ലോക്ഡൗണ്‍ കാലത്ത് വീട്ടിലേക്കും മുറിയിലേക്കും ചുരുങ്ങി കഴിയേണ്ടിവരുന്ന സാഹചര്യം എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന് കാണിച്ചുതരുകയാണ് കണ്ണാടിപ്പറമ്പ് സ്വദേശിയായ വിദ്യാര്‍ഥി ഹിഷാം ഹാരിസ്. പെന്‍സില്‍ ഡ്രോയിങ്ങും സ്റ്റെന്‍സില്‍ ഡ്രോയിങ്ങും ഇല്യൂഷനും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ഒട്ടും ഭാവം ചോര്‍ന്നുപോകാതെ സര്‍ഗ പ്രതിഭയാല്‍ കാലത്തിലേക്ക് പകര്‍ത്തുകയാണ് ഈ മിടുക്കന്‍. നൂറില്‍പരം ചിത്രങ്ങളാണ് വരച്ചുതീര്‍ത്തത്.
ആദ്യഘട്ടത്തില്‍ കൂട്ടുകാരുടെയും ബന്ധുക്കളുടെയും ചിത്രങ്ങള്‍ തന്മയത്വത്തോടെ ഹിഷാം വരച്ചു. അതില്‍നിന്നുണ്ടായ ആത്മവിശ്വാസത്തില്‍ ലോകോത്തര നേതാക്കളെയും ലോകം അറിയുന്നവരെയും ഒട്ടും ഭാവം ചോരാതെ പെന്‍സില്‍ ഡ്രോയിങ്ങില്‍ വരച്ചു തീര്‍ക്കുന്നു. ബറാക് ഒബാമ, മദര്‍ തെരേസ, അമിര്‍ഖാന്‍, എ.ആര്‍. റഹ്മാന്‍, പിണറായി വിജയന്‍, ശൈലജ ടീച്ചര്‍, സച്ചിന്‍, ദുല്‍ഖര്‍ സല്‍മാന്‍, എ.പി.ജെ. അബ്ദുല്‍ കലാം, നെല്‍സണ്‍ മണ്ടേല, സുകുമാരി, കണ്ണൂര്‍ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര തുടങ്ങി നൂറോളം പ്രശസ്തരുടെ ചിത്രങ്ങള്‍ ഇതിനകം വരച്ചിട്ടുണ്ട്.
അബുദബി മുസ്തഫ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലായിരുന്നു കെ.ജിയിലും ചെറിയ ക്ലാസുകളിലുമുള്ള വിദ്യാഭ്യാസം. പിന്നീട് കണ്ണൂര്‍ കസ്തൂര്‍ബ പബ്ലിക് സ്‌കൂളിലും തുടര്‍ന്ന് പറശ്ശിനിക്കടവ് ഗവ. ഹൈസ്‌കൂളിലുമായി പഠനം. ഇപ്പോള്‍ ഐ.എം.എ ഇന്‍സ്റ്റിറ്റ്യൂഷനില്‍ സി.എം.എ കോഴ്സിനു ചേരാനുള്ള ഒരുക്കത്തിലാണ്. മാതാപിതാക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് നേട്ടത്തിനു പിന്നിലെന്ന് ഹിഷാം പറയുന്നു. പി.കെ. ഹാരിസിെൻറയും സഫീദ് ഹാരിസിെൻറയും മകനാണ്. സഹോദരിയും അനുജനുമുണ്ട്.
ആദ്യ പ്രളയകാലത്ത് ചിത്രംവരയിലൂടെയും മറ്റും സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇത്തവണയും വരയിലൂടെ ലഭിക്കുന്ന തുക കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ഈ യുവ ചിത്രകാരെൻറ അഭിലാഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.