1. കണ്ണൂർ ഇരട്ടിയിലെ ഫ്ലവർഷോയിൽ അശോക്​ നിർമിച്ച 32 അടിയോളം ഉയരം വരുന്ന സൂര്യകാന്തിപ്പൂവ്​ 2. അശോക്​ ബ്ലൂജെ

ആർട്ടും പാട്ടുമായി അശോക് ബ്ലൂജെ

വലിയ പ്രതിമകളും ആർട്ട് വർക്കുകളുമൊക്കെ കണ്ട് പലപ്പോഴും നമ്മൾ അതിശയിച്ച് നിന്നിട്ടുണ്ടാകും. ഇവയൊക്കെ എങ്ങനെ ഇത്ര ജീവസ്സുറ്റതായി നിർമ്മിക്കുന്നു എന്ന് അമ്പരപ്പോടെ ഓർത്തിട്ടുണ്ടാകും. ഇത്തരം തീം വർക്കുകൾക്കും ആർട്ടുകൾക്കുമൊക്കെ പിന്നിൽ തീർച്ചയായും ഒരു ആർട്ടിസ്റ്റിന്‍റെ അനുഗ്രഹീത കരങ്ങളുണ്ട്​. കേരളത്തിൽ പ്രസിദ്ധമായ പല വർക്കുകൾക്കും ശേഷം, കടൽ കടന്നെത്തി യു.എ.ഇയിലും തന്‍റെ കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയായ അശോക് ബ്ലൂജെ എന്ന അശോക് റാം. ഇവൻറുകളും ആർട്ട് വർക്കുകളുമൊരുക്കുന്ന ബ്ലൂജെ ഇവൻറിന്‍റെ സ്ഥാപകൻ കൂടിയാണ് അശോക്. കേരളത്തിൽ പലയിടത്തും തീം പാർക്കുകളും തീം ഗാർഡനുകളുമൊരുക്കി അശോകിന്‍റെ വർക്കുകൾ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഷാർജ എക്സ്​പോ സെന്‍ററിൽ 'ഗൾഫ്​ മാധ്യമം' സംഘടിപ്പിച്ച 'കമോൺ കേരള'യിൽ അശോക്​ ഒരുക്കിയ കാടും ഫിഫ വേൾഡ് കപ്പിന്‍റെ എട്ടടിയോളം ഉയരം വരുന്ന കപ്പും ശ്രദ്ധേയമായിരുന്നു.

കേരളത്തിലെ വനങ്ങളിൽനിന്ന്​ പ്രചോദനമുൾക്കൊണ്ടാണ് 'കമോൺ കേരള'യിൽ അശോക്​ വയനാടൻ കാട് ഒരുക്കിയത്. മഴക്കാടുകളിലെ ആകാശം മുട്ടെ ഉയരത്തിലുള്ള മരങ്ങളും പാറകളുമൊക്കെ ഇവിടെ പുനർജനിച്ചു. ഉൾക്കാടുകളിലെ നിഗൂഢതകളും കാടിന്‍റെ പ്രത്യേകതകളും ജീവസ്സുറ്റതായി തോന്നുന്ന രീതിയിലാണ് അശോക് ഒരുക്കിയത്.

കണ്ണൂർ ഇരട്ടിയിൽ ഫ്ലവർഷോയിൽ 32 അടിയോളം ഉയരം വരുന്ന സൂര്യകാന്തിപ്പൂവും 30അടി ഉയരമുള്ള ദിനോസറും തിരുവനന്തപുരത്തൊരുക്കിയ വലിയ മഹാബലിയും ഒക്കെ ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്​. കേരള ടൂറിസത്തിനൊപ്പം ഗ്രാൻഡ് കേരള ഷോപ്പിങ്​ ഫെസ്റ്റിവലിന്‍റെ വർക്കുകളിലും അശോക് പങ്കാളിയായിരുന്നു. കേരളത്തിലെ പ്രസിദ്ധമായ മ്യൂസിക് ഷോയായ ഉത്രാടചിന്തിലും അശോക് തന്‍റെ ആർട്ട് വർക്കുകളൊരുക്കി കയ്യടി നേടിയിട്ടുണ്ട്​. ആഡ് ഫിലിമുകളിലൂടെയും അശോക്​ കഴിവ് തെളിയിച്ചിട്ടുണ്ട്​.

ഒരു ഡോക്ടറുടെ വിവാഹ വാർഷികത്തിന്​ 400 ചെരാതുകൾ കത്തിച്ചുവെച്ച് ആഘോഷിച്ചതോടെയാണ്​ അശോകിന്‍റെ ആർട്ട് വർക്കുകൾ ലോകം അറിഞ്ഞുതുടങ്ങുന്നത്. വടക്കിണി ബിരിയാണി എന്ന അശോകിന്‍റെ ബിരിയാണിക്കടയും തിരുവനന്തപുരത്ത് പ്രസിദ്ധമായിരുന്നു. കോവിഡ്​ അടക്കമുള്ളള പ്രതിസന്ധികൾക്കിടയിലും പാഷൻ കൊണ്ട് മാത്രമാണ് അശോക് ആർട്ട് എന്ന മേഖലയെ മുറുകെ പിടിച്ചിരിക്കുന്നത്​.

ജമൈക്കൻ മ്യൂസിക്കായ റെഗെയോട്​ ചെറുപ്പം മുതലേ താത്പര്യമുണ്ടായിരുന്ന അശോക് സംഗീതത്തിലൂടെ സമൂഹത്തിന് വേണ്ടി തനിക്കെന്ത് ചെയ്യാൻ കഴിയും എന്നാണ് ചിന്തിച്ചത്. റെഗെ മ്യൂസിക്കിനെ മലയാളത്തിലെത്തിച്ചിട്ടുള്ള അശോക് റെഗെ ബാൻഡ് എന്നൊരു ബാൻഡിനും രൂപം കൊടുത്തു. സമൂഹത്തിലെ നിരവധി പ്രശ്നങ്ങൾ റെഗെ ബാൻഡിന്‍റെ പാട്ടുകളിൽ വിഷയമായിരുന്നു. നോട്ടു നിരോധനവും അഴിമതിയും വിവാഹമോചനമുണ്ടാക്കുന്ന മാനസിക സംഘർഷവുമൊക്കെ പാട്ടുകളായി. 'ഐ ഹോപ്​' എന്ന ഓട്ടിസ്റ്റിക്ക് കമ്മ്യൂണിറ്റിക്ക് വേണ്ടി കാമ്പയിൻ നടത്തിയും സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനാണ്​ താനെന്ന്​ തെളിയിച്ചിട്ടുണ്ട്​ അശോക്.

Tags:    
News Summary - Ashok Bluej with art in his heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.