കുളനട: രക്തസാക്ഷിയായ പട്ടാളക്കാരനെ അവഗണിക്കുന്നതായി ആക്ഷേപം. കുളനട പഞ്ചായത്തിന്റെ സ്മാരകഫലകത്തിൽ വീരമൃത്യ വരിച്ച അമർ ജവാൻ ഭാർഗവൻ രാഘവൻപിള്ളയുടെ പേരില്ലെന്ന പരാതിയുമായി ബന്ധുക്കൾ. 1971ലെ ഇന്തോ-പാക് യുദ്ധത്തിലാണ് കുളനട പനങ്ങാട് മുണ്ടുവേലിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ പള്ളിക്കൽ രാഘവൻപിള്ളയുടെയും പരേതയായ ജാനകിയമ്മയുടെയും മകൻ ഭാർഗവൻ രാഘവൻ പിള്ള വീരമൃത്യു വരിച്ചത്. ഡിസംബർ 19ന്
കിഴക്കൻ പാകിസ്താനിൽവെച്ചാണ് (ഇപ്പോഴത്തെ ബംഗ്ലാദേശ്) വീരചരമമടയുന്നത്. അവിവാഹിതനായ പട്ടാളക്കാരന് 28 ആയിരുന്നു പ്രായം. പാക് സൈന്യത്തിന്റെ ലാൻഡ് മൈൻ പൊട്ടി ശരീരം ഛിന്നഭിന്നമായിപ്പോയതിനാൽ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവന്നില്ല. ആശ്രിതയെന്ന നിലയിൽ ഏകസഹോദരി എം. രമണിയമ്മക്ക് രജിസ്ട്രേഷൻ വകുപ്പിൽ സർക്കാർ ജോലി നൽകി.
അത് ഒഴിച്ചാൽ സ്മാരകമന്ദിരമോ റോഡിന്റെ പേരോ ശിലാഫലകമോ പോലും അദ്ദേഹം വീരമൃത്യുവരിച്ച് അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും ജന്മനാടായ കുളനട പഞ്ചായത്തിലില്ല. കേന്ദ്രസർക്കാറിന്റെ ഉത്തരവുപ്രകാരം എല്ലാ പഞ്ചായത്തിലും അമർ ജവാന്മാരുടെ പേരിൽ സ്മാരകം ഒരുക്കണമെന്ന് നിർദേശം ഉള്ളതിനാൽ കുളനട പഞ്ചായത്ത് സ്മാരകശില നിർമിച്ചെങ്കിലും അതിൽ അദ്ദേഹത്തിനുശേഷം വീരമൃത്യു വരിച്ചവരുടെ പേരുകൾ ആലേഖനം ചെയ്തിട്ടുണ്ടെങ്കിലും ഭാർഗവൻ രാഘവൻ പിള്ളയുടെ പേര് വിസ്മരിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ പേര് വിട്ടുപോയത് അവഗണനയാണെന്ന് അമർ ജവാന്റെ സഹോദരിപുത്രനും സ്പീഡ് കാർട്ടൂണിസ്റ്റുമായ ജിതേഷ്ജി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതരെ അറിയിച്ചു. ഈ മാസം 19ന് വീരമൃത്യുവിന് 52 വർഷമാകുകയാണ്. ഈയവസരത്തിൽ അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.