മിന്നാമിനുങ്ങുകൾക്കും ചെറുപ്രാണികൾക്കും തുമ്പികൾക്കുമെല്ലാമൊരു ലോകമുണ്ട്. മനുഷ്യന്റെ കാഴ്ചക്കുമപ്പുറമുള്ള അവയുടെ സൂക്ഷ്മലോകത്തേക്ക് കാമറ തുറന്നുവെച്ച് ഒരു ചിത്രകലാകാരന്റെ മനസ്സോടെ ജ്യോതിഷ് കെ. സനിൽ പകർത്തിയ ചിത്രങ്ങൾ ഇന്ന് ലോകോത്തര ശ്രദ്ധനേടിയിരിക്കുകയാണ്. സൂക്ഷ്മദൃശ്യങ്ങൾ പകർത്തുന്ന മാക്രോ ഫോട്ടോഗ്രഫിയിൽതന്നെ പ്രകൃതിയിലെ ചെറിയ ജീവജാലങ്ങളുടെ സൂക്ഷ്മ ലോകത്തേക്കിറങ്ങിയാണ് മാനന്തവാടി തോണിച്ചാൽ കുഴികണ്ടത്തിൽ ജ്യോതിഷ് കെ. സനിൽ വ്യത്യസ്തനാകുന്നത്.
കുട്ടിക്കാലത്ത് മിന്നാമിനുങ്ങുകളെ ഏറെ കൗതുകത്തോടെ നോക്കിക്കണ്ടിരുന്ന ജ്യോതിഷിനെ ചെറുപ്പകാലത്തെ ആ കൗതുകവും ഇഷ്ടവുമാണ് ഇന്ന് അറിയപ്പെടുന്ന ക്രിയേറ്റിവ് േനച്ചർ ആൻഡ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാക്കിയത്.
ഫോട്ടോഗ്രഫിയോട് ഇഷ്ടം തോന്നിത്തുടങ്ങിയപ്പോൾ ജ്യോതിഷ് ആദ്യം തന്നെ ചെറുപ്പകാലത്ത് ഏറെ ആകർഷിച്ചിരുന്ന മിന്നാമിനുങ്ങുകളെ പകർത്താനാണ് ആഗ്രഹിച്ചത്. വരിവരിയായി പറന്നുനീങ്ങുന്ന മിന്നാമിന്നുങ്ങ് കൂട്ടങ്ങൾ. പല രാത്രികളിലും സ്വപ്നത്തിൽ കണ്ട ആ ദൃശ്യങ്ങളെടുക്കാൻ ജ്യോതിഷ് കോവിഡ് ലോക്ഡൗണിനിടെ തുനിഞ്ഞിറങ്ങി. മനുഷ്യന്റെ ഇടപെടൽ കുറഞ്ഞ കോവിഡ് കാലത്ത് മിന്നാമിനുങ്ങുകൾ കൂട്ടമായെത്തിയിരുന്നു. വൈഡ് ആംഗിൾ ലെൻസോ ട്രൈപോഡോ ഒന്നുമില്ലാതെ വെറും കാമറ മാത്രമായി ജ്യോതിഷ് തന്റെ വീടിനു സമീപത്തുവെച്ച് മിന്നാമിനുങ്ങുകളുടെ പിന്നാലെ നടന്നു.
എല്ലാ ദിവസവും വൈകീട്ട് ആറു മുതൽ രാത്രി പത്തുവരെ നീളും. ഓരോ ദിവസവും പ്രതീക്ഷിച്ചപോലെയുള്ള ചിത്രം കിട്ടാതെ നിരാശനായി മടങ്ങിയെങ്കിലും 11ാം ദിവസം ജ്യോതിഷ് സ്വപ്നത്തിൽകണ്ട ആ ചിത്രങ്ങൾ കാമറയിൽ പതിഞ്ഞു. ആ ചിത്രങ്ങൾ കണ്ടപ്പോൾ തന്റെതന്നെ ചെറുപ്പകാലമാണ് ഓർമവന്നത്. ബൾബ് മോഡിൽ പകർത്തിയ ആ ചിത്രങ്ങൾ പെയിന്റിങ്ങുകളെക്കാൾ മനോഹരമെന്ന അഭിനന്ദനം ജ്യോതിഷിനെ തേടിയെത്തി. ഈ ചിത്രങ്ങൾ നൽകിയ ആത്മവിശ്വാസമാണ് ജ്യോതിഷിനെ ക്രിയേറ്റിവ് നേച്ചർ ഫോട്ടോഗ്രഫിയിലേക്ക് തിരിച്ചുവിടുന്നത്.
കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽനിന്ന് റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനിടെ 2018ൽ ആത്മസുഹൃത്തായ ബിബിൻ സമ്മാനിച്ച സ്മാർട്ട് ഫോണിൽ ചിത്രങ്ങൾ പകർത്തിയാണ് ഫോട്ടോഗ്രഫി മേഖലയിലേക്ക് കടന്നുവരുന്നത്. രണ്ടു വർഷത്തോളം ഫോണിൽ ചിത്രങ്ങൾ പകർത്തിയ ജ്യോതിഷ് 2020ലാണ് നിക്കോണിന്റെ കാമറ സ്വന്തമാക്കുന്നത്.
]പിന്നീട് അതിലെടുത്ത മാക്രോ ഫോട്ടോഗ്രാഫുകളിൽ ഇഷ്ടം തോന്നി ബംഗളൂരുവിലെ വിവേക് എന്ന ഫോട്ടോഗ്രാഫർ ജ്യോതിഷിന് മാക്രോ ലെൻസ് സമ്മാനിച്ചു. പിന്നീട് ജ്യോതിഷ് തന്റെ കാമറയുമായി പ്രകൃതിക്കുള്ളിലെ അത്ഭുത ചെപ്പ് തേടി യാത്ര തുടങ്ങി. ഈച്ചകളും തുമ്പികളും കട്ടുറുമ്പും വിവിധതരം തവളകളും പൂമ്പാറ്റകളുമെല്ലാം ജ്യോതിഷിന്റെ ഫ്രെയ്മിൽ വന്നു. സാധാരണ ചിത്രങ്ങൾക്കുമപ്പുറം ജ്യോതിഷ് പകർത്തിയ ജീവജാലങ്ങളുടെ സൂക്ഷ്മ ദൃശ്യങ്ങൾ ജൈവലോകത്തെ വേറിട്ട കാഴ്ചയാണ് സമ്മാനിക്കുന്നത്.
മൂന്നാറിൽവെച്ച് എടുത്ത വൈപ്പർ വിഭാഗത്തിലെ പച്ചപാമ്പിന്റെയും പേരിയയിൽവെച്ച് പകർത്തിയ മലബാർ പിറ്റ് വൈപ്പറിന്റെയും ചിത്രങ്ങൾ ഉൾപ്പെടെ ലോക ശ്രദ്ധ നേടി. ഇവയുടെ ചിത്രങ്ങൾ ക്രെഡിറ്റ് ലൈനോടെ നിക്കോൺ കമ്പനി അവരുടെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലും ഉൾപ്പെടെ ഷെയർ ചെയ്തു. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ഫോട്ടോ വിഡിയോ ഏഷ്യ എക്സ്പോയുടെ ഭാഗമായി നിക്കോൺ ഇന്ത്യ പ്രസിദ്ധീകരിച്ച കോഫി ടേബ്ൾ ബുക്കിൽ നാച്വറൽ ഫോട്ടോഗ്രഫി വിഭാഗത്തിൽ ജ്യോതിഷിന്റെ ഈ ചിത്രങ്ങളും ഇടംപിടിച്ചു.
ജ്യോതിഷ് മൊബൈലിൽ പകർത്തിയ ജീവജാലങ്ങളുടെ സൂക്ഷ്മചിത്രങ്ങൾ 2019ൽ ബ്രെൻഡ വൈൽഡ് എന്ന അന്താരാഷ്ട്ര പോർട്ടലിലും പ്രസിദ്ധീകരിച്ചിരുന്നു. ക്രിയേറ്റിവ് നാച്വറൽ ഫോട്ടോഗ്രഫിയിൽ കൂടുതൽ മുന്നേറുകയാണ് ജ്യോതിഷിന്റെ സ്വപ്നം.ജ്യോതിഷ് പകർത്തിയ മിന്നാമിനുങ്ങുകളുടെ ചിത്രങ്ങൾ ദിവസങ്ങൾക്കു മുമ്പ് ക്രെഡിറ്റ് ലൈനോടെ നിക്കോൺ അവരുടെ സമൂഹമാധ്യമ പേജിൽ പ്രസിദ്ധീകരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.