മഞ്ഞണിഞ്ഞ മാമലകൾ, പർവതങ്ങൾ ഒളിപ്പിച്ച മഹാതടാകങ്ങൾ, പൈൻ മരക്കാടുകൾ, ആപ്പിളും കുങ്കുമപ്പൂക്കളും നിറഞ്ഞ താഴ്വരകൾ...എത്ര കണ്ടാലും മതിയാവില്ല കശ്മീരിെൻറ മായിക സൗന്ദര്യം. സമുദ്രനിരപ്പിൽനിന്ന് 6000 അടി മുതൽ 14,000 അടി വരെ ഉയരത്തിലുള്ള താഴ്വരകളും ദുർഘട മലമ്പാതകളും താണ്ടി നടന്നനുഭവിച്ചറിഞ്ഞകശ്മീർ േഗ്രറ്റ് ലേക്സ് ട്രക്കിങ് ദിനങ്ങളിലൂടെ...
താഴ്വരയിലെ പൂക്കൾമൂടൽമഞ്ഞ് വകഞ്ഞുമാറ്റി ഞങ്ങളുടെ ൈഫ്ലറ്റ് ശ്രീനഗറിൽ ഇറങ്ങുമ്പോൾ സമയം രാവിലെ 7.30. വർഷങ്ങളായുള്ള രാഷ്ട്രീയ അസ്ഥിരതയുടെ ഭാരം പേറുന്ന ദേശത്തെക്കുറിച്ച് ബിരുദവിദ്യാർഥികളെ പഠിപ്പിച്ച ആഘാ ഷാഹിദ് അലിയുടെ 'പോസ്റ്റ് കാർഡ് ഫ്രം കശ്മീർ' എന്ന കവിതയാണ് മനസ്സിൽ പെട്ടെന്ന് ഓടിയെത്തിയത്. യാത്രകൾ ഒരുപാടൊന്നും ചെയ്തിട്ടില്ലെങ്കിലും അപ്രതീക്ഷിതമായി മുന്നിൽ വന്ന ഏഴു ദിവസം നീളുന്ന കശ്മീർ േഗ്രറ്റ് ലേക്സ് ട്രക്കിങ്ങിെൻറ ഭാഗമാകാൻ തീരുമാനിച്ചപ്പോൾ ഉള്ളിൽ ആധിയും ഒപ്പം ആവേശവുമായിരുന്നു. പ്രകൃതിസുന്ദരമായ സോനാമാർഗിൽനിന്നു തുടങ്ങി ചരിത്രമുറങ്ങുന്ന നാരാനാഗ് വരെ എത്തുന്ന എൺപതോളം കിലോമീറ്റർ നീണ്ട ഹിമാലയൻ പർവതനിരകൾ താണ്ടിയുള്ള ശ്രമകരമായ കാൽനടയാത്ര. മലമടക്കുകളിൽ ഹിമവാൻ ഒളിപ്പിച്ചുവെച്ച അതിസുന്ദരികളായ മഹാതടാകങ്ങൾ. സമുദ്രനിരപ്പിൽനിന്ന് ആറായിരം അടി മുതൽ പതിനാലായിരം അടി വരെ ഉയരത്തിലുള്ള ഹരിതാഭമായ താഴ്വരകളും ദുർഘടമായ മലമ്പാതകളും.
സ്പ്രിങ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിെൻറ ഒരു മീറ്റിങ്ങിൽനിന്ന് യാദൃച്ഛികമായി ഉരുത്തിരിഞ്ഞ ആശയമായിരുന്നു ഞങ്ങളുടെ യാത്ര. തയാറെടുപ്പിന് ലഭിച്ചത് വെറും മൂന്നാഴ്ച. ട്രക്കിങ്ങിൽ മുൻപരിചയം കാര്യമായിട്ടില്ലാത്തവരാണ് ഞാനുൾപ്പെടെ പലരും. വ്യത്യസ്ത മേഖലകളിൽനിന്നുള്ള 16 പേരാണ് സംഘത്തിലുള്ളത്. ഡോക്ടർമാരും വക്കീലും കോളജ് അധ്യാപകരും സ്കൂൾ പ്രിൻസിപ്പലും ബിസിനസുകാരും അടങ്ങിയ സംഘത്തിൽ മൂന്നുപേർ സ്ത്രീകളായിരുന്നു. തയാറെടുപ്പിെൻറ ഭാഗമായി അത്യാവശ്യസാധനങ്ങൾ വാങ്ങുകയും ഫിറ്റ്നസിനായുള്ള പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തു. കശ്മീരിൽ വേനൽക്കാലമാണെങ്കിലും ഞങ്ങൾക്ക് പോകേണ്ടത് ഹൈ ആൾട്ടിറ്റ്യൂഡിലേക്കായതിനാൽ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും അത്യാവശ്യ മരുന്നുകളും കരുതിയിരുന്നു.
