ഇടക്കിടെയുള്ള യാത്രകൾ, ട്രക്കിങ്, ഫോട്ടോഗ്രഫി എന്നീ ‘ഭ്രാന്തുകളു’മായി നടന്നിരുന്ന സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതമാകെ അടിമുടി മാറ്റിമറിച്ച ഒരു യാത്ര, ആ യാത്രയെക്കുറിച്ച് അയാളുടെ വാക്കുകൾതന്നെ കടമെടുത്താൽ ഇങ്ങനെ പറയാം,
‘‘അറിയാത്ത കാര്യത്തെ കുറിച്ച് ഒരിക്കലും നമ്മൾ ചിന്തിക്കുകയോ സ്വപ്നം കാണുകയോ ചെയ്യില്ലല്ലോ. ഡാർജീലിങ് യാത്രക്കിടെ കണ്ട ഒരു കാഴ്ചയാണ് യാത്രക്കായി എന്നിൽ ഊർജം നിറച്ചത്’’.
സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് സീനിയർ ഗ്രേഡ് അസിസ്റ്റന്‍റും പത്തനംതിട്ട പന്തളം കൂട്ടംവെട്ടി സ്വദേശിയുമായ ഷെയ്ഖ് ഹസ്സൻ ഖാൻ അന്നുകണ്ട സ്ഥാപനം ഡാർജീലിങ്ങിലെ ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിസ്റ്റ്യൂട്ട് ആണ്. പർവതാരോഹണത്തെക്കുറിച്ച് പഠിപ്പിക്കാൻ പ്രതിരോധ വകുപ്പിന് കീഴിൽ ഇങ്ങനെയൊരു സ്ഥാപനമുള്ള കാര്യമറിഞ്ഞ ഷെയ്ഖ് ഹസ്സൻ പിന്നീട് ആ സ്വപ്നങ്ങൾക്ക് പിറകെക്കൂടി.
2015ൽ സെക്രട്ടേറിയറ്റിൽനിന്ന് ഡെപ്യൂട്ടേഷനിൽ ഡൽഹിയിലെ കേരള ഹൗസിൽ എത്തിയശേഷം ഒഴിവുകിട്ടിയപ്പോൾ നടത്തിയ ഡാർജീലിങ് യാത്ര ഇന്ന് അയാളെ എത്തിച്ചിരിക്കുന്നത് എവറസ്റ്റ് അടക്കം ഏഴു കൊടുമുടികളുടെ മുകളിൽ. ഏഴു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കയറുക എന്ന തന്‍റെ ആദ്യ പ്രോജക്ടിൽ ആറും പൂർത്തിയാക്കിയ ഷെയ്ഖ് ഹസ്സനുമുന്നിൽ ഇനി കീഴടങ്ങാനുള്ളത് ഏഷ്യ-ഒഷ്യാനിയ റീജ്യനിലെ പുഞ്ചാക് ജയ കൂടി മാത്രം.
ആഫ്രിക്കയിലെ താൻസനിയയിലെ മൗണ്ട് കിളിമഞ്ചാരോ, ചൈന-നേപ്പാൾ അതിർത്തികളിലായി ഹിമാലയൻ പർവതനിരകളിലെ എവറസ്റ്റ്, നോർത്ത് അമേരിക്കയിൽ അലാസ്കയിലെ മൗണ്ട് ദെനാലി, യൂറോപ്പിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ റഷ്യയിലെ മൗണ്ട് എൽബ്രസ്, അന്‍റാർട്ടിക്കയിലെ മൗണ്ട് വിൻസൺ, സൗത്ത് അമേരിക്കൻ രാജ്യമായ അർജന്‍റീനയിലെ അക്കൻ ഗാഗുവ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമായ ചിലിയിലെ ഓഗോസ് ദെൽ സലാദോ എന്നിവ ഷെയ്ഖ് ഹസ്സന്‍റെ നിശ്ചയദാർഢ‍്യത്തിനുമുന്നിൽ തലകുനിച്ച പർവതനിരകളാണ്.
