ജീവിതം പരീക്ഷണമല്ല, അതൊരു അവസരമാണ് എന്ന് പറയാറുണ്ട്. എന്നാൽ ആ അവസരം നമ്മളിലെത്ര പേർ മനോഹരമായി വിനിയോഗിക്കാറുണ്ട്? ലഭിച്ച അനുഗ്രഹങ്ങൾക്ക് മുന്നിൽ നമ്മുടെ മനസ്സ് പരതുന്നത് ലഭിക്കാതെ പോയ ചെറിയ ചെറിയ നഷ്ടങ്ങളാവും. എന്നാൽ ഈ നഷ്ടങ്ങളെല്ലാം പോസിറ്റീവായി നേരിട്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കൊക്കെ ഉള്ളൂവെന്ന് തെളിയിക്കുകയാണ് ജസ്ഫർ പുളിക്കത്തൊടി. ഒരേ മനസ്സുള്ളവർ തമ്മിൽ അകലങ്ങൾ വളരില്ലെന്ന് പറയുന്ന പോലെ. ജസ്ഫറിനെ പ്രണയിച്ച് ജീവിതത്തിലേക്ക് കടന്നു വന്ന ഫാത്തിമയും മകനും ഒന്നിച്ചാണ് ഇന്ന് ജീവിതത്തിലെ മനോഹരമായ പുതിയ ചിത്രങ്ങൾ വരക്കുന്നത്.
ഇഷ്ടപ്പെട്ട പലതും ഒരിക്കൽ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയത്തിൽ ആയിരുന്നു ജസ്ഫർ. ചിത്രം വരക്കാൻ ഇഷ്ടമുള്ള ആ കൊച്ചു പയ്യന്റെ ജീവിതത്തിലേക്ക് മസ്കുലാർ അട്രോഫി എന്ന രോഗം കടന്നു വന്നപ്പോഴും ഒന്നിലും തളരാതെ ജസ്ഫർ ചിത്രം വരച്ചു കൊണ്ടേയിരുന്നു. മനോഹരമായ ഓരോ ചിത്രങ്ങൾക്കും ജീവൻ നൽകി കൊണ്ടേയിരുന്നു. നിറങ്ങളെ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടു. വായന ഇഷ്ടപ്പെടുന്ന ജസ്ഫർ ചെറുപ്പം മുതൽ ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ വായിച്ചുതീർത്തിട്ടുണ്ട്. ഈ വായന തന്നെയാണ് ജസ്ഫറിന്റെയും ഫാത്തിമയുടെയും പ്രണയത്തിനെ ദൃഢമാക്കുന്നതും.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചിത്രം വരയ്ക്കുന്നതിനിടെ തന്റെ കൈകൾ തളർന്നു പോകുന്നത് ശ്രദ്ധിച്ചത്. ശരീരത്തിന്റെ 80 ശതമാനം ഭാഗവും തളർന്നു. കൈകാലുകൾ പ്രവർത്തിക്കാതെയായി. കഴുത്തിനു മുകളിൽ മാത്രമായി ചലനശേഷി. സ്കൂൾ ജീവിതവും അവസാനിപ്പിക്കേണ്ടി വന്നു. ചുണ്ടുകൾ ഉപയോഗിച്ച് പെന്നും പെൻസിൽ ബ്രഷും എല്ലാം നിയന്ത്രിക്കാൻ ഒത്തിരി ശ്രമങ്ങൾക്ക് ശേഷം ജസ്ഫർ പഠിച്ചെടുത്തു. കൈകൾ കൊണ്ട് താൻ വരച്ചിരുന്നതിലും മനോഹരമായി വായകൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ വരക്കാൻ ജസ്ഫറിന് സാധിച്ചു. കൈകളിൽ നിന്ന് തനിക്ക് നഷ്ടപ്പെട്ടെന്ന് തോന്നിയ പലതും ആത്മധൈര്യം കൊണ്ട് തിരിച്ചു പിടിച്ചു. ആത്മവിശ്വാസം എന്ന ഒന്ന് കൂടെയുണ്ടെങ്കിൽ ശരീരത്തിന്റെ തളർച്ചയൊന്നും ഒരു തളർച്ചയല്ല എന്ന സന്ദേശം നൽകികൊണ്ട് ജസ്ഫർ നിശ്ചയദാർഡ്യമുള്ളവർക്ക് ഒരു പ്രചോദനമാവുകകൂടിയാണ്.
എ.പി.ജെ അബ്ദുൽ കലാം ആണ് ജസ്ഫറിന്റെ റോൾ മോഡൽ. കൈകൾ തളർന്നപ്പോൾ ആദ്യമായി ചുണ്ടുകൾ കൊണ്ട് വരച്ച പോർട്രൈറ് ചിത്രവും അദ്ദേഹത്തിന്റെ തന്നെയാണ്. 2003ൽ കോഴിക്കോട് വെച്ച് വളരെ ആഗ്രഹിച്ച് എ.പി.ജെ അബ്ദുൽ കലാമിനെ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചത് ഏറെ സന്തോഷം നൽകുന്ന ഓർമ്മയാണ് ജസ്ഫറിന്.
യു.എ.ഇ ഗോൾഡൻ വിസ കരസ്ഥമാക്കിയിട്ടുണ്ട് ജസ്ഫർ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ജസ്ഫർ വരച്ച ചിത്രം ശ്രദ്ധേയമായിരുന്നു. 2017ൽ താൻ വരച്ച ചിത്രങ്ങൾ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് നേരിട്ട് നൽകാനായി. യു.എ.ഇ, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങളിലായി ജസ്ഫർ വരച്ച ചിത്രങ്ങൾ എക്സിബിറ്റ് ചെയ്തിട്ടുണ്ട്. സിനിമാതാരം മമ്മൂട്ടി ഒരു ഫോട്ടോഷൂട്ടിനു വേണ്ടി ധരിച്ച, നീല നിറത്തിലുള്ള ചിത്രങ്ങൾ വരച്ചുചേർത്ത വെളുത്ത ഷർട്ടും ചർച്ചയായിരുന്നു. ജസ്ഫർ ചുണ്ടുകൾ കൊണ്ടാണ് ആ ഷർട്ടിലെ ചിത്രങ്ങൾ വരച്ചെടുത്തത്.
