ഷാക്കീബ്

കളരിയാണ് ഷാക്കീബിനു ജീവിതം. സിനിമയിലെ ഫൈറ്റ് ട്രെയ്നർ സ്ഥാനം കളരിയുടെ സമ്മാനംതന്നെ. കുഞ്ഞുനാളിൽ കരളിൽ കൊരുത്തതാണ് കളരി.

തറവാട്ടുമുറ്റത്തെ കളരിത്തട്ടിൽ അമ്മാവന്മാർ മെയ്ത്താരിയും കോൽത്താരിയും അംഗത്താരിയും വെറുംകൈയും വായ്ത്താരിയാൽ പകർന്നുനൽകുമ്പോൾ അന്തിച്ചുനിന്നു പോയിട്ടുണ്ട് ഷാക്കീബ്.

മികവാർന്ന മെയ്‍വഴക്കവും ചടുല ചലനങ്ങളും വേഗമേറിയ നീക്കങ്ങളുമായി മിന്നും ആക്ഷൻ ട്രെയ്നറും കൊറിയോഗ്രാഫറുമായി ഉയരുകയാണ് കളരി പരിശീലകൻകൂടിയായ ഈ 24കാരൻ.


കുറുവങ്ങാട് ടു ഗാന്ധിനഗർ

കോഴിക്കോട് കൊയിലാണ്ടിയിലെ കുറുവങ്ങാട് അൽ മുബാറക് കളരിസംഘത്തിൽനിന്ന് അഞ്ചാം വയസ്സു മുതൽ അമ്മാവന്മാർ പഠിപ്പിച്ച അഭ്യാസങ്ങളാണ് ആക്ഷൻ ട്രെയ്നറിലേക്ക് വളർത്തിയത്.

19 വർഷമായി വി.കെ. ഹമീദ് ഗുരുക്കളും വി.കെ. അബ്ബാസ് ഗുരുക്കളും പാഠങ്ങൾ പകർന്നുനൽകുന്നു. സിനിമയിലേക്കുള്ള വഴിതുറന്നത് സമൂഹ മാധ്യമങ്ങളാണ്. കളരി അഭ്യാസങ്ങളും പാടിയ പാട്ടുകളും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. അവയിൽ പലതും വൈറലായി. മില്യൺ കണക്കിന് കാഴ്ചക്കാരെ കിട്ടി.

ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ ഉറുമി വീശുന്ന വിഡിയോ ഇട്ടു. കന്നടയിലെ പ്രശസ്ത സംഘട്ടന സംവിധായകനും നടനുമായ ചേതൻ ഡിസൂസ ഇത് കാണാനിടയായി. അതാണ് വഴിത്തിരിവായത്.

അദ്ദേഹം ഇൻസ്റ്റഗ്രാമിൽ മെസേജ് ചെയ്തു ചോദിച്ചു, സിനിമയിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടോ എന്ന്. കളരി പഠിക്കുമ്പോഴേ സിനിമയിൽ സംഘട്ടനരംഗങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് കൂടുതലൊന്നും ചിന്തിക്കാതെ ബംഗളൂരുവിലെ ഗാന്ധിനഗറിലേക്ക് ട്രെയിൻ കയറി.

ചേതൻ ഡിസൂസയുടെ ആക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടാണ് ക്വയോസ് ഫാക്ടറി (Chaos Faktory). ഇവിടെ വെച്ചാണ് ആക്ഷൻ രംഗങ്ങൾ പ്ലാൻ ചെയ്യുന്നത്. അത് ടീം അംഗങ്ങളെക്കൊണ്ട് ചെയ്യിച്ച് വിഡിയോ ആക്കും.

ഇതുവെച്ചാണ് ആക്ഷൻ ടീം അംഗങ്ങൾ പരിശീലനം നൽകുക. ചേതൻ ഡിസൂസയുടെ സഹോദരൻ ഡെൽസൺ ആണ് ഫൈറ്റ് ക്രൂവിന്‍റെ ഹെഡ്. ആ ടീമിലെ ഏക മലയാളിയാണ് ഷാക്കീബ്.

1. ഗരുഡ റാമിനൊപ്പം 2. ഫഹദ് ഫാസിലിനൊപ്പം



‘യുഐ’യിൽനിന്ന് ‘ആവേശ’ത്തിലേക്ക്

കന്നട സൂപ്പർസ്റ്റാർ ഉപേന്ദ്ര റാവു നായകനാവുന്ന ‘യുഐ’ക്ക് വേണ്ടിയാണ് ആദ്യം പ്രവർത്തിക്കുന്നത്. അദ്ദേഹംതന്നെയാണ് സംവിധാനവും. ഈ സിനിമയിലെ ക്ലൈമാക്സിൽ ഉപേന്ദ്രയുടെ ഡ്യൂപ് ആയാണ് അരങ്ങേറ്റം. രണ്ടാമത്തെ പടം ‘ഭഗീര’ കന്നട റോറിങ് സ്റ്റാർ ശ്രീ മുരളിയുടെ ഡ്യൂപ്പായി ഫൈറ്റ് സീൻ ചെയ്തു.

‘കെ.ജി.എഫി’ലെ വില്ലൻ ഗരുഡ രാജു, പ്രകാശ് രാജ്, പ്രശാന്ത് നീൽ, ഡോ. സൂരി തുടങ്ങിയ പ്രതിഭകൾക്കൊപ്പം തുടക്കത്തിൽത്തന്നെ ജോലിചെയ്യാൻ സാധിച്ചത് ഷാക്കീബ് ഭാഗ്യമായി കരുതുന്നു. ഒരു മലയാളി എന്ന നിലയിൽ നല്ല ബഹുമാനവും ആദരവും അവർ നൽകി.

