'മെർസൽ' എന്ന തിയേറ്ററുകൾ ഇളക്കി മറിച്ച തമിഴ് ചിത്രത്തിൽ വിജയ് കഥാപാത്രമായ നായകൻ കാണിക്കുന്ന 'നാണയ മാജിക്' പ്രേക്ഷകർ കൈയടികളോടെയാണ് സ്വീകരിച്ചത്. പിന്നീട് ഭൈരവൻ എന്ന സിനിമയിലും വിരലുകളിൽ നാണയങ്ങളാൽ ഇന്ദ്രജാലം തീർക്കുന്ന വിജയ് ആരാധകരെ ത്രസിപ്പിച്ചു. എന്നാൽ വിജയ്യെ മാജിക് പഠിപ്പിച്ച മജീഷ്യനെ ഒരുപക്ഷേ തമിഴർക്ക് പോലും വലിയ രീതിയിൽ പരിചിതനായിരിക്കില്ല. 'മജീഷ്യൻ ദയാ' എന്നറിയപ്പെടുന്ന കോയമ്പത്തൂർ സ്വദേശിയായ ദയാനിധിയാണ് ആ ഇന്ദ്രജാലക്കാരൻ.
കൊച്ചുകുട്ടിയായിരിക്കെ ഒരു തെരുവ് മായാജാലക്കാരന്റെ പ്രകടനത്തോട് തോന്നിയ കൗതുകമാണ് ദയായുടെ ഭാവി നിർണയിച്ചത്. 10വയസുള്ളപ്പോഴാണത്. വലിയ ആൾകൂട്ടത്തിന് മുമ്പിൽ കയ്യിൽ മണ്ണെടുത്ത് തെളിനീരാക്കുന്ന മാജിക്കാണന്ന് കണ്ടത്. അൽഭുതപ്പെട്ട ആ കുട്ടി പിന്നീട് മനസിൽ മാജികിനെ താലോലിച്ചു. അങ്ങനെയിരിക്കെ പ്രദേശികമായി മാജിക് പഠിപ്പിക്കുന്ന വീരശേഖർ എന്നയാളെ കണ്ടെത്തി. അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ച് മാന്ത്രിവിദ്യയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. 1990കളുടെ അവസാനത്തിലാണത്. വീരശേഖരുടെ പാഠശാലയിൽ വെച്ച് അമേരിക്കൻ മാന്ത്രികനും ചലച്ചിത്ര നടനുമായിരുന്ന ചാന്നിങ് പല്ലകിന്റെ പ്രകടനങ്ങൾ ടെലിവിഷനിൽ കണ്ടത് മാജികിനോട് താൽപര്യം വർധിപ്പിച്ചു. ചാന്നിങിനെ പോലെ മാജിക് ചെയ്യാൻ എങ്ങനെ പഠിക്കും എന്ന ചോദ്യത്തിന് അസാധ്യമെന്നായിരുന്നു ഗുരുവിന്റെ മറുപടി. കാഴ്ചക്കാരെ അൽഭുതപ്പെടുത്തുന്ന സ്വപ്നതുല്യമായ അത്തരം ട്രിക്കുകൾ പഠിച്ചെടുക്കാൻ തന്നെ ദയാ എന്ന കൗമാരക്കാരൻ തീരുമാനിച്ചു. കിട്ടാവുന്ന ഡി.വി.ഡികൾ ശേഖരിച്ച് ചാന്നിങിന്റെ മാജിക്കുകൾ തുടരെത്തുടരെ കണ്ടിരുന്നു. രാവും പകലും ഒഴിഞ്ഞിരുന്ന് മാജികിന് പിറകെയായി. അവസാനം പരിശ്രമം ഫലം കാണുക തന്നെ ചെയ്തു.