സുരക്ഷപരിശോധനക്കുശേഷം പുറത്തിറങ്ങിയപ്പോൾ സോനാമാർഗിലേക്കുള്ള വാനും ൈഡ്രവറും കാത്തുനിന്നിരുന്നു. ശ്രീനഗർ എയർപോർട്ടിൽനിന്ന് മൂന്നു മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന സോനാമാർഗ് ആയിരുന്നു ബേസ്ക്യാമ്പ്. ഇടുങ്ങിയ നഗരവഴികൾ പിന്നിട്ട് സോനാമാർഗ് അടുക്കുംതോറും കാഴ്ചകൾ കൂടുതൽ പച്ചപ്പുള്ളതാവാൻ തുടങ്ങി. പൈൻമരങ്ങളും ആപ്പിൾതോട്ടങ്ങളും ചിനാർമരങ്ങളും മനോഹരങ്ങളായ അരുവികളും കാഴ്ചകളിൽ ദൃശ്യമായിക്കൊണ്ടേയിരുന്നു. സോനാമാർഗിലെ ഹോട്ടൽ അക്ബറിലെത്തുമ്പോൾ സമയം പന്ത്രണ്ട്. കശ്മീരി കഹ്വ നൽകിയാണ് ഹോട്ടൽ അധികൃതർ ഞങ്ങളെ സ്വീകരിച്ചത്. പച്ചപുതച്ച മനോഹരമായ മലമ്പ്രദേശമാണ് സോനാമാർഗ്. ഗാന്ധർബൽ ജില്ലയിലെ ഈ പ്രദേശത്തിെൻറ പേരിന് കശ്മീരി ഭാഷയിൽ സ്വർണത്തിെൻറ താഴ്വര എന്നാണ് അർഥം. അമർനാഥ് ക്ഷേത്രത്തിലേക്കും മഹാതടാകങ്ങളിലേക്കുമുള്ള യാത്രകൾ തുടങ്ങുന്നത് ഇവിടെനിന്നാണ്. ഒരു കൊച്ചു ടൗൺഷിപ്പും മാർക്കറ്റുമുള്ള ഈ പ്രദേശം ശൈത്യകാലത്ത് പൂർണമായും അടക്കും.
വൈകീട്ട് ട്രക്കിങ് ഗ്രൂപ്പിെൻറ ചുമതലയുള്ള രാഹുൽ ഞങ്ങൾക്കു വേണ്ട നിർദേശങ്ങൾ നൽകി. ആദ്യ ദിവസത്തെ ബേസ് ക്യാമ്പിലെ താമസത്തിനു പകരമാണ് ഞങ്ങൾ ഹോട്ടലിൽ താമസിക്കുന്നതെന്ന് ഓർമിപ്പിക്കുകയും പിറ്റേദിവസത്തേക്കുള്ള ഭക്ഷണം കരുതാനുള്ള ടിഫിൻ ബോക്സുകൾ കൈപ്പറ്റുകയും ചെയ്തു. ഇനിയുള്ള ആറു ദിവസം പുറം ലോകവുമായി ബന്ധമില്ലാത്ത ടെൻറു ജീവിതം. ഒരു ടെൻറിൽ രണ്ടുപേർ. രാത്രി ഉറങ്ങാൻ സ്ലീപ്പിങ് ബാഗ്. പ്രഭാതകൃത്യങ്ങൾ നിർവഹിക്കാൻ രണ്ടു ചെറിയ ഹട്ടുകൾ. രാവിലെ 5.30ന് ടെൻറ് ടീ. 6.30ന് പ്രഭാതഭക്ഷണം. ഡേ ബാഗിൽ ആവശ്യമായ വെള്ളവും ഉച്ചഭക്ഷണവുമായി കൃത്യം ഏഴു മണിക്ക് മലകയറാൻ തുടങ്ങണം. ടീം പുറപ്പെട്ടുകഴിഞ്ഞാൽ ടെൻറ് പൊളിച്ച് കുതിരകളുടെ അകമ്പടിയോടെ അടുത്ത സ്ഥലം ലക്ഷ്യമാക്കി ഞങ്ങളുടെ സഹായികൾ യാത്രയാകും.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് കശ്മീർ േഗ്രറ്റ് ലേക്സ് ട്രക്കിങ്ങിന് ഏറെ അനുയോജ്യം. അതിനു മുമ്പും ശേഷവും മഞ്ഞുവീഴ്ചയുണ്ടാകുമെന്നതിനാൽ യാത്ര ദുർഘടമാവുകയും പലവഴികളും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്യും. പൂക്കളുടെ വർണവൈവിധ്യം ആസ്വദിക്കാനാഗ്രഹിക്കുന്നവരാണെങ്കിൽ ആഗസ്റ്റ് മാസവും മഴയൊഴിഞ്ഞ തെളിഞ്ഞ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസവും തിരഞ്ഞെടുക്കാം. നിലാവിെൻറ ഭംഗി ആസ്വദിക്കാൻതക്കവണ്ണം പൗർണമിയോടടുത്ത ദിവസങ്ങളായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്.
