അതിജീവനമാണ് ഓരോ യാത്രകളും. ആ യാത്ര പ്രപഞ്ചത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്കാകുമ്പോൾ അതിജീവനം മാത്രമല്ല, അതിജയം കൂടിയാകും. അത്തരത്തിലൊരു യാത്രയായിരുന്നു ചന്ദ്രയാൻ -3ന്റേത്. ചന്ദ്രയാൻ -2ൽ കുറിക്കാനാകാത്ത ചരിത്രം തേടിയുള്ളൊരു യാത്ര. ചന്ദ്രയാൻ -2ന്റെ ചെറിയ താളപ്പിഴകൾ പരിഹരിച്ച് ചന്ദ്രയാൻ -3 കുതിച്ചുയർന്നപ്പോൾ ഓർമിക്കപ്പെടേണ്ട ഒരു പേര് കൂടിയുണ്ട്. ഇന്ത്യയുടെ റോക്കറ്റ് മാൻ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. ശിവന്റേത്. ചന്ദ്രയാൻ മൂന്നിന്റെ വിജയവും അതിന്റെ സന്തോഷവും ‘വാരാദ്യമാധ്യമ’ത്തോട് പങ്കുവെക്കുകയാണ് അദ്ദേഹം.
2019 ജൂലൈ 22. വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ, ഓർബിറ്റർ എന്നിവയടങ്ങിയ ചന്ദ്രയാൻ -2 പേടകം ജി.എസ്.എൽ.വി മാർക്ക് ത്രീ വിക്ഷേപിച്ചു. സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽനിന്ന് വേർപെട്ട വിക്രം ലാൻഡർ സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.38ന് ചന്ദ്രനിലിറങ്ങാനുള്ള സോഫ്റ്റ് ലാൻഡിങ് ആരംഭിച്ചു. ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. പുലർച്ചെ 1.49ഓടെ ചന്ദ്രന്റെ 2.1 കിലോമീറ്റർ അകലെ വിക്രം ലാൻഡറിന്റെ സിഗ്നൽ നഷ്ടമായി. പുലർച്ചെ 2.20ഓടെ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ ഇക്കാര്യം ജനങ്ങളെ അറിയിച്ചു. ഒരു രാജ്യം മുഴുവൻ നിശ്ചലമായ, നിരാശരായ സമയം. ചന്ദ്രയാൻ -2 എല്ലാം മുൻ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് പ്രതീക്ഷിച്ചവരുടെ കണക്കുകൂട്ടലുകൾ തെറ്റി. തൊട്ടിലിൽ കുഞ്ഞിനെ കിടത്തുന്നതുപോലെയാണിതെന്നും കുഞ്ഞ് വീണുപോകുമോ എന്ന ആശങ്കയുണ്ടെങ്കിലും ഭയപ്പെടുന്നില്ലെന്നായിരുന്നു ചെയർമാൻ കെ. ശിവന്റെ വാക്കുകൾ. എന്നാൽ, ഏറെ ആത്മവിശ്വാസത്തിലായിരുന്ന അദ്ദേഹം ഒരു നിമിഷം പൊട്ടിക്കരഞ്ഞു, ലോകം മുഴുവൻ കാൺകെ.
2023 ആഗസ്റ്റ് 23. സമയം വൈകുന്നേരം 6.04. ചാന്ദ്രരഹസ്യം തേടിയുള്ള ശാസ്ത്രലോകത്തിന്റെ കുതിപ്പിൽ ദക്ഷിണധ്രുവം തൊട്ട് ഇന്ത്യയുടെ ചന്ദ്രയാൻ -3 ചരിത്രം സൃഷ്ടിച്ചു. ഇതോടെ സോവിയറ്റ് യൂനിയൻ, യു.എസ്.എ, ചൈന എന്നിവക്കു ശേഷം ചന്ദ്രനിൽ മൃദു ഇറക്കം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യരാജ്യവും. ചന്ദ്രയാൻ -3 ചന്ദ്രന്റെ മണ്ണിൽ കാലുകുത്തുമ്പോൾ അത് വീക്ഷിച്ച് ഒരു മനുഷ്യനുമുണ്ടായിരുന്നു. ഐ.എസ്.ആർ.ഒ മുൻ ചെയർമാനായ കെ. ശിവൻ. ചന്ദ്രയാൻ -2 വിലൂടെ തുടങ്ങിവെച്ച ദൗത്യം ചന്ദ്രയാൻ -3ൽ വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം.
