നെഞ്ചിലൊരു ജ്വാലയുമായി ജിബ്രാൻ

മനുഷ്യമനസ്സിനെ ഇന്നും ഇളക്കിമറിക്കുന്ന ഗദ്യകവിതാശകലങ്ങളുടെ ‘നക്ഷത്രം’ ഖലീൽ ജിബ്രാൻ വിടവാങ്ങിയിട്ട് ഏപ്രിൽ 10ന് 92 വർഷം. വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലൊരാളാണ് ഖലീൽ ജിബ്രാൻ. ഗദ്യകവിതകളുടെ പിതാവ്. കവിതയിലൂടെയും ചിത്രങ്ങളിലൂടെയും ഉള്ളിലെ കലയെയും കലാപത്തെയും കെട്ടഴിച്ചുവിട്ടയാൾ. യഥാർഥ വെളിച്ചം മനുഷ്യന്റെ ഉള്ളിലാണെന്ന് തിരിച്ചറിഞ്ഞ ജിബ്രാൻ സ്വയം തീർത്ത പാതയിലൂടെ വെളിച്ചവുമായി നടന്നുനീങ്ങിയ ഏകാകിയായിരുന്നു

കൊടുങ്കാറ്റുകളെ പ്രണയിച്ചവന്റെ പേര് ഖലീൽ ജിബ്രാൻ. ചോര പൊടിയുന്ന പാട്ടിന്റെ വൃക്ഷങ്ങൾ കത്തിച്ചവൻ. ലബനാനിലെ ദേവദാരു മരങ്ങൾ നിഴൽ വിരിച്ച പാതയോരങ്ങളിലൂടെ, പാരിസിലെ സൈൻ നദിക്കരയിലൂടെ ഏകാകിയായി, സ്വാസ്ഥ്യം കൈമോശം വന്ന മനസ്സുമായി നടന്നുപോകുകയായിരുന്ന ഈ മനുഷ്യന്റെ ഉള്ളിൽ സർഗാത്മകതയുടെ ഒരു കടൽ. കടലിന്റെ കാത്തിരിപ്പിൽ ഉറങ്ങാത്ത ഒരാത്മാവിനായുള്ള സാന്ത്വനമുണ്ടെന്ന് ജിബ്രാൻ.

യഥാർഥ വെളിച്ചം മനുഷ്യന്റെ ഉള്ളിൽനിന്ന് പ്രസരിക്കുന്നതാണെന്ന് ജിബ്രാൻ. സ്വയം തീർത്ത പാതയിലൂടെ വെളിച്ചവുമായി നടന്നുനീങ്ങിയ ഈ ഏകാകിയുടെ വരികളിൽ നിറഞ്ഞുനിന്നത് കാരുണ്യം വറ്റിപ്പോകാത്ത മണലാരണ്യം. ജിബ്രാൻ, ഉള്ളിൽ കലയും കലാപവുമുള്ളതുകൊണ്ട് നൃത്തം ചെയ്യുന്ന നക്ഷത്രമായവൻ. എല്ലാ ചോദ്യങ്ങളും ജീവിതത്തോട് ചോദിച്ച ഒരാൾ. ‘‘ജീവിതത്തിന്റെ മുഖത്ത് വലിയ അക്ഷരങ്ങൾകൊണ്ട് സ്വന്തം പേരെഴുതിവെക്കാനാണ് ഞാനീ ലോകത്തെത്തിയതെന്ന്’’ ജിബ്രാൻ.

നെഞ്ചിലൊരു ജ്വാലയുമായി ജിബ്രാൻ. സ്വയം പൊള്ളുകയും പൊള്ളലേൽപിക്കുകയും ചെയ്തവൻ. മനുഷ്യ ഹൃദയത്തിലെ വെളിച്ചം വിതറുന്ന കൊച്ചു ജ്വാല, സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് മനുഷ്യവർഗത്തിന് വെളിച്ചം കാണിക്കാനെത്തിയ ഞെക്കുവിളക്ക് പോലെയാണെന്ന് ജിബ്രാൻ. ഉടയാടകൾക്കുള്ളിലാണ് നാമെന്ന് ജിബ്രാൻ. കണ്ണുകൾ പലപ്പോഴും നമ്മെ വഞ്ചിക്കുന്നത് നാമറിയുന്നില്ല. മൂന്നാമത്തെ കണ്ണുകൾകൊണ്ടാണ് ജിബ്രാൻ ലോകത്തെ നോക്കിക്കണ്ടത്. ലബനാനിന്റെ ഈ പുത്രൻ കിഴക്കിനെയും പടിഞ്ഞാറിനെയും രണ്ടു കൈകളിൽ കൊണ്ടുനടന്നു. ഇടനെഞ്ചിൽ പാതി ക്രിസ്തുവാണെനിക്ക്. മറുപാതി മുഹമ്മദും എന്ന് ജിബ്രാൻ. ഹൃദയാന്തരാളത്തിൽ തറഞ്ഞ ഒരു അമ്പുമായാണ് താൻ ജനിച്ചതെന്ന് ജിബ്രാൻ. അത് വലിച്ചൂരിക്കളയുക വേദനകരമെന്നും തറഞ്ഞുനിൽക്കാനനുവദിക്കുന്നതും വേദനകരമെന്നും അദ്ദേഹം. വില്യം ബ്ലേക്കിനെക്കുറിച്ച് ജിബ്രാൻ പറയുന്നുണ്ട്; അദ്ദേഹത്തിന്റെ ലോകത്തിലെ കാഴ്ചകൾ കാണാൻ രണ്ട് കണ്ണുകൾക്കപ്പുറം ഒരു അകക്കണ്ണ് വേണമെന്ന് -ജിബ്രാനെക്കുറിച്ചും നമുക്കങ്ങനെ പറയാം.

