സ്വന്തം വാഹനത്തിൽ യാത്ര പുറപ്പെടുംമുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
ഓയിൽ: എൻജിന്‍റെ ശരിയായ പ്രവർത്തനത്തിന് മതിയായ അളവിൽ ഓയിൽ അത്യാവശ്യമാണ്. ചുരുങ്ങിയത് 15 ദിവസത്തെ ഇടവേളയിൽ എൻജിൻ ഓയിലിന്‍റെ അളവ് പരിശോധിക്കണം.
കുറവുണ്ടെങ്കിൽ റീഫിൽ ചെയ്യാം. നിശ്ചിത കാലയളവിൽ എൻജിൻ ഓയിലും ഫിൽട്ടറും മാറ്റണം. കൂടാതെ ഗിയർ ഓയിലും ഇടക്കിടെ പരിശോധിക്കുന്നത് നല്ലതാണ്.
റേഡിയേറ്റർ കൂളന്‍റ്: എൻജിനിൽനിന്ന് ഉൽപാദിപ്പിക്കുന്ന ചൂടിനെ നിയന്ത്രിച്ചുനിർത്തുന്ന ഘടകമാണ് റേഡിയേറ്റർ. ഇതിന് ദ്രാവകരൂപത്തിലുള്ള കൂളന്‍റ് അത്യാവശ്യമാണ്. കൂളന്‍റും വെള്ളവും നിശ്ചിത അനുപാതത്തിലാണ് റേഡിയേറ്ററിൽ ഒഴിക്കുക.
കൂളന്‍റ് കുറവുണ്ടെങ്കിൽ എൻജിന്‍റെ താപനില വളരെയധികം കൂടാൻ സാധ്യതയുണ്ട്. ഇത് പ്രവർത്തനത്തെ സാരമായി ബാധിക്കും. അതിനാൽ കൂളന്‍റ് മതിയായ നിലയിൽ ഉണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കണം. കുറവുണ്ടെങ്കിൽ ആവശ്യത്തിന് വെള്ളമോ കൂളന്‍റോ ഒഴിക്കാം.
ടയർ: ടയറിൽ മതിയായ രീതിയിൽ എയർ വേണമെന്നത് പ്രധാനമാണ്. കൃത്യമായ ഇടവേളയിൽ എയർ പ്രഷർ പരിശോധിക്കണം. നിർത്തിയിടുന്ന വാഹനമാണെങ്കിൽ എയർ വേഗത്തിൽ കുറയും. സ്പെയർ ടയറിലെയും (സ്റ്റെപ്പിനി) എയർ പ്രഷർ പരിശോധിക്കണം.
അതുപോലെ ടയറുകളുടെ അലൈൻമെന്‍റും ബാലൻസിങ്ങും കൃത്യമല്ലെങ്കിൽ പെട്ടെന്ന് തേയ്മാനം സംഭവിക്കാൻ കാരണമാകും. തേയ്മാനം കൂടുതലുള്ള ടയറാണെങ്കിൽ മഴക്കാലത്ത് ബ്രേക്കിങ്ങിനെ സാരമായി ബാധിക്കും. ടയർ പഞ്ചറായാൽ അത് മാറ്റാനാവശ്യമായ ടൂളുകൾ വാഹനത്തിൽ കരുതണം. എയർ നിറക്കാനുള്ള ചെറു ഉപകരണങ്ങളും വിപണിയിൽ ലഭ്യമാണ്.
ഗ്ലാസ്: മുന്നിലെയും പിന്നിലെയും ഇരുവശത്തെയും ഗ്ലാസുകൾ എപ്പോഴും വൃത്തിയാക്കുക. ഇത് ശരിയായ കാഴ്ചക്ക് സഹായകമാകും. വൈപ്പർ ബ്ലേഡ് നേരാംവണ്ണം പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. തേയ്മാനം വന്ന ബ്ലേഡ് ഉപയോഗിക്കുന്നത് കാഴ്ചയെ ബാധിക്കും. കൂടാതെ ഗ്ലാസിൽ പോറൽവീഴാനും സാധ്യതയുണ്ട്.
വാണിങ് ലൈറ്റ്സ്: ഡാഷ്ബോർഡിലെ വാണിങ് ലൈറ്റുകൾ തെളിയുന്നുണ്ടോ എന്ന് പരിശോധിക്കുക. ഏതെങ്കിലും ഭാഗത്ത് പ്രശ്നമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ലൈറ്റ് തെളിയും. ഇവ പരിഹരിച്ചിട്ട് മാത്രം വാഹനം ഓടിക്കുക.
ബാറ്ററി: വാഹനം സ്റ്റാർട്ട് ചെയ്യാൻ വേണ്ട ഘടകമാണ് ബാറ്ററി. ഇതിൽ ചാർജ് കുറവാണെങ്കിൽ സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടും.
എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതിനുമുമ്പ് മ്യൂസിക് സിസ്റ്റം, ലൈറ്റുകൾ, വൈപ്പർ എന്നിവ ഓണാക്കിയാൽ അവ പ്രവർത്തിക്കുക ബാറ്ററിയിൽനിന്നുള്ള ചാർജ് വഴിയാണ്. ഇത്തരത്തിൽ ഇവ കൂടുതൽ നേരം ഉപയോഗിക്കുന്നത് ബാറ്ററിയെ പ്രതികൂലമായി ബാധിക്കും.
ഇന്ധനം: ഇന്ധനം കുറവാണെന്ന വാണിങ് ലൈറ്റ് വരാതിരിക്കാൻ ശ്രദ്ധിക്കുക. എപ്പോഴും അത്യാവശ്യത്തിന് ഇന്ധനമുള്ളത് അടിയന്തര ഘട്ടങ്ങളിലെല്ലാം ഉപകാരപ്പെടും. കൂടാതെ ഇന്ധനം തീരെ കുറവാകുമ്പോൾ ഫ്യൂവൽ പമ്പ് പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്.
ബ്രേക്ക്: ബ്രേക്കിങ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കണം. കൃത്യമായ ഇടവേളകളിൽ ബ്രേക്ക് പാഡ് മാറ്റാൻ ശ്രമിക്കുക. ബ്രേക്ക് ഓയിലിന്‍റെ നിലയും ഇടക്ക് പരിശോധിക്കാം.
ലൈറ്റുകൾ: യാത്രക്കുമുമ്പ് ലൈറ്റുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. ഹെഡ്ലൈറ്റ്, പാർക്കിങ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, റിവേഴ്സ് ലൈറ്റ്, ടെയിൽ ലൈറ്റ്, ഫോഗ് ലാംപ്, ഹസാർഡ് ലൈറ്റ്സ് എന്നിവയെല്ലാം ശരിയായ രീതിയിൽ കത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.
മിറർ: മിററുകൾ വൃത്തിയായി സൂക്ഷിക്കുക. ഡ്രൈവറുടെ കാഴ്ചക്കനുസരിച്ച് ഇവയുടെ സ്ഥാനം നിർണയിക്കുക. ഓടിക്കുന്ന വാഹനത്തിന്‍റെ ചെറിയൊരു ഭാഗം കാണുന്ന രീതിയിലായിരിക്കണം രണ്ടുവശത്തെയും മിററുകൾ ക്രമീകരിക്കേണ്ടത്.
സീറ്റ്: ഡ്രൈവറുടെ ഉയരത്തിന് അനുസരിച്ച് സീറ്റ് ക്രമീകരിക്കുക. സ്റ്റിയറിങ്ങിനോട് കൂടുതൽ അടുത്തായിട്ടോ ഒരുപാട് അകലത്തിലോ ഇരിക്കരുത്. ഇത് അപകടം വരുത്തിവെക്കും. മുന്നിലേക്ക് വ്യക്തമായി കാണുന്ന രീതിയിലുമാകണം ഇരിക്കേണ്ടത്.
രേഖകൾ: വാഹനത്തിന്‍റെ എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ആർ.സി, ഇൻഷുറൻസ്, പൊലൂഷൻ അണ്ടർ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവയാണ് പ്രധാനമായും വേണ്ട രേഖകൾ. ഇവ പരിവാഹൻ/ഡിജിലോക്കർ ആപ്പുകളിൽ സൂക്ഷിച്ചാലും മതി.
എ.സി: എ.സി ഓണാക്കുംമുമ്പ് ഗ്ലാസുകൾ താഴ്ത്തുക. തുടർന്ന് പുറത്തുനിന്ന് അകത്തേക്ക് എയർ വരാനുള്ള സ്വിച്ചും ബ്ലോവറും ഓണാക്കുക. ഇതോടെ അകത്ത് കെട്ടിക്കിടക്കുന്ന ദോഷകരമായ വായു പുറത്തേക്കുപോകും. പ്രത്യേകിച്ച് കൂടുതൽ ദിവസമോ നല്ല വെയിലത്തോ നിർത്തിയിട്ട വാഹനങ്ങൾ ഇത്തരത്തിൽ ചെയ്യുന്നത് നല്ലതാണ്.
വാഹനത്തിൽ ഒരു എമർജൻസി കിറ്റ് ഉണ്ടായിരിക്കണം. വല്ല അപകടവും സംഭവിച്ചാൽ പ്രഥമ ശുശ്രൂഷ നൽകാനുള്ള സാധനങ്ങൾ ഇതിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.