ഷെ​യി​ൻ

വാ​ണ്ട​റി​ങ് ഫു​ഡി​യു​ടെ തോ​ഴ​ൻ, ഭ​ക്ഷ​ണ യാ​ത്രി​ക​ൻ... ഷെ​യി​ൻ

യു.എ.ഇ മലയാളികൾക്കിടയിൽ രുചിയുടെ ഭാവഭേദങ്ങൾ പകർന്നു നൽകുകയാണ് വാണ്ടറിങ് ഫുഡിയുടെ തോഴൻ ഭക്ഷണ യാത്രികൻ ഷെയിൻ. യു.എ.ഇയിലെ പോക്കറ്റ് ഫ്രണ്ട്ലിയായ റസ്റ്റാറന്‍റുകൾ തോറും അലഞ്ഞു നടന്ന് അവിടുത്തെ വിഭവഗാഥകൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൂടെ പ്രേക്ഷകർക്കു മുൻപിൽ പങ്കുവയ്ക്കുകയാണ് തൃശ്ശൂർ സ്വദേശിയായ ഈ യുവാവ്.ചെറുപ്പം തൊട്ട് ഭക്ഷണത്തോടുള്ള പ്രിയം ഷെയിനിനെ എളുപ്പം അമിത ഭാരത്തിലേക്ക് നയിച്ചിരുന്നു. സ്കൂൾ പഠനകാലത്ത് നാട്ടിലെ മക്കാനികളിലൊട്ടാകെ കയറിയിറങ്ങി സ്വരൂപിച്ച പണം കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ കഴിച്ച് അവയുടെ അഭിപ്രായങ്ങൾ കൂട്ടുകാർക്കിടയിൽ അവതരിപ്പിച്ചു.

എന്നാൽ, വിലകൂടിയ മാംസങ്ങളുടെയും മറ്റും സ്വാദറിയുക അന്ന് സാധ്യമായിരുന്നില്ല. പ്ലസ് ടു പഠനശേഷം 2003ല്‍ യു.എ.ഇയിലേക്ക് കയറി. തന്‍റെ ഡിഗ്രിയും മിൽക്ക് ഡെലിവറി ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ ഷെയിൻ ശ്രമിച്ചു. തുഛമായ വരുമാനവും വിശപ്പും പട്ടിണിയും പ്രവാസ ജീവിതത്തിന്‍റെ തുടക്കത്തിൽ ഷെയിനിന്‍റെ ഇടക്കിടെയുളള വിരുന്നുകാരായി. അതിനിടയിൽ പുറത്തെ ഭക്ഷണങ്ങളെ കുറിച്ച് ആലോചിക്കാൻ പോലും ഷെയിനു കഴിഞ്ഞില്ല. പക്ഷേ, യു.എ.ഇ ലൈസൻസ് എടുത്ത് മിൽക്ക് ഡെലിവറി ബോയിൽ നിന്നും സെയിൽസ് എക്സിക്യൂട്ടീവ് ജോലി ലഭിച്ചതോടെ ഭേദപ്പെട്ട വരുമാനം കണ്ടെത്താമെന്നായി. പതിയെ സീനിയർ സെയിൽസ് എക്സിക്യൂട്ടീലേക്കും ശേഷം സെയിൽസ് മാനേജറിലേക്കും വളർന്നു. ഇന്ന് യു.എ.ഇയിലെ ഗവൺമെൻറ് സ്ഥാപനത്തിൽ മാർക്കറ്റിങ് മാനേജരായി പ്രവർത്തിച്ചുവരികയാണ് ഷെയിൻ.

2003 മുതൽ 2013 വരെ കാലയളവിൽ യഥാർത്ഥത്തിൽ ഷെയിൻ അതിജീവന പാതയിലായിരുന്നു. പിന്നീടാണ് തന്‍റെ ഉള്ളിലെ ഭക്ഷണ ഭ്രമത്തെ തിരിച്ചു വിളിക്കുന്നത്. ഭക്ഷണം തേടിയുള്ള യാത്രകൾ ആരംഭിക്കുന്നതും അവിടെ നിന്നാണ്. 2016ൽ ഷെയിൻ വാണ്ടറിങ് ഫുഡിയെന്ന ഇൻസ്റ്റഗ്രാം പേജിനു രൂപം നൽകി. തന്‍റെ രുചി വിശേഷങ്ങൾ തന്നെ കേൾക്കുന്നവർക്ക് കൂടെ വിളമ്പുക എന്നതാണ് ഷെയിനിന്‍റെ ഇഷ്ട വിനോദം. ഫുഡ് വ്ലോഗിങ്ങിന്‍റെ ഭാഗമായി മോണിറ്റൈസേഷനോ പ്രമോഷനോ സ്വീകരിക്കാൻ ഒരിക്കലും ഷെയിൻ തയ്യാറായില്ല. തന്‍റെ സ്വപ്നങ്ങൾക്ക് മേൽ വില പറയാൻ ഷെയിൻ വിസമ്മതിച്ചു. ഒരു ഭക്ഷണ വിഭവത്തെയും ഒരിക്കലും മോശപ്പെടുത്തിയോ ഒരുപാട് പുകഴ്ത്തിയോ ഷെയിൻ കാണിച്ചിരുന്നില്ല. മറിച്ച് ഓരോന്നിനും അർഹിക്കുന്ന പ്രാധാന്യം ഷെയിൻ അർപ്പിച്ചു പോന്നു.

