കണ്ണും കാതും ഹൃദയവും ചുറ്റുപാടിലേക്ക് തുറന്നുവെച്ച ഒരു യുവപ്രതിഭ. യുവത്വത്തിന്റെ ചടുലതയിൽ പാഞ്ഞടുക്കുന്ന സമയത്തേക്കാൾ വേഗത്തിൽ കുതിച്ചവൻ. തൊഴിലിനോടുള്ള അഭിനിവേഷം എന്നതിൽക്കവിഞ്ഞ് കടമകളും ബാധ്യതകളും സ്വകാര്യവൽക്കരിക്കാതെ മനുഷ്യ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ നിസ്വാർഥ സേവനത്തിന്റെ ഉദാത്ത മാതൃക; ഡോ. ഡാനിഷ് സലിം.
ചികിത്സിച്ച് രോഗികളെ ഭേദമാക്കുന്ന ഡോക്ടർ മാത്രമല്ല ഡാനിഷ് സലീം, ചികിത്സക്ക് മുൻപേ നടപ്പാക്കേണ്ട അടിയന്തര സേവനങ്ങൾക്കാവശ്യമായ സാങ്കേതിക വിദ്യകൾ ലോകത്തിന് പരിചയപ്പെടുത്തിയ 'ടെക്കി' ഡോക്ടർ കൂടിയാണ് അദ്ദേഹം. ബൈക്ക് ആംബുലൻസ്, ആക്സിഡൻറ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവയെല്ലാം അതിൽ ചിലതുമാത്രം.
തിരുവനന്തപുരം പൂവാർ സ്വദേശിയായ ഡാനിഷ് ഒൻപത് വർഷമായി തിരുവനന്തപുരം പി.ആർ.എസ് ഹോസ്പിറ്റലിൽ എമർജൻസി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമാണ്. അതേസമയം 2020 മുതൽ അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ എമർജൻസി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റായും ഫാക്കൽറ്റിയായും പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിലും യു.കെയിലുമായി എമർജൻസി വിഭാഗത്തിൽ എട്ട് വ്യത്യസ്ഥ ഡിഗ്രികൾ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.
2015ലാണ് കേരളത്തിലെ ആദ്യ റെയിൽവേ എമഡജൻസി റൂം ലോഞ്ച് ചെയ്തുകൊണ്ട് തന്റെ സേവന പര്യടനത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് സാധാരണക്കാർക്കും പ്രൊഫഷണൽസിനും വേണ്ടുന്ന മെഡിക്കൽ കോഴ്സുകളും അദ്ധേഹം ആരംഭിച്ചു. 2016 ൽ സംസ്ഥാനത്തെ ആദ്യ ബൈക്ക് ആംബുലൻസ് പദ്ധതിയുമായി വീണ്ടും യുവ മനസ്സിൽ ഇടം പിടിച്ചു. ഇടുങ്ങിയ ഇടങ്ങളിൽ അപകടം സംഭവിച്ചു കുടുങ്ങികിടക്കുന്ന ആളുകളിലേക്ക് എളുപ്പം എത്തിച്ചേരാൻ ആവശ്യമായ സംവിധാനം ഏർപെടുത്തിയ ബൈക്ക് ആംബുലൻസിന് വലിയ സ്വീകാര്യത ലഭിച്ചു. കെ.ഇ.ഡി (Kendrick extrication device), എ.ഇ.ഡി (automated external defibrillator), ജംപ് കിറ്റ് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ ഈ പദ്ധതി ഒരു വ്യക്തിയുടെ ജീവൻ രക്ഷാപ്രവർത്തനം ത്വരിത ഗതിയിലാക്കാൻ സഹായിക്കുന്നു. 2017 ലാണ് അസാപ് (ആക്സിഡൻറ് ഡിറ്റക്ഷൻ സിസ്റ്റം) വിഭാവനം ചെയ്യുന്നത്. ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട അപകടങ്ങളിൽപെടുന്ന വാഹനങ്ങളെയാണ് അസാപ് ലക്ഷ്യമിടുന്നത്. വാഹനത്തിൽ ഘടിപ്പിച്ച ഹാർഡ്വെയർ ഡിവൈസിന്റെ സഹായത്തോടെ എയർബാഗ് പ്രിൻസിപ്പലിലൂടെയാണ് ഇതിന്റെ പ്രവർത്തനം സാധ്യമാകുന്നത്. സോഫ്റ്റ്വെയർ സെറ്റ് ചെയ്തത് പ്രകാരമുള്ള എമർജൻസി നമ്പറുകളിലേക്ക് അപകടം നടന്നയുടൻ കോളുകൾ പോകും. ഇതാണ് അസാപിന്റെ പ്രവർത്തന രീതി. ഇതിനോടനുബന്ധിച്ചാണ് അസാപ് ഇ.എം. ഹാർഡ്വെയറിനും രൂപം നൽകുന്നത്. രോഗിയുമായി വരുന്ന ആംബുലൻസിൽ ഈ സാങ്കേതിക വിദ്യ ഘടിപ്പിച്ചാൽ ആംബുലൻസ് കടന്നുപോകുന്ന നേർപാത സിഗ്നലുകളിൽ ചുവപ്പ് മാറി പച്ച തെളിയും. മറ്റുള്ളവയെല്ലാം ചുവപ്പിലേക്കും വഴിമാറും. ഇതുവഴി ആംബുലൻസുളള വഴിയിലെ മറ്റു വാഹനങ്ങൾക്കും മുന്നോട്ടു പോകാനാകും. ട്രാഫിക് ലൈറ്റ് കൺട്രോളിലേക്ക് സിഗ്നൽ നൽകിയ ഈ സംവിധാനം പരീക്ഷണാർത്ഥം പലയിടങ്ങളിലും വിജയകരമായി സ്ഥാപിച്ചെങ്കിലും സർക്കാർ തുടർനടപടികൾ സ്വീകരിച്ചില്ല. അദ്ധേഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ആൻസർ( ആംബുലൻസ് നെറ്റ്വർക്കിങ് സിസ്റ്റം വിത്ത് എമർജൻസി റെസ്പോൺസ്). കേരള പോലീസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, യു.എസ്.എ രമേഷ് കുമാർ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് നിർമ്മിച്ച സോഫ്റ്റ്വെയറാണ് ആൻസർ. സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളും ആശുപത്രികളും ഈ സോഫ്റ്റ്വെയറിൽ ഏകീകരിച്ചു കാണാം. ഇതുവഴി ആക്സിഡന്റ് സംഭവിച്ച ഉടൻ പൊലീസിനെ ബന്ധപ്പെട്ടാൽ ഏറ്റവും അടുത്ത ആംബുലൻസ് അവർക്ക് അയക്കാൻ സാധ്യമാകും. കേരള പൊലീസിന് കീഴിൽ ഇന്നും ഈ പദ്ധതി നടപ്പിലാക്കിവരുന്നു. എന്നാൽ, ആൻസറിന്റെ വിപുലീകരണ തിരക്കിലാണ് ഡോക്ടറും ടീമും.
