സുലൈമാൻ കൂലേരി
ദമ്മാം: 42 വർഷം മുമ്പത്തെ അറബിഭാഷ സമരത്തിൽ അറസ്റ്റ് വരിച്ച തീക്ഷ്ണനാളുകളുടെ ഓർമയിൽ ഒരു പ്രവാസി. സൗദിയിലെ മുതിർന്ന കെ.എം.സി.സി നേതാവ് കൂടിയായ സുലൈമാൻ കൂലേരിയുടെ പ്രവാസത്തിനും ഏതാണ്ട് അതേ പ്രായമാണ്. സമരം കഴിഞ്ഞാണ് ജീവിതസമരത്തിന്റെ വഴിയിൽ ഉപജീവനം തേടി ഗൾഫിലേക്ക് പുറപ്പെട്ടത്.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ട ഭാഷാസമരം നടക്കുന്നത് 1980 ജൂലൈ 30 നാണ്. മലപ്പുറത്തെ കലക്ടറേറ്റ് പിക്കറ്റിനിടയിലുണ്ടായ യൂത്ത് ലീഗിന്റെ സമരത്തിലെ വെടിവെപ്പിലാണ് റഹ്മാൻ, കുഞ്ഞിപ്പ, മജീദ് എന്നിവർ രക്തസാക്ഷികളാവുന്നത്. അന്ന് കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന സുലൈമാൻ കൂലേരി തന്റെ ജില്ലയിൽ നടന്ന സമരത്തിൽ പങ്കെടുത്തിരുന്നു.
നാല് പതിറ്റാണ്ടിലേറെ നീളുന്ന പ്രവാസത്തിനിടയിൽ അന്ന് ഭാഷാസമരത്തിന്റെ തീക്ഷ്ണതയിൽ അലിഞ്ഞുചേർന്ന ആവേശത്തിന് ഒട്ടും കുറവില്ല. ഗൾഫിലേക്ക് പുറപ്പെടാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സുലൈമാൻ ഭാഷാസമരത്തിന്റെ ഭാഗമാകുന്നത്. ഗൾഫിലേക്ക് പോകേണ്ടതിനാൽ സമരത്തിൽ പങ്കെടുക്കരുതെന്നും അറസ്റ്റ് വരിക്കാൻ ഇടയാക്കരുതെന്നും കൂട്ടുകാർ ഉപദേശിച്ചതാണ്. പക്ഷേ, ആവേശകരമായ സമരത്തിൽ ഒരു കാണിയായി നിൽക്കാൻ സുലൈമാന് കഴിഞ്ഞില്ല.
റമദാൻ 17നായിരുന്നു ആ സമയം. വ്രതം നോറ്റ് തളർന്നെങ്കിലും ആവേശം ചോരാതെ സമരത്തിൽ പങ്കാളിയാവുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽനിന്ന് വിട്ടയക്കപ്പെട്ടപ്പോഴാണ് മലപ്പുറത്തെ സമരത്തിൽ വെടിവെപ്പുണ്ടായ വാർത്ത അറിയുന്നത്. മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ മലപ്പുറത്തേക്ക് വണ്ടികയറി. വേങ്ങരയിലെ ലീഗ് ഓഫിസിൽ നിന്ന് കിട്ടിയ വണ്ടിയിൽ പാണക്കാട്ട് എത്തിയപ്പോഴാണ് മരിച്ചവരെയും പരിക്കേറ്റവരെയും പെരിന്തൽമണ്ണ താലൂക്കാശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന വിവരം ലഭിക്കുന്നത്.
നേരെ അവിടേക്ക് വെച്ചുപിടിച്ചു. ഒരു ദിവസം കഴിഞ്ഞാൽ ഗൾഫിൽ പോകേണ്ട ആളാണെന്ന ബോധ്യമൊക്കെ അസ്തമിച്ചിരുന്നു. പരിക്കേറ്റവരെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും പ്രവർത്തകരോടൊപ്പം കൂടി. തിരിച്ച് പാണക്കാട്ട് എത്തുമ്പോഴേക്കും നേതാക്കൾ എതാണ്ടെല്ലാ പേരും എത്തിയിരുന്നു. ഒടുവിൽ ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സുലൈമാൻ മടങ്ങിപ്പോയത്.
അന്ന് ശിഹാബ് തങ്ങൾ നൽകിയ അനുഗ്രഹമാണ് തന്റെ ജീവിതത്തിലെ എന്നത്തേയും തണലെന്ന് ഈ ലീഗ് പ്രവർത്തകൻ വിശ്വസിക്കുന്നു. ഈ വർഷവും പതിവുപോലെ അൽഖോബാർ കെ.എം.സി.സിയുടെ നേതൃത്വത്തിൽ റഹ്മാൻ കുഞ്ഞിപ്പ, മജീദ് അനുസ്മരണം നടന്നപ്പോൾ 42 വർഷങ്ങൾക്കപ്പുറമുള്ള ആ സമരതീക്ഷ്ണതയുടെ ഓർമകൾ സുലൈമാൻ പങ്കുവെച്ചു.
അന്നത്തെ ആ മൂന്ന് ചെറുപ്പക്കാരുടെ ജീവനും താൻ ഉൾപ്പെടെയുള്ള വരുടെ അണയാത്ത ആവേശവുമാണ് ആയിരക്കണക്കിന് പേരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമായിരുന്ന വിവാദ ബിൽ പിൻവലിക്കാൻ ഇടതുപക്ഷ സർക്കാറിനെ പ്രേരിപ്പിച്ചതെന്ന് സുലൈമാൻ കൂലേരി വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.