നിച്ച്നൈ പാസിലേക്ക്
ട്രക്കിങ്ങിെൻറ രണ്ടാം ദിനം ഭക്ഷണം കഴിച്ചെന്നു വരുത്തി ഞങ്ങൾ സോനാമാർഗിലെ സിത്കരി എന്ന സ്ഥലത്തെത്തി. ട്രക്കിങ് തുടങ്ങുന്നത് ഇവിടെനിന്നാണ്. മുഷ്താക്കും ഇംതിയാസും അടങ്ങുന്ന ടീമാണ് ഇനി ഞങ്ങളെ നയിക്കുക. ടിഫിൻബോക്സും പഴങ്ങളും ചോക്ലറ്റുകളുമായി നിച്ച്നൈ പാസ് ലക്ഷ്യമാക്കി മനോഹരമായ മലനിരകൾ കയറാൻ തുടങ്ങി. 13 കിലോമീറ്ററോളം ചെങ്കുത്തായ ഒരു കയറ്റവും പിന്നീട് ഒരിറക്കവും കഴിഞ്ഞ് വൈകീട്ട് മൂന്നു മണിക്ക് ടെൻറിലെത്തുമ്പോൾ ഞങ്ങളിൽ പലരും തളർന്ന് അവശരായിരുന്നു. എ.എം.എസ് (അക്യൂട്ട് മൗണ്ടൻ സിക്നെസ്) കാരണം, പലരെയും തലവേദനയും അതിസാരവും മറ്റ് അസ്വസ്ഥതകളും അലട്ടാൻ തുടങ്ങി. ടീമിലെ ആറുപേർ ഡോക്ടർമാർ ആയിരുന്നതിനാൽ അവരുടെ ജാഗ്രത ഞങ്ങൾക്ക് കാവലായി. പക്ഷേ, ആദ്യ ദിനം പലർക്കും ഉറക്കം നഷ്ടമായി.
മൂന്നാം ദിനം വിഖ്യാതമായ വിഷൻസർ എന്ന മഹാതടാകം ലക്ഷ്യമാക്കിയായിരുന്നു യാത്ര. ഐതിഹ്യങ്ങൾ ഒളിഞ്ഞിരിപ്പുള്ള ഈ തടാകം കശ്മീരി ഭാഷയിൽ വിഷ്ണുവിെൻറ തടാകമെന്നാണ് അർഥമാക്കുന്നത്. പണ്ഡിറ്റുകൾ ഏറെ ആത്മീയ പ്രാധാന്യം കൽപിക്കുന്ന ഈ തടാകത്തിനു ചുറ്റുമുള്ള വശ്യമായ താഴ്വരകൾ ചെമ്മരിയാട്ടിൻകൂട്ടങ്ങളുടെ മേച്ചിൽപുറങ്ങളാണ്. ചെറിയ കുന്നുകളിൽ വേനൽക്കാലത്ത് ആട്ടിടയന്മാർ താൽക്കാലിക വീടുകൾ നിർമിക്കുകയും ശൈത്യകാലം വരുമ്പോൾ ആട്ടിൻപറ്റങ്ങളെയുമായി തിരിച്ചുപോകാറുമാണ് പതിവ്. അന്നു വൈകീട്ട് വിഷൻസറിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള കിഷൻസർ എന്ന മഹാതടാകം സന്ദർശിച്ചു. കൃഷ്ണെൻറ തടാകമെന്ന് സംസ്കൃതത്തിലും കശ്മീരിഭാഷയിലും അറിയപ്പെടുന്ന കിഷൻസർ മറ്റൊരു കാഴ്ചാവിരുന്നൊരുക്കി. ട്രൗട്ട് മത്സ്യങ്ങളാൽ സമ്പന്നമായിരുന്നു ഈ രണ്ടു തടാകങ്ങളും. അത്താഴത്തിന് ട്രൗട്ടിെൻറ രുചിയറിയാനും അവസരം ലഭിച്ചു. വൈകിമാത്രം ഇരുട്ടു വരുകയും പലപ്പോഴും പകൽപോലെ നിലാവ് വിരിക്കുകയും ചെയ്യുന്നതിനാൽ രാത്രി വല്ലാത്തൊരു അനുഭൂതി പകർന്നു. ടെൻറിനടുത്ത് കല്ലുകൾ അടുക്കിവെച്ച് പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് മറച്ച് പ്രകൃതിയോട് ഇണങ്ങിനിന്ന പള്ളിയിൽ പ്രാർഥിച്ചത് വേറിട്ട അനുഭവമായിരുന്നു.
