പയ്യന്നൂർ: കലാവിരുതിനൊപ്പം ആത്മീയതയും സംഗമിക്കുന്ന ലക്ഷ്മി വിളക്ക് ഏറെ പ്രസിദ്ധമാണ്. എന്നാ ലക്ഷ്മിദേവിക്കു പകരം ഗുരുവായൂരപ്പന്‍റെ വിഗ്രഹം കൊത്തിയ വിളക്കും ഇനി പൂജാമുറികളെ അലങ്കരിക്കും. ഗുരുവായൂരപ്പന്‍റെ പൂർണ്ണരൂപം ഉൾക്കൊള്ളുന്ന വിളക്കുരൂപം വെങ്കല ലോഹക്കൂട്ടിലാണ് ഒരുങ്ങിയത്. ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ് ആദ്യമായി ഗുരുവായൂരപ്പൻ വിളക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.
ശംഖ്, ചക്ര, ഗദ, പത്മത്തോടു കൂടി വനമാലയും, ആലവട്ടത്തോട് കൂടിയുള്ള ഭഗവാന്‍റെ രൂപത്തിന് അലങ്കാരമായി ആനകൾ രണ്ടു ഭാഗത്തു നിന്നും അഭിഷേകം നടത്തുന്നതും രണ്ട് നിലവിളക്കുകളും വിളക്കിലുണ്ട്. നിരവധി മയിൽപീലികൾ ചുറ്റും മുകളിലായി കമാനാകൃതിയിൽ വർണ്ണാഭമായി നിൽക്കുന്ന രീതിയിൽ കുടിയാണ് രൂപകൽപന നടത്തിയിരിക്കുന്നത്. താമരദളങ്ങളെ സൂചിപ്പിക്കും വിധമാണ് താഴത്തെ തട്ടിന്‍റെ ആകൃതി. രണ്ട് ഭാഗങ്ങളായി വ്യാളിരൂപങ്ങളും കാണാം. രണ്ട് മയിലുകൾ വിളക്കിനെ വായുവിലേക്ക് ഉയർത്തി നിൽക്കുന്ന രീതിയിൽ ചങ്ങലയോടു കൂടിയാണ് മുകൾഭാഗം. അതിനിടയിൽ ശിവസാന്നിധ്യമായി ഓങ്കാര രൂപവും വിളക്കിൽ ആലേഖനം ചെയ്തിട്ടുണ്ട്.
മഹാഭാഗവതം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളെ അസ്പദമാക്കിയാണ് വിളക്ക് രൂപകൽപന നടത്തിയത്. തീർത്തും വ്യത്യസ്തമായ ഈ വിളക്ക് കുഞ്ഞിമംഗലത്തെ പരമ്പരാഗത ലോഹക്കൂട്ട് ഉപയോഗിച്ചാണ് നിർമിച്ചത്. നിശ്ചിത അളവ് പ്രകാരം മെഴുകിൽ രൂപങ്ങൾ ഉണ്ടാക്കിയെടുക്കുകയും വിവിധ രീതിയിലുള്ള മണ്ണിൽ കരു ഉണ്ടാക്കി കൃത്യമായ അളവിൽ ചൂടാക്കിയതിനു ശേഷം ഉലയിലെ മൂശയിൽ തിളച്ച ലോഹക്കൂട്ട് കൊണ്ടാണ് വിളക്ക് വാർത്തെടുത്തതെന്ന് ചിത്രൻ പറഞ്ഞു.
പത്ത് കിലോ തൂക്കം വരുന്ന തൂക്കുവിളക്ക് എട്ട് മാസത്തോളം സമയമെടുത്താണ് നിർമ്മിച്ചത്. തൂക്ക് ചങ്ങലയടക്കം 46 ഇഞ്ചാണ് ഉയരമുള്ളത്. നിരവധി ലോഹ ശിൽപങ്ങൾ നിർമ്മിച്ച ചിത്രന് കേരള ക്ഷേത്രകലാ അക്കാദമി അവാർഡ്, ഫോക് ലോർ അക്കാദമി അവാർഡ് സി.എഫ്.എ നാഷണൽ അവാർഡ്, സ്വർണ്ണ മെഡലുകൾ എന്നിവ ലഭിച്ചിട്ടുണ്ട്. വെങ്കലം, വെള്ളോട്, പഞ്ചലോഹം തുടങ്ങിയ ലോഹങ്ങളിലാണ് കൂടുതലും വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. ലക്ഷ്മി വിളക്ക്, കെടാവിളക്ക്, ഗണപതി, ശ്രീകൃഷ്ണൻ, മഹാവിഷ്ണു തുടങ്ങിയ നിരവധി വിഗ്രഹരൂപങ്ങളും നിരവധി നേതാക്കളുടെ ശിൽപങ്ങളും ഇതിനുമുമ്പ് നിർമ്മിച്ചിട്ടുണ്ട്.
ആദ്യത്തെ രാമായണ വിളക്ക് രൂപ കൽപന ചെയ്ത് നിർമ്മിച്ചത് ചിത്രന്‍റെ പിതാവ് ശിൽപി കുഞ്ഞിമംഗലം നാരായണൻ മാസ്റ്റരായിരുന്നു. വി.വി. ശ്രീകാന്ത്, കെ.വി. കിഷോർ എന്നിവർ നിർമാണത്തിൽ സഹായികളായി. അർച്ചന, രാജേഷ് ദമ്പതികൾക്ക് വേണ്ടി കണ്ണൂരിലേക്കാണ് വിളക്ക് രൂപകൽപന ചെയ്ത് നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.