ദേശീയ പതാകയുമായി എവറസ്റ്റിന് മുകളിൽ
2019ൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഉത്തര കാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങിൽനിന്ന് ഏറ്റവും ഉയർന്ന ഗ്രേഡായ ആൽഫയിൽ മൗണ്ടനീറിങ് കോഴ്സ് പാസായ ഈ 35കാരൻ കണ്ണടക്കുമ്പോഴെല്ലാം കാണുന്നത് 8848 മീറ്റർ ഉയരത്തിൽ എവറസ്റ്റിന് മുകളിൽ ദേശീയ പതാകയുമായി നിൽക്കുന്ന അഭിമാന നിമിഷം മാത്രമായിരുന്നു.
ഒരു മാസത്തെ കോഴ്സിനുശേഷം മൂന്നുവർഷം കഠിന പരിശീലനം. ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല പർവതങ്ങളും കയറി. എന്നാൽ, എവറസ്റ്റ് കീഴടക്കാനാകുമോയെന്ന് ഉറപ്പിക്കാനുള്ള ദൗത്യം ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കയറുക എന്നതാണ്.
2021ൽ 5800 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ കീഴടക്കിയതോടെ 2022ൽ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിൽ എവറസ്റ്റിന് മുകളിൽ ദേശീയ പതാക ഉയർത്തുക എന്ന അഭിമാന നിമിഷം ഉള്ളിൽ നിറയാൻ തുടങ്ങി. അസാധാരണമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മുളപൊട്ടിയതോടെ 30 അടി നീളവും 20 അടി വീതിയുമുള്ള വലിയ പതാകയുമായി എവറസ്റ്റിന് മുകളിൽ കയറാൻ തീരുമാനിച്ചു.
സാധാരണ എല്ലാവരും കൊടുമുടി കയറുമ്പോൾ രണ്ടു ലിറ്റർ വെള്ളവും ഡ്രൈ ഫ്രൂട്ട്സും മാത്രം കൊണ്ടുപോകുമ്പോൾ ഷെയ്ഖ് ഹസ്സൻ ആറുകിലോ ഭാരമുള്ള ദേശീയ പതാക തോളിലേന്തിയാണ് കയറിയത്.
മരണത്തിൽനിന്ന് ജീവിതത്തിലേക്ക്...
60 ദിവസത്തെ ദൗത്യത്തിനായി 13 പേരടങ്ങുന്ന സംഘം 2022 ഏപ്രിൽ ആദ്യവാരം എവറസ്റ്റ് കയറാൻ തുടങ്ങി. ശരീരം കാലാവസ്ഥയുമായി പരുവപ്പെടാനും തലയിൽ രക്തസ്രാവമുണ്ടായി മരിക്കാതിരിക്കാനുമായി പർവതം കുറച്ചുദൂരം കയറിയശേഷം ബേസ് ക്യാമ്പിൽതന്നെ തിരിച്ചെത്തണം. ബേസ് ക്യാമ്പ് രണ്ടിൽ എത്തിയപ്പോൾ ശ്വാസകോശത്തിൽ വെള്ളം കെട്ടിനിൽക്കുന്ന പൾമനറി എഡിമ ബാധിക്കുകയും കഫത്തിൽ രക്തം കണ്ടെത്തുകയുംചെയ്തു.
തുടർന്ന് 3440 അടിയിൽ നാംച്ചേ ബസാറിൽ അഞ്ചുദിവസം താമസിക്കേണ്ടിവന്നു. അവിടത്തെ ചികിത്സക്കുശേഷമാണ് വീണ്ടും മലകയറിയത്. ചുമ മുഴുവനായി മാറിയില്ലെങ്കിലും വീണ്ടും കയറി. പലരിൽനിന്നും സ്പോൺസർഷിപ് വഴിയും 20 ലക്ഷത്തോളം രൂപ വായ്പയെടുത്തുള്ള ദൗത്യമായതിനാലും ദേശീയ പതാക ഉയർത്തണമെന്ന അതിയായ ആഗ്രഹത്താലും മരണം മുന്നിൽക്കണ്ടിട്ടും പിന്മാറിയില്ല.
