണ് ഗായത്രി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയാണ് ശരണ്യ.

എഴുത്ത്: രഞ്ജിത്ത് മലയിൽ





Tags:    
News Summary - People who took up wage labour as a profession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.