ഫസ്റ്റ് എയ്ഡ് ട്രെയിനിങ് ഫോർ കോമൺ മാൻ ആൻഡ് സ്റ്റുഡൻസിന് (ഫാസ്റ്റ്) 2019ഓടെ തുടക്കംകുറിച്ചു. പ്രൈമറി തലം മുതൽ കുട്ടികളിൽ ഫസ്റ്റ് എയ്ഡ് ട്രെയിനിങ് ലഭ്യമാക്കി അവബോധമുള്ള തലമുറയെ വാർത്തെടുക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലും മുഴുവൻ മെഡിക്കൽ കോളജുകളിലും ഫാസ്റ്റിനു കീഴിൽ ട്രെയിനിങ് നൽകിവരുന്നു. ലക്ഷത്തിൽപരം കുട്ടികൾക്ക് തികച്ചും സൗജന്യമായി സേവനം പൂർത്തിയാക്കി ഫാസ്റ്റ് ഇന്നും ജൈത്രയാത്ര തുടരുന്നു.
മുന്നണിപ്പോരാളി
തിരക്കുപിടിച്ച ഈ ജീവിത വ്യവഹാരങ്ങൾക്കിടയിലും സമൂഹത്തിനു നേരെ അദ്ദേഹം കാണിച്ച കരുതൽ അനിവർചനീയമാണ്. 2020; കോവിഡ് ഭീതിയിൽ ജനങ്ങൾ ഭയവിഹ്വലരായ കാലഘട്ടം. ഈയിടക്കാണ് കുറച്ചൂടെ ഡാനിഷ് സലിം നമുക്കിടയിലേക്ക് സുപരിചിതനായി രംഗപ്രവേശനം ചെയ്യുന്നത്. 2020-22 കാലയളവിൽ കൊവിഡ് ബോധവൽക്കരണം തൊട്ട് മനുഷ്യനെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ച് ആയിരത്തോളം വീഡിയോകളിലൂടെ ഡാനിഷ് സലിം നമ്മോട് സംവദിച്ച്കൊണ്ടേയിരുന്നു. Dr. d ബെറ്റർ ലൈഫ് പ്രൈവറ്റ് ലിമിറ്റഡിലൂടെ 200 പേരടങ്ങുന്ന യുവ ഡോക്ടർമാരുടെ ടീം രൂപവത്കരിച്ച് അഞ്ച് ദശലക്ഷം ആളുകൾക്ക് ഇദ്ദേഹം സൗജന്യ ഓൺലൈൻ കൺസൾട്ടേഷൻ സേവനം നൽകി. അൻപതോളം സ്റ്റാഫുകളെ നിർണയിച്ച് ചെറിയ തുക മാത്രം ഈടാക്കി ഇന്നും Dr.d ബെറ്റർ ലൈഫ് പ്രൈവറ്റ് ലിമിറ്റഡ് അവരുടെ പ്രവർത്തനം തുടർന്നുവരുന്നു.
തിരക്കൊഴിഞ്ഞ് ഇരിക്കാൻ നേരമില്ലെങ്കിലും നിരവധി മെഡിക്കൽ പുസ്തകങ്ങളും ഇതിനോടകം ഇദ്ദേഹം രചിച്ചു കഴിഞ്ഞു. ബെസ്റ്റ് എമർജൻസി ഫിസിഷൻ സ്റ്റേറ്റ് അവാർഡ് (2015), ബെസ്റ്റ് ഇന്നവേറ്റർ അവാർഡ് ഫ്രം കാബിനറ്റ് മിനിസ്റ്റർ(2016), നാഷനൽ യങ് അച്ചീവർ അവാർഡ് (2017), സ്പെഷ്യൽ അപ്രീസ്യേഷൻ അവാർഡ് ഫ്രം എൈ.എം.എ തുടങ്ങിയവയാണ് മികച്ച അംഗീകാരങ്ങൾ. ഭാര്യ റെയ്സ ഷുക്കൂർ ബുർജീൽ ഹോസ്പിറ്റലിൽ ഫാമിലി
മെഡിസിൻ ഡിപ്പാർട്ട്മെൻറ് ഡോക്ടറാണ്.
മകൾ ദുഅ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.