പന്തളം: തിരക്കേറിയ എം.സി റോഡിൽ അപകടം നടന്നാൽ അവിെട ആദ്യമെത്തുന്നവരിൽ അൻവർ ഷായും ഉണ്ടാകും. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായ ഈ ഉദ്യോഗസ്ഥന്റെ മുഖ്യജോലി.
ദിവസേന രണ്ടിലേറെ ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുന്ന എം.സി റോഡിൽ പറന്തൽ മുതൽ മാന്തുക വരെ അപകടങ്ങളുണ്ടാകുന്ന സ്ഥലത്തേക്ക് എത്രയും വേഗം ഓടിയെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അൻവർ ഷാ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം മേൽനോട്ടം വഹിക്കുന്നു. അപകടത്തിൽപ്പെട്ട് ചോര ഒലിപ്പിച്ചു കിടക്കുന്ന പലരെയും താങ്ങിയെടുത്ത് ഈ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ എത്തിക്കാറുണ്ട്. ഡ്യൂട്ടി ഉള്ളപ്പോഴും അല്ലാത്തപ്പോഴും അപകടം പറഞ്ഞാൽ അവിടേക്ക് പാഞ്ഞെത്തും .
സംഭവസ്ഥലത്ത് അപകടത്തിൽപ്പെട്ട് കിടക്കുന്നവരെ കിട്ടുന്ന വാഹനത്തിൽ എത്രയുംവേഗം ഇദ്ദേഹം ആശുപത്രിയിൽ എത്തിക്കും. എം.സി റോഡിൽ കഴിഞ്ഞ 20 ദിവസത്തിനകം നിരവധി അപകടങ്ങളിൽ എട്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി എം.സി റോഡിലെ അപകടം ഒഴിയാത്ത ദിവസങ്ങൾ വിരളമാണ്.
പഴകുളം,ഫിർദൗസ് വീട്ടിൽ അൻവർ ഷാ 2011ൽ ആണ് സർവിസിൽ കയറിയത്. പത്തനംതിട്ട ജില്ലയിലെ പന്തളം, ഇലവുംതിട്ടസ്റ്റേഷനുകളിൽ സേവനം ചെയ്തിട്ടുണ്ട്. ഇലവുംതിട്ട സ്റ്റേഷനിൽ ജനമൈത്രി ബീറ്റ് ഓഫിസറായി മൂന്നുവർഷം സേവനമനുഷ്ഠിച്ചു. കുറ്റാന്വേഷണ മികവിനും ജീവകാരുണ്യ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും ഡി.ജി.പി യുടെ ഗുഡ് സർവിസ് എൻട്രി മൂന്നു തവണ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.