മണിപ്പൂരിൽ കലാപത്തിൽ തകർന്ന വീടുകളും

കെട്ടിടങ്ങളും

കിഴക്കിന്‍റെ കണ്ണുനീർ

വീടും കുടുംബാംഗങ്ങളും നഷ്ടമായവർ. ക്രൂരപീഡനത്തിന് ഇരയാകുന്ന സ്ത്രീകൾ, കൊല്ലപ്പെടുന്ന കുട്ടികളടക്കമുള്ളവർ, ജോലിയില്ലാതെ ഭാവി തുലാസിലായ യുവാക്കൾ. ജീവിതം ഭാണ്ഡക്കെട്ടിലാക്കി പലായനം ചെയ്തവർ. വിദ്യാഭ്യാസം സ്വപ്നമായി മാത്രം അവശേഷിപ്പിക്കേണ്ടിവരുന്ന കുഞ്ഞുങ്ങൾ. വേദനിപ്പിക്കുന്ന പലതരം കാഴ്ചകളാണ് മണിപ്പൂരിൽ. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച മീഡിയവൺ ഡൽഹി ബ്യൂറോ ബ്രോഡ്‌കാസ്റ്റ് ജേണലിസ്റ്റ് തൗഫീഖ് അസ്‌ലം മണിപ്പൂരിലെ തീർപ്പില്ലാത്ത കലാപത്തെക്കുറിച്ച് എഴുതുന്നു

വാൾ ഓഫ് റിമംബ്രൻസ്

 ചുരാചന്ദ്പുരിലെ വാൾ ഓഫ് റിമെംബ്രൻസിൽ കൊല്ലപ്പെട്ടവരുടെ ചിത്രത്തിൽ രണ്ടുമാസം പ്രായമുള്ള ഇസാസിന്റെ ചിരിക്കുന്ന ചിത്രമുണ്ട്. അവളുടെ പുഞ്ചിരി കെടുത്തിക്കളഞ്ഞത് ഈ മണ്ണിലിപ്പോൾ ആളിക്കത്തുന്ന പകയാണ്. മാതാപിതാക്കൾ ഏറെനാൾ കാത്തിരുന്നുകിട്ടിയ പൊന്നോമനയുടെ ജീവനാണ് നിമിഷനേരംകൊണ്ട് വംശീയവെറിയില്ലാതാക്കിയത്. അവൾ കുക്കി ഗോത്രവർഗമായതാണ് ജീവൻ നഷ്ടമാകാൻ കാരണം. ബിഷ്ണുപൂരിലെ ഡേവിഡ് തീക്കെന്ന മുപ്പത്തഞ്ചുകാരന്റെ തലവെട്ടിയെടുത്ത് വീടിന്റെ വേലിയിൽ കൊളുത്തിയിടുകയിരുന്നു. ഉടൽ ഇനിയും കുടുംബം കണ്ടെത്തിയിട്ടില്ല. മൂന്ന് യുവതികളെ നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്തു. അവരുടെ ബന്ധുക്കളെ പൊലീസിനു മുന്നിൽവെച്ച് തലക്കടിച്ച് കൊന്ന് ആനന്ദം കണ്ടെത്തിയവരുമുണ്ട് മണിപ്പൂരിൽ.

കരൾ രണ്ടായി പിളരുന്ന കാഴ്ചകളാണ് മണിപ്പൂരിന്റെ കുന്നുകളിലും താഴ്വരയിലും കാണാൻ കഴിഞ്ഞത്. മണിപ്പൂർ രണ്ടായി വിഭജിച്ചുകഴിഞ്ഞു. താഴ്വരയായ ഇംഫാലിൽ മെയ്തേയ്കളും കുന്നിൻപ്രദേശമായ ചുരാചന്ദ്പുരിൽ കുക്കികളും മാത്രമാണ് കലാപം ആരംഭിച്ച മേയ് മൂന്നിനുശേഷം ജീവിക്കുന്നത്.

