ആദമിന്റെ യാരെൻ: തുർക്കിയയുടെ ‘ദേശീയ സൗഹൃദം’ പതിമൂന്നാം വർഷത്തിലേക്ക്

പതിമൂന്നു വർഷം മുമ്പാണ്, വടക്കുപടിഞ്ഞാറൻ തുർക്കിയയിലെ എസ്കികരാച് എന്ന ചെറുഗ്രാമത്തിലെ തടാകത്തിൽ വള്ളത്തിലിരുന്ന് വല വലിക്കുകയാണ് ആ മീൻപിടിത്തക്കാരൻ. അപ്പോൾ പിന്നിൽ നിന്നൊരു ശബ്ദം. നോക്കിയപ്പോൾ അമരത്ത് ഒരു സുന്ദരൻ പക്ഷി. കഴുത്തിലും നെഞ്ചിലും ജ്വലിക്കുന്ന വെള്ളത്തൂവലുകൾ നിറഞ്ഞ, ചിറകുകളിൽ കറുമ്പൻ അലങ്കാരത്തൂവലുള്ള ഒരു കക്ഷി. കൊക്ക് വർഗത്തിൽ പെടുന്ന വെൺബകം (വൈറ്റ് സ്റ്റോർക്) ആണെന്ന് ആദം യിൽമാസ് എന്ന ആ മീൻപിടിത്തക്കാരന് മനസ്സിലായി.

ആദം പക്ഷിക്ക് വലയിൽ നിന്ന് ഒരു ചെറുമീനെടുത്ത് ഇട്ടുകൊടുത്തു. ഒറ്റ വിഴുങ്ങ്. ഒന്നുകൂടി കൊടുത്തു, അതു കഴിച്ചു. പിന്നെയും കൊടുത്തതെല്ലാം കഴിച്ചു. ഇവിടെ തുടങ്ങിയതാണ് പതിമൂന്നു വർഷമായി തുർക്കിയയെ പുളകം കൊള്ളിക്കുന്ന, രണ്ടു ജീവി വർഗങ്ങൾ തമ്മിലെ അസാധാരണ സൗഹൃദ കഥ. ഒരു പ്രാദേശിക ഫോട്ടോഗ്രാഫർ വഴിയാണ് കൊക്കിന്റെയും ആദത്തിന്റെയും കഥ സമൂഹമാധ്യമം വഴി രാജ്യത്ത് ഹിറ്റായത്. പിന്നീട് സൗഹൃദ കഥ ലോകമെങ്ങും പ്രചരിക്കുകയും ചെയ്തു.

ഉറ്റ സുഹൃത്ത് എന്ന് തുർക്കി ഭാഷയിൽ അർഥംവരുന്ന ‘യാരെൻ’ എന്നു പേരിട്ട കൊക്ക് തുടർന്നിങ്ങോട്ട് എല്ലാ വർഷവും ഒരേ കാലത്ത് ആദത്തിനെ തേടി വള്ളത്തിന്റെ അമരത്തെത്തും. ദേശാടനപക്ഷികളുടെ കേന്ദ്രമായ എസ്കികരാച് ഗ്രാമത്തിന്റെ കീർത്തി ഇപ്പോൾ രാജ്യാതിർത്തിയും കടന്നിരിക്കുന്നു. സൗഹൃദ കഥയറിഞ്ഞ് ആയിരക്കണക്കിന് ടൂറിസ്റ്റുകളും പ്രകൃതിസ്നേഹികളും ഇന്ന് ഗ്രാമത്തിലെത്തുന്നു.

Tags:    
News Summary - Adam's Yaren: Turkey's 'National Friendship' to the thirteenth year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.