'കൊച്ചിനെ സ്‌റ്റേജിനടിയില്‍ തൊട്ടിൽകെട്ടി മുകളില്‍ നിന്ന് അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ് കുറെ കഷ്ടപ്പാടുകളുമുണ്ടായി. ആത്​മഹത്യശ്രമം വരെ നടത്തിയിട്ടുണ്ട്​'

ചെമ്മീൻ കെട്ടുകൾക്ക്​ ഇടയിലൂടെ നീണ്ട്​ പുളഞ്ഞുകിടക്കുന്ന റോഡ്​. കാറ്റിൽ കടലിന്‍റെ ഉപ്പുരസം. വൈപ്പിൻകരയിലെ പാതയോരങ്ങളിൽ ഫുട്​ബാൾ കമ്പവും ക്രിസ്മസ്​ വരവും ഫ്ലക്സുകളായും നക്ഷത്രങ്ങളായും നിറഞ്ഞിട്ടുണ്ട്​. വളപ്പിൽനിന്ന്​ ഉൾറോഡിലേക്ക്​ കുറച്ചധികം ചെന്നപ്പോഴേക്കും ആ 'അമ്മച്ചി' തന്‍റെ കുഞ്ഞുവീട്ടിൽ കാത്തുനിന്നിരുന്നു. 'അപ്പൻ' ചിത്രത്തിൽ ആരുടെയും കണ്ണ്​ നിറയിക്കുന്ന അമ്മച്ചിയായി വേഷമിട്ട പൗളി വത്സന്​ ഇപ്പോൾ മുഖം നിറഞ്ഞ ചിരിയുണ്ട്​. നാടകങ്ങളിലും സിനിമകളിലും അവർ കാലുറപ്പിച്ചിട്ട്​ പതിറ്റാണ്ടുകളായി. ഈ ക്രിസ്മസ്​ പൗളിക്ക്​ വിശേഷപ്പെട്ടതാണ്​. ആഘോഷിക്കാൻ കഴിയാതെപോയ ഒട്ടേറെ ക്രിസ്മസുകളുടെ...

ചെമ്മീൻ കെട്ടുകൾക്ക്​ ഇടയിലൂടെ നീണ്ട്​ പുളഞ്ഞുകിടക്കുന്ന റോഡ്​. കാറ്റിൽ കടലിന്‍റെ ഉപ്പുരസം. വൈപ്പിൻകരയിലെ പാതയോരങ്ങളിൽ ഫുട്​ബാൾ കമ്പവും ക്രിസ്മസ്​ വരവും ഫ്ലക്സുകളായും നക്ഷത്രങ്ങളായും നിറഞ്ഞിട്ടുണ്ട്​. വളപ്പിൽനിന്ന്​ ഉൾറോഡിലേക്ക്​ കുറച്ചധികം ചെന്നപ്പോഴേക്കും ആ 'അമ്മച്ചി' തന്‍റെ കുഞ്ഞുവീട്ടിൽ കാത്തുനിന്നിരുന്നു. 'അപ്പൻ' ചിത്രത്തിൽ ആരുടെയും കണ്ണ്​ നിറയിക്കുന്ന അമ്മച്ചിയായി വേഷമിട്ട പൗളി വത്സന്​ ഇപ്പോൾ മുഖം നിറഞ്ഞ ചിരിയുണ്ട്​. നാടകങ്ങളിലും സിനിമകളിലും അവർ കാലുറപ്പിച്ചിട്ട്​ പതിറ്റാണ്ടുകളായി. ഈ ക്രിസ്മസ്​ പൗളിക്ക്​ വിശേഷപ്പെട്ടതാണ്​. ആഘോഷിക്കാൻ കഴിയാതെപോയ ഒട്ടേറെ ക്രിസ്മസുകളുടെ കഥ പറഞ്ഞുതന്നെ അവർ തുടങ്ങി...

എന്തൊക്കെയാണ്​ ക്രിസ്മസിൻെറ ആഘോഷങ്ങൾ?

