രവീന്ദ്രൻ പിള്ള, ഭാര്യ മീനാകുമാരി, ഉദയകുമാർ, ഭാര്യ സുനിതകുമാരി എന്നിവർ. ചിത്രങ്ങൾ: നുജൂം ലാൻസ



അകലങ്ങളുടെ പുതിയ കാലത്ത് പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലുള്ള സൗഹൃദത്തിന്‍റെ പൂക്കാലം തീർക്കുകയാണ് ഓണാട്ടുകരയുടെ സ്വന്തം പാച്ചുവും കോവാലനും.

ഇതിൽ പാച്ചുവാര്, കോവാലനാര് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ഇഷ്ടങ്ങൾ തുന്നിച്ചേർത്തവരായി ഉദയകുമാറും രവീന്ദ്രൻ പിള്ളയും മാറിക്കഴിഞ്ഞു.

ജാതി, മതം, രാഷ്ട്രീയം തുടങ്ങി പിണങ്ങാൻ നൂറുകാരണങ്ങൾ തേടുന്നവരുടെ കാലത്താണ് ഇണങ്ങാൻ കാരണമൊന്നും വേണ്ടതില്ലെന്ന സന്ദേശം ഇരുവരും പകർന്നുനൽകുന്നത്.

സൗഹൃദം മൊട്ടിട്ടപ്പോൾ

പുള്ളിക്കണക്ക് ഗ്രാമത്തിലെ രവീന്ദ്രൻ പിള്ളയുടെ വീടിനോട് ചേർന്ന താമസക്കാരനായി ചേരാവള്ളിക്കാരൻ ഉദയകുമാർ മാറിയതിന് പിന്നിൽ വിട്ടുപിരിയാൻ കഴിയാത്ത ഹൃദയബന്ധങ്ങളുടെ ഇഴയടുപ്പം മാത്രമാണ് കാരണം.

നിർവചനങ്ങൾക്ക് അതീതമായ ബന്ധമാണ് സൗഹൃദമെന്നാണ് ഇരുവരും പറയുന്നത്. പ്രീഡിഗ്രി പരാജയപ്പെട്ട് നിൽക്കുന്ന സമയത്താണ് രവീന്ദ്രൻ പിള്ള തുന്നൽ പഠിക്കാൻ കായംകുളത്തെ ഉത്തമൻ ആശാന്‍റെ സ്വപ്ന ടെയ്ലേഴ്സിൽ ചേരുന്നത്. എസ്.എസ്.എൽ.സി കഴിഞ്ഞ് ഉദയകുമാറും ഇവിടേക്ക് വന്നു.

ഉദയകുമാറിന്‍റെ സഹോദരൻ തിലകനും രവീന്ദ്രൻ പിള്ളയും സുഹൃത്തുക്കളായിരുന്നു. ഈ പരിചയമാണ് ഉദയകുമാറുമായി വേഗം സൗഹൃദമാകുന്നതിന് കാരണമായത്.

1982ൽ കായംകുളത്ത് തയ്യൽ പരിശീലന കേന്ദ്രത്തിൽനിന്നാണ് ഇവർ പരിചയം തുടങ്ങുന്നത്. അന്നുതൊട്ട് വസ്ത്രങ്ങൾക്ക് ഒപ്പം സൗഹാർദവും ഇവർ ഇഴചേർത്ത് തുന്നുകയായിരുന്നു.

കാൽനൂറ്റാണ്ട് മുമ്പ് ഒരു ദിവസം ഒരേ വേഷം ധരിക്കാൻ തീരുമാനിച്ചതോടെയാണ് ഇവരുടെ സൗഹൃദം നാട്ടുകാർ ശ്രദ്ധിച്ചുതുടങ്ങുന്നത്. കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയുടെ ‘പാച്ചുവും കോവാലനും’ കത്തിനിൽക്കുന്ന സമയം. ക്രമേണ ഇവരും ആ പേരുകളിലേക്ക് ലയിച്ചുചേരുകയായിരുന്നു.

ഉദയകുമാറും രവീന്ദ്രൻ പിള്ളയും തയ്യൽ ജോലിയിൽ


വസ്ത്രത്തിലും പിരിയാത്ത ആത്മബന്ധം

ഒരു ദിവസത്തെ വർത്തമാനങ്ങൾക്കിടെയാണ് ഇരുവരും ഒരേ വേഷം ധരിക്കാൻ തീരുമാനമെടുക്കുന്നത്. അടുത്ത ദിവസം ധരിക്കാനുള്ള പാന്‍റിന്‍റെ കളർ ഉദയനും ഷർട്ട് രവീന്ദ്രൻ പിള്ളയും നിർദേശിക്കും.

ഇക്കാലംവരെ അതിനൊരു മുടക്കവും വന്നിട്ടില്ല. സഹോദരന്മാരും ഇരട്ടകളുമാണെന്ന തരത്തിലും പലരും കാണുമ്പോഴും തിരുത്താൻ ശ്രമിക്കാറില്ല. സൗഹൃദത്തിൽ ഇടപെടാൻ മറ്റാരെയും അനുവദിക്കാറുമില്ല. പരസ്പരമുള്ള വിശ്വാസം അതേപടി നിലനിർത്താൻ കഴിയുന്നു. കുത്തുവാക്കുകളും ദ്വയാർഥ പ്രയോഗങ്ങളുമില്ല. നെഗറ്റിവ് വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിക്കാറില്ല.