ഒരു ക്യാമ്പിൽനിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ ജീവൻതന്നെ അപായപ്പെട്ടേക്കാവുന്ന അനുഭവങ്ങളായിരുന്നു. യാത്രക്കിടെ കൈവശമുണ്ടായിരുന്ന ഓക്സിജൻ തീർന്നതോടെ വീണ്ടും മരണം മുന്നിൽ തെളിഞ്ഞുവന്നു. മറ്റു ദൗത്യസംഘത്തിലെ പലരോടും ചോദിച്ചെങ്കിലും കിട്ടാത്ത അവസ്ഥ. ദൗത്യത്തിനരികെ 7200 അടി മുകളിൽ പുലർച്ച 2.30ന് 15 മിനിറ്റോളം ഓക്സിജനില്ലാതെ 70 ഡിഗ്രി ചരിവുള്ള മഞ്ഞുമലയിൽ പിടിച്ചിരുന്നു.
എവറസ്റ്റിലേക്ക് യാത്രികരെ എത്തിക്കുന്ന ഷെർപ ഓക്സിജൻ സിലിണ്ടർ എത്തിച്ചെങ്കിലും ഹസ്സന്‍റെ സിലിണ്ടറിന്‍റെ റെഗുലേറ്ററുമായി ഘടിപ്പിക്കാനാവാത്ത സ്ഥിതിവന്നു. പിന്നീട് അയാളുടെ ഓക്സിജൻ സിലിണ്ടർ തന്ന് പ്രശ്നം പരിഹരിച്ചതോടെ വീണ്ടും മലകയറ്റം. മുകളിൽ ഹിലാരി സ്റ്റെപ്പിൽ എത്തിയപ്പോൾ വീണ്ടും തടസ്സം. മുമ്പ് കയറി മരണപ്പെട്ട പർവതാരോഹകന്‍റെ മൃതദേഹത്തിൽ തട്ടിവീണ് കാൽമുട്ട് മുറിഞ്ഞു.
അതിനേക്കാൾ പ്രശ്നമായത് മല കയറുന്ന ഷൂസിന്‍റെ അടിയിലുള്ള മഞ്ഞിൽ പിടിത്തത്തിനായുള്ള ക്രാംപോൺസ് ഇളകി തെറിച്ചുപോയതായിരുന്നു. പിന്നീട് ഒരു കാലിൽ ഗ്രിപ് ഇല്ലാത്ത ഷൂവുമായാണ് ദൗത്യം പൂർത്തീകരിച്ചത്. മസിൽ നഷ്ടപ്പെട്ട് 20 കിലോ ശരീരഭാരം കുറഞ്ഞാണ് തിരിച്ചെത്തിയത്. ശക്തമായ കൊടുങ്കാറ്റിൽ ദേശീയ പതാക ഏറ്റവും മുകളിൽ ഉയർത്താൻ സാധിക്കാത്തത് സങ്കടമായി. പിന്നീട് 26,000 അടി ഉയരത്തിലെ ക്യാമ്പ് ഫോറിൽ (സൗത്ത് കോൾ) പതാക ഉയർത്തി. 13 പേരടങ്ങിയ സംഘത്തിൽ ഏഴു പേർക്കാണ് എവറസ്റ്റ് ദൗത്യം പൂർത്തിയാക്കാനായത്.
മൗണ്ട് ദെനാലി എന്ന ‘ഗുണ കേവ്’
നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ (6190 മീറ്റർ) അലാസ്കയിലുള്ള മൗണ്ട് ദെനാലിയിലേക്കായിരുന്നു അടുത്ത യാത്ര. അങ്ങേയറ്റം സാഹസികത നിറഞ്ഞ ഒന്നാണ് ദെനാലി പർവതനിര കീഴടക്കൽ. എവറസ്റ്റ് കീഴടക്കിയതിനേക്കാൾ ബുദ്ധിമുട്ടേറിയത്.
