മനസ്സിലെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് കുന്ദംകുളം ചാലിശ്ശേരിയിലെ പുലിക്കോട്ടിൽ സ്റ്റീഫൻ. ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടന്നിരുന്ന ചെണ്ടമേളം ശാസ്ത്രീയമായി പഠിച്ച് അരങ്ങേറുക എന്ന മോഹമാണ് 60ാം വയസ്സിൽ ഫുട്ബാൾ പരിശീലകൻ കൂടിയായ സ്റ്റീഫൻ പൂർത്തിയാക്കിയിരിക്കുന്നത്. 30 വർഷം നീണ്ട പ്രവാസ ജീവിതത്തിനുശേഷമാണ് സ്റ്റീഫൻ ആഗ്രഹങ്ങൾക്ക് പിറകെ പോകുന്നത്.
അഞ്ച് പതിറ്റാണ്ടായി ഫുട്ബാൾ രംഗത്ത് സജീവമാണ് സ്റ്റീഫൻ. എഫ്.സി കേരള തൃശൂരിന്റെ മുൻ മാനേജറും ചാലിശ്ശേരി മാർവ്വൽ ഫുട്ബാൾ ക്ലബിന്റെ കോച്ചുമാണ് ഇദ്ദേഹം. ഫുട്‌ബാളിനെപ്പോലെ തന്നെ ചെണ്ടമേളത്തെയും മനസ്സിലേറ്റിപ്പോന്നു. എന്നാൽ, ചെറുപ്പത്തിൽ ചെണ്ടമേളം ശാസ്ത്രീയമായി പഠിക്കാനുള്ള അവസരം സ്റ്റീഫന് ലഭിച്ചിരുന്നില്ല. ഇതോടെ, അവധിക്ക് നാട്ടിൽ വരുമ്പോൾ ചെണ്ട വാങ്ങി സ്വയം പരിശീലനം നടത്തുകയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2020ൽ നാട്ടിലെത്തിയതിനു ശേഷം കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി പരിശീലനത്തിലേർപ്പെട്ടു. ദുബൈയിലെ മെഷറിക്ക് ബാങ്ക് സീനിയർ മാനേജറായിരുന്നു സ്റ്റീഫൻ. മഴ ശക്തമായി പെയ്യുമ്പോഴാണ് കൂടുതലും വീട്ടിലിരുന്ന് കൊട്ടിക്കൊണ്ടിരുന്നത്. പുറത്ത് ആരും കേൾക്കാതിരിക്കാൻ വേണ്ടിയായിരുന്നു അത്. പിന്നീട്, കനം കൂടിയ ചവിട്ടി തുണി മുറിച്ച് ചെണ്ടയിൽ ഇട്ടും കൊട്ടിയിരുന്നു -സ്റ്റീഫൻ പറയുന്നു.
ജനുവരിയിൽ കക്കാട് വാദ്യകലാക്ഷേത്രത്തിൽ ചേർന്ന് രാജപ്പൻ മാരാരുടെ ശിക്ഷണത്തിൽ സ്റ്റീഫൻ പരിശീലനം ആരംഭിച്ചു. അരങ്ങേറ്റം കുറിച്ചവരിൽ പ്രായത്തിൽ ഏറ്റവും സീനിയറാണ് സ്റ്റീഫൻ. ഒന്നേകാൽ മണിക്കൂറെടുത്ത അരങ്ങേറ്റത്തിൽ താളംതെറ്റിക്കാതെ സ്റ്റീഫനും കൊട്ടിക്കയറി.
‘ചെറുപ്പത്തിലുള്ള ആഗ്രഹമായിരുന്നു ചെണ്ടമേളം പഠിക്കുകയെന്നത്. 10 വയസ്സുള്ളപ്പോൾ കേട്ടിട്ടുള്ള ഇലഞ്ഞിത്തറ മേളവും റേഡിയോയിൽനിന്ന് കേൾക്കുന്ന മേളവും കമന്ററിയുമെല്ലാമാണ് ചെണ്ടമേളം പഠിക്കാൻ പ്രേരിപ്പിച്ചത്. അത് ഈ പ്രായത്തിലെങ്കിലും പഠിച്ചെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം’ -സ്റ്റീഫൻ പറയുന്നു. സുനിതയാണ് ഭാര്യ. പിതാവിന് പിന്തുണയുമായി മക്കളായ സാന്ദ്രയും സെഡ്രിക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.