ന്യൂഡൽഹി: ബംഗാളിലെ സ്ത്രീകൾ ഉപയോഗിക്കുന്ന പരമ്പരാഗത സാരി അണിഞ്ഞായിരുന്നു ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് അവതരണം. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിനും ബംഗാളിനും തമിഴ്നാടിനും വാരിക്കോരി നൽകിയ പ്രഖ്യാപനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണെന്ന ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ വേഷവും ചർച്ചയാകുന്നത്. കൂടാതെ ബംഗാളിന്‍റെ വികാരമായ രവീന്ദ്രനാഥ ടാഗോറിന്‍റെ വരികൾ ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു. ഇതിൽ പ്രധാന ചർച്ചയായതാകട്ടെ ബംഗാൾ പ്രേമം അറിയിക്കുന്നതിന് ധനമന്ത്രി ധരിച്ച സാരിയായിരുന്നു.
സിൽക്കിൽ തീർത്ത വെളുത്ത സാരിയിൽ ചുവപ്പും സ്വർണനിറവും ബോർഡറാണ്. ബംഗാളിലെ സ്ത്രീകൾ പ്രത്യേക ദിവസങ്ങളിൽ ഉപയോഗിക്കുന്ന ഈ 'ലാൽ പാഡ്' സാരി ബംഗാളിന്‍റെ ചരിത്രവുമായി ഇഴചേർന്നുകിടക്കുന്നു. ബംഗാളിൽ വെള്ളയും ചുവപ്പുമാണ് പരമ്പരാഗത നിറങ്ങളായി കണക്കാക്കുന്നത്.
നവരാത്രി ദിനത്തിൽ വിവാഹിതരായ സ്ത്രീകളാണ് ഈ സാരി ഉടുക്കുക. കൂടാതെ വിവാഹം, മറ്റു വിശേഷാവസരങ്ങൾ എന്നിവയിലും ഈ സാരി ധരിക്കും. ഇതിനൊപ്പം സിന്ദൂർ, ചുവന്ന ബിന്ദി, സ്വർണാഭരണങ്ങൾ എന്നിവയും അണിയും
ദുർഗ പൂജയിൽ ദുർഗയെ ആരാധിക്കുന്ന സമയമാണ് സ്ത്രീകൾ ഈ സാരി ധരിക്കുക. ഭർത്താവിന്‍റെ ദീർഘായുസുമായി ബന്ധപ്പെട്ട വിശ്വാസമാണ് ഈ വസ്ത്രം ധരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.
കോട്ടൺ, സിൽക്ക്, ബനാറസ് തുടങ്ങിയവയിൽ ഈ സാരി ലഭ്യമാകും. ജാർഖണ്ഡിലെ സ്ത്രീകളും ഈ സാരി പ്രത്യേക അവസരങ്ങളിൽ വിശ്വാസത്തിന്‍റെ ഭാഗമായി ധരിച്ചുപോരുന്നു. ബോളിവുഡ് ചിത്രങ്ങളിൽ ഉൾപ്പെടെ ബംഗാളിനെ ചിത്രീകരിക്കുേമ്പാൾ ചുവപ്പും വെള്ളയും ചേർന്ന ഈ സാരിയും കാണിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.