ഫാഷനെ പാഷനും പ്രഫഷനുമാക്കി തന്റെ ഇഷ്ടമേഖല കരിയറായി തെരഞ്ഞെടുത്ത ഒരു മലയാളി സംരംഭകയുണ്ട് യു.എ.ഇയിൽ. കണ്ണൂർ തലശ്ശേരി സ്വദേശിനിയായ നഹല. യു.എ.ഇയിൽ ജനിച്ചുവളർന്ന നഹലയുടെ എക്സ്റ്റസി എന്ന ബ്രാൻഡ് ഇന്ന് ഇമാറാത്തികൾക്കിടയിൽ പ്രശസ്തമാണ്. ഇമാറാത്തികളുടെ തനതായ ഡിസൈനുകൾ മുതൽ ട്രെൻഡിയും ഗ്ലാമറസുമായ ഔട്ട്ഫിറ്റുകളും എക്സ്റ്റസിയിലൂടെ നഹല ഡിസൈൻ ചെയ്യാറുണ്ട്. 2010ൽ തുടങ്ങിയ എക്സ്റ്റസി ഇമാറാത്തികളുടെ ഇഷ്ട ബ്രാൻഡായി മാറിയിരിക്കുകയാണ്. അറബിക് വസ്ത്രങ്ങൾക്കൊപ്പം അൽപം ഗ്ലാമറസ് ലുക്ക് നൽകുന്ന ട്രെൻഡി ഡിസൈനുകളാണ് എക്സ്റ്റസിയെ പ്രിയപ്പെട്ടതാക്കുന്നത്.
ആദ്യം എഫ്.ബി പേജിലൂടെ തുടങ്ങിയ ബിസിനസ് ഇപ്പോൾ അജ്മാനിൽ ഫാക്ടറി ഔട്ട്ലെറ്റും പ്രൊഡക്ഷൻ യൂനിറ്റുമൊക്കെയായി വളർന്നിരിക്കുകയാണ്. ബി.ബി.എക്കാരിയായ നഹലക്ക് ചെറുപ്പം മുതലേ ഫാഷനോടും ഡിസൈനിങിനോടും ഇഷ്ടമായിരുന്നു. സ്വയം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ചെറുപ്പം മുതൽ നഹല ധരിക്കാറുണ്ട്. തികച്ചും അറബിക് ബ്രാൻഡായ എക്സ്റ്റസി ട്രെൻഡിനനുസരിച്ചും ആളുകളുടെ ഇഷ്ടമനുസരിച്ചും ഡിസൈനുകളൊരുക്കാറുണ്ട്. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കസ്റ്റമേഴ്സും നഹലക്കുണ്ട്. ആസ്ട്രേലിയ, സിങ്കപ്പൂർ, ചൈന, ജർമ്മനി, യു.കെ, യു.എസ്.എ തുടങ്ങി മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിൽ വരെ എക്സ്റ്റസിക്ക് ആവശ്യക്കാരുണ്ട്.
തന്റെ കഠിനാധ്വാനവും ജോലിയോടുള്ള ആത്മാർഥതയും ഒപ്പം ഫാഷനോടുള്ള ഇഷ്ടവുമാണ് എക്സ്റ്റസിയുടെ വളർച്ചക്ക് പിന്നിലെ കരുത്തെന്ന് നഹല പറയുന്നു. ഇന്തോ-അറബിക് കൺസപ്റ്റ് വെയറുകളാണ് പൊതുവേ എക്സ്റ്റസി ഡിസൈനുകളിലുണ്ടാവാറുള്ളത്. നിരവധി സെലിബ്രറ്റികൾക്കുവേണ്ടി നഹല ഡിസൈൻ ചെയ്തിട്ടുണ്ട്.
2019ൽ മിസ് ഇൻറർ കോണ്ടിനെൻറലിൽ മോഡലിനു വേണ്ടി ഡിസൈൻ ഒരുക്കിയിരുന്നു. 2020ൽ മോസ്റ്റ് ഫാഷനബിൾ അവാർഡ്സിൽ ബെസ്റ്റ് ഫാഷൻ ഡിസൈനർ അവാർഡും സ്വന്തമാക്കിയിട്ടുണ്ട് നഹല. ശൈഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും എക്സ്റ്റസി ബ്രാൻഡ് വസ്ത്രങ്ങൾ ധരിച്ചെത്തിയിരുന്നു. ജന്നത് സുബൈർ, ഇനെയ, റീനു മാത്യൂസ്, സൗമ്യ മേനോൻ, മീരാ നന്ദൻ, ആൻ ആമി, ഐമ റോസ്മി തുടങ്ങിയവരെ സ്റ്റൈൽ ചെയ്തിട്ടുണ്ട് ഈ കണ്ണൂരുകാരി.
അടുത്തിടെ ഫ്രൈഡേ മാഗസിനുമായി ചേർന്നും എക്സ്റ്റസി പ്രവർത്തിച്ചിരുന്നു. കനേഡിയൻ കമ്പനിയായ അൽഡോയുമായി ചേർന്ന് ഫ്രൈഡേ മാഗസിനിൽ എക്സ്റ്റസിയുടെ കോസ്റ്റ്യൂമുകൾ ധരിച്ച മോഡലുകളാണുണ്ടായിരുന്നത്. ഐക്കെയുടെ സ്റ്റോറിൽ ഫാഷൻ പീക്കിൽ നഹലയുടെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നഹലയുടെ 13 വർഷത്തെ സ്വപ്നമായിരുന്ന ഫാഷൻ വീക്കിലും ഈ വർഷം എക്സ്റ്റസി പങ്കെടുത്തു. ഇത്തവണ സ്പ്രിങ് സമ്മർ കളക്ഷൻ ലോഞ്ച് ചെയ്ത വീ ഫാഷൻ വീക്കിൽ ഫൈൻ ഡിസൈനർക്കുള്ള അവാർഡും നഹല നേടിയിട്ടുണ്ട്.
ബിസിനസുകാരനായ സബൂട്ടിയുടെയും റംലയുടെയും മൂന്ന് പെൺകുട്ടികളിലൊരാളാണ് നഹല. ഭർത്താവ് സജ്ഫീർ നൽകിയ പിന്തുണയാണ് സ്വന്തം ബ്രാൻഡ് തുടങ്ങാൻ പ്രചോദനമായത്. 12 വയസ്സുകാരിയായ ഹയയും 4 വയസ്സുകാരി സോയയുമാണ് മക്കൾ. ഓൺലൈൻ ബിസിനസിനായി യു.എ.ഇ നൽകുന്ന പിന്തുണയും എക്സ്റ്റസി ബ്രാൻഡിന്റെ വളർച്ചക്ക് പിന്നിലുണ്ടെന്ന് നഹല പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.