2019 മുതലാണ് യു.എ.ഇ വിട്ട് പുറം രാജ്യങ്ങളിലേക്ക് രുചിക്കഥകൾ തേടി പറക്കാൻ തുടങ്ങുന്നത്. പിന്നീട് സന്തോഷ് ജോർജ് കുളങ്ങരയുടെ മാതൃകയിൽ ഷെയിൻ തന്‍റെ യാത്ര വിശേഷങ്ങൾ ചിട്ടപ്പെടുത്താൻ തുടങ്ങി. കോവിഡ് നിയമങ്ങൾ അല്പം അയഞ്ഞതോടെ ഷെയിൻ ഉസ്ബകിസ്ഥാനിലേക്ക് ആദ്യ യാത്ര ആരംഭിച്ചു. പിന്നീടങ്ങോട്ട് റഷ്യ, അൽബനിയ, യുക്രെയ്ൻ, സെർബിയ, ഒമാൻ, ഓസ്ട്രേലിയ, ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങി എണ്ണമറ്റ രാജ്യങ്ങൾ ഷെയിൻ തനിച്ചു സഞ്ചരിച്ചു. ഈ പറഞ്ഞ രാജ്യങ്ങളിലേക്ക് ഒരാൾക്ക് യാത്ര ചെയ്യാൻ വേണ്ടുന്ന സകല ഉപദേശ മാർഗ്ഗനിർദ്ദേശങ്ങളും ഷെയിൻ തന്‍റെ ഫുഡ് ട്രാവൽ ഡോക്യുമെൻററിയിൽ ഉൾപ്പെടുത്തി.

അതിരുകൾ കടന്ന് ഷെയിൻ സഞ്ചരിക്കുമ്പോൾ അതത് രാജ്യങ്ങളിലെ ധാരാളം ഫോളോവേഴ്സ് ഷെയിനിനെ കാത്തിരിക്കും. അവരുടെ ഊഷ്മളവിരുന്നിന് ഷെയിൻ മിക്കപ്പോഴും അതിഥിയാകും. ഭാഷക്കും സംസ്കാരത്തിനും അപ്പുറം സ്നേഹം കൊണ്ട് വിരുന്നൂട്ടുന്നവരാണ് തന്‍റെ യഥാർത്ഥ സമ്പാദ്യമെന്ന് ഷെയിൻ പറയുന്നു.സൂപ്പർ ഹീറോസ്, ബിഹൈൻഡ് ദ സ്റ്റോറീസ് തുടങ്ങിയ സീരീസുകൾ ഫുഡ് വ്ലോഗിങിനു പുറമെ ഷെയിൻ പരിചയപ്പെടുത്തി.

വർഷങ്ങളോളം പ്രവാസത്തിന്‍റെ ഭാഗമായി വർഷങ്ങൾക്കിപ്പുറം ആരും അറിയാതെ പ്രവാസത്തിന്‍റെ പടിയിറങ്ങുന്നവരെ ക്യാമറക്ക് മുന്നിൽ കൊണ്ടുവന്ന് അവരുടെ ഉള്ളു നിറക്കുന്ന കഥകൾ ലോകത്തിനു കാണിക്കുകയാണ് ഷെയിൻ. എന്നാൽ, ഇന്ന് മാർക്കറ്റിൽ തലയുയർത്തി നിൽക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ നിലനിൽപ്പിന് പിന്നിലെ നീണ്ട കഥകളാണ് ബിഹൈൻഡ് ദ സ്റ്റോറീസിന്‍റെ ഉള്ളടക്കം. ചെറിയ വീഴ്ചകളിൽ തളർന്നു പോകാനുള്ളതല്ല ജീവിതമെന്ന് ഇത്തരം വീഡിയോകളിലൂടെ ഉണർത്തുകയാണ് ഷെയിൻ.

ഷെയിനിന്‍റെ ഈ ഉദ്യമങ്ങൾ പലപ്പോഴും പ്രതീക്ഷകൾ അറ്റുപോയ പ്രവാസികൾക്ക് കരുത്ത് പകരാറുണ്ട്. അങ്ങനെ കരപറ്റിയ പ്രവാസികളും അവരുടെ പ്രാർത്ഥനകളും മാത്രമാണ് ഷെയനിന്‍റെ സന്തോഷം. ഈ സന്തോഷം പടുത്തുയർത്താൻ തനിക്കു ലഭിക്കുന്ന സമയത്തെയും സ്വന്തം സമ്പാദ്യത്തെയും ആണ് ഷെയിൻ ഉപയോഗപ്പെടുത്തുന്നത്.

വലിയ ഓഫറുകൾ വാഗ്ദാനം ചെയ്ത് ക്ഷണിക്കുന്ന മുൻനിര ബ്രാൻഡുകളോട് ചേർന്ന് ഷെയിൻ രൂപവൽക്കരിച്ചിരിക്കുന്നത് ഹെൽപ്പിംഗ് ഹാൻസ് എന്ന പദ്ധതിയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന തുകയിൽ 20, 30 ശതമാനം തന്‍റെ ക്യാമറ പ്രൊഡക്ഷൻ ടീമിന് നലകുകയും ബാക്കി തുക അർഹതപ്പെട്ട ഓൾഡ് ഏജ് ഹോമുകൾക്ക് സമ്മാനിക്കുകയാണ് പതിവ്. തന്‍റെ സന്തോഷങ്ങളോടൊപ്പം മറ്റുള്ളവർക്കും ഒരിത്തിരി സന്തോഷം പകരുകയാണ് വാണ്ടറിങ് ഫുഡിയുടെ സ്വന്തം ഷെയിൻ. ഫുഡ് ട്രാവൽ വ്ലോഗിങിൽ വൺ മില്ല്യൺ ഫോളോവേഴ്സുമായി യാത്രതുടരുകയാണ് ഷെയിൻ. ഭാര്യ സംറിനും മകൾ ലായിഖക്കുമൊപ്പം അബൂദബിയിലാണ് താമസം. 

Tags:    
News Summary - Contributor of Wandering Foodie... the Shane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.