സന്തോഷമുള്ള കാര്യങ്ങൾ ചെയ്തു കൊണ്ടേയിരിക്കുക എന്നും, പാഷൻ ഇപ്പോഴും പിന്തുടരണമെന്നും, പരിമിതികളെന്ന് നാം കരുതുന്ന പലതും നമ്മുടെ കരുത്താകുമെന്നും ജസ്ഫർപറയുന്നു. കേരള സിലബസിൽ ഏഴാം തരത്തിൽ ജസ്ഫറിനെ കുറിച്ചൊരു പാഠഭാഗം ഉണ്ട്. നമുക്ക് നമ്മൾ തന്നെ നിശ്ചയിക്കുന്ന പരിധിയും, പരിമിതികളുമൊക്കെ മറികടക്കാൻ കുട്ടികൾക്ക് കൂടെ പ്രചോദനമാവുന്നതാണ് ഈ പാഠഭാഗം. ഈയിടെ ലുലു വാക്കത്തോണിന്റെ ഭാഗമായുള്ള ക്യാമ്പയ്നിലും ജസ്ഫറുണ്ടായിരുന്നു.
നടക്കാതിരിക്കാൻ നിങ്ങൾ കണ്ടെത്തുന്ന കാരണമെന്താണ് എന്ന തലക്കെട്ടോടെയായിരുന്നു ജസ്ഫറിന്റെ മോട്ടിവേഷണൽ വീഡിയോ പങ്കുവെച്ചത്. ലോകോത്തര ആശംസാകാര്‍ഡുകളിലും കലണ്ടറുകളിലും ജസ്ഫറിന്റെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചു. മലപ്പുറത്തെ ഗ്രീന്‍ പാലിയേറ്റിവ് കൂട്ടായ്മയുടെ ചെയര്‍മാനാണ് ജസ്ഫർ. ‘വീല്‍ചെയര്‍ സൗഹൃദ കേരളം’ ക്യാമ്പയ്നു നേതൃത്വം നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാരൻ എന്ന് മുദ്രകുത്തപ്പെട്ട് തളക്കപ്പെട്ട പലരുടെയും ജീവിതത്തിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ കൊണ്ട് വരികയാണ് ഇപ്പോൾ ലക്ഷ്യം.
ജസ്ഫറും കുടുംബവും മമ്മൂട്ടിയോടൊപ്പം
തളർന്നു പോകുന്നെന്ന് തോന്നുമ്പോൾ താങ്ങായൊരു കൂട്ടുണ്ടെങ്കിൽ ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല. മനോഹരമായ ഒരു പ്രണയത്തിന്റെ കഥകൂടിയുണ്ട് ജസ്ഫറിന്റെ ജീവിതത്തിൽ. ഫേസ്ബുക് വഴി പരിചയപ്പെട്ട ഫാത്തിമ ദോഫറുമായുള്ള സൗഹൃദം പിന്നീട് മനോഹര പ്രണയമായ കഥ... ഒരേ ഇഷ്ടങ്ങളും താൽപര്യവുമുള്ള രണ്ടാളുകൾ വളരെ യാഥാർശ്ചികമായി കണ്ടുമുട്ടി, ഒന്നിനും തകർക്കാനാവാത്ത സ്നേഹമായി മാറി. ഒരു വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം അവർ വിവാഹിതരായി. തലശ്ശേരി സ്വദേശിനിയായ ഫാത്തിമ ദോഫർ ജനിച്ചതും വളർന്നതുമൊക്കെ ഒമാനിലാണ്. എഴുത്തും വായനയുമൊക്കെ ഇഷ്ടമുള്ള ഫാത്തിമ, ജസ്ഫറിന് ഒരു കൂട്ടുകാരി കൂടെയാണ്.
ജസ്ഫർ ഭാര്യ ഫാത്തിമക്കും മകനുമൊപ്പം
ഒരേ ഇഷ്ടങ്ങളുള്ള കൂട്ടുകാരി. ഫാത്തിമ നൽകുന്ന സ്നേഹവും ധൈര്യവും ഒക്കെ ആത്മവിശ്വാസം കൂടി കൂട്ടുന്നതായിരുന്നു. ആരെയും വിസ്മയിപ്പിക്കുന്ന വരകളാണ് ജസ്ഫർ തന്റെ ചുണ്ടുകൾ ഉപയോഗിച്ച് ഇന്ന് വരക്കുന്നത്. അങ്ങനെ ജീവിതം തളർന്നുപോയി എന്ന് കരുതുന്ന പലർക്കും ആത്മവിശ്വാസത്തിന്റെ കരുത്തുകൂടിയാണ് ജസ്ഫർ പകരുന്നത്. മാതാപിതാക്കളായ അബ്ബാസ് പുളിക്കത്തൊടിയും ആബിദയും, സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒപ്പം ഇപ്പോഴും ധൈര്യം പകരുന്ന ജീവിത പങ്കാളി ഫാത്തിമയും എല്ലാം കൂടെ തന്നെ നിന്നതു കൂടിയാണ് തന്റെ വിജയത്തിന്റെ കാരണമെന്ന് ജസ്ഫർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.