ഒറ്റപ്പാലം: ഏകാന്ത ജീവിതം കരിന്തിരി കത്തുമ്പോഴും ആശ്രയമറ്റ രോഗികൾക്ക് പ്രകാശമാവുകയാണ് ഓട്ടോ ഡ്രൈവർ ഫ്രാൻസി പോൾ എന്ന 41കാരൻ. തൊടാൻ അറക്കുംവിധം പുഴുവരിച്ച നിലയിലും മനോനില തെറ്റിയും തെരുവിൽനിന്ന് നാട്ടുകാർ കണ്ടെത്തുന്നതും പൊലീസ് ആശുപത്രിയിൽ എത്തിക്കുന്നതുമായ അശരണരായ രോഗികൾക്ക് ഏഴുവർഷമായി താങ്ങും തണലും ഒറ്റപ്പാലം പൂളക്കപ്പറമ്പിൽ ഫ്രാൻസിയാണ്.
കുളിക്കാതെയും ഉണ്ണാതെയും വികൃതാവസ്ഥയിലെത്തിക്കുന്ന രോഗികളെ കുളിപ്പിച്ച് വൃത്തിയാക്കുന്നത് മുതൽ കൂട്ടിരുന്നും ഭക്ഷണമൂട്ടിയും ഫ്രാൻസി കൂട്ടിനുണ്ടാകും. ഇത്തരം രോഗികൾക്കായി ഫ്രാൻസിയുടെ ഫോണിലേക്ക് വിളിക്കുന്നവരിൽ നാട്ടുകാരും പൊലീസും മുതൽ ഡോക്ടർമാർ വരെയുണ്ട്. സന്തോഷത്തോടെ ഫ്രാൻസി എല്ലാം ഏറ്റെടുക്കുന്നു. താലൂക്ക് ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് യൂനിറ്റ് ആരംഭിച്ച 2016 മുതൽ 50ലേറെ രോഗികളാണ് ഫ്രാൻസിയുടെ കാരുണ്യത്തിന്റെ തലോടൽ ഏറ്റുവാങ്ങിയത്.
നിത്യച്ചെലവിന് വകയില്ലാത്തവർക്ക് വൃക്കരോഗം കൂടി പിടിപെട്ടാലുണ്ടാകുന്ന ദുരവസ്ഥ അടുത്തറിയാൻ ആശുപത്രി പടിയിലെ ഓട്ടോ ജീവിതം ഫ്രാൻസിക്ക് അവസരം നൽകി. ഇതായിരിക്കണം കാരുണ്യ പ്രവർത്തനത്തിന് ഇറങ്ങാനുണ്ടായ കാരണമെന്ന് ഫ്രാൻസി പറയുന്നു. നിർധന രോഗികളെ ആശുപത്രിയിലും ഡയാലിസിസ് കഴിഞ്ഞാൽ വീട്ടിലും സൗജന്യമായി ഓട്ടോയിൽ എത്തിക്കുന്ന ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട ഡയാലിസിസ് രോഗികളിൽനിന്ന് പകുതി വാടക മാത്രമാണ് വാങ്ങാറ്.
ഫ്രാൻസിയുടെ കാരുണ്യ കഥകൾ കേട്ടറിഞ്ഞവർ ക്രമേണ അനാഥാവസ്ഥയിൽ കണ്ടെത്തുന്ന രോഗികളെ ഏൽപ്പിക്കാനുള്ള ആളായി ഫ്രാൻസിയെ കണ്ടു. മടി കൂടാതെ എല്ലാവരെയും ഏറ്റെടുത്ത് സ്വന്തം ഓട്ടോയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് കരുതലോടെ പരിചരിക്കുകയാണ് ഫ്രാൻസിയെന്ന നന്മ മരം ഇന്നും.
മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്ത ഫ്രാൻസി 41ാം വയസ്സിലും അവിവാഹിതനാണ്. പുലർച്ച നാലിന് വീട്ടിൽ നിന്നിറങ്ങുന്ന ഫ്രാൻസി ഓട്ടോയുമായി ആശുപത്രി പടിക്കലെത്തും. പിന്നീട് ഏഴുവരെ വരെ ഓട്ടം. ഏഴിന് പ്രദേശത്തെ കൃസ്ത്യൻ പള്ളിയിലെത്തി രോഗികൾക്കുള്ള ചായ ശേഖരിക്കും. ഹോട്ടലിൽനിന്ന് പലഹാരം വാങ്ങും. പണമില്ലെങ്കിൽ കടം പറയും. പിന്നെ നേരെ ആശുപത്രിയിലേക്ക്. അവിടെ രോഗികൾ കാത്തിരിക്കുന്നുണ്ടാവും. അവരുടെ പ്രാഥമിക കാര്യങ്ങൾ നിറവേറ്റികൊടുത്ത് അന്നമൂട്ടിയ ശേഷമാണ് മടക്കം. ഇവരുടെ വസ്ത്രം, മരുന്ന് തുടങ്ങിയ ആവശ്യങ്ങൾ ഇതിന് പുറമെയാണ്. നിലവിൽ അഞ്ച് രോഗികളാണ് ഫ്രാൻസിയുടെ കനിവിൽ ആശുപത്രിയിലുള്ളത്. ഓട്ടോ ഓടിക്കിട്ടുന്ന പണം മാത്രമാണ് ഏക വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.