2000ത്തിൽ തമിഴ്നാട് മാജിക് കൂട്ടായ്മ സംസ്ഥാന തലത്തിൽ ഒരു മാജിക് മൽസരം സംഘടിപ്പിച്ചു. പ്രശസ്തരായ നിരവധി മജീഷ്യൻമാർ പങ്കെടുക്കുന്ന മൽസരമാണ്. വേദിയിലെത്തിയ ദയാ എന്ന കൗമാരക്കാരന് അധികൃതർ ആദ്യം അനുമതി നിഷേധിച്ചു. ഏറേനേരം സംഘാടകരോട് കേണപേക്ഷിച്ചപ്പോൾ അവസാന മൽസരാർഥിയായി പരിഗണിച്ചു. മിക്ക മൽസരാർഥികളും വലിയ സന്നാഹങ്ങളുമായാണ് വേദിയിലെത്തിയത്. എല്ലാം ഒന്നിനൊന്ന് മികച്ച പ്രകടങ്ങൾ. അവസാന ചെസ്റ്റ്നമ്പറുകാരനായി വേദിയിലെത്തിയ ദയായുടെ കൈവശം ഏതാനു വസ്തുക്കൾ മാത്രം. ആദ്യമാരും വലിയ ശ്രദ്ധ നൽകാതിരുന്ന മാജിക് പതിയെപ്പതിയെ സദസിലെ മുഴുവൻ ഇന്ദ്രജാലക്കാരെയും പിടിച്ചിരുത്തി. മാജിക് അവതരണം തീർന്നതോടെ ആർക്കും ലഭിക്കാത്ത കൈയടി. ഫലം പുറത്തുവന്നപ്പോൾ അവസാന നമ്പറുകാരന് ഒന്നാം സ്ഥാനം.
ഈ വിജയം നൽകിയ ആത്മവിശ്വാസം വലിയ ഊർജമായി. ദേശീയ തലത്തിലും നിരവധിയായ മൽസരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. സെക്കന്തറാബാദിൽ പി.സി സർക്കാർ സംഘടിപ്പിച്ച മൽസരത്തിൽ ഒന്നാമതെത്തി. സാമ്പത്തികമായി ആവശ്യങ്ങൾ വർധിച്ചതോടെ ഗോവയിൽ ഹോട്ടലുകളിലും മറ്റും ക്ലോസപ്പ് മാജിക്കുകൾ അവതരിപ്പിച്ചു. അതിനിടയിൽ സ്വന്തമായി പുതിയ ഒരാശയവുമായി ചെന്നൈയിൽ കുറച്ചുകാലം ജീവിച്ചു. പുതുതായി പുറത്തിറക്കുന്ന ഉൽപന്നങ്ങൾ മാജിക്കിലൂടെ പരിചയപ്പെടുത്തുന്നതായിരുന്നു ഇത്. വാണിജ്യടിസ്ഥാനത്തിൽ ഇതൊരു വിജയമായിരുന്നു. എന്നാൽ മൽസരങ്ങളിൽ പങ്കെടുക്കുന്നത് തുടർന്നു. 2006ൽ മാജിക്കിലെ ഓസ്കാറായ 'ഫിഷം' അവാർഡ് മൽസരം കാണാനായി സ്വീഡനിലെ സ്റ്റോക്ഹോമിലേക്ക് യാത്ര ചെയ്തു. ലോകോത്തര മൽസരങ്ങളിൽ പങ്കെടുക്കണമെന്ന മോഹവും 'ഫിഷ'മിൽ വിജയിക്കണമെന്ന സ്വപ്നവുമായാണ് സ്വീഡനിൽ നിന്ന് മടങ്ങിയത്.