രണ്ടുമൂന്നു വര്‍ഷമായി ക്രിസ്മസ് ആഘോഷം ഒന്നുമില്ല. ഭർത്താവ് വത്സൻ മരിച്ചിട്ട് ഒന്നരക്കൊല്ലമായി. ഇപ്രാവശ്യം ആഘോഷിക്കണം. എന്റേത്​ പ്രണയവിവാഹമായിരുന്നു. അതുകൊണ്ട്​ രണ്ടു മതത്തിന്റെ ആഘോഷങ്ങളും ഞങ്ങൾക്കുണ്ട്​. മുമ്പ്​ ക്രിസ്മസിന് എവിടെയാണെങ്കിലും രാത്രിക്ക് രാത്രി വീട്ടിലെത്തും. ക്രിസ്മസ്​ കാലം അന്നൊക്കെ നാടകസീസണാണ്​. ദിവസം നാലു നാടകങ്ങള്‍ വരെ ഉണ്ടാകും.

എന്‍റെ വീട്ടില്‍ അപ്പച്ചനും അമ്മച്ചിയും അപ്പച്ചന്റെ അമ്മയും പിന്നെ ഞങ്ങള്‍ ഏഴു മക്കളുമായിരുന്നു. അഞ്ചു പെണ്ണും രണ്ടാണും. അപ്പച്ചന്‍ ചവിട്ടുനാടകം ചെയ്തിട്ടുണ്ട്. അനുജന്‍മാരും നാടകം അഭിനയിച്ചിരുന്നു. കുടുംബത്തില്‍ എല്ലാവരും കലാസ്വാദകർതന്നെ. പ്രണയവിവാഹമായതിനാൽ അപ്പച്ചന്‍ കുറെനാള്‍ വീട്ടില്‍ കയറ്റിയില്ല. അഞ്ചുവര്‍ഷം ഞങ്ങള്‍ പ്രണയിച്ചത് ആരും അറിഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞ് കുറെ കഷ്ടപ്പാടുകളുമുണ്ടായി. ആത്​മഹത്യശ്രമം വരെ നടത്തിയിട്ടുണ്ട്​.


എങ്ങനെയാണ്​ അഭിനയരംഗത്തേക്ക്​?

ചെറുപ്പംതൊട്ടേ നാടകം കണ്ടിരുന്നു. എല്ലാ കലാപരിപാടിക്കും അപ്പച്ചന്‍ കൊണ്ടുപോകും. കോൺവെന്റില്‍ പഠിച്ചിരുന്ന കാലത്തുതന്നെ ചെറിയ വേഷങ്ങള്‍ ​െചയ്തിട്ടുണ്ട്​. കൂടുതലും ആണ്‍പിള്ളേരുടെ വേഷമാണ് ചെയ്തത്. ഏഴാം ക്ലാസായപ്പോൾ ടീച്ചര്‍മാര്‍ പെണ്‍വേഷം തരാന്‍ തുടങ്ങി. സ്ഥിരമായി ആണുങ്ങള്‍ മത്സരിച്ചു ജയിച്ചിടത്ത് ഞാന്‍ നാടകം ചെയ്ത്​ സമ്മാനങ്ങൾ വാരിക്കൂട്ടി.

സ്കൂൾ വാർഷികത്തിലെ പരിപാടി കണ്ട് പുറത്തുള്ളവർ അഭിനയിക്കാൻ വിളിച്ചുതുടങ്ങി. അങ്ങനെയാണ് നാടകം ഒരു തൊഴിലായി സ്വീകരിക്കുന്നത്. ആദ്യം വീട്ടില്‍ വലിയ എതിര്‍പ്പായിരുന്നു. കള്ളം പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങി റിഹേഴ്‌സലിന് പോയിരുന്നത്. പിന്നെ സ്റ്റേജിലായിരിക്കും എന്നെ വീട്ടുകാർ കാണുക.

ഒരിക്കല്‍ അപ്പച്ചന്റെ അനിയന്റെ വീട്ടില്‍ പോകുന്നെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. നാടകം കളിക്കാന്‍ സ്റ്റേജില്‍ കയറിയപ്പോള്‍ എന്റെ ആങ്ങളമാർ 'ചേച്ചീ, ചേച്ചീ'ന്ന് പറഞ്ഞ് ഒച്ചയിടാന്‍തുടങ്ങി. ഞാന്‍ പേടിച്ച് കര്‍ട്ടന്റെ പിറകിലേക്കോടി. അവിടെനിന്ന്​ പിന്നണിക്കാർ ഉന്തിത്തള്ളി സ്റ്റേജിലേക്കും വിട്ടു. ഒരുവിധം അന്ന് ആ നാടകം കളിച്ചുതീര്‍ത്തു. അതിനുശേഷം കുറെനാള്‍ വിട്ടില്ല.