‘ഐ ആം ഫീലിങ് വെരി ഹാപ്പി’ സന്തോഷംകൊണ്ട് മറ്റൊന്നും മുൻ ഐ.എസ്.ആർ.ഒ ചെയർമാന് പറയാനില്ലായിരുന്നു. ‘ഇന്ത്യയുടെ അഭിമാന നിമിഷം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ -3ന്റെ ലാൻഡിങ്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രനിൽ മൃദു ഇറക്കം നടത്തുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ചന്ദ്രയാൻ 3 നൽകുന്ന വിവരങ്ങൾ ഇന്ത്യക്ക് മാത്രമല്ല, ആഗോള തലത്തിൽ ശാസ്ത്രലോകത്തിന് ഒരു മുതൽക്കൂട്ടാകും’ -കെ. ശിവൻ ‘വാരാദ്യമാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ നാലുവർഷമായി ഈ സന്തോഷകരമായ വാർത്തക്കായി കാത്തിരിക്കുകയായിരുന്നു. ഈ മഹത്തായ വിജയം കാണാൻ, ആഘോഷിക്കാൻ എല്ലാവരും ആവേശത്തിലാണ്. ഈ വിജയം നമുക്കും മുഴുവൻ രാജ്യത്തിനും ശാസ്ത്രലോകത്തിനും ഒരു മധുര വാർത്തയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മൾ മാത്രമല്ല, ലോകം മുഴുവൻ സന്തോഷിക്കേണ്ട നിമിഷമാണ്. റോവറിൽനിന്ന് ലഭിക്കുന്ന ഡേറ്റ എല്ലാവരുമായി പങ്കിടും. ഇത് ചാന്ദ്രപഠനത്തിന്റെ ആക്കം കൂട്ടാൻ സാധിക്കും. ലോകത്തിന് ഇന്ത്യ നൽകിയ വലിയ ഒരു സംഭാവന കൂടിയാണ് ചന്ദ്രയാൻ-3 - അദ്ദേഹം പറഞ്ഞു.
നീണ്ടനാളത്തെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥന സഫലമായി. ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയതിന് ശേഷവും വീട്ടിലേക്ക് മടങ്ങിയിരുന്നില്ല. ലാൻഡറിൽനിന്ന് റോവർ പുറത്തുവരുന്നതുവരെ കൺട്രോൾ റൂമിലിരിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തിൽ റോവർ നീങ്ങുന്നത് കണ്ടതിനു ശേഷമാണ് മടങ്ങിയത്. ഏറെ വൈകിയാണ് വീട്ടിലെത്തിയതും -അദ്ദേഹം വാക്കുകളിൽ സന്തോഷം പങ്കുവെച്ചു.
അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനമായ കന്യാകുമാരി. പശ്ചിമഘട്ടവും പൂർവഘട്ടവും അവസാനിക്കുന്നിടം. വടക്കും കിഴക്കും തിരുനെൽവേലി ജില്ലയുമായും പടിഞ്ഞാറും വടക്കും തിരുവനന്തപുരവുമായും അതിരിടുന്ന കന്യാകുമാരി. കന്യാകുമാരി ജില്ലയുടെയും പഴയ തിരുവിതാംകൂറിന്റെയും ഭാഗമായ കേരളത്തിന്റെ നഷ്ടഭൂമിയായ നാഞ്ചിനാട്.
നാഞ്ചിനാടിന്റെ ഹൃദയഭാഗത്തുള്ള സരക്കാൽവിള. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളായിരുന്നു നാഞ്ചിനാടിന്റെയും സരക്കാൽവിളയുടെയും അടയാളം. എന്നാൽ, സക്കരാൽവിളയിൽ ആ ദേശത്തിന്റെ പോയകാല സമൃദ്ധിയുടെ അടയാളങ്ങൾ ഇപ്പോഴും വരണ്ടുണങ്ങിയ വയലുകളായും കുളങ്ങളായും അവശേഷിക്കുന്നുണ്ട്. പ്രശസ്തമായ ശുചീന്ദ്രം ക്ഷേത്രത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് സരക്കാൽവിള. നാഞ്ചില് നാട് അഥവാ കലപ്പുകളുടെ നാട്, തിരുവിതാംകൂറിന്റെ നെല്ലറ തുടങ്ങിയ വിശേഷണങ്ങളുണ്ടെങ്കിലും അവിടത്തെ കർഷകർക്ക് പട്ടിണിയായിരുന്നു. ആ പട്ടിണിയുടെ നടുവിൽനിന്ന് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണകേന്ദ്രത്തിന്റെ തലപ്പത്തെത്തിയ വ്യക്തിയാണ് കെ. ശിവൻ.