21 ദിവസത്തെ ദൗത്യത്തിനായി 70 കിലോ ഭാരവുമായാണ് മല കയറേണ്ടത്. 2023 മേയിലായിരുന്നു യാത്ര. ഭക്ഷണം, വസ്ത്രം, മറ്റു സാധനങ്ങൾ എന്നിവ കൈയിൽ കരുതണം. 20 കിലോ വരുന്ന ബാഗ് തോളിലും ബാക്കി പിറകിൽ കെട്ടിവലിച്ചും കൊണ്ടുപോകണം. എവറസ്റ്റിലേതുപോലെ സഹായിക്കാൻ ഷെർപകൾ ഒന്നുമുണ്ടാകില്ല.
ഗുണ കേവ് പോലുള്ള അഗാധ കുഴികളാണ് ഈ യാത്രയിലെ ഭീഷണി. 200ഉം 300ഉം അടി താഴ്ചയിലുള്ള അഗാധ ഗർത്തങ്ങൾ മഞ്ഞുമൂടി കിടക്കുന്നതിനാൽ എവിടെയാണുള്ളത് എന്നറിയാനാവില്ല. വീണാൽ തിരിച്ചുവരവുണ്ടാകില്ല എന്ന ഭീതിദാവസ്ഥ. മൂന്നും നാലും പേർ പരസ്പരം കയറിൽ ബന്ധിച്ചാണ് മല കയറുക.
ഒരാൾ വീണാൽ മറ്റുള്ളവനെയും ചിലപ്പോൾ വലിച്ചുകൊണ്ടുപോയേക്കാം. എങ്കിലും കൂടുതൽ സുരക്ഷ ഇതായതിനാൽ ഇങ്ങനെയാകും യാത്ര. രണ്ടുതവണ വീണെങ്കിലും കൂട്ടത്തിലുള്ളവരുടെ കരുത്തിൽ ജീവിതത്തിലേക്ക് മടക്ക ടിക്കറ്റ് കിട്ടി.
മൈനസ് 45 ഡിഗ്രി വരെയുള്ള തണുപ്പാണ് സാധാരണ പർവതാരോഹകരുടെ വസ്ത്രങ്ങൾ തടുക്കുക. എന്നാൽ, മൈനസ് 51 ഡിഗ്രിവരെയുള്ള തണുപ്പേറ്റ് പൊള്ളുകയും വിരലും മറ്റും മുറിച്ചുമാറ്റുകയും ചെയ്യേണ്ട അതിഭീകര അവസ്ഥയാണ് എന്നതിനാൽ എവറസ്റ്റിനേക്കാൾ കടുപ്പമേറിയതായിരുന്നു ദെനാലി യാത്ര.
മൗണ്ട് എൽബ്രോസ് എന്ന മിന്നൽ മരണം
യൂറോപ്പിലെ ഏറ്റവും ഉയരംകൂടിയ കൊടിമുടിയായ എൽബ്രോസ് കയറുന്നത് 2023 സെപ്റ്റംബറിലാണ്. അഞ്ച് ദിവസത്തെ ദൗത്യം. ശക്തമായ മഞ്ഞും മഴയുമായിരുന്നു യാത്രയിലെ വില്ലൻ. കൂട്ടത്തിൽ ജീവനെടുക്കുന്ന ഇടിമിന്നലും.
