കിളിമാനൂർ: വരകളുടെ തമ്പുരാൻ രാജാരവിവർമയുടെ നാട്ടിൽ ചിത്രരചനക്ക് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഭാസി ശ്രീരാഗമെന്ന വയോധികൻ. ഒന്നര പതിറ്റാണ്ടിലെ കലാസപര്യയുടെ ‘നേർരേഖകൾ’ പ്രദർശനത്തിനൊരുക്കുകയാണ് അദ്ദേഹം.
വ്യാഴാഴ്ച മുതൽ 25വരെ കിളിമാനൂർ റോട്ടറി ക്ലബിലാണ് ശ്രീരാഗം ഭാസി (68) വരച്ച ചിത്രങ്ങളുടെ പ്രദർശനം. എണ്ണച്ചായം, പെൻസിൽ, ജലച്ചായം, അക്രിലിക് കളർ എന്നിങ്ങനെ നാലുവിധത്തിൽ 60ഓളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കുന്നത്. 54ാം വയസ്സിലാണ് ചിത്രരചന പഠിക്കണമെന്ന് ഭാസിക്ക് ആഗ്രഹമുണ്ടായത്. തന്നേക്കാൾ പ്രായം കുറഞ്ഞ ആർട്ടിസ്റ്റ് കിളിമാനൂർ ഷാജി ചിത്രകലയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു. 14 വർഷമായി ബിസിനസ് തിരക്കിനിടയിലും പഠനം തുടർന്നു.
തിരുവനന്തപുരം മ്യൂസിയത്തിലും പുത്തരിക്കണ്ടം നയനാർ പാർക്കിലും രണ്ടുതവണ മറ്റുള്ളവർക്കൊപ്പം പ്രദർശനങ്ങളിൽ പങ്കെടുത്തെങ്കിലും സ്വതന്ത്ര പ്രദർശനം ഇതാദ്യമായാണ്. 2017ൽ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്റെ ചിത്രം ക്ലാസ് മുറിയിൽ വരച്ചുകൊണ്ടിരിക്കവെ അപ്രതീക്ഷിതമായി കാനായി എത്തുകയും ചിത്രത്തിൽ ഒപ്പിട്ടുനൽകുകയും ചെയ്തത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഭാസി കരുതുന്നു.
പ്രദർശനത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് ലളിതകല അക്കാദമി മുൻ ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.