ഗഡ്സർ തടാകക്കരയിൽ
നാലാം ദിവസം ദുർഘടമായ ഗഡ്സർപാസിലൂടെ പതിവ് നടത്തം ആരംഭിച്ചു. നിഗൂഢമായ പ്രകൃതിയുടെ വശ്യത ഒളിപ്പിച്ചുവെച്ച ഗഡ്സർ തടാകമായിരുന്നു ഇന്നത്തെ ആകർഷണം. രാവിലെയും വൈകീട്ടും നിറംമാറുന്ന ഈ തടാകത്തിെൻറ ആഴവും പരപ്പും മനോഹാരിതയും ഒന്നു വേറെതന്നെ. ഗഡ്സർ തടാകത്തിന് മത്സ്യങ്ങളുടെ തടാകമെന്നും മരണത്തി
െൻറ തടാകമെന്നുമൊക്കെ പേരുകളുണ്ട്. ആട്ടിടയന്മാർ ഈ തടാകത്തിനരികെ ആടുകളെ മേക്കാൻ ധൈര്യപ്പെടാറില്ല. ഗഡ്സറിനടുത്ത് അൽപം വിശ്രമിച്ചതിനുശേഷം മാത്രമേ ഞങ്ങൾ യാത്ര തുടർന്നുള്ളൂ.
അഞ്ചാം ദിവസം ക്യാമ്പ് സൈറ്റിനു പിന്നിലുള്ള അതിമനോഹരമായ ഹിമാനികൾക്കു മുകളിലൂടെ ചുവടുവെച്ചായിരുന്നു തുടക്കം. ചെങ്കുത്തായ മലകയറി താഴേക്കു നോക്കുമ്പോൾ രണ്ടറ്റങ്ങളിൽ അരുവിക്കു കുറുകെ പ്രകൃതി നിർമിച്ച ഹിമാനികളുടെ പാലങ്ങൾ. നോക്കി നിൽക്കെ അതിെൻറ ഒരുവശം പൊട്ടി അരുവിയിലേക്ക് പതിച്ചു. ഒരിറക്കം കഴിഞ്ഞ് ദീർഘദൂരം നടന്ന് എത്തിയത് പച്ചപുതച്ച മലമുകളിലാണ്. എതിരെ ദീർഘശീർഷനായി ഹർമുഖ്പീക്ക്. തൊട്ടുതാഴെ നന്ദ്കോൾ തടാകം, ഏകദേശം ഒന്നരകിലോമീറ്റർ അകലെ വിശാലമായി കിടക്കുന്ന ഗംഗ്ബാൽ തടാകം. ഏറെ ഉയരത്തിൽ മനുഷ്യർ അധികമൊന്നും എത്തിപ്പെടാത്ത കോൾസർതടാകം കാണാം. കോൾസർ തടാകം സന്ദർശിച്ച പലരും തിരിച്ചുവന്നിട്ടില്ലെന്നും അപകടം പതിയിരിക്കുന്ന തടാകമാണെന്നും കേട്ടിട്ടുണ്ട്
ഗംഗാബൽ തടത്തിൽ
ഹർമുഖിനു ചുറ്റുമുള്ള താഴ്വരകളിൽ പരശുരാമൻ ധ്യാനിച്ചിരുന്നു എന്നാണ് വിശ്വാസം. നന്ദ്കോൾ തടാകത്തിനു ചുറ്റും ജൈവവൈവിധ്യത്തിെൻറ കലവറയാണ്. അന്ന് രാത്രിയും ആറാം ദിവസവും പൂർണമായും ഗംഗാബലിെൻറ ചാരെയായിരുന്നു ടെൻറ്. ഗംഗാബലിൽനിന്നൊഴുകുന്ന അരുവിക്കു കുറുകെയിട്ട പാലം കടന്ന് ഒരു മലമടക്കിലായിരുന്നു അവസാന ദിനത്തിനു മുമ്പ് സാധാരണ ലഭിക്കാറുള്ള ബഫർഡേ ചെലവഴിച്ചത്. പകൽ വിശ്രമവും ഉച്ചക്കു ശേഷം ഗംഗാബൽ തടാകവും അൽപം സമയമെടുത്തു കൺനിറയെ ആസ്വദിച്ചു. രാത്രി നടന്ന ക്യാമ്പ് ഫയർ കശ്മീരി നൃത്തച്ചുവടുകൾകൊണ്ട് മറക്കാനാവാത്ത അനുഭവമായിരുന്നു.