സമുദ്രനിരപ്പിൽനിന്ന് 5642 മീറ്റർ ഉയരമുള്ള കൊടുമുടിയുടെ മുകളിൽ മഞ്ഞുപെയ്യുമ്പോൾ താഴെ ചിലപ്പോൾ മഴ പെയ്യുന്നുണ്ടാകും. ഇടിവെട്ട് സമയത്ത് മലമുകളിലേക്ക് കയറരുതെന്നാണ് നിർദേശം. സംഘത്തിലെ മറ്റുള്ളവരെല്ലാം ഇറങ്ങിയെങ്കിലും ഞാനും ഗൈഡും ആ സമയത്ത് കയറാൻ തീരുമാനിക്കുകയായിരുന്നു. മുകളിലെത്തി അധികം വൈകാതെ തലയിലെ മുടിയും ദേഹത്തെ രോമവുമെല്ലാം എണീറ്റ് നിൽക്കാൻ തുടങ്ങി.
മലമുകളിൽ ഇടിവെട്ടുംമുമ്പ് സ്റ്റാറ്റിക് ചാർജ് (ഘർഷണ വൈദ്യുതി) ഉണ്ടാകും. ആ സമയത്താണ് രോമം എഴുന്നേറ്റ് നിൽക്കുക. അതൊരു സൂചനയാണ്. അടുത്ത മിന്നലടിക്കുക ഈ പ്രദേശത്താണ് എന്ന ജീവന്‍റെ വിലയുള്ള സൂചന. ഞാനും ഗൈഡും ഉടൻ താഴേക്ക് ഇറങ്ങിയതിനാൽ വലിയൊരു ആപത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
ചരിത്രം പിറന്ന മൗണ്ട് വിൻസൺ
അന്‍റാർട്ടിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ വിൻസൺ പർവതത്തിന് 4892 മീറ്ററാണ് ഉയരം. 2023 ഡിസംബറിൽ 18 ദിവസം നീണ്ട യാത്ര പൂർത്തിയാക്കി മലമുകളിൽ കാലെടുത്ത് വെച്ചപ്പോൾ പിറന്നത് ചരിത്രം കൂടിയാണ്. മൗണ്ട് വിൻസൺ കയറുന്ന ആദ്യ മലയാളി എന്ന ചരിത്രത്തിലേക്കാണ് ഷെയ്ഖ് ഹസ്സൻ കാലെടുത്തുവെച്ചത്.
മിക്കവരും വിൻസൺ പർവത നിരയുടെ വശങ്ങളിലൂടെ കയറിയാണ് ദൗത്യം പൂർത്തിയാക്കാറ്. എന്നാൽ, അവിടെയും ഷെയ്ഖ് ഹസ്സൻ തന്‍റേതായ കാൽപാട് പതിപ്പിച്ചു. മധ്യഭാഗത്തിലൂടെ തന്നെ മലകയറിയെങ്കിലും ഈ ദൗത്യം വിരൽ മുറിച്ചുമാറ്റേണ്ട അവസ്ഥവരെ കൊണ്ടെത്തിച്ചു.
മൈനസ് 30 ഡിഗ്രിയാണ് വിൻസണിലെ കാലാവസ്ഥ. കൊടും തണുപ്പായതിനാൽ 15 സെക്കൻഡ് മാത്രമാണ് പ്രത്യേകതരം മിറ്റൺ കൈയുറയിൽനിന്ന് വിരൽ പുറത്തെടുക്കാനാകുക. ചരിത്രനിമിഷത്തിൽ അതെല്ലാം മറന്ന് ഒന്നരമിനിറ്റോളം വിഡിയോ പകർത്തിയ ഷെയ്ഖ് ഹസ്സനെ കാത്തിരുന്നത് വിരലാകെ തണുപ്പുകൊണ്ട് പൊള്ളിയ രോഗാവസ്ഥ (ഫ്രോസ്റ്റ് ബൈറ്റ്) ആയിരുന്നു. വേദനയാൽ പുളയുന്ന കൈയുമായാണ് താഴേക്ക് ഇറങ്ങിയത്. മിക്കപ്പോഴും സൂര്യൻ ഉദിച്ചുനിൽക്കുന്നതിനാൽ രാത്രി ഇല്ലാത്ത വിൻസണിൽ ഉറക്കംപോലും അപ്രാപ്യമായതിനാൽ വേദന നന്നായറിഞ്ഞു.