1957 ഏപ്രിൽ 14നാണ് ജനനം. കൈലാസ വടിവാണ് പിതാവ്. മാതാവ് ചെല്ലം. അതിദരിദ്ര കുടുംബമായിരുന്നു ഇവരുടേത്. മൂന്ന് സഹോദരങ്ങൾക്കൊപ്പം ശിവനും പിതാവിന് കൈത്താങ്ങായി സ്കൂൾ പഠനകാലത്തുതന്നെ പണിക്കായി വയലിലേക്കിറങ്ങിയിരുന്നു. അന്ന് കലപ്പ പിടിച്ചതിെൻറ തഴമ്പ് ഇപ്പോഴും ശിവന്റെ കൈകളിലുണ്ടാകും. വിത്തിറക്കാനും വിളവെടുക്കാനുമായി പാടത്തേക്കിറങ്ങാൻ എത്തുമ്പോഴും ശിവന്റെ കൈകളിൽ പാഠപുസ്തകങ്ങളുമുണ്ടാകും. സ്കൂൾ വിട്ടിറങ്ങിയാൽ പാടത്തേക്ക്. പാടത്ത് പണിയെടുത്തും പട്ടിണി കിടന്നും സർക്കാർ സ്കൂളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം ശിവൻ പൂർത്തിയാക്കി.
ഗ്രാമത്തിലെ സ്കൂളിൽ എട്ടാംക്ലാസ് വരെ പഠിക്കാനേ കഴിയൂ. കാരണം അവിടെ അത്രക്ക് സൗകര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉന്നതപഠനത്തിന് നഗരത്തിൽ പോയി പഠിക്കാൻ വീട്ടിൽ പണമില്ലായിരുന്നു. മൂത്തസഹോദരൻ പണമില്ലാത്തതിനാൽ പാതിവഴിയിൽ പഠനം നിർത്തിയിരുന്നു. തുടർന്നു പഠിക്കണമെന്ന ആഗ്രഹത്താൽ ശിവൻ പിതാവിനൊപ്പം ജോലി ചെയ്ത് പഠനച്ചെലവ് കണ്ടെത്തി. പഠനത്തിനൊപ്പം ജോലിചെയ്താണ് പഠനം പൂർത്തിയാക്കിയതും. നല്ല മാർക്കോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും സ്വപ്നമായിരുന്ന എൻജിനീയറിങ്ങിന് ചേരാൻ ശിവന് കഴിഞ്ഞിരുന്നില്ല. അവിടെയും സാമ്പത്തികം തന്നെയായിരുന്നു വില്ലൻ. പകരം നാഗർകോവിൽ എസ്.ടി ഹിന്ദു കോളജിൽ ഗണിത ബിരുദത്തിന് ചേരേണ്ടിവന്നു. അങ്ങനെ ഗ്രാമത്തിലെ ആദ്യ ബിരുദധാരിയായി ശിവൻ മാറി. കണക്കിന് നൂറിൽ നൂറും മാർക്ക് നേടി നല്ല മാർക്കോടെയായിരുന്നു ശിവൻ ബിരുദം പൂർത്തിയാക്കിയത്.
ബിരുദത്തിന് ശേഷം തന്റെ മേഖല എൻജിനീയറിങ് ആണെന്ന് ശിവൻ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഫീസിളവോടെ പഠിക്കാനുള്ള അവസരവും സംഘടിപ്പിച്ചു. മകനെ കോളജിൽ ചേർക്കാൻ ആകെയുണ്ടായിരുന്ന ഭൂമിയുടെ മുക്കാൽ ഭാഗവും കൈലാസവടിവിന് വിൽക്കേണ്ടിവന്നിരുന്നു. കൃഷിയിടംവിറ്റ് അഡ്മിഷൻ നേടി 1980ൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം സ്വന്തമാക്കി. പ്രഗല്ഭരായ അധ്യാപകരുടെ കീഴിലായിരുന്നു ശിവന്റെ എൻജിനീയറിങ് പഠനം. തുടർന്ന് 1982ൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽനിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. ആ വർഷം തന്നെ ഐ.എസ്.ആർ.ഒയിൽ ഗവേഷകനായും പ്രവേശനം ലഭിച്ചു. 2006ൽ ഐ.ഐ.ടി ബോംബെയിൽനിന്ന് ഡോക്ടറേറ്റ് പഠനവും അദ്ദേഹം പൂർത്തിയാക്കി. ആര്യഭട്ടയുടെ വിജയവിക്ഷേപണം ഇന്ത്യൻ ഗവേഷകർക്ക് ഏറെ ആവേശവും ആത്മവിശ്വാസവും പകർന്ന കാലത്താണ് ഡോ. ശിവൻ ഐ.എസ്.ആർ.ഒയിൽ എത്തുന്നത്.