വാശിപിടിച്ചു ഭക്ഷണം കഴിക്കാതെയും മറ്റും വീട്ടില്‍ സമരംചെയ്തു. എന്റെ കരച്ചിലും പിഴിച്ചിലും കണ്ട് അപ്പച്ചന്റെ പെങ്ങന്മാർ 'അവള്‍ക്കതിനാണ് താല്‍പര്യമെങ്കില്‍ വിട്ടേക്ക്​' എന്നൊക്കെ പറഞ്ഞു. ഒടുവിൽ അപ്പച്ചന്‍ സമ്മതിച്ചു. രണ്ടു വര്‍ഷത്തോളം അമച്വര്‍ നാടകങ്ങള്‍ കളിച്ചു. അതുകഴിഞ്ഞ് നേരെ പി.ജെ. ആന്റണിയുടെ ട്രൂപ്പില്‍ പോയി.

പി.ജെ. ആന്റണിയുടെ ട്രൂപ്പില്‍ എത്രകാലം നിന്നു?

പി.ജെ. ആന്റണിയുടെ ട്രൂപ്പിൽ അഞ്ചു വര്‍ഷമുണ്ടായി. ഞാന്‍ ചെല്ലുമ്പോള്‍ തിലകന്‍ ചേട്ടന്‍ അവിടെയുണ്ട്. കഥാമൂല്യമുള്ള നല്ല കുറെ നാടകങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. മികച്ച ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിച്ചു. ആന്റണി ചേട്ടനെ അന്ന് സ്കൂളിലെ സാറന്മാരെക്കാൾ പേടിക്കണം. ഒമ്പതുമണിക്ക്​ റിഹേഴ്‌സല്‍ എന്ന് പറഞ്ഞാല്‍ അത് കൃത്യം തുടങ്ങും. സ്‌ക്രിപ്റ്റ് പഠിക്കാന്‍ ഒരു ദിവസം സമയം.

പിറ്റേദിവസം മുതല്‍ അക്ഷരത്തെറ്റില്ലാതെ അവതരിപ്പിക്കണം. ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് അക്ഷരത്തെറ്റ് ഉണ്ടായിട്ടില്ല. കൊച്ചി ഭാഷയിലേ അദ്ദേഹം എഴുതൂ. വലിയ വലിയ പത്ര ഓഫിസുകളില്‍നിന്നുള്ള നടന്മാരൊക്കെയാണ് വരുന്നത്. പക്ഷേ, അക്ഷരത്തെറ്റ്​ വരുത്തിയാൽ മുക്രയിടും. നടിമാര് വരെ പറ്റാഞ്ഞിട്ട്​ വേലി പൊളിച്ചോടിയിട്ടുണ്ട്. എനിക്ക്​ പിണങ്ങേണ്ടി വന്നിട്ടില്ല.

ആന്‍റണി സാർ പറയുന്നതിനേക്കാള്‍ മേലെ ഞാന്‍ ചെയ്യും. അതുകൊണ്ട് എന്നെ വലിയ ഇഷ്ടമായിരുന്നു. തിലകന്‍ ചേട്ടനും അങ്ങനെത്തന്നെ. എന്റെ നേരെ ചൂണ്ടി 'അതൊരു പ്രസ്ഥാനമാണ്​' എന്നൊക്കെ പറയും. അത് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ചേട്ടന്‍റെ ഭാര്യയും ഉണ്ടാകും ഒപ്പം അഭിനയിക്കാന്‍. തിലകന്‍ ചേട്ടന്റെ ഭാര്യയായി ഞാന്‍ പത്തൊമ്പതാമത്തെ വയസ്സില്‍ സോഷ്യലിസം എന്ന നാടകം കളിച്ചു. 75 വയസ്സുള്ള കഥാപാത്രമായിരുന്നു.

ഒരുപാട് വേദികളില്‍ കളിച്ചു. ആ കൊല്ലമാണ് ആദ്യമായി പി.ജെ. ആന്റണിയുടെ ട്രൂപ്പില്‍ ടേപ് റെക്കോഡറിൽ മ്യൂസിക്കിട്ട് അവതരണം തുടങ്ങിയത്. എന്‍.എന്‍. പിള്ള സാറിന്റെ ട്രൂപ്പില്‍ പോകാന്‍ എനിക്കു സാധിച്ചില്ല. ജീവിതത്തിൽ അതൊരു വലിയ നഷ്ടമാണ്​.

