ദോഹ: ദോഹയിൽനിന്നും ഏതാണ്ട് ഏഴെട്ട് കിലോമീറ്റർ ദൂരെ ബിൻ ഉംറാനിലെ യൂനിയൻ ലേഡീസ് ടെയ്ലർ എന്ന ഒറ്റമുറിക്കടയും, അവിടെ പഴഞ്ചനൊരു ഡബ്ൾ മോട്ടോർ മെഷീനിൽ പെൺകുപ്പായങ്ങൾ തുന്നുന്ന തൃശൂരുകാരൻ ഭാസ്കരേട്ടനും ഖത്തറിന്റെ നാല് പതിറ്റാണ്ടോളം പഴക്കമുള്ളൊരു കാഴ്ചയാണ്. ദോഹ മുതൽ റയ്യാൻ, അൽ വക്റ തുടങ്ങി ദുഖാൻ ഉൾപ്പെടെ വിദൂരദിക്കുകളിൽനിന്നുവരെ ഖത്തരി വനിതകൾ കുപ്പായങ്ങൾ തുന്നിയെടുക്കാൻ ഈ മലയാളി തുന്നൽക്കാരനെ തേടിയെത്തുന്നത് പതിവുതെറ്റാത്തൊരു ശീലമാണ്.
ഈ കാഴ്ചകൾക്കെല്ലാം വിരാമം കുറിച്ച് ഖത്തറിനോട് യാത്രപറഞ്ഞ് വിമാനം കയറുകയാണ് ഭാസ്കരൻ. വെള്ളിയാഴ്ച വൈകുന്നേരത്തെ എയർ അറേബ്യ കയറി കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ നാലുപതിറ്റാണ്ട് നീണ്ട പ്രവാസത്തിനാണ് പുഞ്ചിരിയോടെ 68കാരൻ വിടചൊല്ലുന്നത്.
1982 ജൂലൈ 15ന് തുടങ്ങി 41 വർഷം നീണ്ട ഖത്തർ പ്രവാസം അവസാനിപ്പിച്ച് തൃശൂർ കീഴ്പ്പള്ളിക്കര പണിക്കൻപറമ്പിൽ ഭാസ്കരൻ നാട്ടിലേക്ക് മടങ്ങുന്നതോടെ യൂനിയൻ ലേഡീസ് ടെയ്ലർ എന്ന സ്ഥാപനവും, അവിടെ നിറംമങ്ങി തഴമ്പുകയറിയ ബ്ലൂ ബേർഡിന്റെ തയ്യൽ മെഷീനും അനാഥമാവുന്നു.
കൂടപ്പിറപ്പെന്ന പോലെ ഭാസ്കരന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ജപ്പാൻ നിർമിതമായ ബ്ലൂ ബേർഡ് മെഷീനും. ‘എനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെല്ലാം അവനിലൂടെയായിരുന്നു. ഇക്കാലത്തിനിടെ ഒരിക്കലും അവൻ പണിമുടക്കിയിട്ടില്ല. 27ാം വയസ്സിൽ ഖത്തറിലെത്തി ആദ്യമായി തൊഴിലിടത്തിലെത്തിയതിനുപിന്നാലെ സൂഖ് വാഖിഫിലെ കടയിൽനിന്നും വാങ്ങിയതുമുതൽ ഒപ്പം കൂടിയതാണ് അവൻ.
എന്റെ സ്വപ്നങ്ങളെല്ലാം അവന്റെ സൂചിമുനയിലൂടെ തുണികളിൽ കയറിയിറങ്ങി പുതുപുത്തൻ കുപ്പായങ്ങളായി മാറി. ഞാനും അവനും ഒന്നിച്ച് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഖത്തറിന്റെ പലഭാഗങ്ങളിലെ അറബ് സ്ത്രീകളുടെ ഇഷ്ടങ്ങളായി... ഇപ്പോൾ, നാട്ടിലേക്ക് മടങ്ങുമ്പോൾ ഞങ്ങൾ ഇരുവരും വേർപിരിയുകയാണ്. ഇനി കുടുംബത്തിനൊപ്പം കഴിയണം’ -മക്കളെയും പ്രിയതമയെയും കൂടപ്പിറപ്പുകളെയും പോലെ സ്നേഹിച്ച പ്രിയപ്പെട്ട ‘ബ്ലൂ ബേർഡ്’ മെഷീനെക്കുറിച്ച് ഭാസ്കരന്റെ വിശേഷങ്ങൾ പറഞ്ഞുതീരുന്നില്ല.
