വിതുമ്പിക്കരഞ്ഞ നിബ്രാസ് പുറപ്പെട്ടു; ലോകകപ്പ് കാണാൻ, ഒപ്പം മെസ്സിയെയും

തൃക്കരിപ്പൂർ (കാസർകോട്): പ്രാഥമിക റൗണ്ടിൽ അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് തേങ്ങിക്കരയുമ്പോഴും ടീം തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ തൃക്കരിപ്പൂർ മണിയനോടിയിലെ നിബ്രാസ് ലോകകപ്പ് കാണാൻ പുറപ്പെട്ടു. നിബ്രാസിനെ അർജന്റീനയുടെ ക്വാർട്ടർ മത്സരം കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സ്പോൺസറും സ്മാർട്ട് ട്രാവൽ ഉടമയുമായ യു.പി.സി. ആഫി അഹമദ് പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് മംഗളൂരുവിൽനിന്ന് ഷാർജയിലേക്കാണ് യാത്ര തിരിച്ചത്. മൂന്നോ നാലോ ദിവസം നിബ്രാസ് ദുബൈയിലുണ്ടാകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഷാർജ, ബർദുബൈ മേഖലകളിൽ കഴിയുന്ന മണിയനോടി സ്വദേശികളാണ് ഇവിടെ കുട്ടിയുടെ ആതിഥേയർ. ഒരു മാതൃസഹോദരനും ഇവിടെയുണ്ട്.

നേരത്തെ ബന്ധുക്കൾക്കൊപ്പം യു.എ.ഇയിൽ പോയിട്ടുള്ള നിബ്രാസ് ഇക്കുറി തനിച്ചാണ് പറക്കുന്നത്. മൂന്നുദിവസം ദുബൈയിൽ കാഴ്ചകൾ കണ്ടും സ്വീകരണം ഏറ്റുവാങ്ങിയും ചെലവഴിച്ചശേഷം റോഡ് മാർഗം ഖത്തറിലേക്ക് പുറപ്പെടും.

കാസർകോട് തൃക്കരിപ്പൂർ മണിയനോടി സ്വദേശി നൗഫലിന്റെ മകനായ നിബ്രാസ് ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിയാണ്. സൗദിയുമായുള്ള മത്സരം കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ പരിസരവാസികൾ തോൽവിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് നിബ്രാസ് തേങ്ങിക്കരഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ നിബ്രാസിന് അർജന്റീന ജഴ്സി ഉൾ​പ്പെടെ വിവിധ ഉപഹാരങ്ങൾ നിരവധി പേർ സമ്മാനിച്ചിരുന്നു.

Tags:    
News Summary - Argentina fan boy Nibras trikaripur to watch Fifa World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.