മണിപ്പൂരിലെത്തിയ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം ഗവർണർ അനുസൂയ യുക്കിയുമായി കൂടിക്കാഴ്ച നടത്തുന്നു

 

ഹൃദയം നുറുങ്ങും

ഒച്ചയില്ലാത്ത വിങ്ങലുകളുടെ വലിയൊരു കഥാസമാഹാരമായി മാറിയ നിരവധി മനുഷ്യർ സംരക്ഷണാലയത്തിന്റെ നാല് ചുമരുകൾക്കുള്ളിലാണ് ഇന്ന്. കൂട്ടായി, കുടുംബമായി ഒത്തൊരുമിച്ച് ജീവിച്ചിരുന്നവരുടെ കൂടെയിന്ന് പലരുമില്ല. മക്കളെ നഷ്ടപ്പെട്ടവരും മാതാപിതാക്കളെ നഷ്ടപ്പെട്ടവരുമായി നിരവധി സാധാരണക്കാരാണ് 350 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. നഷ്ടമായ ഇടങ്ങളുടെ നീറുന്ന കഥകൾ ഓരോരുത്തർക്കും പറയാനുണ്ട്. ഇംഫാലിലെ മെയ്തേയ് ദുരിതാശ്വാസ ക്യാമ്പിൽ ഗ്രാമത്തിലേക്ക് മടങ്ങണമെന്ന മോഹവുമായി സൊനാലി കുട്ടികളെയുമായി കഴിയാൻ തുടങ്ങിയിട്ട് രണ്ടര മാസമായി. ആക്രമികൾ വീട് പൂർണമായും കത്തിച്ചു. കുട്ടികളെ എങ്ങനെ വളർത്തുമെന്ന് അറിയില്ല.

കലാപത്തിനെതിരെ പ്രതിഷേധിക്കുന്നവർ

 

അവരെ പട്ടിണിക്കിടാതെ വളർത്തണമെന്നുണ്ട്. ചെറിയ ജോലികൾ ചെയ്താണ് ഇത്രേം നാൾ ജീവിച്ചത്. ഉള്ള സമ്പാദ്യംകൊണ്ട് പണിത വീടാണ് നിമിഷനേരം കൊണ്ട് കത്തിച്ചാമ്പലായതെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ സൊനാലിക്ക് കഴിഞ്ഞില്ല. വാക്കുകൾ ഇടറി,കണ്ണുകൾ നിറഞ്ഞു. കത്തിയമർന്ന വീടിന്റെ ഓർമയിലാണ് ഓരോ ദിവസവും കഴിയുന്നത്. തൊട്ടടുത്ത പായയിൽ ഇരുന്ന മഹേന്ദ്ര സിങ്ങിന്റെ ജീവിതത്തിലും സമാന അനുഭവമാണ് ഉണ്ടായത്. ഉള്ള് നിറയെ ഇന്ന് ഭയം മാത്രമാണ്. ഗ്രാമത്തിലേക്ക് തിരിച്ചുപോയാൽ ജീവൻവരെ നഷ്ടമാകും.

തിരികെ കയറിച്ചെല്ലാൻ ഒരുവീട് പോലുമില്ല. പ്രശ്നങ്ങൾ എല്ലാം കെട്ടടങ്ങിയശേഷം ഈ ക്യാമ്പിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടാൽ എങ്ങോട്ട് പോകുമെന്നും അറിയില്ല. സമാധാനം നഷ്ടമായിട്ട് മൂന്ന് മാസമാകുന്നു. കുക്കി വിഭാഗമാണ് വീടുകൾ കത്തിച്ചതെന്ന് ഇവർ പറയുന്നു. വിവിധ ക്യാമ്പുകളിലായി 60ലധികം കുട്ടികളെ ദാരിദ്ര്യം മൂലം രക്ഷിതാക്കൾ ഉപേക്ഷിക്കുകയും ചെയ്തു.

