ഓൺലൈൻ പഠനത്തിന്‍റെ കാലത്തും അല്ലാത്തപ്പോഴും മൊബൈൽ കൈയിൽ കിട്ടിയാൽ കുട്ടികൾ അന്വേഷിക്കുക ഗെയിമുകളെ കുറിച്ചാണ്. സ്ഥിരമായി ഗെയിം കളിക്കുന്ന മുതിർന്നവരും കുറവല്ല. മിത്തോളജിയും ചരിത്രവും സന്നിവേശിക്കുന്ന ഗെയിമുകളിലെയും സിനിമകളിലെയും ഹാസ സാഹിത്യങ്ങളിലെ കാർട്ടൂണുകളിലെയും കഥാപാത്രങ്ങളുടെ നിറങ്ങളും പശ്ചാത്തലവും ഏവരെയും ആകർഷിക്കാൻ പോന്നതാണ്. ജീവസുറ്റ ആ വരകൾക്കുപിന്നിൽ ഒരു 24കാരൻ മലയാളി കൂടിയുണ്ടെന്നറിഞ്ഞാൽ വിശ്വസിക്കാനാവുമോ? എങ്കിൽ അങ്ങനെ ഒരാൾ കണ്ണൂരിലെ തലശ്ശേരിയിലുണ്ട് -ഹാസിം അമീൻ. ഈ പ്രായത്തിനിടയിൽ നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലാണ് ഹാസിമിന്‍റെ നിറക്കൂട്ടുകൾ പ്രസിദ്ധീകരിച്ചു വന്നത്. റോൾ പ്ലേയിങ് ഗെയിം എന്ന വിഭാഗത്തിൽപെടുന്നവയാണ് ഈ വരകൾ.
അഞ്ചുവയസ്സു മുതൽ വര കൂടെയുണ്ട്. 10ാം ക്ലാസ് വരെ ദുബൈയിലായിരുന്നു പഠനം. ചെറുപ്പം മുതൽ വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു. എന്നാൽ, അതൊരു പ്രഫഷനായി മാറുമെന്ന് കുടുംബമോ ഹാസിേമാ പോലും കരുതിയിരുന്നില്ല. വടകരയിലെ ഗോകുലം സ്കൂളിലായിരുന്നു ഹയർ സെക്കൻഡറി പഠനം. പിന്നീട് ബംഗളൂരുവിലും സിംഗപ്പൂരിലുമായി വരകളുടെ ലോകത്ത് ഉപരിപഠനം.
പ്ലസ് വൺ മുതലാണ് ഗൗരവമായെടുത്തതും ഡിജിറ്റൽ ആർട്ടാണ് മേഖലയെന്ന് തിരിച്ചറിഞ്ഞതും. സിനിമകളും ഗെയിമുകളും കണ്ടാണ് ഈ മേഖലയോട് കൂടുതൽ ഇഷ്ടം തുടങ്ങിയത്. പ്ലസ് ടുവിനു ശേഷം നാലുവർഷം ബംഗളൂരുവിൽ ഫൈൻ ആർട്സിൽ ബിരുദം. അടുത്ത ഒരുവർഷം ഡിജിറ്റൽ ആർട്ട് ഡിപ്ലോമ കോഴ്സിനായി സിംഗപ്പൂരിൽ. പഠനങ്ങൾ തീർന്ന് നാട്ടിലെത്തിയതോടെ സ്റ്റുഡിയോ ആരംഭിച്ചു. നിലവിൽ തലശ്ശേരിയിലെ ഈ സ്റ്റുഡിയോയിലിരുന്നാണ് പാറാലിലെ അമീൻ ഹസൻ-സുമയ്യ ദമ്പതികളുടെ മൂത്ത മകൻ ഹാസിം തെൻറ പാഷനു നിറംനൽകുന്നത്.
അതിനിടെ, സ്വന്തമായി ഒരു പുസ്തകവും പുറത്തിറക്കി. പ്രീ ഇസ്ലാമിക് ചരിത്രവുമായും അറേബ്യൻ മിത്തോളജിയുമായും ബന്ധപ്പെട്ട 'The Shrines of Araartu' എന്ന പുസ്തകമാണ് ഹാസിം അമീേൻറതായി ആദ്യം പുറത്തിറങ്ങിയത്. എഴുത്തും വരയും സ്വന്തമായി പൂർത്തിയാക്കിയ പുസ്തകം ദുബൈയിൽവെച്ച് പ്രകാശനം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും കോവിഡും അനുബന്ധ സാഹചര്യങ്ങളും കാരണം ഓൺലൈനിലാണ് പുറത്തിറക്കിയത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ കണ്ടാണ് ബംഗളൂരുവിലെ പഠനത്തിനിടെ ഫ്രഞ്ച് കമ്പനി ബന്ധപ്പെടുന്നത്. ഏതെങ്കിലും കാലത്ത് േജാലിചെയ്യാൻ സന്നദ്ധമാവുകയാണെങ്കിൽ തങ്ങളെ ബന്ധപ്പെടണമെന്ന് അവർ അറിയിച്ചിരുന്നു. പുെണയിലെ ഓഫിസിൽ ആറുമാസം അങ്ങനെ േജാലിചെയ്തു. കഥാപാത്രങ്ങളുടെ ചിത്രങ്ങൾ അവരുടെ പുസ്തകത്തിലേക്കാണ് വരച്ചുനൽകിയത്. ബിരുദത്തിനുശേഷം ഫ്രീലാൻസായി ജോലി തുടർന്നെങ്കിലും കഴിഞ്ഞവർഷം ലോക്ഡൗണിലാണ് കൂടുതൽ അവസരങ്ങൾ തേടിയെത്തിയത്.
