തി​രു​നെ​ല്ലി കൊ​ല്ലി കോ​ള​നി​യി​ലെ മ​ണി​യ​ന്റെ ന​ങ്ക അ​ങ്ങാ​ടി

നങ്ക അങ്ങാടി; കാടിന് നടുവിലെ പ്രതീക്ഷകളുടെ അങ്ങാടി

തിരുനെല്ലി: 'നങ്ക അങ്ങാടി'ക്ക് കാട്ടുനായ്ക്ക ഭാഷയില്‍ ഞങ്ങളുടെ അങ്ങാടി എന്നാണ് അർഥം. ഇത് അവരുടെ അങ്ങാടിയാണ്. ജില്ലയിലെ ആദിവാസി ഊരുകളില്‍ താമസിക്കുന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായി അവരുടെ ഊരുകളിലേക്ക് കടന്നുവന്ന അങ്ങാടി.

ജില്ലയില്‍ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ ആദിവാസി ഊരുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ച് വിതരണം ചെയ്യാന്‍ ഊരു നിവാസികള്‍ ശ്രമം നടത്തിയിരുന്നു. ആ ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി വയനാട് കുടുംബശ്രീ മിഷന്‍ കൂടെ അണിചേര്‍ന്നപ്പോള്‍ നങ്ക അങ്ങാടികള്‍ എന്ന ഊരു നിവാസികളുടെ സ്വപ്നം യാഥാർഥ്യമാകുകയായിരുന്നു.

കുടുംബശ്രീ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഓരോ ആദിവാസി ഊരുകളിലും അവര്‍ക്ക് ആവശ്യമായ വീട്ടുപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് നങ്ക അങ്ങാടികള്‍ തുടങ്ങാന്‍ പദ്ധതിയിടുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ടൗണില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ കുടുംബശ്രീ അധികൃതരുടെ സഹായത്തോടെ ഊരു നിവാസികള്‍ കടകളില്‍ എത്തിച്ചു വിതരണം ചെയ്യാന്‍ തുടങ്ങി. ഊരു നിവാസികളിലുള്ള ഒരാള്‍ക്ക് കടയുടെ ചുമതല നല്‍കി. അങ്ങനെ 'നങ്ക അങ്ങാടി' അവരുടെ അങ്ങാടിയായി മാറി .

തിരുനെല്ലി പഞ്ചായത്തിലെ ഒരു ഊരില്‍ നിന്ന് തുടങ്ങിയ നങ്ക അങ്ങാടിയുടെ യാത്ര ഇന്ന് ജില്ലയിലെ വിവിധ ഊരുകളിലൂടെ പര്യടനം നടത്തുകയാണ്. ജില്ലയില്‍ അറുപതോളം നങ്ക അങ്ങാടികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ 20 ഊരുകളിലാണ് നങ്ക അങ്ങാടി പ്രവര്‍ത്തിക്കുന്നത്. ഊരു നിവാസികള്‍ക്ക് മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുകയാണ് നങ്ക അങ്ങാടികളുടെ ലക്ഷ്യം.

നിലവില്‍ തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന നങ്ക അങ്ങാടികളുടെ കണ്‍സോർട്യം രൂപവത്കരിച്ച് പൊതുമാര്‍ക്കറ്റില്‍ നിന്ന് മിതമായ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കി കടകളിലൂടെ ഊരു നിവാസികള്‍ക്ക് വിതരണം ചെയ്യുമെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോ ഓഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നല്‍കുന്ന ലോണ്‍ മുഖേനയാണ് നങ്ക അങ്ങാടികള്‍ തുടങ്ങാന്‍ അവസരം ഒരുക്കുന്നത്. ഒരു കടയ്ക്ക് 30,000 രൂപയാണ് ലോണ്‍ അനുവദിക്കുന്നത്. ആഴ്ച്ച തോറും 500 രൂപ കടയുടമകള്‍ തിരിച്ചടക്കണം.

പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്കാണ് ഭൂരിഭാഗം നങ്ക അങ്ങാടികളുടെയും ചുമതല. അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സംവിധാനമെന്നതിലുപരി നങ്ക അങ്ങാടികള്‍ ഊരു നിവാസികള്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.

മണിയന് നൽകിയത് പുതുജീവിതത്തിന്റെ വെളിച്ചം

തിരുനെല്ലി: ഇരുട്ടിലായ മണിയന്റെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പകരുകയാണ് നങ്ക അങ്ങാടി. ചെറിയ പെട്ടിക്കട വീടിന് സമീപം തുടങ്ങി അന്ധതയോട് പടപൊരുതി ജീവിച്ചിരുന്ന മണിയന് നങ്ക അങ്ങാടി വലിയ പ്രതീക്ഷയായി മാറി.

പനവല്ലി കൊല്ലി കോളനിയിലാണ് മണിയന്‍ താമസിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന മണിയന്റെ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് നങ്ക അങ്ങാടി. ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലിയില്‍ ആദ്യമായി നങ്ക അങ്ങാടികള്‍ അനുവദിച്ചവരുടെ കൂട്ടത്തില്‍ മണിയനും ഉണ്ടായിരുന്നു.

ഉള്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍ മണിയന് മനപ്പാഠമാണ് തന്റെ നങ്ക അങ്ങാടിയിലേക്കുള്ള വഴിയും കടയിലെ സാധനങ്ങളും. കോളനിവാസികള്‍ക്കും പ്രിയപ്പെട്ടതാണ് മണിയനും മണിയന്റെ നങ്ക അങ്ങാടിയും.

മണിയന്റെ വീടിന് സമീപത്ത് തന്നെയാണ് നങ്ക അങ്ങാടി പ്രവര്‍ത്തിക്കുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ അടക്കമുള്ള പലചരക്ക് സാധനങ്ങളെല്ലാം മണിയന്റെ നങ്ക അങ്ങാടിയിലുണ്ട്.

Tags:    
News Summary - A bazaar of hopes in the middle of the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.