ഹൈദരാബാദ് ഉറങ്ങിക്കിടക്കുമ്പോഴാണ് ഞങ്ങൾ ലേപക്ഷിയിലേക്ക് യാത്രതിരിച്ചത്. ഡിസംബറിന്റെ മഞ്ഞിലൂടെ ഫോഗ് ലാംബുകൾ കത്തിച്ച് രാജീവ് ഗാന്ധി എയർപോർട്ടിലേക്കുള്ള ഒന്നാംതരം റോഡിൽക്കൂടി കാർ കുതിച്ചുപാഞ്ഞു. ഐ.ടി. കോറിഡോറിനെയും ജൂബിലി ഹിൽസിനെയും സിറ്റി സെൻററിനെയുമെല്ലാം എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന അത്യുഗ്രൻ ആറുവരിപ്പാത. പുകമഞ്ഞു കാരണം പലപ്പോഴും വാഹനം നിർത്തേണ്ടിവന്നു.
ദേശീയപാതയിലേക്ക് കയറിക്കഴിഞ്ഞു. മഹ്ബൂബ് നഗർ, കുർനൂൽ, ഗൂട്ടി..സ്ഥലനാമങ്ങൾ പതിഞ്ഞ ബോർഡുകൾ പിന്നിലേക്കു പാഞ്ഞുകൊണ്ടിരുന്നു. കരിമ്പിൻ പാടങ്ങൾക്കപ്പുറം സൂര്യനുദിക്കുന്നതു കണ്ടു കണ്ട് ഞങ്ങൾ ലേപക്ഷിയിൽ എത്തി. ഹൈവേയിൽനിന്നു 20 കി.മീ. ഉള്ളിലാണ് ലേപക്ഷി.
ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലെ ഹിന്ദുപുരിനടുത്താണ് ലേപക്ഷി. ബംഗളൂരുവിൽനിന്നും 120 കിലോമീറ്റർ യാത്രചെയ്‌താൽ ലേപക്ഷി എത്താം. ഹൈദരാബാദിൽനിന്ന് 420 കി.മീറ്റർ. ലേപക്ഷി എന്നാൽ ഉണരൂ പക്ഷി എന്നർഥം
ലേപക്ഷിയുടെ കുറെ ഐതിഹ്യങ്ങൾ രാമായണവുമായി ബന്ധപ്പെട്ടതാണ്. സീതാപഹരണം നടത്തി പുഷ്പക വിമാനത്തിലേറിപ്പോകുന്ന രാവണനെ തടയുന്ന ജടായുവിന്റെ ചിറകുകൾ രണ്ടും കോപാകുലനായ രാവണൻ അരിഞ്ഞുവീഴ്ത്തുന്നു. മൃതപ്രായനായി കുന്നിൻമുകളിൽ വീഴുന്ന ജടായുവിനെ ശ്രീരാമൻ വന്ന് 'ഉണരൂ പക്ഷി' (ലേ പക്ഷി) എന്ന് മന്ത്രിച്ചുണർത്തി മോക്ഷം നൽകുന്നുവെന്നുമാണ് ഇവിടത്തെ ഐതിഹ്യം.
ഇന്ത്യയിലെ പുരാണകഥകൾ പലപ്പോഴും വിദൂരസ്ഥമായ നഗരങ്ങളെപ്പോലും പരസ്പര ബന്ധിതമാക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. ഇതേ ജടായുവിനെ നാം ചടയമംഗലത്തെ ജടായുപ്പാറയിലും കണ്ടുമുട്ടും. അവിടെയും ചിറകറ്റു വീണ പക്ഷിശ്രേഷ്ഠനാണ്.
ബാംഗ്ലൂർ ഹൈദരാബാദ് ദേശീയപാതയിൽ ഹിന്ദുപുരിൽനിന്ന് തിരിയുമ്പോൾ തന്നെ ലേപക്ഷിയുടെ കവാടം കാണാം. പിന്നീടങ്ങോട്ട് കൃഷിയിടങ്ങളാണ്. മണ്ണിന്റെ നിറവും പച്ചപ്പിന്റെ സുഖമുള്ള പച്ചയും നീലാകാശവും അതിരിടുന്ന ചെറുവഴി. കൃഷിനിലങ്ങളും ലൂണ വണ്ടിയിൽ പായുന്ന കർഷകരും ചെറു ഗ്രാമങ്ങളുമൊക്കെ കണ്ടുപോകാവുന്ന സുന്ദരൻ നാട്ടുവഴി. വിളകൾ നിറഞ്ഞ കൃഷിയിടങ്ങൾ, ആട്ടിൻ പറ്റങ്ങൾ...