●●●

 

ജോൺ ബ്രിട്ടാസ് എം.പി പരിക്കേറ്റവരെ സന്ദർശിക്കുന്നു

റോഡ് മാർഗം കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിലേക്ക് പോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇംഫാലിൽനിന്ന് ഹെലികോപ്ടറിലാണ് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. മിനി സെക്രട്ടേറിയറ്റിന് മുന്നിലാണ് കുക്കികൾ വാൾ ഓഫ് റിമെംബ്രൻസ് ഒരുക്കിയിരിക്കുന്നത്. ശവമഞ്ചങ്ങൾ നിരത്തി പ്രതീകാത്മക ശ്മശാനമാണ് തയാറാക്കിയിരിക്കുന്നത്. കാക്കോച്ചി നാനോനയെന്ന 60കാരിയെ ക്യാമ്പിൽവെച്ചാണ് കണ്ടത്. കാക്കോച്ചിയുടെ അയൽവാസി മെയ്തേയ് കുടുംബം ആയിരുന്നു. സംഘർഷം ആരംഭിച്ചതിനുപിന്നാലെ അയൽവാസി വീടിന് തീയിട്ടു, ശേഷം വെടിയുതിർത്തു.

ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നും തിരിച്ചുപോകാൻ ഇനിയൊരു ഇടമില്ലെന്നുംപറഞ്ഞ് വിലപിക്കുകയാണ് അവർ. സ്കൂളിലേക്ക് പോകാൻ കൊതിച്ച് ക്യാമ്പുകളിൽ കഴിയുന്ന നിരവധി കുട്ടികളുമുണ്ട്. കുന്നിൻപ്രദേശത്തേക്ക് ഇനി ഒരിക്കലും മെയ്തേയികളെ കയറ്റില്ലെന്നാണ് കുക്കികളുടെ തീരുമാനം. തലസ്ഥാനമായ ഇംഫാലിലേക്ക് തങ്ങളുടെ എം.എൽ.എമാർക്കുപോലും ഇനി വരാൻ കഴിയില്ല. അവർക്ക് എങ്ങനെ സംസ്ഥാനഭരണത്തിൽ പങ്കു വഹിക്കാനാകും. സംസ്ഥാന പൊലീസിലും സുരക്ഷസേനയിലും മെയ്തേയ്കൾക്കാണ് ആധിപത്യം. അതിനാൽ സ്വന്തം ഭരണവും സ്വന്തം പൊലീസ് സേനയും വേണമെന്നാണ് കുക്കികളുടെ ആവശ്യം. കുക്കിലാൻഡ് എന്ന ആവശ്യം ശക്തമായി ഉയർത്തുകയും ചെയ്യുന്നുണ്ട്. ബിഷ്ണുപുരിലും, ചുരാചന്ദ്പുരിലും സ്ത്രീകളും കുട്ടികളുമടക്കമുള്ള ആൾക്കൂട്ടം നിയമം കൈയിലെടുക്കുകയാണ്. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കും. സംശയം തോന്നിയാൽ മുന്നോട്ടു വിടില്ല.

സൊനാലി കുട്ടിയുമായി ദുരിതാശ്വാസ ക്യാമ്പിൽ

 

കത്തിയെരിയുന്നു

കിഴക്കിന്റെ രത്നമെന്നാണ് മലകളും സമതലങ്ങളും നിറഞ്ഞ മണിപ്പൂർ അറിയപ്പെടുന്നത്. ഗോത്രകലകളുടെയും കലാരൂപങ്ങളുടെയും കേദാരഭൂമി. കൃഷി ഉപജീവനമായി സ്വീകരിച്ചവർ. വിഘടനവാദത്തിന്റെ നാല് പതിറ്റാണ്ട് ചരിത്രവുമുണ്ട് മണിപ്പൂരിന്. ഏറെ നാളായി സൈന്യം സവിശേഷാധികാരങ്ങളോടെ മണിപ്പൂരിലുണ്ട്. സൈന്യത്തിനെതിരെ ജനങ്ങളുടെ രോഷം ഒരു വശത്ത്, ഇപ്പോഴിതാ, ഗോത്രവർഗങ്ങൾക്കിടയിലുള്ള കലാപത്തിൽ മണിപ്പൂർ കത്തിയെരിയുന്നു. ആയുധമെടുത്ത് പരസ്പരം പോരാടുന്നു കുക്കി-മെയ്തേയ് വിഭാഗങ്ങൾ.

