കൊട്ടിയം: യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുക അജിത്കുമാറിന്റെ കർമ്മമാണങ്കിൽ ആവശ്യക്കാർക്ക് സ്വന്തം രക്തം നൽകുന്നത് ഇദ്ദേഹത്തിന്റെ ധർമ്മമാണ്. 49 വയസിനിടയിൽ പ്രായത്തിന്റെ മൂന്നിരട്ടിയിലധികം തവണയാണ് ചിറക്കരത്താഴം ഉണ്ണി മങ്ങാട് മേലതിൽവീട്ടിലെ ഈ ഗൃഹനാഥൻ രക്തദാനം നടത്തിയത്. രക്തദാനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ അജിത്കുമാർ ഇന്ന് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന രക്തദാതാവാണ്.
‘ഒ നെഗറ്റീവ്’ രക്തം ആവശ്യം വരുമ്പോൾ ആളുകൾ ആദ്യം അന്വേഷിക്കുക അജിത് കുമാറിനെ ആണ്. കെ.എസ്.ആർ.ടി.സി കണ്ടക്ടർ ആയ അജിത് കുമാർ ഇതുവരെ 143 തവണ രക്തം കൊടുക്കുകയും ആയിരകണക്കിന് പേർക്ക് വിവിധ ഗ്രൂപ്പുകളിലുള്ള രക്തം സംഘടിപ്പിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.
പതിനെട്ടാം വയസിൽ ചാത്തന്നൂർ ശ്രീനാരായണ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ആദ്യമായി രക്തദാനം ചെയ്യുന്നത്.ചിറക്കരത്താഴം ഉണ്ണിമങ്ങാട് മേലതിൽ ബാബുവിന്റെ മകനായ അജിത്കുമാർ ഇപ്പോൾ കെ.എസ്.ആർ. ടി.സി കോഴിക്കോട് ഡിപ്പോയിലാണ്.
തൊണ്ണൂറുകളിൽ കേരള കബഡി ടീമംഗമായിരുന്ന ഇദ്ദേഹത്തിന് രക്തദാനം കൊണ്ട് ആരോഗ്യമുള്ള ശരീരം നിലനിർത്തുവാൻ സാധിച്ചു, കൂടാതെ ലഹരിക്ക് അടിമപ്പെടാതെ ജീവിക്കാനും പറ്റി. രക്തദാനം കൊണ്ട് ഒരുപാട് പേരെ സഹായിക്കാൻ ഇദ്ദേഹത്തിനായിട്ടുണ്ട്.
രക്തദാനത്തിന് ഇന്നുവരെ ആരുടെ കയ്യിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല. സ്വന്തം ചിലവിൽ ആണ് പോകുന്നതും വരുന്നതും എല്ലാം. സർക്കാർ ഉദ്യോഗസ്ഥർക്ക് രക്തദാനം ചെയ്യുന്ന ദിവസം ലഭിക്കുന്ന ഡ്യൂട്ടി പോലും 20 വർഷത്തെ സർവിസിനു ഇടക്ക് വാങ്ങിയിട്ടില്ല.
‘ ആർ.സി.സിയിൽ രക്തം കൊടുക്കുന്നതിനാണ് ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്. കോവിഡ് കാലത്ത് ആർ.സി.സിയിൽ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്ക് മൂന്നുതവണ രക്തംകൊടുക്കേണ്ടി വന്നു. തനിക്ക് രക്തം നൽകിയ ആളെ കാണണമെന്ന് ആവശ്യപ്പെട്ട രോഗി മുകളിലത്തെനിലയിൽ നിന്നുകൊണ്ട് താഴെ നിൽക്കുകയായിരുന്നു എന്നെ നോക്കി കൈകൂപ്പി നിന്നരംഗം മനസ്സിൽ നിന്നും ഒരിക്കലും മായില്ല.’ -അജിത് കുമാർ പറയുന്നു.
നൂറു പേർക്ക് രക്തം കൊടുത്തതിനെ തുടർന്ന് 2015 ൽ അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാർ അജിത് കുമാറിനെ തന്റെ ഓഫീസിൽ വിളിച്ചു വരുത്തി ആദരിച്ചിരുന്നു. രക്തദാതക്കൾക്ക് വേണ്ടിയുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായ അജിത്കുമാർ രക്തദാനത്തിന്റെ മഹത്വം മറ്റുള്ളവർക്ക് പകർന്നു നൽകുകയും ഒപ്പം തന്നെ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ രക്തം ദാനം ചെയ്യാൻ കഴിയാതെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇദ്ദേഹത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.