ചിലിയിൽനിന്ന് ആറു മണിക്കൂർ ചാർട്ടേഡ് വിമാനത്തിൽ യാത്രചെയ്താണ് വിൻസണിൽ എത്തുന്നത്. വന്ന വിമാനം 18 ദിവസം കഴിഞ്ഞാണ് തിരിച്ചെത്തുക. അതിനിടെ, ആരോഗ്യപരമായി എന്ത് സംഭവിച്ചാലും ചികിത്സ കിട്ടാതെ അവിടെ കിടന്ന് മരിക്കേണ്ടിവരും. താഴെയിറങ്ങി വിരലിന് താൽക്കാലിക ചികിത്സ നൽകിയെങ്കിലും പൂർണമായി മാറാൻ ആറു മാസമെടുക്കും. അതുവരെ വിശ്രമിക്കണം എന്നുപറഞ്ഞ് ഡോക്ടർമാർ യാത്രയാക്കി.
വിരലറ്റുപോകുന്ന അക്കൻ ഗാഗുവ
സൗത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. 6921 മീറ്റർ ഉയരമുള്ള കൊടുമുടി കയറാൻ തീരുമാനിക്കുന്നത് കടുത്ത മാനസിക-ശാരീരിക സമ്മർദങ്ങൾക്കൊടുവിലാണ്. കൈവിരലുകളില്ലാതായാൽ ഒരു പർവതാരോഹകനെ സംബന്ധിച്ച് അയാളുടെ പാതിജീവൻ പോയി എന്നുവേണം കണക്കാക്കാൻ.
ആൻഡിസ് പർവതനിരയിലെ അക്കൻ ഗാഗുവയിലാകട്ടെ മൈനസ് 40 ഡിഗ്രിയിൽനിന്ന് തണുത്ത കാറ്റടിക്കുന്നതോടെ തണുപ്പ് മൈനസ് 70 ഡിഗ്രിയിലേക്ക് നിമിഷനേരംകൊണ്ട് മാറും. തണുത്തുറഞ്ഞ് മരണംവരെ സംഭവിക്കാം.
2024 ജനുവരി ആദ്യ ആഴ്ചയിലാണ് അക്കൻ ഗാഗുവ കയറാൻ തീരുമാനിക്കുന്നത്. അതായത് വിൻസൺ കൊടുമുടി കയറി രണ്ടാഴ്ച കഴിഞ്ഞ്. പൊള്ളിയ വിരലുകളുമായാണ് താഴ്വാരത്തെ ക്യാമ്പിലെത്തുന്നത്. ആറുമാസം വിശ്രമം വേണം കൈ ശരിയാകാനെന്നും ഒരിക്കൽ കൂടി തണുപ്പ് വിരലുകളിലേറ്റാൽ അവ പൂർണമായി മുറിച്ചുമാറ്റേണ്ടി വരുമെന്നും തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും ഡോക്ടർമാർ ശക്തമായ മുന്നറിയിപ്പ് നൽകി.
എന്നാൽ, രക്തയോട്ടം നിലച്ച് കറുത്തിരുണ്ട വിരലുകളുമായി കയറാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനത്തിന് പിന്നിൽ ശക്തമായ ചില കാരണങ്ങൾ കൂടിയുണ്ട്.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അൽമുക്താദർ ഉടമ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന്‍റെ 50 ലക്ഷം രൂപ സ്പോൺസർഷിപ്പിലാണ് എൽബ്രോസ്, മൗണ്ട് വിൻസൺ, അക്കൻ ഗാഗുവ, ഓഗോസ് ദെൽ സലാദോ എന്നിവ കയറാൻ തീരുമാനിക്കുന്നത്. ദൗത്യത്തിൽനിന്ന് പിന്മാറാൻ മൻസൂർ പറഞ്ഞെങ്കിലും സ്വപ്നം പാതിവഴിയിലാകുമെന്ന തിരിച്ചറിവിൽ വേദന സഹിച്ചും അക്കൻ ഗാഗുവ കയറുകയായിരുന്നു.