ദൂരെനിന്നേ കാണാൻ കഴിയും ചിറകുയർത്തിനിൽക്കുന്ന ജടായുവിനെ. ഡക്കാൻ പീഠഭൂമിയുടെ ഉരുളൻകല്ലുകളുടെ മനോഹരമായ ജിയോഗ്രഫിയാണ് ചുറ്റും. പെെട്ടന്ന് ഹംപി ഓർമവന്നു. ഇതും വിജയനഗര സാമ്രാജ്യമാണ്.
കൂർമശൈലത്തിന് മുകളിൽ
കുന്നിൻമുകളിലെ വീരഭദ്രക്ഷേത്രത്തിൽ ശിവനാണ് പ്രതിഷ്ഠ. താഴ്‌വാരത്തുനിറയെ ക്ഷേത്രം കൊണ്ട് ജീവിക്കുന്ന ഒരു ജനത. കടകളിൽ നിറയെ ക്രിസ്റ്റലിൽ പണിതീർത്ത ശിവലിംഗങ്ങൾ. ഓർമക്കായി ഒരു ശിവലിംഗം വാങ്ങി. ഷോപ് കീപ്പർ പെൺകുട്ടിയെ ചെരിപ്പുകൾ നോക്കാൻ ഏൽപിച്ച് പടവുകൾ കയറാൻ തുടങ്ങി. കാൽപാദങ്ങളിൽ ഡിസംബറിന്റെ കാറ്റിലുറഞ്ഞുകിടക്കുന്ന ശിലയുടെ തണുത്ത സ്പർശം. രാവിലെ ആയതിനാൽ തിരക്ക് കുറവാണ്.
പാറക്കെട്ടുകളുടെ വിസ്മയിപ്പിക്കുന്ന ശിൽപവേലകളാണ് ചുറ്റും. പണ്ടേ വായിച്ച നാട്യമണ്ഡപങ്ങളാണ് എന്റെ കണ്ണുകൾ ആദ്യം അന്വേഷിച്ചത്. നാട്യമണ്ഡപം, അർധമണ്ഡപം, കല്യാണമണ്ഡപം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് പ്രധാന ക്ഷേത്രത്തിന്.
ലേപക്ഷിയിലെ വീരഭദ്രസ്വാമി ക്ഷേത്രത്തിനുമുന്നിൽ വിസ്മയിച്ചുനിൽക്കുന്ന ശിൽപകലാ പ്രണയികൾ സുന്ദരമായ ഒരു കാഴ്ചയാണ്. പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച നിർമിതിയാണിത്. ഫോട്ടോഗ്രാഫർമാർക്ക് തൂണുകളുടെ വിസ്മയകരമായ കൊത്തുപണികൾ എത്ര പകർത്തിയിട്ടും മതിയാകാത്തതുപോലെ.
കൂർമശൈലം എന്ന പേരുള്ള വമ്പൻ പാറയുടെ ഉപരിതലത്തിലാണ് ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത്. ആമയുടെ ആകൃതിയുള്ള പാറ. വിജയനഗര രാജാക്കന്മാരുടെ അനുചരന്മാരായ വിരൂപണ്ണയും വീരണ്ണയുമാണ് ഈ നിർമിതിയുടെ പിറകിൽ. ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവും വീരഭദ്രക്ഷേത്രവുമാണ് ലേപക്ഷിയുടെ പ്രധാന കാഴ്ചകൾ. ദക്ഷയാഗം കഴിഞ്ഞു സതീദേവി ജീവത്യാഗം ചെയ്തതിൽ കോപാകുലനായ ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. ക്ഷേത്രം ശിവമയമാണ് എല്ലായിടവും. ദക്ഷിണമൂർത്തിയായും അർധനാരീശ്വരനായുമൊക്കെ ശൈവ ചൈതന്യം പ്രസരിക്കുന്നയിടം.
നൂറു തൂണുകളുടെ വിസ്മയ മണ്ഡപം. തൂണുകളിൽ മനുഷ്യവലുപ്പത്തിൽ കൊതിയുണ്ടാക്കിയ ദേവകൾ. പൂർണപുരുഷനെന്നു കരുതപ്പെടുന്ന വാസ്തുപുരുഷനും പൂർണസ്ത്രീയെന്നറിയപ്പെടുന്ന പദ്മിനിയും തൂണുകളിൽ നിറഞ്ഞുനിൽക്കുന്നു. താണ്ഡവനൃത്തമാടുന്ന ശിവൻ. ഡ്രം വായിക്കുന്ന ബ്രഹ്മദേവൻ, തംബുരുമീട്ടി നാരദൻ, മേൽക്കൂര നിറയെ ചുമർചിത്ര വിസ്മയങ്ങൾ.
അദ്‌ഭുതങ്ങളുടെ കൽതൂണുകൾ...
