അബ്ദുറഹ്മാൻ. ചിത്രങ്ങൾ: സത്യൻ പേരാമ്പ്ര

ബഹ്റൈനെ ‘വെള്ളം കുടിപ്പിക്കുകയാണ്’ ഈ മലയാളികൾ

നാലുഭാഗവും കടൽവെള്ളത്താൽ ചുറ്റപ്പെട്ട ബഹ്റൈനിലെ ഓരോ മുക്കിലും മൂലയിലും കുടിവെള്ളം വിതരണം ചെയ്യുന്ന മലയാളികൾ സ്വദേശികൾക്കിടയിലും പ്രവാസികൾക്കിടയിലും സുപരിചിതരാണ്.

കാസർകോട് മഡൂരിനടുത്ത പട്ട്ള നിവാസികളാണ് പവിഴദ്വീപിന്‍റെ ദാഹമകറ്റുന്നത്. സമീപ ഗ്രാമങ്ങളായ കുത്തൂർ, ആലമ്പാടി എന്നിവിടങ്ങളിൽനിന്നുള്ളവരും കൂട്ടത്തിലുണ്ട്. ഇവരിൽ ഭൂരിഭാഗവും ഒരേ കുടുംബക്കാരാണ്.

എം.കെ. മുഹമ്മദ്, പി.കെ. മുഹമ്മദ്, ടി.പി. അബ്ബാസ് എന്നിവരുടെ കുടുംബക്കാരാണ് ഏകദേശമെല്ലാവരും. പട്ട്ള സ്വദേശി എം.കെ. മൊയ്തീൻകുട്ടി ഹാജിയുടെ മക്കളാണ് ബഹ്റൈനിൽ ഈ രംഗത്ത് ആദ്യമായി ചുവടുറപ്പിച്ചത്. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകൻ എം.കെ. മുഹമ്മദ് ഇവിടെയെത്തി കുടിവെള്ള വിതരണം തുടങ്ങുകയായിരുന്നു.


കുടിവെള്ള വിതരണത്തിലെ കാസർകോടൻ പെരുമ

എല്ലാ പ്രവാസികളെയും പോലെ മെച്ചപ്പെട്ട വരുമാനം എന്ന സ്വപ്നവുമായി എത്തിയ എം.കെ. മുഹമ്മദ് പിന്നീട് സഹോദരങ്ങളെയും ഇവിടെയെത്തിച്ചു. അന്ന് 18 തികയാത്ത താൻ ജ്യേഷ്ഠന്മാരുടെ പാത പിന്തുടരുകയായിരുന്നെന്ന്, ഇന്ന് മുഹറഖിൽ ലോലി വാട്ടർ കമ്പനി നടത്തുന്ന എം.കെ. അബ്ദുറഹ്മാൻ പറയുന്നു. പിന്നീട്, വാപ്പയു​ടെ ജ്യേഷ്ഠന്‍റെ മക്കൾ ഇവിടെയെത്തി. അവരാണ് ടി.പി ഫാമിലി.

വാപ്പയുടെ സഹോദരിയുടെ മക്കളായ പി.കെ ഫാമിലിയും ഇവിടെയെത്തി. കുടിവെള്ള വിതരണത്തിലെ കാസർകോടൻപെരുമ തുടങ്ങുന്നതവിടെയാണ്. ഘട്ടംഘട്ടമായി നാട്ടുകാരും ബന്ധുക്കളുമായി നിരവധി കാസർകോട്ടുകാർ ബഹ്റൈനിലെത്തി. ഇന്ന് കുടുംബക്കാരുടെ എണ്ണം ഏതാണ്ട് അഞ്ഞൂറിനടുത്ത് വരുമെന്ന് 36 വർഷമായി ബഹ്റൈനിലുള്ള അബ്ദുറഹ്മാൻ പറയുന്നു.

കഠിനാധ്വാനം കൈമുതലാക്കി

46 വർഷമായി കുടിവെള്ള വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന കാസർകോട് ആലമ്പാടി സ്വദേശി അബ്ദുല്ലയാണ് ഇപ്പോൾ ഈ രംഗത്തെ സീനിയർ. സാധാരണക്കാരായി ബഹ്റൈനിലെത്തിയ ഇവരെല്ലാവരും കഠിനാധ്വാനത്തിലൂടെ ഈ രംഗത്ത് പിടിച്ചുനിൽക്കുകയും മുന്നേറുകയുമായിരുന്നു. നിരവധി തൊഴിലാളികൾക്ക് ജോലി കൊടുക്കാനും ഇവർക്കായി.

ഒരു നാടിന്‍റെയാകെ ഉന്നമനത്തിനും അത് കാരണമായി. താൻ വന്നകാലത്ത് 18 പേരായിരുന്നു ഒരു മുറിയിൽ താമസിച്ചിരുന്നതെന്ന് അബ്ദുറഹ്മാൻ ഓർക്കുന്നു. ജ്യേഷ്ഠന്മാരോടൊപ്പമായിരുന്നു താമസം.

