കുവൈത്ത് സിറ്റി: രാജ്യങ്ങൾ പലതു പിന്നിട്ട്, ജനസാഗരത്തെ കണ്ട്, പ്രകൃതിയുടെ പല ഭാവങ്ങൾ മാറിമാറി അനുഭവിച്ച് ഫായിസും അവന്റെ സൈക്കിളും യാത്ര തുടരുന്നു. ശനിയാഴ്ച രാവിലെ എട്ടിന് നുവൈസിബ് വഴി കുവൈത്ത് അതിർത്തിയിൽ പ്രവേശിക്കുന്നതോടെ ഫായിസ് യാത്രയിൽ പുതിയൊരു രാജ്യത്തിന്റെ പേരുകൂടി എഴുതിച്ചേർക്കും.
35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് രണ്ടു ഭൂഖണ്ഡങ്ങൾ താണ്ടി ലണ്ടനിലെത്തുകയാണ് ഫായിസിന്റെ സ്വപ്നം. ഈ വർഷം ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ യാത്ര സൗദി അതിർത്തി കടന്നാണ് കുവൈത്തിൽ എത്തുന്നത്. 450 ദിവസം പിന്നിടുമ്പോൾ ലണ്ടനിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ.
കുവൈത്തിൽ ഈ മാസം 31 വരെ തുടരുന്ന ഫായിസ് തുടർന്ന് ഇറാഖിലേക്കു സൈക്കിൾ ചവിട്ടും. പിന്നെ ഇറാനും അസർബൈജാനും ജോർജിയയും തുർക്കിയും മറികടന്നു യൂറോപ്പിലേക്ക് പ്രവേശിക്കും. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി ലോകരാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹസന്ദേശത്തോടെ ‘ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്ക്’ എന്ന ആപ്തവാക്യവുമായി ടീം എക്കോ വീലേഴ്സിന്റെ നേതൃത്വത്തിൽ റോട്ടറി ഇന്റർനാഷനലിന്റെ പിന്തുണയോടെയാണ് ഫായിസ് സൈക്കിളിൽ ഭൂഖണ്ഡങ്ങൾ ചുറ്റാനിറങ്ങിയത്.
ലോക സമാധാനം, സീറോ കാർബൺ, മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണം എന്നിവയും യാത്രാലക്ഷ്യങ്ങളാണ്. കേരളത്തിൽ തുടങ്ങിയ യാത്ര മുംബൈയിലെത്തിയശേഷം വിമാനമാർഗം ഒമാനിലിറങ്ങി. അവിടെനിന്ന് റോഡുമാർഗം യു.എ.ഇയും ഖത്തറും ബഹ്റൈനും സൗദിയും പിന്നിട്ടാണ് കുവൈത്തിൽ എത്തുന്നത്. അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക് ട്രക്കർ സൈക്കിളിലാണ് സഞ്ചാരം.
കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ ഫായിസ് വിപ്രോയിലെ ജോലി രാജിവെച്ചാണ് സൈക്കിളിൽ ലോകം ചുറ്റാൻ ഇറങ്ങിയത്. 2019ൽ കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസംകൊണ്ട് 8,000 കിലോമീറ്റർ സഞ്ചരിച്ച് അന്ന് വിജയകരമായി സിംഗപ്പൂരിലെത്തി.
ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, കാമറ തുടങ്ങിയവയാണ് യാത്രയിൽ കൂട്ട്. ഭാര്യ ഡോ. അസ്മിന് ഫായിസ് യാത്രക്ക് എല്ലാ പ്രോത്സാഹനവും നൽകി ദൂരെയാണെങ്കിലും കൂടെയുണ്ട്. മക്കളായ ഫഹ്സിന്‍ ഉമർ, അയ്സിന് നഹേൽ എന്നിവരും പിതാവിന് മുഴുവൻ പിന്തുണയും നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.