ഇനിയാണ് അത്ഭുതങ്ങൾ ഒളിപ്പിച്ചുെവച്ച ഹാങ്ങിങ് പില്ലർ. കാഴ്ചയിൽ മറ്റുള്ള എഴുപത് തൂണുകൾ പോലെ തോന്നുമെങ്കിലും ഇത് താഴെ സ്പർശിക്കാത്തവിധം തൂങ്ങിക്കിടക്കുന്ന നിഗൂഢതകളുടെ ഒരു കൽതൂണാണ്. ഒരിക്കൽ ഇതിന്റെ പിറകിലെ രഹസ്യം അന്വേഷിച്ച് തൂണിനെ തറയിൽ മുട്ടിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് എൻജിനീയർ അതിന്റെ പിന്നിലെ ഭാരതീയ സാങ്കേതികത്തികവ് കണ്ടു ഞെട്ടി.
അതിനെ തൊട്ടതോടെ ബാക്കിയുള്ള തൂണുകൾ ചരിഞ്ഞുതുടങ്ങി. തൂണുകളുടെ നിലനിൽപും മേൽക്കൂരകളുടെ നിൽപുമെല്ലാം ആ ഒരു തൂണിനെ അടിസ്ഥാനമാക്കിയാണത്രെ. അങ്ങനെ വിജയനഗര ശിൽപവേലയുടെ ചാതുര്യം ലോകത്തിന്റെ ശ്രദ്ധയിലേക്കുമെത്തി. ഒരു നേർത്ത ദുപ്പട്ട ആ വിടവിൽകൂടി പുറത്തേക്കു വലിച്ചെടുത്തു നോക്കിയപ്പോൾ ആ കൽത്തൂൺ തറയിൽ സ്പർശിച്ചിട്ടില്ലെന്നു വ്യക്തമായി. പക്ഷേ ഉള്ളിൽ എവിടെയോ ഒരു തടസ്സവും അനുഭവപ്പെട്ടു. ധാരാളം പേർ ആ ചിത്രങ്ങൾ എടുക്കുന്നുണ്ടായിരുന്നു.
പൂർത്തിയാകാതെപോയ കല്യാണമണ്ഡപം
പണി പൂർത്തിയാകാത്ത കല്യാണ മണ്ഡപം അടുത്ത ദൃശ്യ വിസ്മയമാണ്. പാർവതി-ശിവ പരിണയത്തിന്റെ കഥകൾ പറയുന്ന തൂണുകളാണിവിടം നിറയെ. പണി പൂർത്തിയാകാതെ കൊട്ടാരം ഖജനാവ് കാലിയാക്കാൻ ഒരുങ്ങിയതിന് വിജയനഗര രാജാവ് അച്ചുതരായർ സൂക്ഷിപ്പുകാരനായ വിരൂപണ്ണയെ അന്ധനാക്കാൻ ശിക്ഷ വിധിച്ചുവെന്നും വിരൂപണ്ണ സ്വന്തം കണ്ണുകൾ സ്വയം ചൂഴ്ന്നെടുത്ത് മണ്ഡപത്തിൽ ചേർത്തുെവച്ചുവെന്നും കഥയുണ്ട്. ചോരവാർന്നു കല്ലിൽലയിച്ച രണ്ടു പാടുകൾ അൽപം ഉൾക്കിടിലത്തിലാണ് നോക്കിക്കണ്ടത്.
ചോരവാർന്നുവീഴുന്ന കൃഷ്ണമണികളുള്ള ക്ഷേത്രമെന്നും ഒരർഥം ഇതിന്റെ പേരിന് പിന്നിലുണ്ടെന്നും പറയപ്പെടുന്നു. 'ലേപ അക്ഷി' മേൽക്കൂരയിൽ സഹസ്രദളങ്ങളുള്ള കൽത്താമര ഇതൾ വിടർത്തുന്നു. കല്യാണമണ്ഡപത്തിന് പിന്നിൽ ലതാമണ്ഡപം. അതിസൂക്ഷ്മമായ ചിത്രവേലകൾ കൊണ്ട് അലങ്കരിച്ചയിടം. സീതാപഹരണ വേളയിൽ സീതാദേവിയുടെ കാൽപാദം പതിഞ്ഞത് എന്നു കരുതപ്പെടുന്ന സ്ഥലവും ഇവിടെയുണ്ട്. ജലംനിറഞ്ഞ ഒരു പാദമുദ്ര. അതിൽനിന്നും ഊറിവരുന്ന ഉറവ ജലം. ഈ വലിയ കാൽപാദം രാവണന്റേതാണെന്നും കഥകൾ പറയുന്നുണ്ട്. കൽതൂണുകൾ നിറഞ്ഞ ഒരു കൽമണ്ഡപവും ഇവിടെയുണ്ട്. ചിത്രമെടുക്കുന്നവരുടെ തിരക്കാണ് ചുറ്റും.
