അരൂർ: അപൂർവങ്ങളായ വാച്ചുകൾ, പേനകൾ, ക്ലോക്കുകൾ എന്നിവ തേടി നടക്കുന്ന അപൂർവതക്ക് ഉടമയാണ് സിബി. മൂന്നുപതിറ്റാണ്ട് നീണ്ട അന്വേഷണത്തിൽ ഇതുവരെ അപൂർവ ഇനം ഇരുനൂറോളം വാച്ചും അത്രയും തന്നെ പേനകളും വ്യത്യസ്തതകൊണ്ട് അമൂല്യങ്ങളായ ക്ലോക്കുകളും സിബിയുടെ ശേഖരത്തിൽ എത്തിയിട്ടുണ്ട്. പിന്നെയും അപൂർവങ്ങളായ പേനകളും വാച്ചുകളും ക്ലോക്കുകളും തേടി സിബി അന്വേഷണത്തിലാണ്. കൗതുകകരമായ ഈ അന്വേഷണത്തിൽ അരൂർ കൊച്ചുതൈപ്പറമ്പിൽ സിബി ഒറ്റക്കല്ല. ഭാര്യ കൃഷ്ണപ്രിയയും മക്കളായ ശ്രീനന്ദനും ശിവനന്ദയും ഒപ്പമുണ്ട്.
വാച്ചുകളോടാണ് ചെറുപ്പം മുതലേ താൽപര്യം തുടങ്ങിയത്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വാച്ചുകൾ കെട്ടാറുണ്ടായിരുന്നു. ഇപ്പോൾ ഓരോ ദിവസവും ഓരോ വാച്ചുകളാണ് സിബിയെ സമയമറിയിക്കുന്നത്. സ്വിറ്റ്സർലാൻഡിലെ 16 കല്ലുള്ള ഗോൾഡൻ റാഡോ ഓട്ടോമാറ്റിക് വാച്ച്, മൾട്ടി ഫങ്ഷൻ ക്രോണോ ഗ്രാഫ് സിസ്റ്റത്തിൽ ഓടുന്ന ഒമേഗ സ്പീഡ് മാസ്റ്റർ എന്നിവ ശേഖരത്തിൽപെടും.
പേനകൾ ശേഖരിക്കാൻ തുടങ്ങിയത് യാദൃച്ഛികമായാണ്. ആദ്യമൊക്കെ കൗതുകത്തിൽ. പിന്നീട് അതിന്റെ വ്യത്യസ്തതയും അപൂർവതയും താൽപര്യം കൂട്ടി. അമേരിക്ക, ജർമനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിർമിച്ച പേനകൾ മുതൽ 18 കാരറ്റ് ഗോൾഡ് പ്ലേറ്റ് ചെയ്ത ക്രോസ് പേനകളും മൗണ്ട് ബ്ലാങ്ക് പേനകളും വരെ സിബിയുടെ പക്കലുണ്ട്. മഷി മുക്കി എഴുതുന്ന പേനകൾ മുതൽ ഡോട് പേനകൾ വരെ സിബിയുടെ ശേഖരത്തിൽ പെടും.
ക്ലോക്കുകൾ സംഭരിക്കാൻ തുടങ്ങിയത് ഒടുവിലാണ്. പഴമകൊണ്ട് കീർത്തിനേടിയ ഏഴടി ഉയരമുള്ള മരത്തിന്റെ ശരീരമുള്ള ഗ്രാൻഡ് ഫാദർ ക്ലോക്ക്, വിക്ടോറിയ സ്റ്റേഷനിലെ 1747ൽ നിർമിച്ച ഇരുമുഖമുള്ള ലണ്ടൻ റെയിൽവേ ക്ലോക്കും സിബി സൂക്ഷിക്കുന്നു. ജീവിതത്തിലെ ചില നല്ല മുഹൂർത്തങ്ങൾക്ക് തന്റെ പക്കലുള്ള ചില ക്ലോക്കുകൾ സാക്ഷ്യം പറയുമെന്ന് സിബി ഓർക്കുന്നു.
സോളാർ വാട്ടർ ഹീറ്റർ, സോളാർ പവർ പ്ലാന്റ്, ഇൻവെർട്ടർ എന്നിവ നിർമിച്ച് മാർക്കറ്റ് ചെയ്യുന്ന സൺടെക് എന്റർപ്രൈസസ് എന്ന സ്ഥാപനം എറണാകുളം ഗാന്ധിനഗറിൽ നടത്തുകയാണ് 47കാരനായ സിബി. ജോലി സംബന്ധമായി കേരളത്തിലുടനീളം സഞ്ചരിക്കുമ്പോഴൊക്കെ അന്വേഷിക്കുന്നത് തന്റെ അപൂർവ ശേഖരത്തിൽ മുതൽക്കൂട്ടാൻ എന്തെങ്കിലും കിട്ടുമോ എന്നും കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.