ചു​വ​ടു​ക​ൾ തേ​ടി

ആഫ്രിക്കയിലെ കെനിയയിൽ നിന്നും ഗാന്ധിയെയും ഗാന്ധി നടന്ന പാതകളും തിരഞ്ഞ് ഇന്ത്യയിലെത്തിയ അ​ലി ഹാ​രെ റു​വ താൻ കണ്ട ഗാന്ധിയെക്കുറിച്ച്...

മോഹൻദാസ് കരംചന്ദ് ഗാന്ധിയുമായി എന്റെ ആദ്യ മുഖാമുഖം പ്രൈമറി സ്കൂൾ പഠനകാലത്താണ്. ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരായ പോരാട്ടവും ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ നേതൃത്വവും അദ്ദേഹത്തെ ഞങ്ങൾക്കിടയിൽ പ്രശസ്തനാക്കിയിരുന്നു. 1942 ആഗസ്റ്റ് എട്ടിന് ‘ക്വിറ്റ് ഇന്ത്യ’ പ്ര​​ക്ഷോഭത്തിന് നാന്ദികുറിച്ച് അദ്ദേഹം ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യമുയർത്തി. കോട്ടയത്തേക്ക് മടങ്ങുംമുമ്പ് ആശ്രമത്തിലെ അവസാന ദിവസവും ഇതേനാൾ തന്നെയായത് നിയോഗമാകാം.

കെനിയയിലെ എഗർടൺ സർവകലാശാലയിൽ ചരിത്രത്തിൽ ബിരുദ പഠനം നടത്തുന്ന കാലത്ത് ഞാൻ ഒരിക്കൽകൂടി ഗാന്ധിയുമായി മുഖാമുഖം നിന്നു. അഹിംസയിലൂന്നി ഇന്ത്യക്കാരെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കായിരുന്നു ശരിക്കും കുതൂഹലപ്പെടുത്തിയത്. നേരെ മറിച്ച് കെനിയക്കാർ സ്വാതന്ത്ര്യസമര പോരാട്ടം നയിച്ചത് ഗറില മാർഗങ്ങളിലൂടെയായിരുന്നു. മൂല്യത്തിലുറച്ച് നയിക്കുന്ന അഹിംസാ സമരമാണ് ഏറ്റവും മികച്ച സമരമുറയെന്ന് ഞാൻ കരുതുന്നു. അടിച്ചമർത്തലിനെതിരെ പ്രയോഗിക്കാൻ ജനങ്ങൾക്ക് ഏറ്റവും ഇഷ്ടമായ എന്നാൽ, ഏതു സ്ഥലത്തും സാഹചര്യത്തിലും ഹിതമായ മാർഗമാണത്.

ഗാന്ധി ദക്ഷിണാഫ്രിക്കയിൽ ​സമരം നയിക്കുന്ന 1900കളിലെ കോളനി കാലത്ത് രാജ്യത്തെ ഇന്ത്യൻ സമൂഹം വഴി കെനിയക്കാർക്ക് ഗാന്ധിയെ അറിയാം. വഴിത്തിരിവാകുന്നത് 1922ൽ ഹാരി തുകു ജയിലിലടക്കപ്പെട്ടപ്പോഴാണ്. ആഫ്രിക്കൻ, ഇന്ത്യൻ സമൂഹങ്ങളിൽ വ്യാപക രോഷം സൃഷ്ടിച്ചു ഈ അറസ്റ്റ്. വിഷയത്തിൽ ഇടപെടലും ഐക്യദാർഢ്യവും ആവശ്യപ്പെട്ട് ഗുജറാത്തുകാരനായ മണിഭായ് ദേശായി അടക്കം ഇന്ത്യൻ നേതാക്കൾ ഗാന്ധിജിക്ക് കത്തെഴുതി.

കുടിയൊഴിപ്പിക്കൽ, നികുതി ഭാരം അടിച്ചേൽപിക്കൽ, തൊഴിലാളി പീഡനം എന്നീ കൊളോണിയൽ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ 1921ൽ ഈസ്റ്റ് ആ​ഫ്രിക്കൻ അസോസിയേഷൻ രൂപവത്കരിച്ച തൊഴിലാളി വർഗ നേതാവായിരുന്നു ഹാരി തുകു.