അബ്ദുറഹ്മാൻ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം


അഭിവൃദ്ധിയിലേക്ക്

ഓരോ പ്രദേശത്തും ജലവിതരണം ഓരോരുത്തരുടെ ചുമതലയായിരുന്നു. കുടിവെള്ള കമ്പനികളിൽനിന്നാണ് വെള്ളം വാങ്ങിയിരുന്നത്. ആദ്യ സമയത്ത് രണ്ടോ മൂന്നോ കമ്പനികൾ മാത്രമാണ് ഈ രംഗത്തുണ്ടായിരുന്നത്.

ഇന്ന് നൂറിലധി കമ്പനികളുണ്ട്. കമ്പനികൾക്ക് അന്ന് വിതരണമുണ്ടായിരുന്നില്ല. അടുത്ത കാലത്താണ് അവർ വിതരണരംഗത്ത് എത്തിയത്.

ഫോർ വീലർ പിക്അപ്പിൽ ടാങ്കർ വെച്ചാണ് ആദ്യകാലത്ത് വിതരണം നടത്തിയിരുന്നത്. പിന്നീട്, കുറച്ചുകൂടി വലിയ വാഹനമായി. ബിസിനസ് അഭിവൃദ്ധിപ്പെട്ടപ്പോൾ ടാങ്കർ ​ലോറികൾ സ്വന്തമായി വാങ്ങി. ഇപ്പോൾ ആറു വാഹനങ്ങളാണുള്ളത്. ടാങ്കറുകളിൽനിന്ന് വെള്ളം ഫ്ലാറ്റുകളിലേക്ക് പമ്പുചെയ്യാൻ ഇവിടെ ആദ്യമായി മോട്ടോർ ഉപയോഗിച്ചത് താനാണെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.

വലിയ ലാഭമില്ലാത്തതിനാലാണ് അധികമാരും ആദ്യകാലത്ത് ഈ രംഗത്തേക്ക് കടന്നുവരാതിരുന്നത്. അധ്വാനിക്കാനുള്ള മനസ്സും കൃത്യനിഷ്ഠയും ഈ ഫീൽഡിൽ നിർബന്ധമാണ്. വാട്ടർ കാനുകൾ വാഹനത്തിൽ നിന്നിറക്കി ചുമന്നുവേണം ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്‍റുകളിലുമെത്തിക്കാൻ.

ലിഫ്റ്റുകളില്ലാത്ത ഫ്ലാറ്റുകളിൽ വെള്ളമെത്തിക്കുക ദുഷ്‍കരമാണ്. വേനൽക്കാലത്ത് ജോലി കഠിനമായിരിക്കും. ആ കഷ്ടപ്പാടുകളെല്ലാം അതിജീവിച്ചാണ് ഇത്രയുംകാലം മുന്നോട്ടുപോയത്.

കഠിനാധ്വാനത്തിലൂടെ ഈ രംഗത്ത് വിജയിച്ച കാസർകോട്ടുകാരുടെ പിൻതലമുറയും ഇവിടെയെത്തുകയായിരുന്നു. ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം ദിവസേന വിതരണം ചെയ്യുന്ന കാസർകോടൻ കുടിവെള്ള വിതരണ കമ്പനികളാണ് ഇന്നിവിടെയുള്ളത്.

ഈ കമ്പനികളിലെല്ലാം നിരവധി തൊഴിലാളികൾ ജോലി ചെയ്യുകയും ചെയ്യുന്നു. തൊഴിലാളികളും കാസർകോട്ടുകാർ തന്നെ.

വില വർധനയില്ലാതെ

അന്നും ഇന്നും വെള്ളത്തിന് വില വർധിച്ചിട്ടില്ല. 20 ലിറ്ററിന്‍റെ കാനിന് 200 ഫിൽ‌സായിരുന്നു അന്ന് വില. ഇന്ന് 100 ഫിൽസിനും കൊടുക്കും. ഫ്ലാറ്റുകളിൽ ഡോർ ഡെലിവറിക്ക് 200 ഫിൽ‌സ് വാങ്ങും.

ആഫ്രിക്കക്കാരും ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളും പുതുതായി ഈ മേഖലയിലേക്ക് ഇപ്പോൾ എത്തുന്നുണ്ട്. വൃത്തിയും സത്യസന്ധതയും വേണ്ട ജോലിയാണിത്. ആരോഗ്യ വിഭാഗം ഇടക്കിടെ ടാങ്ക് പരിശോധനക്ക് വിധേയമാക്കാറുണ്ട്.

തുളുനാടൻ പ്രാദേശിക മലയാളം മാത്രം അറിയാവുന്ന ആളായി എത്തിയ അബ്ദുറഹ്മാന് ഇന്ന് നിരവധി ഭാഷകൾ സംസാരിക്കാനറിയാം. മകനും മകളും ഇവിടെയാണ് പഠിച്ചത്.

മകളുടെ വിവാഹശേഷം മരുമകനും ഇവിടെയുണ്ട്. ബന്ധുക്കളിൽ പലരും മറ്റു ബിസിനസുകളിലേക്കും കൈവെച്ചിട്ടുണ്ട്. താൻ പക്ഷേ, കുടി​വെള്ള മേഖലയിൽ തുടരുകയാണെന്നും നാട്ടുകാർക്കിടയിൽ റഹീം ഇച്ച എന്നറിയപ്പെടുന്ന അബ്ദുറഹ്മാൻ പറഞ്ഞു.





Tags:    
News Summary - These Malayalees are distributing water in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.