തിരുവനന്തപുരത്ത് 2008ൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് 'വിസ്മയം' എന്ന പേരിൽ മാജിക് ഷോ മൽസരം സംഘടിപ്പിച്ചു. ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള മൽസരത്തിൽ നിരവധി അന്താരാഷ്ട്ര പ്രശസ്തരായ മാന്ത്രികൻമാർ പങ്കെടുത്തിരുന്നു. ദയായും മൽസരത്തിൽ പങ്കെടുത്തു. ഏവരെയും അൽഭുതപ്പെടുത്തിയ പ്രകടനത്തിലൂടെ മൽസരത്തിൽ ഒന്നാമതായി. തമിഴ് മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കുടുംബത്തോടൊപ്പം ദയായുടെ മാജിക് കണ്ടു. ഏറെ ഇഷ്ടപ്പെട്ട അവർ മജീഷ്യന് കൈയടിച്ചു, എന്തു സമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചു. ജയലളിതയുടെ ഉടമസ്ഥതയിലുള്ള 'ജയ ടി.വി'യിൽ എല്ലാ ആഴ്ചയിലും മാജിക് ഷോ അവതരിപ്പിക്കാനുള്ള അവസരമാണ് ചോദിച്ചത്. അതവർ സമ്മതിച്ചു. പിന്നീട് അഞ്ചുവർഷക്കാലം എല്ലാ വാരാന്ത്യങ്ങളിലും പുതിയ പുതിയ മാജിക് ട്രിക്കുകളുമായി ടെലിവിഷനിൽ തമിഴ് പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ശെല്ലി എന്ന തൃശൂർ സ്വദേശിയായ മജീഷ്യൻ ദയായുടെ ജീവിതത്തിലെ രണ്ടാം ഗുരുനാഥനായിരുന്നു. ഇദ്ദേഹത്തിന്റെ ആകസ്മിക മരണം ജീവിതത്തിൽ വലിയ ആഘാതമായി തീർന്നത് ഇടക്കാലത്ത് മാജികിൽ നിന്ന് അൽപകാലം അകന്നുനിൽകാൻ കാരണമായിരുന്നു. സോമനാഥ് എന്ന പ്രശസ്ത മജീഷ്യനാണ് ഈ ഘട്ടത്തെ മറികടക്കാൻ സഹായിച്ചത്. 2016ൽ ഇദ്ദേഹം തൃശൂരിൽ സംഘടിപ്പിച്ച 'മന്ത്ര' എന്ന മാജിക് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ വീണ്ടും ഈ രംഗത്ത് സജീവമായി.
മെർസൽ, ഭൈരവൻ, രാച്ചസൻ, പൊൻമകൾ വന്താൽ എന്നീ തമിഴ് സിനിമകളിലായി വിജയ്, വിശാൽ, ജ്യോതിക എന്നിവർക്ക് മാജിക് പരിശീലിപ്പിക്കാൻ ദയാക്ക് അവസരം ലഭിച്ചു. അതിനിടയിൽ എക്കാലത്തെയും തമിഴ് സൂപ്പർതാരം രജനികാന്തും ദയായുടെ മാജിക് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ സ്വന്തമായ ട്രിക്കുകൾ രജനീകാന്തിനെ അടുത്തിരിത്തി ചെയ്യാനുള്ള അവസരം വലിയ ഭാഗ്യമായി കണ്ടു. അവതരണം കണ്ട രജനി 'ഫന്റാസ്റ്റിക്' എന്നുപറഞ്ഞ് അഭിനന്ദിച്ചു. ചേർത്ത് പിടിച്ച് ഫോട്ടോയെടുത്തും ദീർഘനേരം സംസാരിച്ച ശേഷവുമാണ് ദയായെ വീട്ടിൽ നിന്ന് അദ്ദേഹം തിരിച്ചയച്ചത്.
കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിലെ നിരവധി മൽസരങ്ങളിൽ പങ്കാളിയായി. തായ്ലൻഡ്, ചൈന, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നടന്ന മൽസരങ്ങളിൽ പങ്കെടുത്ത് വിജയിയായി. 'ഫിഷം' മൽസരത്തിൽ ഫ്രാൻസിൽ വെച്ച് ചാമ്പ്യനായത് സ്വപ്നസാക്ഷാൽകാരമായി. അന്താരാഷ്ട്ര മാജിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സെലക്ട് ചെയ്യപ്പെട്ടുവെങ്കിലും കോവിഡ് മൂലം മൽസരം മാറ്റിവെക്കുകയായിരുന്നു. കോവിഡ് കാലത്ത് ഏറെ സമയം ലഭിച്ചപ്പോൾ പുതിയ ട്രിക്കുകൾ പഠിച്ചെടുത്ത ദയായുടെ ലക്ഷ്യം ലോകകിരീടമാണ്.
'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച എജുകഫേയിൽ പങ്കെടുക്കാനാണ് ദുബൈയിൽ ആദ്യമായി എത്തിയത്. മാജിക്കിലെ സാധാരണ രീതികളെ വെല്ലുവിളിച്ചാണ് മാന്ത്രികതയുടെയും അത്ഭുതത്തിന്റെയും പുതിയ മേഖലകൾ ദയാ രൂപപ്പെടുത്തിയത്. ഇതിനകം 1500ഓളം സ്റ്റേജ് മാജിക് ഷോകളും 5000ക്ലോസ് അപ്പ് മാജിക്കുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും ഉയരങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ് ദയാനിധി എന്ന സമർഥനായ മാന്ത്രികൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.