യു.എസ് ആസ്ഥാനമായ പൈസോ കമ്പനിക്കുവേണ്ടിയാണ് നിലവിൽ കൂടുതൽ വരകളും. കളിക്കാർ കഥാപാത്രങ്ങളുടെ റോളുകൾ ഏറ്റെടുക്കുന്ന 'റോൾ പ്ലേയിങ് ഗെയിം' എന്ന ഡിജിറ്റലല്ലാത്ത ഗെയിമിലെ കഥാപാത്രങ്ങൾക്കാണ് ഈ 24കാരെൻറ 'ഡിജിറ്റൽ' പെൻസിലും ബ്രഷും ജീവനേകുന്നത്. യൂറോപ്, ഫ്രാൻസ് എന്നിവിടങ്ങളിലെ വിവിധ കമ്പനികളുടെ കഥാപാത്രങ്ങളും ഹാസിമിെൻറ ടാബിൽ ഭദ്രം. ഒപ്പം ബുക്ക് കവർ, പോസ്റ്റർ, കാർട്ടൂൺ-ആനിമേഷൻ ഷോകൾ എന്നിങ്ങനെ ഡിജിറ്റൽ ആർടിസ്റ്റിന് വഴികൾ പലതാണ്. ഡിജിറ്റൽ ആർട്ട് ആയതിനാൽ ഫോട്ടോഷോപ്പിൽ ടാബ്ലറ്റ് ഉപയോഗിച്ചാണ് പെയിൻറ് ചെയ്യുക. പെൻസിലിൽ വരക്കുന്നതുപോലെ ലൈൻ ആർട്ടും ചെയ്ത് നിറംനൽകും. എണ്ണച്ചായത്തിൽ വരക്കുന്ന രീതി ഡിജിറ്റലായി ചെയ്യുന്നതാണ് സവിശേഷത.
പിതാവ് അമീൻ ചെറുപ്പകാലത്ത് വരച്ചതല്ലാതെ മറ്റൊരു പാരമ്പര്യവും ഈ രംഗത്ത് കുടുംബത്തിനില്ല. വേറിട്ട വഴി തെരഞ്ഞെടുത്തതിനാൽ ആദ്യമൊക്കെ കുടുംബത്തിലും എതിർപ്പായിരുന്നു. എന്നാൽ, വര വിട്ടൊരു കളിയില്ലെന്ന് കനത്ത ഭാഷയിൽ പിതാവിന് മെയിൽ അയച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. 10ാം ക്ലാസിനുശേഷം വരയുടെ ലോകത്തുനിന്ന് എന്തെങ്കിലും മാറ്റം വരട്ടെ എന്നു കരുതിയാണ് അമീൻ ഹസൻ കുടുംബത്തെ അന്ന് നാട്ടിലയച്ചത്. എന്നാൽ, ആ മെയിലിൽ അവെൻറ ആഗ്രഹം മുഴുവൻ നിഴലിച്ചിരുന്നു.
ഒരിക്കൽ ദുബൈയിൽ ഹാസ സാഹിത്യ സംബന്ധമായ കോമികോൺ എക്സിബിഷനിൽ ഹാസിം പോയപ്പോൾ കൂടെ പോയി. അന്ന് വണ്ടിയിലിരുന്നു ചോദിച്ചു: ദുബൈയിൽ ബിസിനസ് കോഴ്സ് എന്തെങ്കിലും പഠിക്കുന്നതോടൊപ്പം ആർട്ട് കൂടി കൂടെകൊണ്ടുപോയാൽ പോരെ? എവിടെയെങ്കിലും എത്തണമെങ്കിൽ ഡിജിറ്റൽ ആർട്ട് പ്രധാന വിഷയമായി പഠിച്ചാൽ മാത്രമേ പറ്റൂ എന്നായിരുന്നു അന്ന് ഹാസിമിന്‍റെ മറുപടി. എക്സിബിഷനിൽ എത്തിയപ്പോൾ ലോകപ്രശസ്തരായ ചിത്രകാരന്മാരും കലാകാരന്മാരും പ്രായഭേദമന്യേ മകനെ പരിചയമുള്ളവരാണെന്നു മനസ്സിലായി. മകൻ കുറച്ചു മാറിയപ്പോൾ മുതിർന്ന കലാകാരന്മാരോട് സംസാരിക്കാൻ അവസരം ലഭിച്ചു.
'ഞങ്ങളുടെ രക്ഷിതാക്കളും തുടക്കത്തിൽ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത് വേണമെങ്കിൽ ഇപ്പോൾ തന്നെ ജോലിക്കു പോകാൻ തക്ക കഴിവ് നിങ്ങളുടെ മകനുണ്ട്. പിന്തുണ നൽകുന്നതോടൊപ്പം കൂടുതൽ പഠിക്കാനും അവസരം നൽകണം' -അതായിരുന്നു അവർ നൽകിയ ഉപദേശം. ഡിജിറ്റൽ ആർട്ടിൽ നല്ലൊരു പഠനകേന്ദ്രം അന്വേഷിക്കലായി പിന്നീടുള്ള ജോലി. ഫ്രഞ്ച് കമ്പനിയിലെ ഒരു ആർട്ടിസ്റ്റുമായി ബന്ധപ്പെട്ടു. അദ്ദേഹം നിർദേശിച്ച കോളജുകളിലൊന്നായ സിംഗപ്പൂരിലേക്ക് അങ്ങനെയാണ് മകനെ പഠിക്കാൻ വിടുന്നത്. ഹാസിമിെൻറ ഇളയ രണ്ടു സഹോദരിമാരും നന്നായി വരക്കും. നിയമ വിദ്യാർഥിയാണ് ഒരാൾ. മറ്റൊരാൾ ഈവർഷം എസ്.എസ്.എൽ.സി പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.