ബിരുദപഠനം പൂർത്തിയായതോടെ ഒരു സന്നദ്ധ സംഘടനയിൽ ഞാൻ ജോലിക്കാരനായി. കുടുംബജീവിതത്തിലേക്കും പ്രവേശിച്ചു. പ്രോജക്ട് പ്ലാനിങ് ആൻഡ് മാനേജ്മെന്റിൽ അതിനിടെ ഞാൻ മാസ്റ്റേഴ്സും പൂർത്തിയാക്കി. ഗാന്ധിയോട് തോന്നിയ ഇഷ്ടം പഠനകാലത്തെ ഹോബി മാത്രമായി ചുരുങ്ങുമെന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ. എന്നാൽ, വിധി കാത്തുവെച്ചത്

മറ്റൊന്നായിരുന്നു. സർക്കാർ ജോലിയിൽ പ്രവേശിച്ച എനിക്ക് കോട്ടയം മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റൽ സ്​റ്റഡീസിൽ ഡോക്ടറേറ്റ് ചെയ്യാൻ അവസരം തുറന്നു. ‘നിന്നെ കണ്ടെത്താനുള്ള ഏറ്റവും മികച്ച മാർഗം മറ്റുള്ളവരുടെ സേവനത്തിനായി നിന്നെ സ്വയം നഷ്ടപ്പെടുത്തലാണ്’ എന്ന് ഗാന്ധി ഒരിക്കൽ പറഞ്ഞത് ശരിക്കും എന്നെ ആവേശംകൊള്ളിച്ചു. അദ്ദേഹം വിട്ടിട്ടുപോയ പൈതൃകങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ വാതായനം തുറക്കപ്പെടുകയായിരുന്നു അവിടെ. ഗാന്ധിയുടെ ആഗോള സമാധാന, അഹിംസ ദർശനങ്ങളെ മാർട്ടിൻ ലൂഥർ കിങ്ങിന്റേതുമായി സമീകരിച്ചുള്ള പഠനമാണ് ഞാൻ തെരഞ്ഞെടുത്തത്. ഗാന്ധിയുടെ അഹിംസ സമരം ആഫ്രിക്കൻ അമേരിക്കൻ അവകാശ പോരാട്ട പ്രസ്ഥാനങ്ങളെ സ്വാധീനിച്ചതായി അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു. ‘അനീതി എവിടെയായാലും എല്ലായിട​ത്തെയും നീതിക്കത് ഭീഷണിയാണ്’ എന്നായിരുന്നു ലൂഥർ കിങ്ങിന്റെ വിഖ്യാത പ്രഖ്യാപനം. പരസ്പരം ഇഴചേർന്നുനിൽക്കുന്ന അഹിംസയുടെ തലങ്ങൾ തേടിയായി പിന്നീട് എന്റെ യാത്ര.

ആശ്രമത്തിലേക്ക് തീർഥാടനം

മഹാരാഷ്ട്രയിലെ വാർധയിലെ ഗാന്ധിയുടെ സേവാഗ്രാം ആശ്രമത്തിലേക്ക് നടത്തിയ തീർഥാടനമായിരുന്നു ഗവേഷണത്തിലെ ഏറ്റവും സവിശേഷ മുഹൂർത്തം. ഗാന്ധിയെ അദ്ദേഹത്തിന്റെ രചനകളിലും മറ്റുള്ളവർ പറഞ്ഞുകേട്ടുമായിരുന്നു അതുവരെ ഞാനറിഞ്ഞത്. കൃതഹസ്തനായ ഒരു എഴുത്തുകാരനായിരുന്നു ഗാന്ധി. ആനുകാലികങ്ങളിലെ രചനകളുടെ 100 വോള്യങ്ങളെങ്കിലും അദ്ദേഹത്തിന്റേതായുണ്ട്. ‘നാളെ മരണമെത്തുമെന്ന പോലെ ജീവിക്കുക. പഠനം എക്കാലത്തേക്കും ജീവിക്കാനുള്ളവന്റേതുമാക്കുക’ എന്നായിരുന്നു ഗാന്ധിജിയുടെ ഉപദേശം. ഈ വാക്കുകൾ മനസ്സിൽ അലയൊലി തീർത്ത്, തീർഥാടനമെന്ന് മനസ്സുപറഞ്ഞ ആ യാത്രക്ക് ഞാൻ ഇറങ്ങി.