രാഷ്ട്രീയം ഇല്ലായെന്നതും സൗഹൃദം ഇങ്ങനെ തുടരാൻ കാരണമായെന്ന് ഇരുവരും പറയുന്നു. രാഷ്ട്രീയം സംസാരിച്ചാൽ തർക്കങ്ങളിലേക്ക് കടക്കേണ്ടിവരും. ഇതുകാരണം വോട്ട് ചെയ്യാനും പോകാറില്ല. കന്നി വോട്ട് മാത്രമാണ് ഇരുവരും ചെയ്തിട്ടുള്ളത്.

എന്നാൽ, ഇരുവരുടെയും ഭാര്യമാർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അവർ വോട്ട് ചെയ്യാൻ പോകുന്നതിൽ ഇരുവർക്കും എതിർപ്പുമില്ല. ഈ രാഷ്ട്രീയം വീട്ടിനുള്ളിൽ ചർച്ച ചെയ്യാൻ പാടില്ലെന്നു മാത്രം നിബന്ധനയുണ്ട്.

പി.കെ ടെയ് ലേഴ്സ്

സ്വന്തമായി തുടങ്ങിയ സ്ഥാപനത്തിന് ‘പി.കെ ടെയ്ലേഴ്സ്’ എന്ന് നാമകരണം ചെയ്തപ്പോൾ നാട്ടുകാരാണ് ഞെട്ടിയത്. പേര് കണ്ടെത്താൻ ഇരുവരും ചർച്ച തുടങ്ങിയപ്പോൾ ഉദയകുമാറാണ് നാട്ടുകാരുടെ വിളിപ്പേര് സ്വീകരിക്കാമെന്ന നിർദേശം മുന്നോട്ടുവെക്കുന്നത്.

1988ൽ കെ.പി റോഡിൽ കായംകുളം റെയിൽവേ ജങ്ഷന് സമീപം തുടങ്ങിയ സ്ഥാപനം കോവിഡ് കാലം വരെ സജീവമായിരുന്നു.

കോവിഡിന് ശേഷം തുറന്നെങ്കിലും പണി കുറവായതിനാൽ വീട്ടിലെ സ്ഥാപനമാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. പി.കെ എന്ന ചുരുക്കപ്പേരും വേഷധാരണത്തിലെ സാമ്യവും സ്ഥാപനത്തിന്‍റെ പ്രശസ്തിക്ക് കാരണമായി മാറിയിരുന്നു.

ഉദയകുമാറും രവീന്ദ്രൻ പിള്ളയും കുടുംബത്തോടൊപ്പം (ഫയൽ)


കുടുംബങ്ങളിലേക്ക് നീളുന്ന സ്നേഹപാത

2001ൽ രവീന്ദ്രൻ പിള്ളയുടെ പുള്ളിക്കണക്ക് ചക്കാലതെക്കതിൽ ഗീതാഭവനത്തിൽ വീട്ടുവളപ്പിൽനിന്ന് അഞ്ച് സെന്‍റ് സ്ഥലം വാങ്ങി ഉദയകുമാർ ഇങ്ങോട്ട് താമസം മാറ്റിയതോടെ സൗഹൃദം കുടുംബങ്ങളിലേക്കും പറിച്ചുനടുകയായിരുന്നു.

വീടിനും ‘പി.കെ ഹൗസ്’ എന്ന് പേരിട്ടു. ഒരു വർഷത്തെ ഇടവേളയിൽ സ്വന്തം നാട്ടുകാരിയായ സുനിതകുമാരിയെ ഉദയകുമാറും എരുവക്കാരി മീനാകുമാരിയെ രവീന്ദ്രൻ പിള്ളയും മിന്നു കെട്ടിയതോടെ കുടുംബങ്ങൾ തമ്മിലെ സൗഹൃദത്തിനും കരുത്ത് വർധിച്ചു.

ഇരുവരും തയ്യൽക്കാരികളായിരുന്നുവെന്നതും ഇതിന് ബലം നൽകി. മതിലുകളില്ലാത്ത വീടുകളോട് ചേർന്ന് തുടക്കംകുറിച്ച തയ്യൽക്കടകൾ പുതിയ ബന്ധങ്ങൾ തുന്നിച്ചേർത്തു.

57കാരനായ ഉദയകുമാറിന്‍റെ മകൾ ശ്രീലച്ചു അയർലൻഡിൽ എം.ബി.എ ചെയ്യുന്നു. 59കാരനായ രവീന്ദ്രൻ പിള്ളയുടെ മകൻ ശ്രീപ്രിജൽ എൽഎൽ.ബി വിദ്യാർഥിയാണ്. രണ്ട് പശ്ചാത്തലത്തിൽനിന്നുള്ളവർ ഒരു കുടുംബമായി മാറുന്ന അപൂർവ കാഴ്ചക്കാണ് നാട് സാക്ഷ്യം വഹിച്ചത്.

സന്തോഷങ്ങളുടെ നിലവറകളാണ് ഇവർ വീടുകളിൽ തുറന്നിരിക്കുന്നത്. വെറുപ്പ് ഉൽപാദിപ്പിക്കുന്ന പുതിയ കാലത്ത് സ്നേഹത്തിന്‍റെ കട തുറന്ന നാടിനാകെ മാതൃകയാകുകയാണ് ഈ പാച്ചുവും കോവാലനും.





Tags:    
News Summary - The story of Patchu and Kovalan's friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.