മണിപ്പൂരിൽ ആക്രമണവും കലാപവും പുതിയ കാര്യമല്ല. പതിറ്റാണ്ടുകളായി മെയ്തേയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമുണ്ടാകാറുണ്ട്. മെയ്​തേയികളും നാഗരും തമ്മിൽ ഏറ്റുമുട്ടാറുണ്ട്. നാഗരും കുക്കികളും തമ്മിലും ഏറ്റുമുട്ടാറുണ്ട്. മണിപ്പൂരിൽ ഓരോ ഗോത്രവർഗത്തിനും മിലീഷ്യകളുണ്ട്. അവരുമായി ഇന്ത്യൻ സൈന്യവും ഏറ്റുമുട്ടുന്നത് പതിവാണ്. ഇപ്പോൾ നടക്കുന്നത് അക്ഷരാർഥത്തിൽ ആഭ്യന്തരയുദ്ധമാണ്. നിരവധി ഗ്രാമങ്ങളും ആരാധനാലയങ്ങളും സ്കൂളുകളും അഗ്നിക്കിരയായി.

 

പട്ടികവർഗ പദവി നൽകുന്നതിനെച്ചൊല്ലി ആരംഭിച്ച സംഘർഷമാണ് അനിയന്ത്രിതമായ കലാപമായി പരിണമിച്ചത്. മെയ്തേയികൾക്ക് പ​ട്ടി​ക​വ​ർ​ഗ പദവി​ ന​ൽ​കാ​ൻ പ​തി​റ്റാ​ണ്ടു മു​മ്പൊരു തീരുമാനമുണ്ടായിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ പ്രത്യാഘാതം ബോധ്യമുള്ള സർക്കാറുകൾ അക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരുന്നത്. പക്ഷേ, തീരുമാനം നടപ്പാക്കാത്തതിൽ കോടതി ഇടപെട്ടു. സർക്കാറിന്റെ നിലപാട് ചോദിച്ചു. തീരുമാനം നടപ്പാക്കാൻ നിർദേശം നൽകി. സർക്കാർ അതിന് ശ്രമമാരംഭിച്ചതോടെ സംഘർഷത്തിനും തുടക്കമായി.

നിലവിൽ പട്ടികവർഗ പദവിയുള്ളവരും ആ പദവി ആഗ്രഹിക്കുന്നവരും തമ്മിലുള്ള സംഘർഷമാണ് ഇപ്പോൾ മണിപ്പൂരിൽ നടക്കുന്നത്. ജനസംഖ്യയുടെ 53 ശതമാനംവരുന്ന മെയ്തേയ് വിഭാഗം കൂടുതലും താമസിക്കുന്നത് ഇംഫാൽ താഴ്‌വരയിലാണ്. കുക്കികളും നാഗകളും മുസ്‌ലിംകളുമടക്കമുള്ള 40 ശതമാനം പേർ മലയോര ജില്ലകളിലും താമസിക്കുന്നു. മെയ്തേയി ഭൂരിപക്ഷപ്രദേശമായ ഇംഫാലിൽ ഒരു കുക്കി സമുദായക്കാരൻ പോലും ഇപ്പോൾ അവശേഷിക്കുന്നില്ല. ബോക്സർ താരം മേരികോം ഉൾപ്പെടെയുള്ളവർ ഇന്നിവിടെയില്ല. നിരവധി വീടുകളും സ്കൂളുകളും ആരാധനാലയങ്ങളും കത്തിച്ചു. ചുരാചന്ദ്പുർ, കാങ്‌പോക്പി തുടങ്ങി കുക്കി ഭൂരിപക്ഷ പ്രദേശമായ മലയോരത്ത് മെയ്തേയ് കുടുംബങ്ങളുമില്ല. അവരുടെ ഗ്രാമങ്ങളും കത്തിച്ചാമ്പലാക്കി.

