വാകത്താനം: ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വയോധികയുടെ ജീവൻ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. വാകത്താനം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പായിപ്പാട് സ്വദേശി സി.വി. പ്രദീപ് കുമാറാണ് 70 വയസ്സുകാരിക്ക് പുതുജീവൻ നൽകിയത്.ഞായറാഴ്ച വൈകീട്ട് 4.30ന് വാകത്താനം നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിലെ വയോധികയുടെ കൊച്ചുമകന്റെ പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയതായിരുന്നു പ്രദീപ്കുമാർ. 10ാം വാർഡ് മുൻ മെംബറായ ലിസിയാമ്മ ജോസഫും കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസിയാമ്മയോട് സംസാരിക്കുന്നതിനിടയിലാണ് ഇവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം അന്വേഷിച്ചപ്പോൾ കിട്ടിയില്ല.ഇതോടെ വീട്ടിൽ ഉണ്ടായിരുന്ന കാറിൽ പോകാമെന്ന് പ്രദീപ് കുമാർ പറഞ്ഞു. കുറച്ചുനാളായി ഉപയോഗിക്കാതിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് വാഹനം സ്റ്റാർട്ട് ആക്കിയത്.
തുടർന്ന് വയോധികയെ ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാലാണ് ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.രാത്രി വയോധികയുടെ ബന്ധുക്കൾ എത്തിയശേഷമാണ് പ്രദീപ് കുമാർ ആശുപത്രിയിൽനിന്നു മടങ്ങിയത്. പൊലീസ് സേനാംഗങ്ങളുടെ ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ എന്നും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.