ഓഗോസ് ദെൽ സലാദോ
ചിലിയിലെ ഏറ്റവും ഉയരം കൂടിയ ഓഗോസ് ദെല്‍ സലാദോയാണ് പിന്നീട് കീഴടക്കിയത്. 2024 ജനുവരി അവസാന ആഴ്ചയിൽ. ഷെയ്ഖ് ഹസ്സന്‍ കീഴടക്കുന്ന ഏഴാമത്തെ വന്‍ കൊടുമുടിയാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്‌നിപര്‍വതം കൂടിയാണ് 22,600 അടി ഉയരമുള്ള ഓഗോസ് ദെല്‍ സലാദോ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതത്തിലെ ഏറ്റവും വലിയ വെല്ലുവിളി മണൽത്തരികളാണ്. അഗ്നിപർവതം പൊട്ടി ഒലിച്ചതിനാൽ മണൽത്തരികൾ പോലുള്ള ചാരമാണ് എവിടെയും.
ഓരോ അടി വെക്കുമ്പോഴും കാൽ ചാരത്തിലേക്ക് ആഴ്ന്നുപോകുന്നതിനാൽ കഠിന പ്രയത്നം തന്നെ വേണ്ടി വന്നു. ഓഗോസിന് മുകളിൽ എത്തുന്നതിന് മുമ്പായുള്ള 50 മീറ്റർ പിന്നിടാൻ സാഹസിക യാത്ര തന്നെ വേണം. അടർന്നുപോരുന്ന പാറക്കല്ലുകൾക്ക് മുകളിലൂടെ വേണം മുകളിലെത്താൻ. എവിടെ ചവിട്ടിയാലാണ് സുരക്ഷിതം, എവിടെയാണ് മരണമുനമ്പ് എന്നറിയാനാവാത്ത അവസ്ഥ. ചവിട്ടുന്ന പ്രദേശം പാളിയാൽ 22,600 അടി താഴ്ചയിൽ മരണം കാത്തിരിക്കുന്നുണ്ടാകും.
അഞ്ചു വർഷം, 150 രാജ്യം; സ്വപ്നങ്ങൾക്ക് അതിരില്ല
എല്ലാ രാജ്യങ്ങളിലെയും ഉയരംകൂടിയ കൊടുമുടിയിലോ പോയന്‍റിലോ കാലുകുത്തുക എന്ന സ്വപ്നത്തിന് പിറകെയാണ് ഷെയ്ഖ് ഹസ്സൻ ഇപ്പോൾ. അഞ്ചു വർഷംകൊണ്ട് 150 രാജ്യങ്ങളിലായി അയാൾ തന്‍റെ സ്വപ്നസഞ്ചാരത്തിനായി കോപ്പുകൂട്ടുകയാണ്. അതിനായി ഷെയ്ഖ് ഹസ്സന് അധികാരികളോടും നാട്ടുകാരോടും ഒന്നേ പറയാനുള്ളൂ:
നാടിന്‍റെ, രാജ്യത്തിന്‍റെ അഭിമാനമുയർത്താനിറങ്ങി 25 ലക്ഷം രൂപയുടെ കടബാധ്യതയുള്ള തനിക്ക് സ്പോൺസർഷിപ്പിലേക്ക് ഒരു ചൂണ്ടുവിരലായി നിൽക്കാൻ ഈ നാട് കൂടെയുണ്ടാകണമെന്നാണ്, ഇത്രയും നാൾ കൂടെ നിന്നപോലെ.
ഏത് യാത്രക്കും പിന്തുണയുമായി പിതാവ് അലി അഹമ്മദ് ഖാനും മാതാവ് ഷാഹിദ ഖാനും ഭാര്യ ഖദീജ റാണിയും മകൾ ജഹനാര മറിയവും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.