കൊല്ലപ്പെട്ട ഗ്രാമവാസികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ നിൽക്കുന്ന മെയ്തേയ് സ്ത്രീകൾ

 

ഇരകളായ സ്ത്രീകൾ

പീഡനത്തിനും പിന്നീട് ക്രൂര കൊലപാതകങ്ങൾക്കും ഇരയായവരുണ്ട് മണിപ്പൂരിൽ. കൂട്ട ബലാത്സംഗത്തിന് ഇരയായവർ വേറെയും. മൃതദേഹങ്ങളോട് പോലും തെല്ലും കരുണ കാട്ടാത്ത ആക്രമികൾ തോക്കുമായി അഴിഞ്ഞാടുകയാണ് മണിപ്പൂരിന്റെ തെരുവുകളിൽ. യുവതികളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച ദൃശ്യങ്ങൾ ലോകം ചർച്ചചെയ്തതിനുപിന്നാലെ കൂടുതൽ പരാതികളും പീഡന വിവരങ്ങളും അറിഞ്ഞ് ഞെട്ടിത്തരിക്കുകയാണ് രാജ്യം.

കൊല്ലപ്പെട്ടവരുടെ മൃതദേഹംപോലും മാതാപിതാക്കൾക്ക് കാണാൻ സാധിക്കുന്നില്ല. ഇംഫാലിലെ ലാങ്ജിങ്ങിൽ മെയ്തേയ് യുവാവിനെ വിവാഹംചെയ്ത കുക്കി യുവതി കൂട്ടബലാത്സംഗത്തിനു ശേഷമാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത പാടശേഖരത്തിൽവെച്ചാണ് കൂട്ടബലാത്സംഗം നടത്തി കൊന്നത്. ഭർത്താവ് മെയ്തേയ് ആണെന്ന് അറിഞ്ഞിട്ടും യുവതിയെ വെറുതെ വിടാൻ ആക്രമികൾ തയാറായില്ല. നിരവധി മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറിയിലാണ്. ബന്ധുക്കൾക്ക് മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻപോലും വരാൻ സാധിക്കാത്ത അവസ്ഥ. എതിർവിഭാഗത്തെ കൺമുന്നിൽ കണ്ടാൽ ഉടൻ കൊന്നുകളയും. അത്രയും ഭീതിയിലാണ് മണിപ്പൂർ.

അസം റൈഫിൾസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ സ്ത്രീ

 

കാഞ്ചിയിൽ വിരലമർത്തി

ഇരുവിഭാഗം തമ്മിൽ ഉടലെടുത്ത ശത്രുതക്ക് തുടക്കത്തിലേ അറുതിവരുത്താൻ ശ്രമിക്കാതെ ഭരണകൂടം നിശ്ശബ്ദത പാലിച്ചു. ഈ മൗനമാണ് നിയന്ത്രണാതീതമായ കലാപത്തിലേക്ക് വഴിതുറന്നത്. ആക്രമണത്തിന് അതേ നാണയത്തിൽ മറു വിഭാഗം തിരിച്ചടിയും തുടങ്ങി. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു പ്രയത്നിച്ചിട്ടും ഇപ്പോൾ തീയണക്കാനാകാത്ത സ്ഥിതിയിലെത്തിക്കഴിഞ്ഞു.

പൊലീസിനെയും സുരക്ഷ സേനയെയും വിശ്വസിക്കാതെ, ആധുനിക യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി സ്വന്തം സൈന്യത്തെ വിന്യസിച്ച് ഗ്രാമങ്ങൾക്കു കാവൽനിൽക്കുകയാണ് മെയ്തേയ്കളും കുക്കികളും. സേനാ കേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനുകളും കൊള്ളയടിച്ച് ആയുധങ്ങൾ കൈക്കലാക്കിയാണ് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുന്നത്. രാജ്യാതിർത്തിയിലെന്നപോലെ സ്വന്തം ഗ്രാമാതിർത്തികളിൽ നിരവധി ബങ്കറുകൾ സ്ഥാപിച്ച്, സ്നൈപ്പർ തോക്കുകളുടെ കാഞ്ചിയിൽ വിരൽ ​വെച്ചിരിക്കുകയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരുടെ സംഘം.

ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന കുന്നിൻപ്രദേശങ്ങളെയും മെയ്തേയ് വിഭാഗക്കാർ താമസിക്കുന്ന ഇംഫാൽ താഴ്‌വരകളെയും ബന്ധിപ്പിക്കുന്ന ബഫർസോണുകൾ അക്ഷരാർഥത്തിൽ യുദ്ധക്കളങ്ങളായി മാറിയിരിക്കുന്നു.

 

വിവേചനവും കാരണമായി

ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ താമസിക്കുന്ന കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ൾ വിവേചനം നേരിടുന്നുവെന്നതിന്റെ നേർ സാക്ഷ്യമാണ് മണിപ്പൂർ സംസ്ഥാന ബജറ്റുകൾ. ഇം​ഫാ​ൽ കേ​ന്ദ്രീ​ക​രി​ച്ച്​ താ​ഴ്​​വ​ര​യി​​ലേ​ക്ക്​ ഭ​ര​ണ​കൂ​ടം കോടിക്കണക്കിന് രൂപ നൽകുമ്പോൾ, അതിന്റെ ഒരു ശതമാനം മാത്രമാണ് ​​ ഗോ​ത്ര​മേഖ​ല​ക്ക്​ ല​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 60 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ൽ നാ​ൽ​പ​തും മെയ്തേയ് മേ​ഖ​ല​യി​ലാ​ണ്. കു​ന്നി​ൻ​പു​റ​ങ്ങ​ളി​ൽ 20 സീ​റ്റു​ക​ളേ​യു​ള്ളൂ. ബി.ജെ.പിയുടെ ഏറ്റവും വലിയ വോട്ട് ബാങ്കും താ​ഴ്​​വ​ര​യിലാണ്. വിവേചനത്തിന്റെ പ്രധാന കാരണം അതുതന്നെ.

2020-21 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഇംഫാൽ താഴ്വരയിൽ 951 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​പ്പോ​ൾ ഹി​ൽ ഏ​രി​യ​ക്ക്​ അ​നു​വ​ദി​ച്ച​ത്​ വെ​റും 41 കോടി മാത്രമാണ്. അ​ടി​സ്ഥാ​ന​ വി​ക​സ​നം, തൊ​ഴി​ൽ, ആ​രോ​ഗ്യം എ​ന്നി​വ​യി​ലെ​ല്ലാം ഈ ​ വിവേചനം പ്രകടമാണ്. ഒരുവശത്ത് ദാരിദ്ര്യവും വിവേചനവും. അതോടൊപ്പം മെയ്തേയ് വിഭാഗങ്ങൾക്ക് ഗോത്രവർഗ പദവികൂടി നൽകാൻ സർക്കാർ ഒരുങ്ങിയതോടെയാണ് കുക്കി ലാൻഡ് വേണമെന്ന മുറവിളി വീണ്ടും ശക്തിപ്രാപിച്ചത്.

വിശ്വാസം നഷ്ടപ്പെട്ട ജനത

നിരവധി മനുഷ്യരുടെ ജീവിതമാണ് പിഴുതെറിയപ്പെട്ടത്. അവരുടെ ജീവിതവും ഉപജീവനവും നശിച്ചു. കത്തിനശിച്ച വീടുകളുടെയും വെടിയേറ്റ് മരിച്ച കുടുംബാംഗങ്ങളുടെയും ഓർമയുടെ നടുക്കത്തിലാണവർ. വിവിധ ജനവിഭാഗങ്ങളുമായി ഞങ്ങൾ ചർച്ചകൾ നടത്തി. സംസ്ഥാന ഭരണം പൂർണമായി തകർന്നുവെന്നും മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നുമായിരുന്നു ജനങ്ങളുടെ പൊതുവായ അഭിപ്രായം. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ബിരേൻ സിങ് അധികാരത്തിൽ തുടരുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ബുദ്ധിമുട്ട് നേരിടുകയാണ്.

ജോൺ ബ്രിട്ടാസ് എം.പി

Tags:    
News Summary - manipur attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.