തൃക്കരിപ്പൂർ: അവധിക്ക് നാട്ടിൽ വരുന്ന പ്രവാസിക്ക് വ്യത്യസ്തമായ ഒരു ആഗ്രഹം. കാര്യം അറിഞ്ഞപ്പോൾ കട്ടക്ക് കൂടെ നിൽക്കുമെന്ന് സൂഹൃത്തുക്കൾ തീരുമാനിച്ചു. നാട്ടിലേക്ക് വരുമ്പോൾ സൈക്കിളിൽ വീട്ടിലേക്ക് പോകണമെന്നായിരുന്നു പ്രവാസിയായ സലീമിന്‍റെ ആഗ്രഹം. തൃക്കരിപ്പൂരിലെ സൈക്ലിങ് കൂട്ടായ്മയായ ടി.സി.സിയിലെ സുഹൃത്തുക്കളോട് മോഹം പങ്കുവെച്ചപ്പോൾ, പാതിരാത്രിയായിട്ടും സൈക്കിളുമായി അവർ കാത്തുനിന്നു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്റർ അകലെ പടന്ന ഗണേഷ് മുക്കിലാണ് ദുബൈയിൽ ജോലിചെയ്യുന്ന പരിച്ചുമാടത്ത് സലീമിന്‍റെ വീട്. പുലർച്ചെ രണ്ടിന് വിമാനം ഇറങ്ങിയ സലീമിനെ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡൻ്റ് ടി.എം.സി.ഇബ്രാഹിം, അംഗങ്ങളായ ഷബീർ മാട്ടൂൽ, എ.ജി.ഫായിസ് എന്നിവർ സ്വീകരിച്ചു. പടന്നയിൽ നിന്ന് വാഹനത്തിൽ എത്തിച്ച സൈക്കിളിൽ മൂന്നുമണിക്ക് മൂർഖൻപറമ്പിൽ നിന്ന് പുറപ്പെട്ട് ഏഴുമണിയോടെ വീട്ടിലെത്തി.
കൊണ്ടുവന്ന ലഗേജ് വാഹനത്തിൽ കയറ്റി വിട്ടു. നാട്ടിലേക്കുള്ള സൈക്കിൾ യാത്രയിൽ ഇബ്രാഹിമും സലീമിനെ അനുഗമിച്ചു. പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു റൈഡ്. അടുത്ത വർഷത്തെ ലണ്ടൻ എഡിൻബറോ ലണ്ടൻ (എൽ.ഇ.എൽ) 1200 കിലോമീറ്റർ എൻഡ്യൂറൻസ് റൈഡിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് സലീം. ദുബൈയിൽ ഡി.എക്സ്.ബി റൈഡേഴ്സ് അംഗമായ സലീം അവിടത്തെ റൈഡുകളിൽ പങ്കെടുക്കാറുണ്ട്. ദേശാന്തര ടീമുകൾ പങ്കെടുത്ത അജ്മാൻ റോഡ് സൈക്ലിങ്ങിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.