അമ്മ, ചേച്ചി വേഷമാണ് എനിക്ക് കൂടുതലിഷ്ടം. അത് ഞാൻ ചോദിച്ചുവാങ്ങും. കോമഡി നന്നായിട്ട്​ ചെയ്തിട്ടുണ്ട്. കോമഡി നാടകങ്ങള്‍ ചെയ്തതു കൊണ്ടാണ് പെട്ടെന്ന് അറിയപ്പെട്ടത്. ഫിലോമിന ചേച്ചിയുടെ കുറെ നമ്പറൊക്കെ ഞാൻ സ്റ്റേജിൽ അവതരിപ്പിച്ച് നല്ല കൈയടി വാങ്ങിയിട്ടുണ്ട്.


പിന്നീടും പ്രഫഷനൽ നാടകരംഗത്തുതന്നെയായിരുന്നോ?

അതെ, രാജന്‍ പി. ദേവിന്റെ ട്രൂപ്പില്‍ ബെന്നി പി. നായരമ്പലത്തിന്റെ ഏഴു നാടകങ്ങള്‍ ഞാന്‍ ചെയ്തു. എല്ലാം ഒന്നിനൊന്ന്​ മികച്ച കഥാപാത്രങ്ങള്‍. പിന്നെ സിദ്ധാർഥയിൽ അഞ്ചു വർഷം. അവിടെയും ബെന്നിയുടെ നാടകങ്ങൾ ചെയ്തു. അമ്മിണി ട്രാവൽസ്, അച്ചാമ്മക്കുട്ടിയുടെ അച്ചായൻ തുടങ്ങിയ നാടകത്തിലെ വേഷങ്ങൾ മറക്കാൻ പറ്റാത്തതാണ്​.

അമ്മിണി ട്രാവൽസ് നാടകം കളിക്കുമ്പോള്‍ ഞാന്‍ രാജന്‍ ചേട്ടനോട് ഒരുകാര്യം പറഞ്ഞു. സിനിമാ നടന്മാരെയൊക്കെ നാടകം കാണാൻ കൊണ്ടുവരണമെന്ന്. അങ്ങനെ ഒരു ദിവസം അദ്ദേഹം നടന്മാരെയും കൊണ്ടുവന്നു. സ്‌റ്റേജിനു മുന്നില്‍ മാമുക്കോയ, ജഗതി ശ്രീകുമാര്‍, കലാഭവന്‍ ഹനീഫ അങ്ങനെ ഒരു നിര. നാടകം കഴിഞ്ഞപ്പോൾ കര്‍ട്ടന്‍ പൊക്കി ഇവര്‍ കയറിവന്ന് എന്നെ ഒരുപാട്​ അഭിനന്ദിച്ചു. നേരിയ വട്ടുള്ള ഒരാളുടെ റോളായിരുന്നു എനിക്ക്​. അന്ന്​ ജഗതി ശ്രീകുമാര്‍ ചോദിച്ചു എന്നാണ് അങ്ങോട്ട്​ വരുന്നതെന്ന്​.

സിനിമയിലേക്ക്​ എൻട്രി എങ്ങനെ?

ആയിടക്ക്​ വൈപ്പിന്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷൻ (വാവ) എന്ന സംഘടന രൂപവത്കരിച്ചു. ബെന്നി, ജോൺ പോൾ അങ്ങനെ കുറെ സിനിമക്കാർ അതിന്റെ ഭാഗമായി. ആ പരിപാടിക്കിടെ നടൻ സിദ്ദീഖ് പ്രസംഗത്തിൽ 'പൗളിച്ചേച്ചിയൊക്കെ ഞാൻ ഇവിടെ വള്ളിക്കളസം ഇട്ടു നടന്ന കാലം തൊട്ട് നാടകം അഭിനയിക്കുന്നതാണ്. എന്നിട്ടും ചേച്ചി എവിടെയും എത്തിയില്ലെന്നത്​ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടെന്ന്' പറഞ്ഞു.

