സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായിരുന്ന ജലീൽ കുറ്റ്യാടിയും ഭാര്യ ഷാഹിദയും 40 വർഷത്തെ ഖത്തർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നിന്ന് 1981 മാര്‍ച്ച് 16നാണ് ദോഹയിലെത്തുന്നത്. സ്വാതന്ത്ര്യസമര പോരാളിയും പണ്ഡിതനുമായ പരേതനായ അബ്ദുല്ലക്കുട്ടി മൗലവിയുടെയും, മാഹി നാലകത്ത് തറവാട്ടിലെ ഫാത്തിമയുടെയും മകനാണ് ജലീൽ. പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം കുടുംബത്തിലെ ആറാം തലമുറക്കാരനാണ്. ഖത്തര്‍ വിദ്യാഭ്യാസ വകുപ്പിലായിരുന്നു ആദ്യം ജോലി. പിന്നീട് ആഭ്യന്തര വകുപ്പിൽ സെക്രട്ടറിയായും ഖത്തര്‍ എയര്‍വേസിൽ സൂപ്പർവൈസറായും ജോലി ചെയ്തു.
എട്ടു വര്‍ഷം ദോഹ മെട്രോയിൽ അഡ്മിൻ ഓഫിസറായും സേവനം ചെയ്തു. ഒരു മാസം ഹമദ് ഹോസ്പിറ്റലിലും താല്‍ക്കാലിക സേവനം നിർവഹിച്ചു. 25 വര്‍ഷം റോഡ് ഗതാഗത നിയമം സൂക്ഷ്മമായി പാലിച്ചതിെൻറ പേരില്‍ ഖത്തർ ആഭ്യന്തര വകുപ്പില്‍ നിന്നും റോഡ് സുരക്ഷ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കുടുംബസമേതം വിവിധ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പലർക്കും ഖത്തറിൽ വിവിധ ജോലികൾ ശരിയാക്കിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ദോഹയില്‍ കലാ സാഹിത്യ ജീവകാരുണ്യ രംഗങ്ങളിലും സജീവമായിരുന്നു. അഞ്ചു ഷോര്‍ട്ട് ഫിലിമുകൾ നിർമിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തു. സലാം കൊടിയത്തൂരിെൻറ രണ്ടു ടെലി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ ഷാഹിദ ജലീലും സാമൂഹിക സേവനരംഗത്ത് സജീവമാണ്. 18 വര്‍ഷത്തോളം ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും ഒന്നര വര്‍ഷം ഖത്തര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലും രണ്ടര വര്‍ഷം ബാബു മാത്യൂസ് ക്ലിനിക്കിലും ഷാഹിദ ജോലി ചെയ്തു.
ഗാര്‍ഹിക കൃഷിയിലും മികവ് തെളിയിച്ചിട്ടുണ്ട്. ഖത്തര്‍ അടുക്കളത്തോട്ടം കര്‍ഷകസ്ത്രീ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിവിധ പ്രവാസി കൂട്ടായ് മകളിലും ഇരുവരും സജീവമാണ്. കള്‍ച്ചറല്‍ ഫോറത്തിെൻറ തുടക്കം മുതല്‍ രണ്ടു വര്‍ഷം സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ഷാഹിദ. മൂന്നു മക്കളില്‍ മൂത്ത മകളും മകനും ഖത്തറിൽ ജോലി ചെയ്ത് കുടുംബസമേതം ദോഹയിൽ താമസിക്കുന്നു. ഇളയ മകനും മരുമകളും ബാംഗ്ലൂരിലാണ്. മൂത്ത മകന് ഷമീല്‍ എ.ജെ. സംഗീത നാടക സിനിമ രംഗത്ത് സജീവമാണ്. ശിഷ്ടകാലം നാട്ടില്‍ കൃഷിയും ജീവകാരുണ്യ പ്രവര്‍ത്തനവും തുടരാനാണ് ആഗ്രഹമെന്ന് ഇരുവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.