ആശ്രമ മൈതാനം, ശാന്തതയുറങ്ങുന്ന പുലർകാല സമയത്ത് അവിടെയെത്തിയപ്പോൾ ചരിത്രത്തിലേക്ക് തിരികെ യാത്രയെന്ന നിറവ് മാത്രമായിരുന്നില്ല മനസ്സിനെ വന്നുമൂടിയത്, ഇന്ത്യൻ ചരിത്രത്തെ നിർമിച്ച മഹാപുരുഷന്മാരുടെയും സ്ത്രീകളുടെയും വലിയ കഥകൾ കുടികൊള്ളുന്ന ആസ്ഥാന​മെന്ന ബോധ്യംകൂടിയായിരുന്നു. ജവഹർ ലാൽ നെഹ്റു, സർദാർ വല്ലഭ് ഭായ് പട്ടേൽ, വിനോബ ഭാവെ, രാജേന്ദ്ര പ്രസാദ്, ഖാൻ അബ്ദുൽ ഗഫാർ ഖാൻ... എന്നിങ്ങനെ പലരും. ഗാന്ധി അന്ന് ചരിച്ച വഴികളിലൂടെയൊക്കെ ഞാനും നീങ്ങി. ഒരു പതിവു സന്ദർശകനായല്ല, യാത്ര ചെയ്താൽ മാത്രം ലഭിക്കുന്ന ഉൾക്കാഴ്ചകൾ തേടുന്ന തീർഥാടകനായി മനസ്സ് മന്ത്രിച്ചു. ഗാന്ധിയുടെ ലാളിത്യം ഞാൻ നേരിട്ടുകണ്ടു. വീടുകൾ മണ്ണിലുയർന്നതായിരുന്നു. തദ്ദേശീയമായി ലഭിക്കുന്ന മറ്റു വസ്തുക്കൾ മാ​ത്രമായിരുന്നു കൂടെ ഉപയോഗിച്ചത്. തറയിൽ പായ വിരിച്ചാണ് ആളുകളുടെ ഉറക്കം. സർവോപരി, ആശ്രമ അന്തേവാസികൾ അഹിംസ ജീവിതവ്രതമായി വരിച്ചവരും. ഇന്ത്യയുടെ മധ്യത്തിലാണെന്നത് പരിഗണിച്ചായിരുന്നു ഗാന്ധി ഈ സ്ഥലം തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും എളുപ്പത്തിൽ സഞ്ചരിക്കാവുന്ന ഇടം. ഇന്ത്യൻ ദേശീയത ചട്ടക്കൂടിലൂന്നിയ തന്റെ പാഠങ്ങളുടെ പ്രാധാന്യവും കൂടി അ​ത് പങ്കുവെച്ചു.

സാമൂഹിക പ്രവർത്തക കരുണ, ആശ്രമത്തിലെ അസിസ്റ്റന്റ് എന്നിവർക്കൊപ്പം ലേഖകൻ ഗാന്ധിയുടെ വസതിക്കുമുമ്പിൽ  

ഗാന്ധിയുടെ ​സന്ധ്യാ പ്രാർഥന ഈ ആശ്രമത്തിലായിരുന്നു പതിവ്. ഗാന്ധിഗൃഹത്തോടു ചേർന്ന് ആശ്രമത്തിലെ നിയമാവലിയുൾക്കൊള്ളുന്ന ഒരു നോട്ടീസ് ബോർഡുണ്ട്. ഗാന്ധിയുടെ കാലത്ത് എത്രമാത്രം ചടുലമായിരുന്നു ഇവിടെ നിത്യജീവിതമെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള സ്വാത​ന്ത്ര്യസമര​ പോരാളികളും അവരുടെ മക്കളും ആശ്രമ പരിസരത്ത് കളിച്ചും ജീവിച്ചും കഴിഞ്ഞുകൂട്ടിയ നാളുകൾ. മുറികളിൽ കയറിയിറങ്ങിയും ഗാന്ധി ഉപയോഗിച്ച വസ്തുവകകൾ കണ്ടും ഞാൻ വീടുകൾ കറങ്ങിനടന്നപ്പോൾ മനസ്സിൽ അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിധ്വനിച്ചു: ‘നീ എന്തു ചെയ്യുന്നുവെങ്കിലും അത് പ്രധാനമാണ്, പക്ഷേ, അത് ചെയ്തേ പറ്റൂ’. അഥവാ, എത്ര ചെറുതാണ് ചെയ്യുന്നതെങ്കിലും വിശാലാർഥത്തിൽ അതും സ്വന്തം പങ്ക് നിർവഹിക്കുന്നുണ്ട്. ആശ്രമ വാസികളുമായും നടത്തിപ്പുകാരുമായുമുള്ള കൂടിക്കാഴ്ചയായിരുന്നു സന്ദർശനത്തിൽ പ്രധാനം. ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. സിബി കെ. ജോസഫ് മുതൽ ആശ്രമം സെക്രട്ടറി വിജയ് ടാംബെ വരെ പലരുമുണ്ട്. പുസ്തകങ്ങളിൽ ലഭിക്കാത്ത ഉൾക്കാഴ്ചകൾ അവർ പകർന്നുനൽകി. ആശ്രമം സംഘടിപ്പിച്ച ചർച്ചകൾ, ശിൽപശാലകൾ എന്നിവയിൽനിന്ന് ഓരോ ദിനവും ഗാന്ധിയുടെ രചനകളും അഹിംസയിലൂന്നിയ പദ്ധതികളും ഞാൻ അടുത്തറിഞ്ഞു. മൂല്യങ്ങളിലുറച്ച വ്യക്തിഗത വളർച്ചക്കും സാമൂഹിക മാറ്റത്തിനുമുള്ള ഒരു ലബോറട്ടറിയായാണ് ആശ്രമം എനിക്ക് അനുഭവ​പ്പെട്ടത്.

