ആലപ്പുഴ: ആലപ്പുഴയുടെ മണ്ണിലേക്ക് കേരളശ്രീപട്ടം ലഭിച്ചിട്ട് 50വർഷം തികയുന്നു. ശരീരസൗന്ദര്യ മത്സരത്തിന്റെ വിശാലമായ വേദികളിലേക്ക് ആലപ്പുഴയെ ഉയർത്തിയ പുന്നപ്ര വടക്ക് പഞ്ചായത്ത് തേനൻ വീട്ടിൽ ഡോ വി. സോമനാണ് ഈനേട്ടം കരസ്ഥമാക്കിയത്. പഴയകാലപ്രതിഭയെ ആദരിക്കാൻ ഞായറാഴ്ച തേനൻ കുടുംബ-സുഹൃദ് കൂട്ടായ്മയും ശിഷ്യരും ഒത്തുചേരും.
1973ലാണ് സോമൻ കേരളശ്രീ പട്ടം നേടിയത്. 1969 മുതൽ 72വരെ മിസ്റ്റർ ആലപ്പിയായിരുന്നു. എം.ബി.ബി.എസ് പഠനകാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജിം തുടങ്ങാൻ നേതൃത്വപരമായ പങ്കുവഹിച്ചു. മിസ്റ്റർ തിരുവനന്തപുരം പട്ടവും അന്തർ സർവകലാശാല മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയിരുന്നു.
മെഡിസിൻ പഠനത്തിനുശേഷം വിദേശത്തും പിന്നീട് സ്വദേശത്തും ജീവിതം തുടരുമ്പോഴും വ്യായാമ മുറകൾക്കായി മണിക്കൂറുകൾ മാറ്റിവെച്ചിരുന്നു ഈ 74കാരൻ. ഞായറാഴ്ച ആലപ്പുഴ വൈ.എം.സിഎ ഹാളിലാണ് ആദരിക്കുന്നത്. ഒപ്പം ഗുരുവായിരുന്ന കെ.ആർ. സ്വാമി അനുസ്മരണ ചടങ്ങും നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. എം.എൻ.സി. ബോസ് പറഞ്ഞു. ആലപ്പുഴയിലെ പവർ ലിഫ്റ്റിങ് മേഖലയിലെ പ്രമുഖരും പൊതുപ്രവർത്തകരും വൈകീട്ട് നടക്കുന്ന അനുമോദന ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.