19 വയസ്സിലായിരുന്നു ഭാസ്കരൻ നാട്ടിൽ തയ്യൽ മേഖലയിലെത്തുന്നത്. സുഹൃത്ത് കൂടിയായ സലീമിനൊപ്പം സ്വന്തമായി തയ്യൽക്കട തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ പ്രശസ്തി നേടി. ഇതിനിടയിൽ ഖത്തറിലേക്ക് ജോലി തേടിയെത്തിയ സലീമാണ് ഭാസ്കരനെ ഇവിടെയെത്തിച്ച് തങ്ങളുടെ നാട്ടിലെ സംരംഭം ഇവിടെ പറിച്ചുനടാൻ ആലോചിച്ചത്. അങ്ങനെ, 1982ൽ തന്റെ 27ാം വയസ്സിൽ ഭാസ്കരനും പ്രവാസിയായി. സ്ത്രീകളുടെ വസ്ത്രങ്ങൾ തുന്നുന്നതിലായിരുന്നു ഇവരുടെ സ്ഥാപനം പ്രശസ്തി നേടിയത്. ആദ്യ ആറു വർഷം ഒരു സ്പോൺസർക്കുകീഴിൽ പ്രവർത്തിച്ച ശേഷം, മറ്റൊരു ഖത്തരി സ്പോൺസറുടെ കീഴിലേക്ക് തങ്ങളുടെ സ്ഥാപനം മാറി ‘യൂനിയൻ ലേഡീസ് ടെയ്ലർ’ ആയി മാറി.
ഇതിനിടയിൽ സലീം ദുബൈയിലേക്ക് പോയി. പിന്നെ പലരും കൂട്ടായെത്തിയെങ്കിലും ഭാസ്കരനും തന്റെ മെഷീനും മാത്രം യൂനിയൻ ടെയ്ലറിന്റെ പടിയിറങ്ങിയില്ല. നാട്ടിലേക്ക് അവധിക്ക് പോകുമ്പോഴും പെരുന്നാളിന്റെ ഭാഗമായി രണ്ടുദിവസത്തെ അവധി ദിവസങ്ങളിലുമല്ലാതെ ഒരിക്കൽ പോലും ഇരുവരും പിരിഞ്ഞിട്ടില്ല. നാട്ടിക സ്വദേശിയായ കമറുദ്ദീനൊപ്പം 28 വർഷത്തോളം ഭാസ്കരൻ കട നടത്തി. പിന്നെ, കഴിഞ്ഞ ഏഴുവർഷമായി ഭാസ്കരൻ തന്നെ കൊണ്ടുനടന്നു. ഇപ്പോൾ, നാട്ടിലേക്ക് മടങ്ങുമ്പോൾ വാടാനപ്പള്ളിക്കാരൻ അബൂബക്കറിലേക്ക് തന്റെ ബ്ലൂ ബേർഡ് മെഷീനും കടയും കൈമാറിയാണ് മടക്കം.
‘ജീവിത പ്രാരബ്ധങ്ങൾക്കിടയിലായിരുന്നു പ്രവാസത്തിലെത്തിയത്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഏറെ സന്തോഷം മാത്രം. ആദ്യം നാല് സഹോദരിമാരെ വിവാഹം ചെയ്തയച്ചു. പിന്നെ സ്വന്തം വിവാഹവും. മൂന്ന് പെൺമക്കൾ ഉൾപ്പെടെ നാലുമക്കളുടെയും പഠനവും വിവാഹവും വീട് നിർമാണവുമെല്ലാമായി പ്രവാസം ഒരുപാട് നല്ല കാര്യങ്ങൾ സമ്മാനിച്ചു. മക്കളെല്ലാം ജോലിയിലും പ്രവേശിച്ചു. ഇതിനിടയിൽ, ഖത്തറിൽ മരിച്ച സഹോദരൻ സുബ്രഹ്മണ്യന്റെ ജീവനറ്റ ശരീരം നാട്ടിലെത്തിച്ചത് തീരാനോവായി ഒപ്പമുണ്ട്. 23 വർഷം മുമ്പായിരുന്നു വിവാഹത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ സുബ്രഹ്മണ്യൻ മരിച്ചത്’ -ഖത്തറിനോട് യാത്ര പറയുംമുമ്പേ പഴയ ആ ഓർമകളുടെ ചെപ്പ് ഭാസ്കരൻ വീണ്ടും തുറന്നു.
തങ്ങളുടെ പ്രിയപ്പെട്ട തയ്യൽക്കാരൻ നാട്ടിലേക്ക് മടങ്ങുമ്പോൾ ഏറെ വേദനയോടെയാണ് ഖത്തരികളായ ഇടപാടുകാർ യാത്ര പറയുന്നത്. ഇനിയും ഇവിടെ തുടരാനുള്ള അവരുടെ സ്നേഹപൂർണമായ നിർബന്ധത്തിന് നോ പറയുകയാണ് ഈ തൃശൂർകാരൻ. ഇനി വീട്ടിലെത്തി ഭാര്യ കാഞ്ചനക്കൊപ്പം ശിഷ്ടകാലം കഴിയണം. അധ്യാപികമാരായ സ്മിത, സ്മിന, ബിന്ദു, ദുബൈയിൽ പ്രവാസിയായ സനൽ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.