ആശ്രമത്തിൽ കഴിഞ്ഞ നാലുദിവസത്തിനിടെ വലിയ ഒരു പരിവർത്തനം എന്നിൽ പതിയെ വന്നുനിറഞ്ഞു. ആശ്രമ ജീവിതം സ്വീകരിച്ചതോടെ മിതവ്യയത്തിന്റെയും സ്വയം പര്യപ്തതയുടെയും തത്ത്വങ്ങൾ ജീവിച്ചറിഞ്ഞു. ഗാന്ധി പറയുന്നുണ്ട്: ‘ലോകത്തിൽ നീ കാണാൻ കൊതിക്കുന്ന മാറ്റം ആദ്യം നീ തന്നെയാവുക’. ഈ വചസ്സുകളുടെ സവിശേഷത ഞാൻ സ്വയം ജീവിതത്തിൽ തന്നെ കണ്ടു.

ലൈബ്രറി ആൻഡ് റിസർച് സെന്റർ സന്ദർശനം മൊത്തം ആശ്രമ അനുഭവങ്ങളുടെ മാറ്റ് കൂട്ടുന്നതായി. എല്ലാ സൗകര്യങ്ങളോടെയും പുതുതായി ഒരുക്കിയ ഈ കേന്ദ്രം ഗാന്ധിയുടെ നിരന്തരമായ ബൗദ്ധിക തപസ്യകളിലേക്ക് നമ്മെ ​കൈപിടിച്ചുനടത്തും. സന്ദർശനത്തിനിടെ, അവിടെ നടന്ന ഒരു പരിസ്ഥിതി അവബോധ പരിപാടിയിൽ സംബന്ധിച്ചു. പ്രകൃതിയുമായി എന്നും സമാധാനമെന്ന ഗാന്ധിയുടെ സന്ദേശം അടയാളപ്പെടുത്തിയ ആ പരിപാടിയിൽ ഞങ്ങൾ ചെടികൾ നട്ടു. ഇത് വളരെ ചെറിയ ഒന്നായിരിക്കാം പക്ഷേ, ഗാന്ധി ജീവിതത്തിലുടനീളം നട്ടുവളർത്തി പ്രചോദനം നൽകിയ പരിവർത്തനത്തിന്റെ വിത്തുകളെ കുറിക്കുന്ന ഒന്നായിരുന്നു അത്. ‘ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നു’വെന്ന മാക്യവല്ലിയൻ വാദത്തെ ഒരു വിത്ത് ഉദാഹരണമാക്കി ഗാന്ധി ഖണ്ഡിച്ചതും ഈ സമയം ഓർമവന്നു. നാം മോശം വിത്തുകൾ നട്ടാൽ, കൊയ്തെടുക്കുന്ന വിളവും മോശമാകും. മൂല്യങ്ങളിലുറച്ച മാർഗങ്ങൾ നീതിഭദ്രമായ സമൂഹത്തിലേക്ക് നയിക്കുമെന്ന് ഗാന്ധി മനസ്സിലാക്കി. ഇതാണ് ധാർമികതയും അഹിംസയും ജീവിതവ്രതമാക്കാൻ അദ്ദേഹത്തെ ​പ്രേരിപ്പിച്ചത്.