ചന്ദ്രയാൻ-ഒന്ന് അടക്കമുള്ള വാഹനങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ച പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി) വികസിപ്പിച്ചെടുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശിവന്റെ കരിയറിന്റെ തുടക്കം. പി.എസ്.എൽ.വി വലിയ വിജയമായി.
തുടർന്നുള്ള മൂന്നു പതിറ്റാണ്ടുകാലം ജി.എസ്.എൽ.വി, പി.എസ്.എൽ.വി, ജി.എസ്.എൽ.വി മാർക്ക് ത്രീ തുടങ്ങിയ പദ്ധതിയുടെ തന്ത്രപ്രധാനമായി പ്രവർത്തിച്ചു. ജി.എസ്.എൽ.വിയിലേക്കും ആർ.എൽ.വിയിലേക്കും ആ സാങ്കേതികവിദ്യ പടർന്നു പന്തലിച്ചപ്പോൾ അതിെൻറ രൂപകൽപനയിൽ മുഖ്യമായും പ്രവർത്തിച്ചതും ശിവനായിരുന്നു. പിന്നീട് ക്രയോജനിക് സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും വിജയിച്ചു.
എല്ലാ ഐ.എസ്.ആർ.ഒ വിക്ഷേപണ വാഹനങ്ങളുടെയും തത്സമയ, തത്സമയ ഇതര ട്രാജക്റ്ററി സിമുലേഷനുകളുടെ പിൻബലമായ SITARA എന്ന 6D ട്രാക്ക് സിമുലേഷൻ സോഫ്റ്റ്വെയർ കോൾ അദ്ദേഹം വികസിപ്പിച്ചെടുത്തതാണ്. 2011ൽ ജി.എസ്.എൽ.വി പ്രോജക്ട് ഡയറക്ടർ ആയി. അതിനുമുമ്പ് ഐ.എസ്.ആർ.ഒയുടെ വിവിധ വകുപ്പുകളുടെ മേധാവിത്വം വഹിച്ചു. ഒരൊറ്റ റോക്കറ്റ് വിക്ഷേപണത്തിൽതന്നെ പരമാവധി കൃത്രിമോപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനുള്ള മാർഗങ്ങൾ ഇക്കാലങ്ങളിൽ അവലംബിച്ചു. അങ്ങനെയാണ് 2017 ഫെബ്രുവരി പതിനഞ്ചിന് ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചതിെൻറ റെക്കോഡ് ഇന്ത്യക്ക് സ്വന്തമായത്.
തിരുവനന്തപുരം വി.എസ്.എസ്.സിയുടെ ചുമതലയിലിരിക്കുമ്പോൾ 2018 ജനുവരിയിൽ ഐ.എസ്.ആർ.ഒയുടെ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. 2022 ജനുവരി പതിനാലിന് ഐ.എസ്.ആർ.ഒ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു.
ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ചുക്കാൻ പിടിച്ചത് കെ. ശിവനായിരുന്നു. സോഫ്റ്റ് ലാൻഡിങ് എന്ന അതിസങ്കീർണമായ ദൗത്യമായിരുന്നു ചന്ദ്രയാൻ 2 ഏറ്റെടുത്തിരുന്നത്. ഒരുപാട് പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിലായിരുന്നു ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം. സോവിയറ്റ് യൂനിയൻ, യു.എസ്.എ, ചൈന എന്നിവക്കുശേഷം സോഫ്റ്റ് ലാൻഡിങ് എന്ന അതീസങ്കീർണത ഏറ്റെടുത്ത രാജ്യമായിരുന്നു ഇന്ത്യ. ചന്ദ്രയാൻ 2ൽ 2.1 കിലോമീറ്റർ അകലെ ചന്ദ്രനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ വിക്രം ലാൻഡർ വഴുതിവീണത് കടുത്ത നിരാശയിലേക്കെത്തിച്ചിരുന്നു. ആറ്റുനോറ്റു വളർത്തിയ കുഞ്ഞിനെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അതേ വേദനയായിരുന്നു അന്ന് ശിവൻ അനുഭവിച്ചതും. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ആശ്വസിപ്പിക്കാനെത്തിയപ്പോൾ നിയന്ത്രണം വിട്ട് കരഞ്ഞുകൊണ്ടായിരുന്നു ശിവൻ തന്റെ ദുഃഖം അടക്കിയത്. എന്നാൽ, അതേ സാങ്കേതികവിദ്യ പിൻപറ്റി ചന്ദ്രയാൻ -2ലെ പിഴവുകൾ തിരുത്തി ചന്ദ്രയാൻ 3 ലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. അതിന്റെ പിന്നിൽ ശിവൻ എന്ന ശാസ്ത്രജ്ഞന്റെ അർപ്പണബോധവും കഠിനാധ്വാനവും ദൃഢനിശ്ചയവും ഓർമിക്കപ്പെടും.
കഠിനാധ്വാനവും ഉൾക്കരുത്തുമായിരുന്നു ഏതൊരു പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാനുള്ള ശിവന്റെ കരുത്ത്. അതുകൊണ്ടുതന്നെ ചാന്ദ്രദൗത്യം, മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ പദ്ധതി, മംഗൾയാനിന്റെ തുടർപദ്ധതികൾ എന്നിവ ശിവൻ എന്ന ശാസ്ത്രജ്ഞന്റെ പട്ടികയിലുണ്ടായിരുന്നു. കൂടാതെ രാജ്യത്തിന് സ്വന്തമായൊരു ബഹിരാകാശ നിലയമെന്ന സ്വപ്നവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവക്കെല്ലാം തുടക്കം കുറിച്ചതിനാൽ തന്നെ ഇന്ത്യയുടെ ‘റോക്കറ്റ് മാൻ’ എന്നും ശിവൻ അറിയപ്പെടാൻ തുടങ്ങി. നമ്പി നാരായണന്റെ അഭാവത്തിൽ ചാരമായിപ്പോയ ക്രയോജനിക് റോക്കറ്റുകളെ പുനരുജ്ജീവിപ്പിച്ചതിനുള്ള അംഗീകാരമായിരുന്നു റോക്കറ്റ് മാൻ എന്ന വിശേഷണം. വരും തലമുറക്ക് ശാസ്ത്രത്തിന്റെ വളർച്ചയിൽ ചവിട്ടുപടി നൽകിയാണ് ശിവൻ ഐ.എസ്.ആർ.ഒ ചെയർമാൻ സ്ഥാനത്തുനിന്ന് ഇറങ്ങിയതും.
ആകാശത്തിനപ്പുറം ഉയർന്നാലും തന്റെ ഗ്രാമത്തിലേക്കും അതിന്റെ ഓർമകളിലേക്കും അദ്ദേഹം എപ്പോഴും തിരിച്ചുപോരും. എല്ലാ വർഷവും മേയിൽ സരക്കാൽവിളയിൽ നടക്കാറുള്ള ഭദ്രകാളി അമ്മ പൂജയും അനുബന്ധ ഉത്സവങ്ങളും മുടക്കാറില്ല. ആ സമയത്ത് സഹോദരെൻറ വീടും ബാല്യകാല സുഹൃത്തുക്കളെയും സന്ദർശിക്കും. ഓർമകൾ പുതുക്കി തറവാടിനടുത്തുതന്നെയുള്ള സരക്കാൽവിള എലിമെന്ററി സ്കൂളിലും അദ്ദേഹമെത്തും. പ്രസിദ്ധ ക്ഷേത്രം ശുചീന്ദ്രമാണ് മറ്റൊരു പ്രധാന ഇഷ്ട ഇടം. പഴയ കാലത്തെ ഓർമകൾ വാക്കുകളിൽ എപ്പോഴും കൊണ്ടുവരും. നാഗപട്ടണത്തുകാരിയായ മാലതിയാണ് സഹയാത്രിക. രണ്ടു മക്കൾ: സുശാന്ത്, സിദ്ധാർഥ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.