ആകാശത്ത് ചിറകുവിരിച്ചു പറക്കുന്ന വിമാനം പറത്താൻ കുഞ്ഞായിരിക്കുമ്പോൾ ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഒരു കൗതുകം എന്നതിനപ്പുറത്തേക്ക് ഈ മോഹം പടർന്നു പന്തലിച്ചാലോ? ആത്മാർത്ഥമായ ആഗ്രഹമാണെങ്കിൽ ഏത് സാഹചര്യത്തിലും നമ്മളാഗ്രഹിച്ചത് ഇങ്ങെത്തും. പൗലോ കൊയ്ലോ പറഞ്ഞത് പോലെ പ്രപഞ്ചം തന്നെ കൂടെ നിൽക്കും. എറണാകുളം ഇടപ്പള്ളി സ്വദേശി ഡേവിസ് ജോർജും ആഗ്രഹിച്ചു ഉയരെ പറക്കുന്ന വിമാനം പറപ്പിക്കാൻ. ജീവിതമങ്ങനെ മാറിമറിഞ്ഞെങ്കിലും ഒടുവിൽ ഡേവിസ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇന്ന് ഡേവിസ് ജോർജ് ചിറ്റിലപ്പിള്ളി, പൈലറ്റാണ്!!
ദുബൈയിൽ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു ഡേവിസ്. കിട്ടുന്ന സമ്പാദ്യത്തിൽനിന്ന് ചെറിയ തുക മാറ്റിവെച്ച്, അത് സ്വരുക്കൂട്ടി വിമാനം പറപ്പിക്കാനുള്ള തന്റെ മോഹം നിറവേറ്റി. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഡേവിസ് പങ്കുവെക്കുന്ന വിമാനം പറത്തുന്ന വീഡിയോകളോരോന്നും കാണുമ്പോൾ തന്നെ വിമാനമോടിക്കാൻ തോന്നും.
2015ലാണ് ഡേവിസ് യു.എ.ഇയിലെത്തുന്നത്. ഒമ്പത് വർഷമായി യു.എ.ഇയിൽ തന്നെയാണ് ഡേവിസ് ജോലി ചെയ്യുന്നത്. ബി.എസ്.സി നഴ്സിങ് പഠിച്ച് യു.എ.ഇയിൽ എത്തി മെഡിക്കൽ ഫീൽഡിൽ ജോലിയും നേടി. ക്ലിനിക്കൽ റിസർച്ച് കാർഡിയോളജി സ്പെഷലിസ്റ്റ് ആയി അഞ്ചുവർഷത്തോളം എറണാകുളത്ത് ജോലി ചെയ്തിട്ടുണ്ട്. പാർട്ട് ടൈം ആയി എം.ബി.എയും നേടിയെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം വിമാനം പറത്താനുള്ള ആഗ്രഹം ഉള്ളിൽ തന്നെയുണ്ട്.
യു.എ.ഇയിലെത്തിയതോടെ വിമാനം പറത്താനുള്ള തന്റെ ആഗ്രഹം വൈകാതെ നടക്കും എന്ന പ്രതീക്ഷയും കൂടി. കാരണം, വിമാനം പറക്കുന്നത് പഠിപ്പിക്കാൻ യു.എ.ഇയിൽ നിരവധി സൗകര്യങ്ങളുണ്ട് എന്നത് തന്നെ. അതിനാവശ്യമായ തുക കണ്ടെത്തുകയായിരുന്നു പിന്നീട് ലക്ഷ്യം. താൽക്കാലികമായി തന്റയീ മോഹം മാറ്റിവെച്ച് പഠിച്ച മെഡിക്കൽ ഫീൽഡിൽ തന്നെ ജോലി ചെയ്തു. അങ്ങനെ സ്വരുക്കൂട്ടിയ തുക വെച്ച്നല്ലൊരു ഏവിയേഷൻ ക്ലബ്ബിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു. പിതാവ് ജോർജ് ചിറ്റിലപ്പിള്ളിയുടെയും മാതാവ് റെനി ജോർജിന്റെയും ഭാര്യ കരോലിൻ ലിസയുടെയും പൂർണപിന്തുണ ഡേവിസിനൊപ്പമുണ്ടായിരുന്നു. താൻ പറത്തിയ വിമാനത്തിൽ മാതാപിതാക്കളെയും കൊണ്ട് പോവാൻ പറ്റിയത് ജീവിതത്തിലേറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നാണെന്ന് ഡേവിസ് പറയുന്നു.
പറക്കാനുള്ള ആഗ്രഹം മാത്രം പോര. ഇത്തിരി കടമ്പകൾ കൂടി കടക്കണം വിമാനം പറത്താൻ. അങ്ങനെ 2021ൽ റാസൽഖൈമയിലെ ജസീറ ഏവിയേഷൻ ക്ലബിൽ ചേർന്നു. ഏവിയേഷൻ ക്ലബ്ബിൽ ചേരുന്നതിനുമുമ്പ് ഏവിയേഷൻ മെഡിക്കൽ ചെക്കപ്പ് പൂർത്തിയാക്കണം. ശേഷം മെഡിക്കൽ സർടിഫിക്കറ്റ് ലഭിക്കും. ശേഷം സിവിൽ ഏവിയേഷൻ മിനിസ്ട്രിയുടെ അനുമതിയും കിട്ടണം. എല്ലാ ആഴ്ചയിലും ഒഴിവു ദിവസങ്ങളിലായിരുന്നു ട്രെയിനിങ്. അതുകൊണ്ട് തന്നെ മൂന്ന് മാസം കൊണ്ട് തീരേണ്ട കോഴ്സ് പൂർത്തിയാക്കാൻ 11 മാസമെടുത്തു ഡേവിസിന്. ആദ്യമായി വിമാനം പറത്തിയപ്പോൾ ഛർദി പോലെ ചില ബുദ്ധിമുട്ടുകളുണ്ടായെങ്കിലും പിന്നീടതെല്ലാം മാറി. രണ്ട് സീറ്റുകളുള്ള കുഞ്ഞു വിമാനമായ എയറോ പ്രാറ്റ് എ22 ലൈറ്റ് സ്പോട് എയർ ക്രാഫ്റ്റിലായിരുന്നു ഡേവിസിന്റെ ആദ്യ പരിശീലനം. 38 മണിക്കൂർ പരിശീലകന്റെ കൂടെ പറന്നാൽ മാത്രമേ സോളോ ആയി പറക്കാൻ അനുവദിക്കൂ. എല്ലാ കടമ്പകളും താണ്ടി 10 മണിക്കൂർ സോളോ ഫ്ലൈ ചെയ്ത ക്യാപ്റ്റൻ പദവിയും സ്വന്തമാക്കി. പലപ്പോഴും ആഗ്രഹിച്ചതൊന്നും ജീവിതം കൊണ്ടെത്തിച്ചത് മറ്റൊരിടത്തും എന്ന് പറഞ്ഞു വിലപിക്കാതെ ആഗ്രഹങ്ങൾക്ക് പിറകെ പോയി അത് നേടിയെടുക്കാനുള്ള പ്രചോദനമാണ് ഡേവിസ് ജോർജ് ചിറ്റിലപ്പിള്ളി. ആഗ്രഹങ്ങളെത്തി പിടിക്കാൻ അനേകായിരം അവസരങ്ങളാണ് യു.എ.ഇയിലുള്ളതെന്നും എന്തും നേടിയെടുക്കാൻ സ്വന്തം കഴിവിലിത്തിരി വിശ്വാസം മാത്രം മതിയെന്നും ഡേവിസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.