കാർഷികവൃത്തിയുടെ വലിയ വക്താവ്

മഹാരാഷ്ട്രയിലെ അവശ ഗോത്രവർഗങ്ങളുടെ ശാക്തീകരണത്തിനായി കഠിനപ്രയത്നം നടത്തുന്ന തദ്ദേശീയനായ സാമൂഹിക പ്രവർത്തക കരുണയെ കണ്ടതും വേറിട്ട അനുഭവമായി. ഞാൻ ആശ്രമത്തിലുണ്ടെന്നറിഞ്ഞ് വന്നതായിരുന്നു അദ്ദേഹം. കനത്ത മഴയിലും മൂന്ന് മണിക്കൂർ യാത്ര ചെയ്തായിരുന്നു അദ്ദേഹമെത്തിയത്. സുസ്ഥിര കാർഷിക വൃത്തിയുടെ വലിയ വക്താവായിരുന്നു ഗാന്ധി. അതിന്റെ അടയാളമെന്നോണമാണ് ആശ്രമത്തിൽ തദ്ദേശീയരുടെ ഇപ്പോഴുമുള്ള കൂൺകൃഷി.

ഞങ്ങൾക്കിടയിലെ ചർച്ചകൾ പലവഴി സഞ്ചരിച്ച് സാമ്പത്തിക ശാക്തീകരണം ചെറുകിട സംരംഭങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതുൾപ്പെടെ വിഷയങ്ങൾ സ്പർശിച്ചു. ഗാന്ധിയുടെ സ്വയംപര്യപ്തത ദർശനവും അധഃസ്ഥിതരുടെ വിഷയങ്ങൾ ഏറ്റെടുക്കലും കരുണ നടത്തുന്ന സാമ്പത്തിക ശാക്തീകരണ ശ്രമങ്ങളുമായി ഒന്നിച്ചുനിൽക്കുന്നതാണെന്ന് ബോധ്യപ്പെട്ടു. സ്ഥലകാലങ്ങൾ കടന്ന് ഇന്നും ഗാന്ധിയൻ തത്ത്വങ്ങൾ ആവേശം പകരുന്നുവെന്നും സമൂഹങ്ങളിൽ വലിയ പരിവർത്തനം സൃഷ്ടിക്കുന്നുവെന്നും തെളിയിക്കുന്നതായിരുന്നു കരുണയെപ്പോലുള്ള വ്യക്തികൾ.

സന്ദർശനം പൂർത്തിയാക്കി ആശ്രമത്തിൽനിന്ന് പടിയിറങ്ങുമ്പോൾ എന്റെയുള്ളിൽ കൃതജ്ഞതയുടെയും ഉത്തരവാദിത്തത്തിന്റെയും വലിയ ബോധ്യം വേരുപടർത്തിയിരുന്നു. പകർന്നുകിട്ടിയ ജ്ഞാനം സമൂലമായി ബൗദ്ധികവും ഒപ്പം വ്യക്തിഗതവുമായിരുന്നു. ആശ്രമം ഒരു ഇടം മാത്രമായിരുന്നില്ല. ഗാന്ധിയുടെ ജീവിതത്തിന്റെ സത്തയിലേക്കുള്ള ഹൃദയഹാരിയായ യാത്രയായിരുന്നു. അതെന്നെ കൂടുതൽ കരുതലോടെ, സത്യസന്ധതയോടെ ജീവിക്കാൻ ​പ്രചോദിപ്പിച്ചു. ‘ജീവിതം അനുഭവങ്ങളുടെ ഒരു പരമ്പരയല്ലാതെ മറ്റൊന്നുമല്ല’ എന്ന ഗാന്ധിയൻ മഹദ് വചനംതന്നെയാണ് ഇവിടെ ഓർക്കാനുള്ളത്. ശാന്തി, മിതവ്യയം, ധാർമികത, അഹിംസയുടെ അണമുറിയാത്ത സ്വാധീനം എന്നിവയെക്കുറിച്ച് എന്റെ കാഴ്ചപ്പാടുകൾക്ക് പുതുഭാവം നൽകുന്നതായി ആ യാത്ര.

(കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡി​വ​ല​പ്മെ​ന്റ് സ്റ്റ​ഡീ​സി​ൽ ഗ​വേ​ഷ​ക​നാ​ണ് അലി ഹാരെ റുവ)

Tags:    
News Summary - Ali Hare Ruwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-22 07:52 GMT