ഒരുപക്ഷേ അതുകേട്ട്​ ബെന്നിക്ക് വിഷമം തോന്നിയിരിക്കാം. കാരണം ബെന്നി മൂന്നുനാല് പടം ചെയ്തിരുന്നു. പിന്നീട്​ അദ്ദേഹം ചെയ്ത സിനിമയാണ് അണ്ണൻ തമ്പി. ഒരുദിവസം ഡിക്സൺ വിളിച്ചിട്ട് ചേച്ചീ ഒരു വേഷം ഉണ്ട് ബെന്നിച്ചേട്ടന്റെ പടമാണ് വരണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഡയലോഗ് ഉണ്ട്, എല്ലാവരും ചേച്ചി തന്നെ മതിയെന്ന് പറയുന്നുണ്ടെന്നൊക്കെ പറഞ്ഞു. ബെന്നിയും സംസാരിച്ചു. അങ്ങനെ സിനിമയിൽ പോകാൻ തീരുമാനിച്ചു.



ആദ്യത്തെ സിനിമയുടെ അനുഭവം?

ഷൂട്ടിങ്ങിന്​ പോകുന്ന വണ്ടിയിൽ സിദ്ദീഖ്, ഞാൻ, എന്‍റെ ഭർത്താവ് അങ്ങനെ മൂന്നുനാല് പേര് വൈപ്പിൻകരക്കാർ തന്നെ. അത്​ തമാശയായി പറഞ്ഞായിരുന്നു യാത്ര.

സെറ്റിൽ ചെല്ലുമ്പോൾ അവിടെ മമ്മൂട്ടിയും സുരാജ്​ വെഞ്ഞാറമൂടും ഉണ്ട്. ഞാൻ മമ്മൂട്ടിയെ കണ്ടു എന്നല്ലാതെ ഒന്നും ചോദിക്കാൻ പോയില്ല. അങ്ങനെ ഷൂട്ട് തുടങ്ങി. ആംബുലൻസിനുള്ളിലെ സീനാണ്. രണ്ടു പെൺകുട്ടികൾ ഇരിപ്പുണ്ട്. സിദ്ദീഖും മമ്മൂക്കയും ബസ് സ്റ്റോപ്പിൽ ഇരിക്കുന്നു. അവിടെ ആംബുലൻസ്​ നിർത്തുമ്പോൾ സിദ്ദീഖും മമ്മൂട്ടിയും വന്നു വാതിൽ തുറക്കും. അവരെ കാണുമ്പോൾ ഞാൻ കരയണം.

മമ്മൂട്ടിയുടെ കൈ മാത്രമാണ്​ കാണിക്കുന്നത്. ഞാൻ അത് നോക്കി കരഞ്ഞു. ഷോട്ട്​ കഴിഞ്ഞ്​ പിന്നീട്​ മമ്മൂട്ടി അതാരാണ്​ പരിചയമുള്ള ശബ്ദമാണല്ലോന്ന് ചോദിച്ചു. വൈപ്പിൻകരയിലുള്ള നാടക ആർട്ടിസ്റ്റ് പൗളി വത്സനാണെന്ന് ആരോ പറഞ്ഞുകൊടുത്തു. അ​പ്പോൾ അവരുടെ ഒപ്പം ഞാൻ നാടകം കളിച്ചിട്ടുണ്ടല്ലോ എന്നിട്ട് എന്താണ് തന്നോട് മിണ്ടാതെ പോയതെന്ന് ചോദിച്ചതായി അറിഞ്ഞു.

മമ്മൂട്ടിയുമായി നേരത്തേ പരിചയമുണ്ടോ?

ആൻസൻ മാഷ്, ആന്റണി പാലക്കിൽ എന്നിവരുടെ കൂടെയൊക്കെ മമ്മൂട്ടി മിക്കപ്പോഴും നാടക ട്രൂപ്പുമായി ബന്ധപ്പെട്ട്​ വൈപ്പിൻകരയിൽ ഉണ്ടായിരുന്നു. അതുകൊണ്ടല്ലേ ഇത്ര നന്നായി വഞ്ചി വലിക്കാനൊക്ക അദ്ദേഹം പഠിച്ചത്.