പ്രധാന ക്ഷേത്രത്തിന് പിന്നിലാണ് ശിവലിംഗത്തിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന കവചംപോലെ ഏഴു തലകളുമായി ഉയർന്നുനിൽക്കുന്ന ഒറ്റക്കല്ലിലെ നാഗലിംഗം. ശിൽപികൾ അവരുടെ ഉച്ചയൂണിന്റെ ഇടവേളയിൽ ഒരു നേരംപോക്കുപോലെ ചെയ്ത ശിൽപമെന്നാണ് അതിനെപ്പറ്റി ഗൈഡുകൾ ആവർത്തിക്കുന്നത്. ഇലകളില്ലാത്ത ഒരു മരം ഇതിനൊക്കെ പശ്ചാത്തലമായി നിലകൊള്ളുന്നു. മോഡേൺ ആർട്ട് പോലെ തോന്നിപ്പിക്കുന്ന ഒന്ന്.
കൂർമശൈലത്തിന് താഴെ ബസവണ്ണ ക്ഷേത്രത്തിൽ വീരഭദ്രനെ നോക്കി ശയിക്കുന്ന കൂറ്റൻ ഒറ്റക്കൽ നന്ദി പ്രതിമയാണ് അടുത്ത കാഴ്ച. ആഭരണങ്ങൾ ചാർത്തി, ഉരുളൻ പാറക്കൂട്ടങ്ങളുടെ ചാരെ ഒരു സുന്ദര ശിൽപം. കല്ലിൽ കൊത്തിയുണ്ടാക്കിയ മണികളും മാലകളും ചാർത്തി സർവാഭരണ വിഭൂഷിതനാണ് ഇവിടെ നന്ദി.
വശങ്ങളിലുള്ള പാറക്കുളത്തിൽ നിറഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കൾ. രാജ്യത്തെതന്നെ ഏറ്റവും വലുപ്പമുള്ള ഒറ്റക്കൽ നന്ദിപ്രതിമ. സീതാപഹരണവേളയിൽ രാവണന്റെ ചന്ദ്രഹാസം കൊണ്ട് ചിറകറ്റുവീണ ജടായുവിനെ ഓർമിപ്പിക്കുന്ന ജടായുപാറയാണ് അടുത്ത വിസ്മയം.
ഇത് ജടായു പാർക്ക് എന്ന പേരിൽ ഒരു വിനോദകേന്ദ്രമായി വികസിച്ചിട്ടുണ്ട്. മുകളിൽനിന്നു നോക്കുമ്പോൾ ആകാശത്തോളം ഉരുളൻ കല്ലുകളുടെ ബൃഹദ്സാമ്രാജ്യം. ഇടക്ക് വയൽപ്പച്ചകൾ... നാട്ടിടവഴികൾ... സോഫ്റ്റ് വുഡ് കൊണ്ടുണ്ടാക്കിയ കൊണ്ടാപ്പള്ളി കളിപ്പാട്ടങ്ങൾ, കലംകാരി പെയിൻറിങ്ങുകൾ, ബഞ്ചാര എംബ്രോയിഡറി, ധർമാവരം സാരികൾ തുടങ്ങി ലേപക്ഷി കരകൗശല വിദ്യകളുടെകൂടി ഗ്രാമമാണ്.
ഹൃദയം നിറയെ കാഴ്ചകൾ സമ്മാനിച്ച വിസ്മയവുമായി ലേപക്ഷിയെ പിന്നിലാക്കി ഡെക്കാൻ പിഠഭൂമിയുടെ ഉരുളൻ കൽഭൂമികളിൽകൂടി കാർ വീണ്ടും ദേശീയപാതയിലേക്ക് കയറി കൊച്ചിയെ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി...
പെനുഗോണ്ട ബാഗേപ്പള്ളി, ചിക്കബെല്ലാപുർ, ദേവനഹള്ളി, ഹെബ്ബാൾ, യെലഹങ്ക, ബംഗളൂരു... വീണ്ടും പിറകോട്ടു ചരിക്കുന്ന ബോർഡുകൾ...
ബംഗളൂരുവിൽനിന്നും 140 കി.മീറ്റർ, ഹൈദരാബാദിൽനിന്നും 420 കി.മീ. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഹിന്ദുപുർ ആണ്. ഗണ്ടിക്കോട്ടയും ഈ വഴി വരുമ്പോൾ കാണാൻ മറക്കരുത്. വളരെക്കുറച്ചു താമസസൗകര്യങ്ങളെ ഇവിടെയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.