തിരുവനന്തപുരം: കരുതലിന്റെ വർണ്ണങ്ങൾ ചാലിച്ച് ഒരുകൂട്ടം ചിത്രകാരന്മാരും സന്നദ്ധപ്രവർത്തകരും കിടപ്പുരോഗികൾക്ക് സാന്ത്വനത്തിന്റെ ‘മഞ്ഞുതുള്ളി’യൊരുക്കുന്നു. സംസ്ഥാനത്തെ സാന്ത്വന ചികിത്സയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എം.ആർ. രാജഗാപാലിന്റെ നേതൃത്വത്തിലുള്ള പാലിയം ഇന്ത്യയുടെ കീഴിലാണ് ‘മഞ്ഞുതുള്ളി’എന്ന പേരിൽ ചിത്ര പ്രദർശന, വിപണനമേളയിലൂടെ വിഭവ സമാഹരണം നടത്തുന്നത്. പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പുരോഗികളുടെ ഭവന സന്ദർശനവും പരിചരണവും നടത്തുന്നതിനിടെയാണ് പാലിയം ഇന്ത്യയുടെ കീഴിലുള്ള സന്നദ്ധപ്രവർത്തകരിൽ ഈ ആശയം ജന്മംകൊണ്ടത്.
കേശവദാസപുരത്ത് താമസിക്കുന്ന കൊല്ലം കുമ്മല്ലൂർ സ്വദേശിയും സെക്രട്ടേറിയറ്റിൽ നിന്ന് ജോയിന്റ് സെക്രട്ടറിയായി വിരമിച്ച ലളിതഭായ് ആണ് ആശയത്തിന് പിന്നിൽ. അമേച്ച്വർ ചിത്രകാരികൂടിയായ ലളിതയും ഏതാനും സൂഹൃത്തുകളും ചേർന്ന് 2014ലാണ് ‘മഞ്ഞുതുള്ളി’എന്ന കൂട്ടായ്മ രൂപവത്ക്കരിച്ചത്. തുടക്കത്തിൽ ഏഴ് ചിത്രകാരന്മാരായിരുന്നു മുൻകൈയെടുത്തത്. ഇപ്പോൾ 78ഓളം ചിത്രകാരന്മാരും സന്നദ്ധപ്രവർത്തകരും ഒപ്പമുണ്ട്. ചിത്രകാരന്മാർ സൗജന്യമായി വരച്ച് നൽകുന്ന പെയിന്റിങ്ങുകൾ വിൽപന നടത്തി ആ തുക പാലയേറ്റീവ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതാണ് രീതി.
സ്വന്തമായി കാൻവാസോ പെയിന്റോ വാങ്ങാൻ പോലും നിർവാഹമില്ലാത്ത ചിത്രകാരന്മാർ വരെ ഈ കൂട്ടായ്മക്കായി ചിത്രങ്ങൾ വരച്ച് നൽകുന്നു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ശാസ്തമംഗലം മൗവ് ആർട്ട് ഗാലറിയിൽ നടന്ന പ്രദർശനത്തിൽ ചിത്രകാരനായ ശ്യാം ഗോപാല ആചാര്യ എഴുത്തുകാരി മാധവിക്കുട്ടിയുടെയും ചലച്ചിത്ര സംവിധായകൻ പത്മരാജന്റെയും പോർട്രയിറ്റ് സൗജന്യമായി നൽകി.
ചിത്രകാരന്മാരായ കൃഷ്ണൻകുട്ടി, സജിത് റെമഡി, സതീശ്, ബെൻ, ഭിന്നശേഷിക്കാരിയായ അനു മോൾ, അർബുദ രോഗത്തെ അതിജീവിച്ച ബിനു കൊട്ടാരക്കര, രാജി, സാറ ഹുസൈൻ, സജി വെട്ടിക്കവല തുടങ്ങി ലളിതകലാ അക്കാദമി ആർട്ടിസ്റ്റുകളും അമേച്വർ ചിത്രകാരന്മാരും അടങ്ങുന്നതാണ് കൂട്ടായ്മ. എല്ലാവർഷവും സംഘടിപ്പിക്കുന്ന മേളയിൽ നിന്ന് ലഭിക്കുന്ന തുക കിടപ്പുരോഗികളുടെ ചികിത്സകും അവരുടെ കുടുംബത്തിന്റെ ഉപജീവനത്തിനും വിദ്യാർഥികളുടെ പഠനത്തിനും മറ്റുമായി വിനിയോഗിക്കുന്നു. ഇതേമാതൃകയിൽ ക്രാഫ്റ്റ് മേളയും ഈ കൂട്ടായ്മയും സംഘടിപ്പിക്കാറുണ്ട്.
ചിത്രകാരന്മാർക്കൊപ്പം സന്നദ്ധപ്രവർത്തകരായ നിരവധി പേരും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു. കൂടുതലും ഉന്നത സർക്കാർ ജോലികളിൽ നിന്ന് വിരമിച്ച വയോധികരാണെന്നതും ഈ കൂട്ടായ്മയെ വ്യത്യസ്തമാക്കുന്നു. റിട്ടയർമെന്റ് ജീവിതത്തിന്റെ മുഷിപ്പും ഏകാന്തതും മറികടക്കാനാവും വിധം സാന്ത്വന പരിചരണത്തിനായി വിനിയോഗിക്കുന്ന ഇവരിൽ ഏറിയ പങ്കും വനിതകളാണെന്നതും സവിശേഷതയാണ്.
ലളിത ഭായിക്കൊപ്പം എസ്.എ.ടി. ആശുപത്രിയിൽ നിന്ന് നഴ്സിങ് ഓഫിസറായി വിരമിച്ച പ്രകാശിനി, ലീലാദേവി, ഇന്ദിര, നദീറ, രാജ്വേശ്വരി, രമ, റേച്ചൽ ജസ്പർ, ബാലചന്ദ്രൻ എന്നിങ്ങനെ പട്ടിക നീളുന്നു. ഒപ്പം പാലിയം ഇന്ത്യയുടെ സോഷ്യൽ ഒഫീസർമാരായ ശരത്, അലി, ഷിജോ തുടങ്ങിയവരും ‘മഞ്ഞുതുള്ളി’പ്രദർശനത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.