പിന്നീട് അതേ സെറ്റിൽ​ എന്നെ കണ്ടപ്പോള്‍ ചോദിച്ചു 'താനെന്താടോ എന്നെ കണ്ടിട്ട് മിണ്ടാതെ പോയതെന്ന്'. 'മമ്മൂക്കാ, ഞാന്‍ വയസ്സായിപ്പോയി. നിങ്ങൾ അതുപോലെ തന്നെയിരിക്കുന്നു. ഞാന്‍ സെറ്റിൽവെച്ച്​ അറിയോന്ന് ചോദിച്ച് ഇല്ലെന്നെങ്ങാനും പറഞ്ഞാല്‍ നാണക്കേടാകുമ

ല്ലോ. അതുകൊണ്ടാണെന്ന്​' മറുപടി നൽകി. അങ്ങനെ ഞങ്ങള്‍ ഒരു മണിക്കൂറോളം സംസാരിച്ചു. വൈപ്പിൻകരയിലെ എല്ലാവരെയും മമ്മൂക്ക അറിയും. ഞാന്‍ കുറെ പേരെയൊക്കെ മറന്നുപോയി. അദ്ദേഹത്തിന്‍റെ സ്‌നേഹം പിന്നീട് എ​േപ്പാഴും കിട്ടിയിട്ടുണ്ട്​. ഭീഷ്മ പര്‍വം സിനിമ ചെയ്തപ്പോള്‍ ഡയലോഗ് ഒറ്റയടിക്ക് പറഞ്ഞപ്പോൾ അദ്ദേഹത്തിന്​ നന്നായി ഇഷ്ടപ്പെട്ടു.


അപ്പൻ സിനിമയിൽ തകർത്താണല്ലോ അഭിനയം?

അപ്പന്‍ സിനിമ എന്നെ മനസ്സില്‍ കണ്ടാണ് എഴുതിയതെന്ന്​ മജു പറഞ്ഞിരുന്നു. അതിന് ഇത്രേം മഹത്ത്വം ഉണ്ടാകുമെന്ന് വിചാരിച്ചില്ല. ഒരുപാട് പേര് വിളിച്ചു. വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. എത്രയോ വീടുകളിൽ അതുപോലെയുള്ള അപ്പനും അമ്മയും കഥാപാത്രങ്ങള്‍ ഉണ്ട്​.

'അന്നയും റസൂലും', രഞ്ജിത്തിന്റെ 'ലീല' ഒക്കെ ആള്‍ക്കാര്‍ ഓര്‍ത്തെടുത്തു പറയുമ്പോള്‍ വലിയ സന്തോഷമാണ്. 'ഇൗ.മ.യൗ' സിനിമയിൽ പകരക്കാരിയായിട്ടാണ് ചെല്ലുന്നത്. അതിൽ എന്റെ അപ്പച്ചന്റെ അമ്മ ഒക്കെ കരയുന്നതാണ് ഓര്‍ത്തു ചെയ്തത്. അത് ലിജോക്ക് വലിയ ഇഷ്ടമായി. സിനിമക്ക്​ സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നുവരെ വിളിയെത്തി. കെ.പി.എ.സി ലളിത ചേച്ചി വിളിച്ചപ്പോൾ ഞാൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റുപോയി.

ജീവിതത്തിലേക്ക്​ തിരിഞ്ഞുനോക്കുമ്പോൾ എന്താണ്​ മനസ്സിൽ?

അഭിനയംകൊണ്ട്​ ഒരാളെയും ആശ്രയിക്കാതെ ജീവിക്കാന്‍ പറ്റി. കൊച്ചുങ്ങളെ നോക്കാനും നാടകം കളിക്കാനുമായൊക്കെ കുറെ കഷ്ടപ്പെട്ടു. കൊച്ചിനെ കൂടെ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.

സ്‌റ്റേജിനടിയില്‍ തൊട്ടിൽകെട്ടി മുകളില്‍ നിന്ന് അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. മനസ്സ്​ മടുപ്പിക്കുന്ന ഒട്ടേറെ കുറ്റപ്പെടുത്തൽ കേട്ടിട്ടുണ്ട്​. പക്ഷേ, ഇപ്പോൾ സന്തോഷമാണ്​. ജീവിതം കൊണ്ട്​ ഒട്ടേറെ പാഠങ്ങൾ പഠിച്ചു. യേശുദാസ്​, ആദർശ്​ എന്നിവരാണ്​ മക്കൾ. മരുമകൾ ജിനി. ആന്‍റണി ജോൺ എന്ന പേരക്കുട്ടിയും കൂട്ടിനുണ്ട്​.

Tags:    
News Summary - pauly valsan, christmas, kudumbam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.