തിരൂരങ്ങാടി: ചെറുപ്പം മുതൽ പക്ഷികളോട് അടുപ്പം തോന്നിയാണ് സർഫാസ് മൂന്നുവർഷം മുമ്പ് സുഹൃത്തിന്റെ കൈയിൽനിന്ന് 11,000 രൂപ കടം വാങ്ങി രണ്ട് സൺകുനൂർ പക്ഷികളെ വീട്ടിലെത്തിച്ചത്. 14 ദിവസം പ്രായം മാത്രമുള്ള കുഞ്ഞുങ്ങളെയാണ് കൊണ്ടുവന്നത്. തുടക്കം തെറ്റിയില്ല. ഇന്ന് 2000 രൂപ മുതൽ 1.70 ലക്ഷം രൂപവരെയുള്ള പക്ഷികൾ ഉണ്ട് തിരൂരങ്ങാടി നഗരസഭയിൽ 22ാം ഡിവിഷനിൽ താമസിക്കുന്ന കക്കാട് സ്വദേശി പങ്ങിണിക്കാടൻ സർഫാസിന്റെ വളർത്തൽ കേന്ദ്രത്തിൽ.
വീടിന് ചുറ്റും നിരവധി ചെറിയ ഷെഡുകൾ നിർമിച്ചാണ് വിദേശയിനം പക്ഷികളെ വളർത്തുന്നത്. ഇതിൽ ബ്രീഡിങ് പക്ഷികൾ, കുഞ്ഞുങ്ങൾ എന്നിങ്ങനെ വേറിട്ട ഷെഡുകളിലായാണ് വളർത്തുന്നത്. സൺകുനൂർ, പൈനാപ്പിൾ കുനൂർ, കോക് ടൈൽസ്, ലോറി, കിഡ്സ്, ഫിൻജസ്, ലൗബേർഡ്സ്, ബ്ലൂ ആൻഡ് ഗോൾഡ് മക്കോവ ഇനങ്ങളിൽപെട്ട 20 തരം പക്ഷികൾ കേന്ദ്രത്തിലുണ്ട്. ലോറി കിഡ്സ് പക്ഷിക്ക് മാത്രം പഴങ്ങൾ നൽകും. മറ്റുള്ളവക്ക് രണ്ട് നേരങ്ങളിലായി സീഡ് മിക്സ്, പച്ചക്കറികൾ, കോഴിമുട്ട ഫുഡ് എന്നിവയാണ് തീറ്റയായി നൽകുന്നത്.
പക്ഷികൾ കുഞ്ഞുങ്ങളാകുന്ന സമയം തൂവലുകൾ എടുത്ത് എറണാകുളത്തേക്ക് ഡി.എൻ.എ ടെസ്റ്റിന് അയക്കും. ഫലം വന്ന് ആൺ, പെൺ തരം തിരിച്ച് വളർത്തും. ഒന്നരവർഷമാവും ബ്രീഡിങ്ങിനാവുമ്പോൾ. ഭക്ഷണം നൽകുന്നതും മറ്റും ഭാര്യയും നാല് മക്കളുമാണ്.
ഇതിനിടെ രസകരമായ ഒരു അനുഭവവും സർഫാസിന് ഉണ്ടായിട്ടുണ്ട്. ഒരു വർഷം മുമ്പ് തൃശൂർ സ്വദേശിക്ക് മക്കോവയെ വിറ്റു. തുടർന്ന് വാങ്ങിയ ഉടമസ്ഥന്റെ വീട്ടിലെത്തിയ പക്ഷി സർഫാസിന്റെയും മക്കളുടെയും ഭാര്യയുടെയും പേര് വിളിച്ച് ഭക്ഷണം കഴിക്കാതെ ശബ്ദമുണ്ടാക്കിയതോടെ സർഫാസിനെ തന്നെ അവർ തിരിച്ചേൽപിച്ചു. പക്ഷിക്ക് തന്നോടുള്ള അടുപ്പം മനസ്സിലാക്കിയ സർഫാസ് ഇനി അതിനെ വിൽക്കില്ല എന്നും തീരുമാനിച്ചു. 1.70 ലക്ഷം രൂപ വില പറഞ്ഞെങ്കിലും വിൽക്കില്ലെന്ന തീരുമാനത്തിലാണ് സർഫാസ്.
കക്കാട് സഹകരണ ബാങ്ക് കലക്ഷൻ ഏജന്റാണ് സർഫാസ്. ഇവയ്ക്ക് പുറമെ അലങ്കാരമത്സ്യങ്ങളും കോഴികളും വളർത്തുന്നുണ്ട്. നഗരസഭ വൈറ്റ്ഗാർഡ് കോഓഡിനേറ്ററായും സജീവമാണ് സർഫാസ്. ഭാര്യ: ആയിശാബി. മക്കൾ: അംജദ്, അംന, അസ്ന, ജന്ന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.