ആലുവ: ജന്മന രണ്ടു കൈകളില്ലാത്ത വലതുകാലിന് ബലക്ഷയവുമുള്ള കോഴിക്കോട് വെളിമണ്ണ സ്വദേശി ആസിം വെളിമണ്ണ (15) വീണ്ടും പെരിയാർ നീന്തിക്കടന്നു. രണ്ടര വയസ്സിൽ പോളിയോ ബാധിച്ച് അരക്കുതാഴെ തളർന്ന ആലുവ കോട്ടപ്പുറം സ്വദേശി 39കാരൻ രതീഷും ആസിമിനൊപ്പം നീന്തി. പെരിയാറിലെ മണപ്പുറം ദേശം കടവിൽ ഇരുവരും മണിക്കൂറുകളോളം നീന്തിത്തുടിച്ച് വിസ്മയം തീർത്തു.
ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ അവർക്കൊപ്പം നിൽക്കാൻ ആസിമിന് അവസരം ലഭിച്ചിരുന്നു. പഠിച്ച സ്കൂളിൽ യു.പി ക്ലാസുകൾ തുടങ്ങുന്നതിനുവേണ്ടി കാലുകൾ കൊണ്ട് സർക്കാറിന് കത്തെഴുതി അംഗീകാരം നേടിയെടുത്തിട്ടുണ്ട് ഈ മിടുക്കൻ.
പെരിയാറിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന സജി വാളശ്ശേരിയാണ് ആസിമിനെ നീന്തൽ പഠിപ്പിക്കാൻ ആലുവയിലേക്ക് കൊണ്ടുവന്നത്. ആസിമിനെയും മദ്റസ അധ്യാപകനായ പിതാവ് ഷഹീദിനെയും ആലുവയിലെ സ്വന്തം വീട്ടിൽ താമസിപ്പിച്ചാണ് സജി നീന്തൽ പരിശീലനം പൂർത്തിയാക്കിച്ചത്. 16 ദിവസം രാവിലെയും വൈകീട്ടും രണ്ടുമണിക്കൂർ വീതം കഠിനപരിശ്രമം നടത്തിയായിരുന്നു ആസിമിന്റെ നീന്തൽ പരിശീലനം. ജനുവരി 27ന് ആലുവ ആശ്രമം കടവിൽനിന്ന് ആരംഭിച്ച്, റെയിൽവേ പാലം ചുറ്റി പെരിയാറിന് തലങ്ങും വിലങ്ങും ഒരുമണിക്കൂർ നീന്തി ആസിം എല്ലാവരെയും ഞെട്ടിച്ചു. 2021ൽ നെതർലൻഡ്സിൽ കുട്ടികളുടെ നൊബേൽ സമ്മാനവേദിയിൽ ആസിം മൂന്നാംസ്ഥാനക്കാരനായി. നീന്തലിലൂടെ തന്നെയാണ് മെസിയുടെയും എംബാപ്പെയുടെയും അരികിലും ആസിം സ്ഥാനംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.