ഫൈറ്റിങ്ങിൽ പരിശീലനം നൽകുന്നതോടൊപ്പം ഇവരിൽനിന്നെല്ലാം പുതിയ ടെക്നിക്കുകൾ പഠിച്ചു. ഫൈറ്റ് മൂവ്മെന്‍റ്സ്, ആക്ഷൻ, റിയാക്ഷൻ, ഫാളിങ് എല്ലാം മനസ്സിലാക്കാൻ സാധിച്ചു.

മൂന്നാമത്തെ സിനിമയാണ് ‘ആവേശം’. ജിത്തു മാധവൻ-ഫഹദ് ഫാസിൽ ടീമിന്‍റെ ഈ ചിത്രത്തിലെയും സംഘട്ടന രംഗങ്ങൾ ഒരുക്കിയത് ചേതൻ ഡിസൂസയാണ്. ഈ സിനിമയിൽ ഫഹദിന്‍റെ ആക്ഷൻ ട്രെയ്നറായി. രണ്ടാഴ്ചയോളം പരിശീലനം നൽകി.

ഡ്യൂപ് ഇല്ലാതെയാണ് അദ്ദേഹം സിനിമയിൽ സംഘട്ടനരംഗങ്ങൾ ചെയ്തത്. ഈ സിനിമയിൽ അമ്പാനായി അഭിനയിച്ച സജിൻ ഗോപുവിനും പരിശീലനം നൽകാൻ അവസരമുണ്ടായി.

നാലാമത്തെ പടം റിലീസിനൊരുങ്ങുന്ന ‘ഭൈരതി രണങ്കങ്ങൾ’ ആണ്. ശിവരാജ് കുമാറാണ് നായകൻ. അതിൽ സ്റ്റണ്ട് ​ട്രെയ്നിങ് ടീമിനൊപ്പം വർക്ക് ചെയ്യാനും ഷാക്കീബിന് അവസരം ലഭിച്ചു.

ടൊവിനോ തോമസിനൊപ്പം പൊന്ന്യത്തങ്കത്തിൽ


റെക്കോഡുകളും കൂട്ടിനുണ്ട്

വടിപ്പയറ്റും ഉറുമി വീശലും ഷാക്കീബിന്‍റെ മാസ്റ്റർ പീസാണ്. കളരിപ്പയറ്റിൽ വടിവീശലിൽ (സിലമ്പം) മൂന്ന് റെക്കോഡുകൾ സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്.

30 സെക്കൻഡിൽ 40 തവണ ഒരേ വേഗത്തിൽ വടിവീശിയതിനാണ് 2022ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്. കൂടാതെ, ഇതേയിനത്തിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സും ഇന്‍റർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സും സ്വന്തമാക്കി.

കളരിക്കുപുറത്ത്

കളരിക്കുപുറമെ കോൽക്കളി പരിശീലകൻകൂടിയാണ് ഷാക്കീബ്. കളരിസംഘത്തിന് ഒരു കോൽക്കളി സംഘംകൂടിയുണ്ട്. വർഷങ്ങളായി സ്കൂൾ, യൂനിവേഴ്സിറ്റിതല മത്സരങ്ങളിൽ വിദ്യാർഥികളെ ഒരുക്കാറുണ്ട്.

നാലു വർഷമായി കേരള സ്കൂൾ കലോത്സവത്തിൽ ഓവറോൾ നേടിയത് അൽമുബാറക് കോൽക്കളി സംഘം പരിശീലിപ്പിച്ച വിദ്യാർഥികളാണ്. അവരുടെ പരിശീലകൻകൂടിയാണ് ഷാക്കീബ്.

കളരി കുടുംബം

ഷാക്കീബിന്‍റേത് ഒരു കളരി കുടുംബമാണ്. ഉമ്മയുടെ ഉപ്പ അബ്ദുല്ലക്കുട്ടി ഗുരുക്കൾ 40 വർഷം മുമ്പ് തുടങ്ങിയതാണ് അൽ മുബാറക് കളരി. അ​ദ്ദേഹത്തിന്‍റെയും അലവി ഗുരുക്കളുടെയും ശിഷ്യരാണ് ഇപ്പോഴത്തെ ഗുരുക്കന്മാരും ഷാക്കീബിന്‍റെ അമ്മാവന്മാരുമായ ഹമീദ് ഗുരുക്കളും അബ്ബാസ് ഗുരുക്കളും.

പിതാവ് റഷീദും ഉമ്മ സുലൈഖയും സഹോദരന്മാരായ റാഷിദും ഷഹലും കളരിവഴിയിൽതന്നെയാണ്. ഉമ്മ സ്ത്രീകൾക്ക് കളരി പരിശീലനവും യോഗയും ഉഴിച്ചിലും മർമചികിത്സയും നടത്തുന്നു.

ബി.കോം പഠനശേഷം കളരിക്കുവേണ്ടി ജീവിതം സമർപ്പിച്ച ഷാക്കീബ് പഠിക്കുന്നതോടൊപ്പം കളരി പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആക്ഷൻ കൊറിയോഗ്രഫിയിൽ പുത്തൻ മുറകൾകൊണ്ട് പ്രേക്ഷകന്‍റെ ചങ്കിടിപ്പേറ്റാനുള്ള തയാറെടുപ്പിലാണ് ഈ യുവാവ്.





Tags:    
News Summary - Success story of action trainer Shakkib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.