ഏഴാം ദിവസം തിരിച്ചുപോരുന്നതിനുള്ള ഒരുക്കമായിരുന്നു. മനോഹരമായ കുന്നിൻപുറത്തെ പട്ടാള ക്യാമ്പിൽനിന്ന് പരിശോധനകഴിഞ്ഞ് നാരാനാഗിലേക്കുള്ള വഴിമധ്യേ ഒരു മാഗിപോയൻറിൽവെച്ച് എല്ലാവർക്കും വീട്ടുകാരുമായി ബന്ധപ്പെടാനായത് വല്ലാത്ത ഒരാശ്വാസമായിരുന്നു. യാത്ര തുടങ്ങി ആറു ദിവസത്തിനുശേഷം വീട്ടിലേക്കൊരു ഫോൺകാൾ. ചരിത്രപ്രധാനമായ നാരാനാഗിലെ ക്ഷേത്രം സന്ദർശിച്ച് മുഷ്താഖിനോടും ഇംതിയാസിനോടും നന്ദി പറഞ്ഞ് വാനിൽ കയറുമ്പോൾ നഷ്ടബോധം തോന്നി. ഒപ്പം അപകടങ്ങളേതുമില്ലാതെ തിരിച്ചെത്തിയതിൽ ആശ്വാസവും.
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഏഴു ദിനങ്ങളായിരുന്നു സോനാമാർഗിൽനിന്ന് നാരാനാഗിലേക്കുള്ള യാത്ര. ഓരോ ദിവസവും പുതുമകൾ നിറഞ്ഞ പ്രകൃതിയുടെ വിരുന്നൂട്ടൽ. പച്ചയുടെയും നീലയുടെയും വർണവൈവിധ്യങ്ങൾ. ചൂടിെൻറയും അതിശൈത്യത്തിെൻറയും ഋതുപ്പകർച്ചകൾ. ജൈവവൈവിധ്യത്തിെൻറ കാണാക്കാഴ്ചകൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും ഏതൊരാളും കണ്ടിരിക്കേണ്ടതാണ് ഭൂമിയിലെ പറുദീസയിലെ ഈ മഹാതടാകങ്ങൾ.
കശ്മീർ േഗ്രറ്റ് ലേക്സ് ട്രെക്കിങ്
ഏഴുദിനങ്ങൾ നീണ്ടുനിൽക്കുന്നതാണ് കശ്മീർ േഗ്രറ്റ് ലേക്സ് െട്രക്ക് (KGL Trek). െട്രയിനിലോ വിമാനത്തിലോ ശ്രീനഗറിലെത്താം; അവിടെനിന്ന് റോഡുമാർഗം മൂന്നു മണിക്കൂർ സഞ്ചരിച്ചാൽ സോനാമാർഗിലും. Indiahikes, Himalaya Trekkers, BMC Adventures, Bikat Adventures, Trek the Himalayas എന്നിവയാണ് പ്രമുഖ ട്രക്കിങ് ഗ്രൂപ്പുകൾ. ഒറ്റക്കും സംഘമായും ട്രക്കിങ്ങിൽ പങ്കെടുക്കാം. ട്രക്കിങ് ഫീ 13,000 മുതൽ 18,000 വരെ. ഭക്ഷണം, ടെൻറ്, ബാക്ക്പാക്ക് ഓഫ്ലോഡിങ് എന്നിവ ഇതിൽ ഉൾപ്പെടും. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് കശ്മീർ െട്രക്കിങ്ങിന് അനുയോജ്യമായ സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.