ഖലീൽ ജിബ്രാൻ കഥകൾ

തത്ത്വജ്ഞാനിയും ചെരിപ്പുകുത്തിയും

പഴകി പിഞ്ഞിപ്പോയ ഒരു ഷൂസുമായി ഒരു തത്ത്വജ്ഞാനി ചെരിപ്പുകുത്തിയുടെ കടയിലെത്തി. തത്ത്വജ്ഞാനി ചെരിപ്പുകുത്തിയോട് പറഞ്ഞു: ‘‘എന്റെ ഷൂസ് ഒന്ന് നന്നാക്കിത്തരൂ’’. ചെരിപ്പുകുത്തി പറഞ്ഞു: ‘‘ഞാനിപ്പോൾ മറ്റൊരുത്തന്റെ ഷൂസ് നന്നാക്കുകയാണ്. ഒട്ടേറെ ഷൂസുകൾ നന്നാക്കാനായി എന്റെ മുന്നിലിരിക്കുന്നുണ്ട്. നിങ്ങളുടെ ഷൂസ് ഇവിടെ വെച്ച്, ഇവിടെയുള്ള ഷൂസ് ധരിച്ച് നാളെ വരുക. അപ്പോഴേക്കും ഷൂസ് നന്നാക്കിത്തരാം’’. തത്ത്വജ്ഞാനിക്ക് കോപം വന്നു, അദ്ദേഹം പറഞ്ഞു: ‘‘എന്റേതല്ലാത്ത ഷൂസ് ഞാൻ ധരിക്കില്ല’’.

ചെരിപ്പുകുത്തി പറഞ്ഞു: ‘‘മറ്റൊരുത്തന്റെ ഷൂസിൽ സ്വന്തം കാലടികൾ വെക്കാത്ത ഒരു തത്ത്വജ്ഞാനിയാണോ താങ്കൾ സത്യത്തിൽ? ഈ തെരുവിൽതന്നെ എന്നെക്കാൾ തത്ത്വജ്ഞാനികളെ മനസ്സിലാവുന്ന മറ്റൊരു ചെരിപ്പുകുത്തിയുണ്ട്. ഷൂസ് നന്നാക്കാൻ അവിടെ പോവുക.’’

മുത്ത്

ഒരു ചിപ്പി അടുത്തുനിൽക്കുന്ന മറ്റൊരു ചിപ്പിയോട് പറഞ്ഞു: ‘‘എന്റെ മേലാകെ വലിയ വേദന. ഞാൻ കൊടും ദുഃഖത്തിലാണ്’’. മറ്റേ ചിപ്പി ഗർവോടെ മറുപടി പറഞ്ഞു: ‘‘ആകാശങ്ങൾക്കും കടലിനും സ്തുതി. എന്റെ ഉള്ളിൽ വേദനയേ ഇല്ല. എനിക്ക് സ്വാസ്ഥ്യം’’. ഈ നേരം അതുവഴി കടന്നുപോവുകയായിരുന്ന ഒരു ഞണ്ട് ചിപ്പികളുടെ സംഭാഷണം കേട്ടു. അഹന്തയോടെ മറുപടി പറഞ്ഞ ചിപ്പിയോട് പറഞ്ഞു: ‘‘നീ സുഖമായിരിക്കുന്നു. പക്ഷേ, നിന്റെ അടുത്തുനിൽക്കുന്ന ചിപ്പി പേറുന്ന വേദന അതിശയിപ്പിക്കുന്ന സൗന്ദര്യമുള്ള ഒരു മുത്തിനെ പേറുന്നതിന്റെ വേദനയാണ്’’.

പൂർണ ചന്ദ്രൻ

നഗരത്തിൽ ഉജ്ജ്വല ദീപ്തി പരത്തി പൂർണചന്ദ്രനുദിച്ചു. നഗരത്തിലെ എല്ലാ നായ്ക്കളും ചന്ദ്രനുനേരെ കുരച്ചു. ഒരു നായ് മാത്രം കുരച്ചില്ല. ഗൗരവസ്വരത്തിൽ ആ നായ് പറഞ്ഞു: ‘‘നിങ്ങളുടെ കുര അവളെ നിദ്രയിൽനിന്നുണർത്താനോ അല്ലെങ്കിൽ ചന്ദ്രനെ ഇങ്ങോട്ട് കൊണ്ടുവരാനോ ഉതകുകയില്ല’’. അതോടെ ഭയപ്പെടുത്തുന്ന ആ നിശ്ശബ്ദതയിൽ എല്ലാ നായ്ക്കളും കുര നിർത്തി. പക്ഷേ, മറ്റു നായ്ക്കളോട് സംസാരിച്ച ആ നായ് മാത്രം രാത്രിയുടെ ശേഷിപ്പുഭാഗം മുഴുവൻ കുരച്ചുകൊണ്ടേയിരുന്നു. 

Tags:    
News Summary - About the writing life of Khalil Gibran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT