വിൽപനക്ക് തയാറാക്കിയ മുറിച്ച പച്ചക്കറികൾ
പഴയന്നൂർ: വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോവുകയോ കറിക്കരിഞ്ഞ് സമയം കളയുകയും വേണ്ട. ഇഷ്ടപ്പെട്ട പച്ചക്കറികൾ കഷണങ്ങളാക്കി നുറുക്കി കവറിലാക്കി പാചകം ചെയ്യാൻ പാകത്തിന് തയാറാക്കി ഇനി വീട്ടമ്മമാരുടെ മുന്നിലെത്തും.
പൊട്ടൻകോട് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലാണ് തളിർ ബ്രാൻഡിൽ ഫ്രഷ് കട്ട് വെജിറ്റബിൾ എന്നപേരിൽ ഇവ അടുക്കളയിലേക്ക് എത്തിക്കുന്നത്. ഒമ്പത് പേരാണ് ഈ ഉദ്യമത്തിന് പിന്നിൽ. ഗുണമേന്മയുള്ള പച്ചക്കറികൾ ശേഖരിച്ച് മഞ്ഞൾ പൊടി, വിനാഗിരി, ഉപ്പുവെള്ളം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത ലായനിയിൽ മൂന്നുതവണ കഴുകിയെടുക്കും. തുടർന്നാണ് കഷണങ്ങളാക്കുക.
സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി, ചീര, മുരിങ്ങയില, വാഴപ്പിണ്ടി, ചക്ക, ഇടിച്ചക്ക, കാരറ്റ്, ബീറ്റ്റൂട്ട്, നേത്രക്കായ, വാഴകുടപ്പൻ തുടങ്ങി മുപ്പതോളം വിഭവങ്ങൾക്കുള്ള പച്ചക്കറികൾ തളിർ അംഗങ്ങൾ തയാറാക്കുന്നുണ്ട്. സാധനങ്ങളനുസരിച്ച് 300-400 ഗ്രാമിന്റെ പാക്കറ്റുകളാണ് തയാറാക്കുന്നത്. ഇതുമൂലം വീട്ടമ്മമാർക്ക് സമയവും ലാഭിക്കാം, അടുക്കള മാലിന്യവും കുറക്കാം.
ചെമ്പകം, നിഷ, ബീന തുടങ്ങി എട്ടു സ്ത്രീകളാണ് കഷണങ്ങൾ നുറുക്കുന്നതു മുതൽ പാക്കറ്റിലാക്കുന്നത് വരെയുള്ള ജോലികൾ ചെയ്യുന്നത്. പച്ചക്കറി ശേഖരിക്കുന്നതും പാക്കറ്റിലാക്കിയ പച്ചക്കറി കഷണങ്ങൾ തൃശൂർ നഗരത്തിലെത്തിച്ച് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർക്ക് എത്തിച്ചു നൽകുന്നത്തിനും ശിവൻ എന്ന യുവാവാണ്. നിത്യേന 120 മുതൽ 250 വരെ പാക്കറ്റുകൾ ഓർഡറനുസരിച്ച് വിപണനം നടത്തുന്നുണ്ട്.
12000 മുതൽ 20000 രൂപ വരെ ഇവർ ഇതിലൂടെ നേടുന്നുണ്ട്. ആദ്യമൊക്കെ നാട്ടിലെ കടകളിൽ വെച്ചായിരുന്നു വിൽപന. എന്നാൽ എല്ലാ പാക്കറ്റും വിട്ടുപോയില്ലെങ്കിൽ തിരിച്ചെടുക്കേണ്ട അവസ്ഥയിൽ നഷ്ടം സംഭവിച്ചു. അതോടെയാണ് ഓർഡറനുസരിച്ച് നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വിൽപന ആരംഭിച്ചത്. ഇതോടെ ആവശ്യക്കാർ കൂടി. എന്നാൽ, യന്ത്രസഹായമില്ലാത്തതിനാൽ കൂടുതൽ ഓർഡറുകൾ സ്വീകരിക്കാനാവുന്നില്ല. അതിനാൽ യന്ത്രസഹായത്താൽ പച്ചക്കറി തയാറാക്കി കൂടുതൽ വിപണി ലക്ഷ്യമിടുകയാണ് തളിർ അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.